Begin typing your search above and press return to search.
proflie-avatar
Login

കാശും കവിതയും

കാശും കവിതയും
cancel

‘Money is a kind of poetry’ -Wallace Stevens 1. കാശും കവിതയും ഓട്ടക്കൈയാല്‍ കോരിയെടുത്തു ഞാന്‍ തോറ്റുപോയി! വാശിപ്പുരപ്പുറത്തേക്കു ചാഞ്ഞ നോട്ടുമരക്കൊമ്പൊടിച്ചു കുത്തി ആകാശത്താമരത്തണ്ടു ചാരി കാവ്യനിലാവിനെ പെറ്റുപോറ്റി ലാഭനഷ്ടങ്ങളെപ്പറ്റിയൊന്നും വ്യാകുലയാകാതെയുണ്ടുറങ്ങി ആര്‍ത്തിയും മൂര്‍ത്തിയും ഒറ്റപ്പായില്‍ രാവും പകലും ഉണര്‍ന്നിരുന്നു! വ്യാപാരവ്യാകരണങ്ങളെല്ലാം ചേരുംപടി ചേര്‍ത്തു കാത്തിരുന്നു! തോൽവിത്തുരുത്തിലെ കിട്ടാക്കടം പേടിച്ചും നോവിച്ചും മാഞ്ഞുപോയി! അന്യോന്യമെത്ര കരുണക്കടം വീട്ടാതെ തീരാതെ ബാക്കിയായി!? 2. വാണിജ്യമോഹത്തിന്‍...

Your Subscription Supports Independent Journalism

View Plans

‘Money is a kind of poetry’

-Wallace Stevens

1.

കാശും കവിതയും ഓട്ടക്കൈയാല്‍

കോരിയെടുത്തു ഞാന്‍ തോറ്റുപോയി!

വാശിപ്പുരപ്പുറത്തേക്കു ചാഞ്ഞ

നോട്ടുമരക്കൊമ്പൊടിച്ചു കുത്തി

ആകാശത്താമരത്തണ്ടു ചാരി

കാവ്യനിലാവിനെ പെറ്റുപോറ്റി

ലാഭനഷ്ടങ്ങളെപ്പറ്റിയൊന്നും

വ്യാകുലയാകാതെയുണ്ടുറങ്ങി

ആര്‍ത്തിയും മൂര്‍ത്തിയും ഒറ്റപ്പായില്‍

രാവും പകലും ഉണര്‍ന്നിരുന്നു!

വ്യാപാരവ്യാകരണങ്ങളെല്ലാം

ചേരുംപടി ചേര്‍ത്തു കാത്തിരുന്നു!

തോൽവിത്തുരുത്തിലെ കിട്ടാക്കടം

പേടിച്ചും നോവിച്ചും മാഞ്ഞുപോയി!

അന്യോന്യമെത്ര കരുണക്കടം

വീട്ടാതെ തീരാതെ ബാക്കിയായി!?

2.

വാണിജ്യമോഹത്തിന്‍ മാമാങ്കങ്ങള്‍

ആദായത്തീച്ചുങ്കക്കോമരങ്ങള്‍

ആടിയുലയുന്ന ‘ഭാവന’കള്‍

കൂട്ടിമുട്ടാതോടും തോന്നലുകള്‍

ആസന്നയുദ്ധക്കുതിപ്പുകളിൽ

നൂറ്റാണ്ടു കണ്ട കടക്കെണിയിൽ

രാശികുറഞ്ഞ പണക്കിഴിയിൽ

സര്‍ക്കീട്ട് പോയ തുരുത്തുകളിൽ

എത്രയൊഴിച്ചാലും മിച്ചമില്ലാ-

തക്ഷയപാത്രം തെരഞ്ഞവരേ...

തോരാത്ത പഞ്ഞവും പിഞ്ഞാണവും

തീഞരമ്പാളും പിഴക്കാലവും

ഭീതിവരച്ചയിരുള്‍ വഴിയില്‍

സാമ്പത്തികശാസ്ത്ര കൽപനയിൽ

പാറ്റിക്കൊഴിച്ചിട്ട രാജ്യനീതി

കേട്ടുവോ? കണ്ടുവോ? പൂഴ്ത്തിവെച്ചോ?

