നാലാം മാനം

കുറിപ്പ്: അനുനാകികൾ എന്നാദ്യം ഞാൻ കേൾക്കുന്നത് ഇന്നലെ വൈകിട്ടഞ്ചര മണിക്ക്. അനുനാകികൾ പുരാതന മെസൊപ്പൊട്ടേമിയൻ ദൈവവർഗം. എന്നാൽ അതിന്റെ മൊഴിപ്പൊരുൾ, ബഹിരാകാശത്തിലും ഈ ഭൂമിയിലും വേരുള്ളവർ എന്നത്രെ... എന്നുവെച്ചാൽ പരഗ്രഹജീവികളെന്നോ... അന്യഗ്രഹജീവിയും മനുഷ്യനും തമ്മിലുള്ള സങ്കരമെന്നോ... ഒരു ബഹിരാകാശ കൂട്ടുപാനീയമോ... ശിവ... ശിവ. 1. സമയം: വൈകിട്ട് 5:20എൽ.ഐ.സി ഏജന്റ് ഹേമാംബരൻഎന്റെ അയൽവാസി, അവിവാഹിതൻ മിതഭാഷി മൃദുലചിത്തൻ...
Your Subscription Supports Independent Journalism
View Plansകുറിപ്പ്:
അനുനാകികൾ എന്നാദ്യം ഞാൻ കേൾക്കുന്നത്
ഇന്നലെ വൈകിട്ടഞ്ചര മണിക്ക്. അനുനാകികൾ
പുരാതന മെസൊപ്പൊട്ടേമിയൻ ദൈവവർഗം.
എന്നാൽ അതിന്റെ മൊഴിപ്പൊരുൾ,
ബഹിരാകാശത്തിലും ഈ ഭൂമിയിലും
വേരുള്ളവർ എന്നത്രെ...
എന്നുവെച്ചാൽ പരഗ്രഹജീവികളെന്നോ...
അന്യഗ്രഹജീവിയും മനുഷ്യനും തമ്മിലുള്ള
സങ്കരമെന്നോ... ഒരു ബഹിരാകാശ കൂട്ടുപാനീയമോ...
ശിവ... ശിവ.
1. സമയം: വൈകിട്ട് 5:20
എൽ.ഐ.സി ഏജന്റ് ഹേമാംബരൻ
എന്റെ അയൽവാസി, അവിവാഹിതൻ
മിതഭാഷി മൃദുലചിത്തൻ
സായാഹ്നത്തിലെന്റെ ശീട്ടുകളിത്തോഴൻ
ശീമമദ്യപ്രിയൻ,
‘അളിവേണീ എന്തു ചെയ്വൂ’
എന്ന സ്വാതിതിരുനാൾ കീർത്തനം
സിസർഫിൽറ്റർ പുകവിട്ട്
പാടുന്നവൻ.
ഒരു കൈ കളിച്ചിരിക്കുന്നതിനിടെ
പെട്ടെന്നവനൊരു ക്ലാവറിൽ
കാലം ഗണിച്ചപോൽ
ഭാവം മലർത്തി
പറയാൻ തുടങ്ങിയ രഹസ്യമിങ്ങനെ...
2. പൂർവം
മാനം നാലിൽനിന്നും
ഇവിടെയെത്തിയ അനുനാകികളത്രേ
ഹേമാംബരന്റെ പൂർവികർ.
അയൽക്കാരനിവന്റെ
ചീട്ടുകളിസംഭാഷണത്തിൽ
കതിനവെടിക്കൊത്ത
ഈ പൊട്ടൽ
ഞാൻ ഒട്ടുമേ പ്രതീക്ഷിച്ചിരുന്നില്ല
സത്യം.
നാലാം മാനത്തിൽനിന്നിങ്ങു
നീലഭൂമിയിലെ കുരങ്ങുകാലത്തിലത്രെ
അവരെത്തിയത്.
കുരങ്ങിന്റെ ഒരു ദിവസം
അനുനാകിക്ക് കടലകൊറിക്കുന്ന
നാലു നിമിഷം.
