Begin typing your search above and press return to search.
proflie-avatar
Login

വേട്ടക്കാരൻ തൊട്ട ഇര

വേട്ടക്കാരൻ തൊട്ട ഇര
cancel

ഉന്മാദവും വിഭ്രാന്തിയും അകത്തളങ്ങളിലേക്കാനയിക്കപ്പെട്ട നിമിഷത്തിലാണ്​ ഒരമ്മയുടെ കണ്ണിലെ കനലുകൾ ആളിപ്പടർന്നത്​. ഒന്നുമറിയാത്ത ഒരച്ഛന്റെ നിസ്സംഗതയിൽനിന്നും നെടുവീർപ്പുയർന്നത്. ഒരനിയത്തിയുടെ കനലാളികൾ ചിത്രശലഭച്ചിറകുകളിലെ നിറങ്ങളെപ്പോൽ തുള്ളിക്കളിച്ചത്. അതിർത്തി കാക്കുന്ന വിരൽസർപ്പങ്ങളുടെ ഇരമ്പത്തിലാണ് വീടുമുഴുവൻ പൂമ്പാറ്റകളെ പോൽ പാറിയവർ ഒച്ചുകളായി മാറിയത്. നിലത്തുമുഴുവനവളുടെ കണ്ണീരിന്റെ അടയാളങ്ങളാൽ വീട് വരയ്ക്കപ്പെട്ടത്. ഓർത്തോർത്ത് വരച്ച സ്വപ്നങ്ങളിൽനിന്നും ചോര ഒലിച്ചിറങ്ങിയത്. കെട്ടിപ്പൊക്കിയ സ്വപ്നവീടുകൾ കാറ്റിൽ തകർന്നുവീണത്. ഒരു ദുർബല നിമിഷത്തിൽ അവിടെയൊരു...

Your Subscription Supports Independent Journalism

View Plans

ഉന്മാദവും വിഭ്രാന്തിയും

അകത്തളങ്ങളിലേക്കാനയിക്കപ്പെട്ട

നിമിഷത്തിലാണ്​

ഒരമ്മയുടെ കണ്ണിലെ കനലുകൾ

ആളിപ്പടർന്നത്​.

ഒന്നുമറിയാത്ത ഒരച്ഛന്റെ

നിസ്സംഗതയിൽനിന്നും

നെടുവീർപ്പുയർന്നത്.

ഒരനിയത്തിയുടെ കനലാളികൾ

ചിത്രശലഭച്ചിറകുകളിലെ

നിറങ്ങളെപ്പോൽ തുള്ളിക്കളിച്ചത്.

അതിർത്തി കാക്കുന്ന

വിരൽസർപ്പങ്ങളുടെ ഇരമ്പത്തിലാണ്

വീടുമുഴുവൻ പൂമ്പാറ്റകളെ പോൽ പാറിയവർ

ഒച്ചുകളായി മാറിയത്.

നിലത്തുമുഴുവനവളുടെ കണ്ണീരിന്റെ

അടയാളങ്ങളാൽ വീട് വരയ്ക്കപ്പെട്ടത്.

ഓർത്തോർത്ത് വരച്ച സ്വപ്നങ്ങളിൽനിന്നും

ചോര ഒലിച്ചിറങ്ങിയത്.

കെട്ടിപ്പൊക്കിയ സ്വപ്നവീടുകൾ

കാറ്റിൽ തകർന്നുവീണത്.

ഒരു ദുർബല നിമിഷത്തിൽ

അവിടെയൊരു കുഴിമാടം പൊന്തിയേക്കാം

അല്ലെങ്കിൽ

ആ ദേശമവളെ അകറ്റിനിർത്തിയേക്കാം.

ആ വീടവളെ മറച്ചുപിടിച്ചേക്കാം.

ഒരമ്മ പെയ്തുതോരാതെ

വീടു മുഴുവൻ നനച്ചേക്കാം

ഒരച്ഛൻ പണിക്കുപോകാതെ

നനഞ്ഞ വീടിന് കാവൽനിന്നേക്കാം

ഒരാങ്ങള അലമാരയുടെ കണ്ണാടിയിൽ

ഒലിച്ചിറങ്ങിയ ചാന്തിലേക്കും കൺമഷിയിലേക്കും

അറിയാതെ കൈ പരതിപ്പോയേക്കാം

ചിറകിനടിയിൽ കാമത്തിന്റെ

നേർത്തയിരമ്പം

കോട്ടകളെല്ലാം വെറും അരക്കില്ലമാണെന്ന

തിരിച്ചറിവുണ്ടാകുന്നു.

കരിഞ്ഞുപോകുന്ന കുരുന്നുമനസ്സിന്റെ

താളംതെറ്റലിൽനിന്നും

ഉണരുന്ന നേർത്ത ചിറകനക്കം

പരുന്തിന്റെ വിരിവായി മാറുന്നു.

ചുറ്റും

ഇരുളു പരക്കുന്നു.

ചുവടുതെന്നുന്നു.

മരണം മണക്കുന്നു.

ഒരു വിത്ത് തിരിഞ്ഞുതിരിഞ്ഞ്

വീണ്ടുമൊരു വിത്തായി മാറുന്ന സമയത്തിനുള്ളിൽ

ഇരുളിൽനിന്നും വെളിച്ചത്തിലേക്ക്

തെന്നുന്നവയിൽനിന്നും നേർച്ചുവടുകളിലേക്ക്

മരണത്തിൽനിന്നും അതിജീവനത്തിലേക്ക്

ശലഭം പരുന്തായി പരിവർത്തനപ്പെടുന്നു.


News Summary - Malayalam Poem