തൊടുവെയിൽമാല

അകലെയായ് രാനിലാവും,
പതിഞ്ഞൊന്നു നോക്കി, മെല്ലെ,
മയക്കമായ് താരകങ്ങൾ,
പുലർവെയിലായ്.
ഉറങ്ങട്ടെ, താരകങ്ങൾ,
കടവിലെക്കണ്ണാടിയിൽ
സ്വയം നിന്നു,
മതിയാകാൻ മറന്നതല്ലേ.
പതിയുന്നു വൃക്ഷങ്ങളിൽ
അലകളായിളവെയിൽ.
വരികളായകം കൊള്ളും
പുലർക്കിനാവും.
പുലരിത്തുടിപ്പിൽനിന്നും
തരിച്ചുവപ്പെടുക്കുന്നു
ചെമ്പരത്തിത്താരും,
തെച്ചി, നിലത്തുമ്പിയും.
വെയിൽ വീഴും, കുളമൊന്നിൻ
പടവിൽനിന്നുയരുന്നു
വൃശ്ചികത്താരുണ്യത്തിൻ
കുളിരൊഴുക്കും.
തങ്ങി നിൽപ്പൂ, പുൽക്കൊടിയിൽ
തരിമഞ്ഞുകണകാന്തം,
പതിവായതെന്തോ നേടാ–
നടർന്നൊഴിയാൻ.
എഴുന്നേൽക്ക പകലെന്നായ്,
വെയിൽ വിളിച്ചുണർത്തുന്നു,
പുറപ്പെടുന്നുറുമ്പുകൾ,
കിളികളെങ്ങും.
മൂളി, വന്നൊരോടക്കുഴൽ,
തനുവുമായപ്പോഴേക്കും
തൊടുവെയിൽ മിനുപ്പുമായ്
കുയിൽപ്പെണ്ണവൾ,
അതു കാൺകെയിണ തന്നിൽ
കുടഞ്ഞൊന്നു മധുരമായ്,
നിറവായിപ്പാ–
ടിടുന്നുണ്ടുൾത്തുടിപ്പുകൾ.
മുറുകുന്ന വള്ളികളിൽ,
തെളിയുന്നു തിരുളുകൾ,
നിവരുന്നൂ,
കുന്നിൻ മേലെ തനി വിണ്ടലം.
മറഞ്ഞൊന്നു ശിരസ്സാട്ടി,
കൈതമലരതിരിലായ്,
തെളിയുന്ന നീർച്ചാലിന്റെ
വഴിയരികിൽ.
അലിക്കത്തു കിലുക്കിയും
അരഞ്ഞാണം മുറുക്കിയും
കതിർക്കറ്റയാകാൻ വെമ്പീ,
കതിർപ്പാടവും.
കുറുകുന്ന പ്രാവിൻപറ്റം
മിനാരം വിട്ടണയുന്നു,
തുടിക്കുന്ന നെഞ്ചിന്നുള്ളിൽ
ഇണക്കമായും.
വിരുന്നെത്തും പുഴുവിന്നായ്
വിരുന്നൂട്ടുന്നിലയൊന്നാൽ
കുളിർവെയിൽ നുകരുന്ന
ചെറു ചില്ലയും.
മാറി മാറി മുഖമെന്നും
മിനുക്കിയങ്ങണയുന്ന,
പുതുവെയിൽ സ്ഫടികത്തിൽ
തെളിഞ്ഞു കാണും,
പകലെന്നുമെഴുതിയ
മൊഴികളിൽ ചിലതെല്ലാം
വഴക്കാതെ കൂടാമോ,
എന്നരികിലായ് നീ.
ആരൊരാളിന്നറിയുന്നു
പുലർവെയിൽ നേരമെന്നും
കവിയുന്നൊരാനന്ദത്തെ
പകർത്തുവാനായ്.