വായനയില്‍ (എം.ടി. വാസുദേവന്‍ നായര്‍ക്ക്)

1. മഞ്ഞ് ഒരു വായന തീര്‍ത്തതിദ്രുതം ഒരു ഭൂലോക വസന്തരാഗിയെ. അവനുള്ളിലുണര്‍ന്ന കൗതുകം അഹമെന്നാര്‍ദ്രമലിഞ്ഞ രാവതായ്. ഒരു പൊട്ടുനിലാവുചിന്തിലായ് പ്രിയമാം സ്വപ്നമടക്കി ഭ്രാന്തമായ്. നിഴലെന്നത്രയൊളിഞ്ഞു സൗഹൃദ- സ്മൃതിയെന്നുള്ളമുലഞ്ഞൊരാധിയായ്. തിരതള്ളുന്ന താണ്ഡവശ്രുതി കനവറ്റിന്ദ്രിയ ദര്‍പ്പനിസ്വനം. പ്രണയം ശാശ്വതമെന്നു നിർമമം തുണയറ്റുള്ള കടത്തു വഞ്ചിയായ് വരുമെന്നുണ്ട് നിലാവ് മഞ്ഞലയ്- ക്കകമേ മങ്ങിയുദിപ്പു സന്മനം. ഒരു വായനയാലെ മഞ്ഞതും കരയാതാര്‍ദ്രമലിഞ്ഞു ധ്യാനമായ് വിരഹാതുരമേതു രാഗവും സ്മരണാന്തരമാത്മവിസ്മിതം. 2. കാലം ഒരു വായന...
Your Subscription Supports Independent Journalism
View Plans1. മഞ്ഞ്
ഒരു വായന തീര്‍ത്തതിദ്രുതം
ഒരു ഭൂലോക വസന്തരാഗിയെ.
അവനുള്ളിലുണര്‍ന്ന കൗതുകം
അഹമെന്നാര്‍ദ്രമലിഞ്ഞ രാവതായ്.
ഒരു പൊട്ടുനിലാവുചിന്തിലായ്
പ്രിയമാം സ്വപ്നമടക്കി ഭ്രാന്തമായ്.
നിഴലെന്നത്രയൊളിഞ്ഞു സൗഹൃദ-
സ്മൃതിയെന്നുള്ളമുലഞ്ഞൊരാധിയായ്.
തിരതള്ളുന്ന താണ്ഡവശ്രുതി
കനവറ്റിന്ദ്രിയ ദര്‍പ്പനിസ്വനം.
പ്രണയം ശാശ്വതമെന്നു നിർമമം
തുണയറ്റുള്ള കടത്തു വഞ്ചിയായ്
വരുമെന്നുണ്ട് നിലാവ് മഞ്ഞലയ്-
ക്കകമേ മങ്ങിയുദിപ്പു സന്മനം.
ഒരു വായനയാലെ മഞ്ഞതും
കരയാതാര്‍ദ്രമലിഞ്ഞു ധ്യാനമായ്
വിരഹാതുരമേതു രാഗവും
സ്മരണാന്തരമാത്മവിസ്മിതം.
2. കാലം
ഒരു വായന തീര്‍ത്തതിക്രമം
പെരുകും ഹിംസയെതിര്‍വിരാഗിയെ.
പരകായസ്ഥമൊരാളൊരാളിലായ്
പകരും നഷ്ടശരീര സൗമുഖം
ജ്വരതാപമതുജ്ജ്വലിക്കുമാ
സ്മിതശാന്തിയിലന്വയിക്കുവാന്‍.
ഇഹലോകസമീക്ഷയില്‍ ചിരം
ഇരവെന്നാളുമിരുട്ടിലേറിയും
പരപീഡിതമെന്നു വാഴ് വതില്‍
പരമാത്മാവില്‍ വിലോലമന്ത്രമായ്
സ്ഫുടതാരകമെന്നു കാട്ടുമാ
കനലില്‍ പാദമുഴന്ന നെഞ്ചുമായ്
ക്ഷണികം സ്വയമുള്‍വലിഞ്ഞതാം
പ്രണയക്കാറ്റിലുലഞ്ഞു പൊയ്ത്തിരി.
ഒരു വായനയില്‍ സേതുബന്ധിതം
മനമത്രയുമുള്‍പ്പിരിഞ്ഞതായ്
അറിയാതുള്‍വലിവാര്‍ന്ന ജീവിതം
അഴല്‍മറവിലുമേ സുമിത്രയാം.
3. വാനപ്രസ്ഥം
ഒരു വായന തീര്‍ത്തനശ്വരം
പൊരുളാം മര്‍ത്ത്യകഥാനുരാഗിയെ.
ഘനശോകമുണര്‍ന്ന ഛായയില്‍
വനമേറുമതീവശ്രാന്തിയില്‍
തപമെന്യെ പുലര്‍ന്ന ജൈവിക
കൃപയില്‍ ധന്യതയാര്‍ന്ന ശാന്തിയില്‍
ജപമെന്നേറുമതീന്ദ്രിയാഗ്നിയില്‍
പ്രണയം പൗര്‍ണമിയായ ദീപ്തിയില്‍
ഇഹലോകവിരക്തമാം പ്രിയര്‍
ഇണയെന്നാത്മമലിഞ്ഞ നേരതില്‍
അരുതെന്നു വിലക്കുമേതരുള്‍
ധനുസ്സെന്നുണ്ടകമമ്പെഴാതെയായ്
അഹമെന്നാത്മവിമര്‍ശനത്വര
ഇഹജീവിതമെന്നുമത്രയാം.
പലകർമപഥത്തില്‍ ജീവിതം
പരകർമവിപത്തിലാപെടും
അവിവേകമതോര്‍ത്തു സൗമനം
അലിവാകിലഴുക്കുമോർമയാം.
പ്രതിവായനയാലനശ്വര-
കഥയൊന്നാത്മമുണര്‍ത്തി നോവിനാല്‍
പ്രതിഭിന്നമകന്ന ചാരുതാ-
ദ്യുതിയിലാ മനമഗ്നിശുദ്ധയായ്.