കശ്മീരിലെ നിശ്ശബ്ദത

അവർ നിശ്ശബ്ദരാണ്
ഭീഷണമായ നിശ്ശബ്ദത.
യുദ്ധത്തിനു മുമ്പുള്ളതല്ല,
അതുകഴിഞ്ഞുള്ളതുമല്ല.
കരുതിക്കൂട്ടിയുള്ള നിശ്ശബ്ദത,
ചോരക്കുവേണ്ടി അലറുന്ന ഈ ജനാധിപത്യം
കൂട്ടായ്മയുടെ മനസ്സാക്ഷിയെ കശാപ്പുചെയ്തതിനുശേഷം,
അതിനുശേഷം വരുന്നത്.
തീവ്രദുഃഖം ഹൃദയത്തിൽ സ്ഥിരവാസമാക്കിയശേഷം വരുന്ന
കരുതിക്കൂട്ടിയുള്ള നിശ്ശബ്ദത.
തെരുവും വഴികളുമെല്ലാം
അടച്ചുപൂട്ടി കർഫ്യൂവിലാക്കിയ ശേഷമുള്ളത്.
ഭീകരതയുടെ രാത്രിക്കുശേഷം തെളിഞ്ഞുവരുന്ന നിശ്ശബ്ദത
കീഴ്പ്പെടാൻ വിസമതിക്കുന്ന നിശ്ശബ്ദത.
‘അഹിംസയുടെ’ ഹിംസ അറിയുന്ന
നിശ്ശബ്ദത.
തോക്കിന്റെ ഭാഷ സംസാരിക്കുന്ന നിശ്ശബ്ദത.
ബുദ്ധന്റെ നിർഭയത്വമറിയുന്ന
പ്രബുദ്ധ നിശ്ശബ്ദത.
അതിജീവനത്തിനപ്പുറം ജീവന്റെ അർഥമറിയുന്നത്.
യജമാനന്മാരെ അസ്വസ്ഥമാക്കുന്നത്.
അന്ത്യശ്വാസത്തിന്റെ മുഴുവൻ കരുത്തുമായി
സംസാരിക്കാൻ ഓങ്ങുന്ന നിശ്ശബ്ദത.
ബദിരരുടെ ഈ ലോകത്ത്
ഏകാകിയായ നിശ്ശബ്ദത.
---------
മൊഴിമാറ്റം: കെ. മുരളി