കുട്ടി, ജാതി

1. കുട്ടി
കുട്ടിക്ക് എപ്പോഴും പേടിയായിരുന്നു.
പുലരുന്നത്
ഒച്ചയുടെ ഞെട്ടലോടെയായിരുന്നു.
ഇടക്കിടെ കേട്ടു,
കരച്ചിലിന്റെ ഞരക്കം.
പേടിയെ പായിക്കാൻ [ആട്ടിയോടിക്കാൻ
എന്നർഥമാക്കുന്ന മലബാർ പദം]
ജനലും വാതിലും മുറുക്കെ അടച്ചു.
എന്നിട്ടും
മുറിയുടെ ഓരോ അറ്റത്തുനിന്നും
തെയ്യത്തിന്റെ മുഖമുള്ള
ഓരോ രൂപങ്ങൾ ഇറങ്ങിവന്നു
ഓടിയൊളിച്ചു കുളിമുറിയിൽ.
ആരും കാണാതെ
കുട്ടിയും ഷവറും [Shower] ഒരുമിച്ച് കരഞ്ഞു.
അതൊരു മഴക്കാലമായി
പെയ്തിറങ്ങി.
അതിൽ ഒലിച്ചുപോയത്
ഒരു കുട്ടിക്കാലമത്രയും.
2. ജാതി
നഗരത്തിലെ കുട്ടി
ആദ്യമായി
നാട് കാണാൻ വന്നതായിരുന്നു.
അറ്റമില്ലാത്ത കടല് കണ്ടു.
മഴയുടെ മണമുള്ള വീടുകളും
മഞ്ചാടിക്കുരു വീണ് ചുവന്ന
നടവരയും കണ്ടു.
ശപിക്കാൻ അറിയാത്ത ദേവിയെയും.
തീർന്നു പോവാത്ത
പുസ്തകം വായിച്ചു ചിരിക്കുന്ന
മലയാളം മാഷിനെയും.
ചീട്ടു കളിച്ച്
എപ്പഴും തോറ്റു പോവുമ്പോ
ചീത്ത പറയണ
കുഞ്ഞപ്പേട്ടനെയും കണ്ടു.
പക്ഷേ കുട്ടിക്ക് ഏറ്റവും ഇഷ്ടമായത്
രാത്രിയുടെ ഇരുട്ടിൽനിന്ന്
തീയിന്റെ മഞ്ഞവെളിച്ചത്തിലേക്കു
ചാടി മറിയുന്ന തീച്ചാമുണ്ടി തെയ്യത്തിനെ.
‘‘വെലുതാവുമ്പൊ എനിക്കും
തെയ്യം കെട്ടണം’’
കുട്ടി പറഞ്ഞു.
‘‘കുട്ടീന്റെ ജാതി ഐന് തെയ്യം കെട്ട്വോ?’’
അതുകേട്ട് കുട്ടി കണ്ണു മിഴിച്ചു നിന്നു.