തിരുമണ്ടന്മാർ

കണക്കു ക്ലാസിന്റെ വരാന്തയിൽ
തല ചൊറിഞ്ഞു നിൽക്കുമ്പോൾ
കണക്കറിയാത്തവർ മണ്ടന്മാരെന്ന്
ജോസഫ് സാർ.
അതുവഴി വല്ലപ്പോഴും വന്നുപോകും
ചിത്രകലാധ്യാപകൻ പളനി സാർ
ഒരു പൂന്തോട്ടവും വീടും
കോഴിക്കുഞ്ഞുങ്ങളെയും
പൂവനും പിടയെയും വരയ്ക്കാനുത്തരവിട്ടു.
ചിത്രം കഷ്ടപ്പെട്ടു വരച്ചപ്പോൾ
ചിത്രം ശരിയല്ലെന്നും
വര ഒരു വരമെന്നും
ചിലോർക്ക് മാത്രം വഴങ്ങൂന്നുപദേശവും
പിൻബഞ്ച് കൂട്ടം തല്ലുകൊള്ളികളുടെ
സംഘമെന്ന് (ഫിസിക്സ്) ഐഷ ടീച്ചർ
ബയോളജിയിലെ മൂന്നാമത്തെ പാഠം
എന്താെണന്ന് ചോദിച്ചപ്പോൾ
ഇറങ്ങി പോകിനെടാ എന്നുറക്കേ
ചാണ്ടിസാറിന്റെ ഘോരഘോരം കൽപന..!
(എന്തു സംശയമുെണ്ടങ്കിലും ചോദിക്കണമെന്നു
ഇടയ്ക്കിടെ പറഞ്ഞിരുന്നു.)
വരാന്തയിലൂടെ റോന്ത് ചുറ്റും
ഡ്രിൽമാസ്റ്റർ ആന്റണി സാർ വക
പോകുന്ന പോക്കിൽ
വെറുതേയൊരു ചൂരൽപ്രയോഗം...
ദാ വരുന്നു സ്റ്റോർ ചാർജുള്ള ഹംസംപോൽ
വെൺമയാർന്നൊരുടുപ്പിട്ട ഹംസാ മാഷ്
വർക്ക് ക്ലാസിലൊന്നാകെ ഡ്യൂട്ടിയിട്ടു.
സ്റ്റോർ പുസ്തകങ്ങൾ
ക്ലാസു തിരിച്ചടുക്കുക.
ഗ്രീൻലാൻഡ് ചായപീടികയിലെ
കടലയും പൊറോട്ടയും പ്രതിഫലം.
അധ്വാനിച്ചാൽ നന്നായി ജീവിക്കാമെന്നു
ചെറു പരിശീലനം.
കെമിസ്ട്രി ക്ലാസിൽ നോട്ട് പൂർണമല്ലാത്തതിനാൽ
വിക്രമൻ സാർ
രാസമാറ്റത്തിന് പലവട്ടം
വിധേയരാക്കിയവർ ഞങ്ങൾ
ഇംഗ്ലീഷ് ടീച്ചർ സ്ഥിരം സിലോൺ റേഡിയോയും
ഞങ്ങൾ ശ്രോതാക്കളും.
മലയാളം ക്ലാസിൽ ഗോപാലകൃഷ്ണൻ സാർ
വരുമ്പോഴൊക്കെ കവിതകളും
കഥകളും കൊണ്ടുവരും.
കോട്ടുവായിട്ടങ്ങനെ മിഴി തുറന്നിരിക്കാമെന്നൊരു
സുഖമുണ്ടെങ്കിലും
ചങ്ങമ്പുഴയും വൈലോപ്പിള്ളിയും, ഇടശ്ശേരിയും
ഒരു കലക്കങ്ങു കലക്കും.
സോഷ്യൽ സ്റ്റഡീസ് ടീച്ചർ വിമലമ്മ
ചരിത്രം വാരിവിളമ്പി ചക്രവാകം
പോലെ വന്നുപോകും!
ചിലപ്പോൾ മൺസൂണാകും
മറ്റു ചിലനേരം തുലാവർഷവും
പരീക്ഷാപേപ്പർ പേരെടുത്തു
വിളിക്കുമ്പോൾ ഭൂകമ്പവും
ശകാരംകൊണ്ടൊരു ലാവാപ്രവാഹവും.
പിന്നെ, ഏക്... ദോ... തീൻ... ചാർ...
വിലാസിനി ടീച്ചറിന്റെ ഹിന്ദിക്ലാസിൽ
100% ശ്രദ്ധയോടിരിക്കുമെങ്കിലും
പരീക്ഷയിൽ ടോപ്പ് മാർക്ക്
25ൽ അഞ്ചു തന്നെ കേമമെന്ന് ടീച്ചറും.
പത്താംതരത്തിൽ തച്ചിന് കുത്തിയിരുന്ന
പഠിപ്പിസ്റ്റുകളെല്ലാം ഹയർസ്റ്റഡിക്ക് പോയി.
ഒടുവിൽ കണക്കു മാഷിന്റെ
വീട് പെയിന്റ് ചെയ്തു കഴിഞ്ഞപ്പോൾ
കാശിന്റെ കണക്കിൽ
കൂട്ടണ്ടാ, കുറച്ചാൽ
മതിയെന്നു സാറിനു നിർബന്ധം.
അപ്പോഴും കുറയ്ക്കാൻ അറിയാത്തവർ
പെരുമണ്ടന്മാരെന്ന് കണക്കു സാർ.
ഒടുവിൽ കുറച്ചപ്പോൾ പെയിന്റിൽ
വെള്ളം കൂട്ടീത് മാത്രം പറഞ്ഞില്ല.
പണ്ടധ്വാനം പഠിപ്പിച്ച സ്റ്റോർ മാഷിനു നന്ദി
ചൊല്ലി ഞങ്ങൾ മണ്ടന്മാർ
ഹിന്ദി പഠിപ്പിച്ച വിലാസിനി ടീച്ചറിന്റെ
പുതിയ വീട്ടിലേക്ക് പോകുന്നു.