അല്ലറ ചില്ലറ കൂട്ടിനോക്കി

ആജീവനാന്ത നികുതിഭാരം

തീര്‍ത്തടയ്ക്കാന്‍ നീ പുറപ്പെട്ടുവോ?

ചേര്‍ത്തടയ്ക്കാന്‍ നീ ഒരുമ്പിട്ടുവോ?

3.

കച്ചവടത്തിന്‍ സ്ഫടികഗൃഹം

മുട്ടിത്തുറന്നെത്തി ഷേയ്ക്പിയറ്*

എന്നും പണം കായ്ക്കും വെള്ളിക്കാശിന്‍

കന്നിപ്പുരാണച്ചതി പറഞ്ഞും

അറ്റം മുറിഞ്ഞൊട്ടിപ്പോയ കഥ-

യ്ക്കുത്തരമെന്തെന്നു നോക്കിനിന്നും

വെപ്രാളച്ചിന്തകള്‍ കോർത്തിണക്കി

സോപാനവേദിയിൽ മാറ്റുരച്ചു

ട്രാജഡിക്കാടിന്‍ വികാരഭാഷ

നാടകീയത്വം സ്വയം പുലമ്പി

ആ കൈയിലക്ഷരത്തേന്‍ മധുരം

ഈ കൈയില്‍ സമ്പാദ്യത്തീക്കുടുക്ക

ഷെര്‍ലോക്കും ഹാംലെറ്റും വേദികളില്‍

സ്വപ്‌നസങ്കൽപധ്വനി ചിതറീ...

ആറ്റിലെറിഞ്ഞു കളഞ്ഞതിനും

എണ്ണിപ്പെറുക്കി കണക്കെഴുതി

ദീര്‍ഘമാം കാലത്തേക്കുള്ള ധനം

സാധ്യവേഗത്തില്‍ കരുതിവെച്ചു

ദൂരെപ്പറന്ന പരുന്തുകൂട്ടം

കാണാപ്പണംതേടി താണിറങ്ങി

നാടകശാലകള്‍ കെട്ടിക്കെട്ടി

‘നാട്യമുതലാളി’ വേര്‍പ്പൊഴുക്കി

വാങ്ങിയും വിറ്റും പണിത ലോകം

വാക്കും കണക്കും കൊരുത്ത കാവ്യം

ലോക നവോത്ഥാനക്കൈവഴിയില്‍

കാശും കവിതയും ഒറ്റജന്മം!

4.

വീണപൂവേ, നിന്റെ നൊമ്പരങ്ങള്‍

ലീലാവിഷാദസുസഞ്ചയങ്ങള്‍

സീതയെ മാറ്റിത്തെളിച്ച കവി

ജാതിയില്ലാ ജലം കോരും കവി

കാശിയും കീശയും തേടും കവി

പ്രേമഗുപ്താമൃതം പെയ്യും കവി

*മണ്ണോട്ടുക്കമ്പനി ക്ലിപ്തം കവി

ആദിയും അന്തവും നീറ്റും കവി

ആഹ്ലാദവേദാന്തമോതും കവി

ധാന്യവും ധ്യാനവുമൊറ്റവാക്കിൽ

ശേഖരിക്കുന്ന മനുഷ്യന്‍, കവി!

വീണ്ടും പ്രരോദനത്ത്രാസനക്കം

നീണ്ട നിശ്ശബ്ദതയ്ക്കുള്ളില്‍ തപം

മാറ്റുവിന്‍ ചട്ടങ്ങളെന്നു ചൊല്ലി

കാറ്റേ, കടത്തിന്‍ കണക്കുബുക്കില്‍

പൂജ്യമെന്നല്ലോ കിഴിച്ചു​െവച്ചു

ഭാഗ്യമെന്നല്ലോ കുറിച്ചു​െവച്ചു

സാക്ഷ്യങ്ങളെല്ലാം വിളക്കു​െവച്ചു!

============

* കവിയും നാടകകൃത്തും ഒന്നാന്തരം കച്ചവടക്കാരനുമായിരുന്നു ഷേയ്ക്സ്പിയര്‍ 

* കവി കുമാരനാശാന്റെ ആലപ്പുഴയിലെ ഓട്ടുകമ്പനി

News Summary - malayalam poem