ചിരിയോളം ദൂരത്തിലൊരു തേങ്ങൽ!

മഴനനഞ്ഞൊരാൾ
ഇരുട്ടിൽ ഓടിവന്നെന്റെ
വാതിലിൽ മുട്ടുന്നു.
അകങ്ങളില്ലാത്ത വാതിലിനിപ്പുറം
തേങ്ങൽ പോലൊരു മൗനം!
മഴയുടെ രാജ്യത്തുനിന്ന്
കയറിവന്ന്
മിണ്ടാതയാൾ നനഞ്ഞുതൂവുന്നു!
പച്ചയുടെ ഞരമ്പുകളിൽ
കാലം ഉണക്കിവെച്ച നീർമറ!
ഈയലിന്റെ ചിറകുപോലെ
ഉണങ്ങിയ നേർവരകളിൽ
കണ്ണീരിന്റെ മഴവില്ലൊളി.
ഏഴു നിറങ്ങൾ മാഞ്ഞുപോകെ
സ്വപ്നത്തിൻ തുണ്ടായിരുന്നതെന്ന്
ഇരുളിൽനിന്നൊരു പാട്ട്!
മഴമാഞ്ഞ മുറ്റത്ത്,
വീണുകിടക്കുന്ന
മുരിങ്ങാപ്പൂവുകൾ
പെറുക്കിയെടുത്ത്
മണൽതരികൾ
കുടഞ്ഞുകളയുംപോലെ
ഓർമകളിൽനിന്ന് വേദനകളെ
കുടഞ്ഞുകളഞ്ഞ്
കാലത്തിന്റെ കണ്ണീർതളികയിൽ
മുക്കിവെച്ചു.
വിഷാദത്തിന്റെ നനവുപറ്റാതെ
ജലപ്പരപ്പിൽ
തൂവെള്ളച്ചിരി പടരുമ്പോൾ
വേദനകളുടെ ഭാരത്താൽ
താഴ്ന്നു താഴ്ന്നുപോകുന്ന
മണൽതരികൾ.
ചിരിയോളം ദൂരത്തിൽ
കടലൊളിപ്പിച്ച ജലവഴി.
സ്വപ്നം ഞരളവള്ളികൾ
പടരുമ്പോലെ
നിന്നിലേക്ക്, നിന്നിലേക്കെന്ന്
വേരുകളാഴ്ത്തുന്നു.
ഉണരുംമുന്നേ
മിന്നൽപോലെ
മഴയുടെ രാജ്യത്തേക്ക്
നടന്നുനീങ്ങുന്നൂ..,
ചിരിയോളം ദൂരത്തിലൊരു
തേങ്ങൽ!