നുണക്കുഴി

വശ്യ വിഷാദമുള്ള ഒരുവളോട്
വഴിമധ്യേ
പ്രേമം തോന്നി.
നിത്യമവളുടെ പിറകേ കൂടും
മറ്റൊരുത്തനെ പോലെ
പിന്നാലെ അലഞ്ഞില്ല...
കണ്ടാലാര്‍ക്കും
ഇഷ്ടം തോന്നുമൊരു
കുഞ്ഞുമറുകായ്
അവളുടെ കവിളില്‍ പാര്‍ത്തു.
ഇടയ്ക്കിടെയവളുടെ
മുടി പാറിവന്നെന്‍ മുഖം മൂടി.
അത് കോതിവെക്കുമ്പോള്‍
ആ വിരലെന്നെ തൊട്ടു...
നടുക്കവിളില്‍ ഞാന്‍
മറുകായ് ഉലഞ്ഞു.
ഒത്തിരി നാളായ്
പിറകെ നടക്കും മറ്റെയാള്‍ക്ക്
ഇന്നവള്‍ ഒരു ചിരി
തിരികെ കൊടുത്തു.
പെെട്ടന്നൊരു ചുഴി
കവിളില്‍ രൂപപ്പെട്ട്
അതിന്‍ വക്കിലിരിക്കും
ഞാനതില്‍പെട്ടു.
വട്ടംചുറ്റി താഴുകയാണ്
നിലയില്ലാത്ത കയത്തില്‍.
ഇനി രക്ഷപ്പെടാമെന്നൊട്ടു
പ്രതീക്ഷയുമില്ല.
പക്ഷേ അതിവേഗം
ആ ചുഴി മാഞ്ഞ്
വീണ്ടും ഞാനാ കവിള്‍പ്പരപ്പില്‍...
അവളാ ചിരി മായിച്ച്
എന്നെ രക്ഷപ്പെടുത്തിയതാണ്.
എന്നിട്ടൊന്നും
അറിയാത്തതുപോലെ,
അവള്‍
ഇടവഴി താണ്ടി
മുറിയില്‍ ചെന്ന് കുളിച്ച്
കണ്ണാടി മുന്നില്‍ നിന്നു.
മറുകില്‍ തൊട്ടു...
അണിഞ്ഞിരുന്ന
വിഷാദമെല്ലാമഴിച്ച്
കിടക്കയിലേക്ക് വീണു.
മെല്ലെ, കണ്ണുകള്‍ പൂട്ടി...
രാത്രിയായി, പ്രേമമായി.