മുത്തെടുക്കാമ്പോയത്

മുറിവുണ്ടോ, വേദനയുണ്ടോ?
ആടു മേക്കുന്ന
താഴ്വരകളിൽ ചെന്ന്
എന്റെ അമ്മായിമാരെ കാണൂ.
ഞാൻ ചില അടയാളങ്ങൾ
പറഞ്ഞു തരാം.
പല്ലുകളിൽ
ഞാവലിന്റെ വയലറ്റ്,
കണ്ണുകളിൽ
പച്ചപ്പുല്ല് നിറഞ്ഞ ഒരു മലന്തൊടിക,
കാലുകളിൽ കരിഞ്ചരട്,
കാതുകളിൽ
തൂക്കണാം കുരുവിക്ക് പാർക്കാൻ കൂട്.
പോയ്പ്പോയ വേനലിൻ
വക്കത്തിരുന്ന് വറ്റിയ
പൊക്കിളിൽ
ഒരു വള്ളിക്കറൂത്ത തൂങ്ങുന്നത്
ന്റെ മൂത്തമ്മായി.
ചുണ്ടുകളിൽ
ചൂളം ചുമന്ന് മലയിറങ്ങും
ശുണ്ഠിക്കാരി എളേമ്മായി.
മുക്കി നനക്കാൻ കിണറു കിട്ടാഞ്ഞിട്ടോ,
മുങ്ങിച്ചാവാൻ കയമില്ലാഞ്ഞിട്ടോ
കണ്ണീക്കുഴൽകേറ് മാന്തിയത്
നടൂലമ്മായി.
നിന്ന് നിന്ന് മൂത്തുപോയെന്ന്
മത്തങ്ങ മോഷ്ടിക്കുമ്പോൾ
മൂന്നാളും അവനവനിലേക്ക് നോക്കി
വെള്ളമിറക്കി.
വാടാ ചെക്കാ,
മേഘങ്ങളിൽ
ആട് പുല്ല് തിന്നുന്നത് കണ്ടോ,
ഉണക്കമീനിന്റെ ഉപ്പ്
സത്യഗ്രഹത്തിന് പോവുന്നത് കണ്ടോ,
എന്നുമ്പറഞ്ഞ്
നീ ചെല്ലുമ്പോ നിന്നെ കൂട്ടം തെറ്റിക്കും
നാക്കുകാരികൾ.
വേദനയുണ്ടെന്ന് പറഞ്ഞേക്ക്,
ഊതിയൂതിത്തരും,
പേര് ചോദിക്കില്ല.
മുറിവുണ്ടെന്ന് പറഞ്ഞേക്ക്,
ഊതിയുണക്കിത്തരും,
ഊര് ചോദിക്കില്ല.
ശ്രദ്ധിച്ചു ജീവിച്ചില്ലെങ്കിൽ
തുലഞ്ഞു പോവുമെന്ന്
പറഞ്ഞു തരും.
അത്ര തുലഞ്ഞു പോയൊരു
കുരുമുളക് വള്ളിയിൽ
വെള്ളമ്പാരുകയാവും അവര്.
വെറ്റില കൊടുത്തേക്ക്.
പറ്റുമെങ്കിൽ ഒരുമ്മയും.
അറ്റതല്ല,
കോർക്കാൻ തുനിഞ്ഞപ്പോൾ മറന്നുപോയ
മുത്തെടുക്കാമ്പോയതാണോരെ ജീവിതം.
ഈ ഉത്സവത്തിനും
വന്നിട്ടുണ്ടാവില്ലത്.