സ്വപ്നങ്ങളെ പൂരിപ്പിക്കാൻ വിടുന്നു

മഴയുള്ള രാത്രികളിൽ
അമ്മയുടെ കണ്ണും
കാറ്റുവീശുമ്പോൾ
ഓലക്കീറുപൊക്കി കൂരയും
ഞങ്ങളെ നനയ്ക്കും
നേരം പുലരുമ്പോൾ
പറമ്പായപറമ്പൊക്കെ നടന്ന്
അമ്മ ഓലപെറുക്കും.
തുഞ്ചാണി ചൂലിനായിമാറ്റി
ബാക്കി നടുവേകീറി
ഇറയത്ത് കുതിരാനിടും,
കണ്ണീരുകൂട്ടി മെടയും...
പെരകെട്ടാൻ
നാട്ടുകാരും വീട്ടുകാരും വരും
എന്നിട്ട് കൂരമാറ്റി
നല്ലൊരു വീട് വയ്ക്കാത്തതിന്
അപ്പനിട്ട് കുത്തും.
നിരന്നിരിക്കുന്ന
മരുന്നുകുപ്പികളപ്പോൾ
അപ്പനെ നോക്കി
കൊഞ്ഞനം കുത്തും
ആശാരിയെ വിളിച്ച്
അപ്പനൊരിക്കൽ
വീടു പണിയാൻ കുറ്റിവച്ചു.
കുറ്റിയവിടെനിന്ന്
മഴ കൊണ്ടു
വെയിലു കൊണ്ടു
പിന്നെയും മഴ കൊണ്ടു
അങ്ങനെ കുശുത്തുവീണു.
കുറ്റി നിന്നിടത്ത്
അമ്മയൊരു കല്ലുകുഴിച്ചിട്ടിട്ട്,
‘ഈ കല്ലു കിളുത്താലും
ഒരു വീടു വെയ്ക്കാൻ പറ്റുവോന്ന്’
പതംപറഞ്ഞു കരഞ്ഞു.
വർഷം പലതുകഴിഞ്ഞ്
ആശാരി വീണ്ടും വന്നു.
പോയി ഒരു കുറ്റി വെട്ടിവാടാ...
അപ്പനല്ലേ കുറ്റിവയ്ക്കേണ്ടത്?
പോയി വെട്ടീട്ട് വാടാ...
അപ്പനോട്
തർക്കിക്കാൻ നിൽക്കാതെ വാക്കത്തിയെടുത്തോടി,
കുറ്റിവെട്ടി
കുറ്റിനാട്ടി
കുറ്റിയടിച്ചു,
തലയുയർത്തി നോക്കീത്
അമ്മയുടെ മുഖത്ത്
അവിടെ:-
പറയാതെ ചിലതു പറയുന്നുണ്ട്...
അപ്പനൊരു കുറ്റി
മകനൊരു കുറ്റി....
...................................
അമ്മയുടെ
കണ്ണുനീർത്തിളക്കത്തിനൊപ്പം
സ്വപ്നങ്ങളെയും ഞാൻ
പൂരിപ്പിക്കാൻ വിടുന്നു.