പലരായി, പലതായി, ഞാനായി

ഞാൻ പല കാലങ്ങളാണ് പല മനുഷ്യരാണ് മൃഗങ്ങളോ ദൈവങ്ങളോ പോലുമാണ്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ഇന്നലെ തളർന്നുറങ്ങിയ ഞാനല്ല സ്വപ്നത്തിൽ ഞെട്ടി ഉണർന്ന ഞാനല്ല കണ്ണാടിയിൽ താടി വടിക്കും മുമ്പ് ഞാൻ കണ്ട ഞാനല്ല ഒരു ഞാനിതാ നോക്കുമ്പോൾ ടെലിവിഷൻ പെട്ടിയിൽ പഴയ പാട്ടിലെ പഴയ നായികക്ക് പുറകിൽ പ്രണയപരവശനാവുന്നു. ചിലപ്പോൾ കാമാസക്തനായി ചിലപ്പോൾ വിരഹിയായി, ചിലപ്പോൾ വൈരാഗിയായി പുസ്തകത്തിലോ, തത്ത്വശാസ്ത്രങ്ങളിലോ നിന്നും ചിന്തകൻപോൽ പുറത്തോട് തലനീട്ടി ചിലപ്പോൾ വെള്ളിത്തിരയിൽ മറ്റൊരാളായി പ്രതിധ്വനിച്ച്, വാട്സ്ആപ്പിൽ ഒരു ഞാൻ കുടുംബങ്ങളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുന്നു. ഫേസ്ബുക്കിൽ ഒരു ഞാൻ ഉഗ്രം...
Your Subscription Supports Independent Journalism
View Plansഞാൻ പല കാലങ്ങളാണ് പല മനുഷ്യരാണ്
മൃഗങ്ങളോ ദൈവങ്ങളോ പോലുമാണ്.
രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ
ഇന്നലെ തളർന്നുറങ്ങിയ ഞാനല്ല
സ്വപ്നത്തിൽ ഞെട്ടി ഉണർന്ന ഞാനല്ല
കണ്ണാടിയിൽ താടി വടിക്കും
മുമ്പ് ഞാൻ കണ്ട ഞാനല്ല
ഒരു ഞാനിതാ നോക്കുമ്പോൾ
ടെലിവിഷൻ പെട്ടിയിൽ
പഴയ പാട്ടിലെ പഴയ നായികക്ക്
പുറകിൽ പ്രണയപരവശനാവുന്നു.
ചിലപ്പോൾ കാമാസക്തനായി
ചിലപ്പോൾ വിരഹിയായി,
ചിലപ്പോൾ വൈരാഗിയായി
പുസ്തകത്തിലോ, തത്ത്വശാസ്ത്രങ്ങളിലോ നിന്നും
ചിന്തകൻപോൽ പുറത്തോട് തലനീട്ടി
ചിലപ്പോൾ വെള്ളിത്തിരയിൽ
മറ്റൊരാളായി പ്രതിധ്വനിച്ച്,
വാട്സ്ആപ്പിൽ ഒരു ഞാൻ
കുടുംബങ്ങളിലേക്ക്
ഫോർവേഡ് ചെയ്യപ്പെടുന്നു.
ഫേസ്ബുക്കിൽ ഒരു ഞാൻ
ഉഗ്രം സാമൂഹ്യ വിമർശനമായി
സ്വയം സംപ്രേഷണംചെയ്യപ്പെടുന്നു.
ചിലപ്പോൾ ഇൻബോക്സിൽ
ഔദ്യോഗിക അറിയിപ്പായി
ചിലപ്പോൾ ഡ്രാഫ്റ്റിൽ
അയക്കാത്ത മെയിലായി.
ചിലപ്പോൾ ഈ മുറിയിൽ ഈ നേരം
ചിലപ്പോൾ മറ്റൊരു ഗ്രഹത്തിൽ
അനന്ത ഭാവികാലത്തിൽ
ചിലപ്പോൾ പലിശകണക്കായി
ബാങ്ക് ലോക്കറിൽ
ചിലപ്പോൾ കമ്പോള നിലവാരമായി
സ്റ്റോക്ക് മാർക്കറ്റിൽ
ചിലപ്പോൾ പൈക്കളെ വിൽക്കുന്ന
നാടൻ കാലിച്ചന്തയിൽ
കാലികൾക്ക് വിൽക്കുവാനും വിൽക്കപ്പെടാനും.
ചിലപ്പോൾ ചായക്കട വരാന്തയിൽ
രാഷ്ട്രീയം പറയരുതെന്ന ബോർഡായി
ചിലപ്പോൾ ഉച്ചഭാഷിണിയിൽ
ഉറക്കെ രാഷ്ട്രീയം പറഞ്ഞു പ്രചരിച്ച്,
ചിലപ്പോൾ ഭൂതകാല കുളിരുമായി
ഒരു പുരാണ കാലത്തിൽ
ചിലപ്പോൾ സ്റ്റാറ്റസ്കോകളെ തഴുകി
വർത്തമാന കളങ്ങളിൽ
ചിലപ്പോൾ വിപ്ലവാനന്തര
ഭാവികാല പ്രതീക്ഷയിൽ.
പലരായ ഞാനിങ്ങനെ
പരസ്പരം കലഹിച്ചു
പ്രണയിച്ചും, ഭോഗിച്ചും,
പലതായി പൊട്ടിത്തെറിക്കുന്നു
പലതായി ഒട്ടിപ്പിടിക്കുന്നു,
എങ്കിലും നിങ്ങൾ കാണുമ്പോൾ
ഒരു ഞാൻ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ
എങ്കിലും ഞാൻ ഭയന്ന് പോവുന്നുണ്ട്
ഒരു നാളിൽ പല ഞാനു‘കൾ’ ഇങ്ങനെ
വിഘടിച്ചും ഒട്ടിയും പലതായി ചിതറിയും
മറ്റൊരാളായി പരിണമിച്ചാലോ?