സമയത്തിന്റെ ഒരു രസനൂലിൽ
നാഡിയുടെ ഈരിഴകുരുക്കി,
അതിൽ ശ്വാസമടക്കിയങ്ങനെ
എത്തിയതവർ ഈ ത്രിമാനത്തിൽ.
ഇവിടെ കുരങ്ങിൻ കൂട്ടത്തിലൊളിഞ്ഞലിഞ്ഞ്
പരകായമേറെയണിഞ്ഞ്
നൂറ്റാണ്ടുകളിലൂടവരലഞ്ഞീ
നീലഭൂമിയിലെങ്ങും
പിന്നെ പല ധാരകളായ്
ഗൂഢവംശങ്ങളായ് പടർത്തിയവരീ
ബഹിരാകാശ സങ്കരം,
ജനിതകങ്ങളിലെങ്ങും ഗുപ്തരേഖകൾ.
3. കൂട്ടുപാനീയം
ഹേമാംബരനുടെ ചീട്ടുഗണിതക്കണക്കിൽ
അനുനാകികളുടെ വംശാവലിക്കലർപ്പിൽ
പിൻപിറന്നവരത്രെ
കോടൊന്ത്ര കുറുപ്പന്മാർ
കിഴക്കാന്തല കേളുമാർ
വില്ലാർവട്ടം തോമമാർ
അറയ്ക്കൽ രാവുത്തന്മാർ
വില്വമംഗലം പോറ്റിമാർ
എട്ടുവീട്ടിൽ പിള്ളമാർ
ക്ഷുദ്രവശ്യ പ്രസിദ്ധം
പുല്ലുവഴി യേമൻമാർ
ചാവേറു നായന്മാർ
ഹേമാംബരൻ ഒരു തിരുനാവായ നായരും.
ചീട്ടുകൾ തമ്മിലുരഞ്ഞ്
അലകുകളിൽനിന്നും തീതെറിച്ചു
ഒരു ഇസ്പേട് മൂന്നിന്റെ നടുവിടെഞ്ഞു.
4. വിതാനം
ഇന്നലെയിടിവെട്ടുള്ള രാത്രിയായിരുന്നു
എഴുപതുകോലാഴമുള്ള ഉറക്കത്തിൽ
ഞാനും.
പായൽവഴുക്കുള്ള അരഞ്ഞാണത്തിൽ
നിന്നുമൊരു തവള കുറുകെ പറന്നതും,
ഉണർന്നു ഞാനൊരു കൊള്ളിയാനൊപ്പം.
നോക്കുന്നിടത്തെല്ലാം
മഷിക്കനമൊത്ത കറുപ്പ്
കിണറിന്നടിത്തട്ട്,
നെല്ലിപ്പലകയിൽ പന്ത്രണ്ടു ചന്ദ്രന്മാർ.
എന്നെയുമെന്റെ മുറിയിലെ എലികളെയുംകൊണ്ടു
കറങ്ങുന്നു ഭൂമി,
പന്ത്രണ്ടു ചന്ദ്രനെ വലത്തുവെച്ച്.
ചുറ്റലിൻ വേഗം
നിർണയിച്ചുംകൊണ്ട് ഭിത്തിയിലതാ
മൂത്തപല്ലികൾ എട്ട്,
അഷ്ടമൂർത്തികൾ.
വായുവിൻ വാസ്തുവിൽ
ചന്ദ്രനെ ചുറ്റുന്നു പന്ത്രണ്ട് ഭൂമികൾ.
അതിലൊന്നിൻ തെളിവാനത്തിൽ
ചിരട്ടപോലുള്ള പേടകമൊന്നിൽ
പറക്കുന്നു,
അയൽവാസി ഹേമാംബരൻ.
മറ്റൊരു താരാവലിയിലേക്ക്
പറക്കും മുമ്പ്
അറുത്തുവിട്ടവനെന്റെ ഭൂമിയുമായുള്ള
പൊക്കിൾക്കൊടി
ചാവേറ് നായരുടെ കത്തികൊണ്ട്.