Begin typing your search above and press return to search.
കാത്ത്
Posted On date_range 30 Jun 2025 11:00 AM IST
Updated On date_range 30 Jun 2025 11:01 AM IST

വൈകിവരുന്ന നേരത്ത്
വേനൽമഴ പറഞ്ഞുവിട്ട പണിക്കാർ
മാനത്ത് തിരക്കിട്ട് കറുത്തചായം പൂശുമ്പോൾ
വെയിൽത്തുണികളെല്ലാം വാരിയെടുത്ത്
സൂര്യൻ പുരയ്ക്കകത്തു കേറി
മുറ്റത്തു നിന്ന മരം കനിഞ്ഞു തന്ന ഒരു പേരയ്ക്കയുമായി
അങ്ങകലെ കിഴക്കൻ മഴയുടെ വീട്ടിൽനിന്ന്
പുറപ്പെട്ട മകളെയും കാത്ത്
അവളുടെ പിതാവ്
നിൽക്കുകയാണ് വാതിൽചാരി
മഴ പറഞ്ഞുവിട്ട പണിക്കാർ പോയ്ക്കഴിഞ്ഞു
കാറ്റും മഴയും ഇടിയും മിന്നലും തണുപ്പും
പുകയും കൂടി ജനലുകൾ അടയ്ക്കുകയായി
ഒരു ജനൽപ്പാളി തുറന്ന് രണ്ടു കണ്ണുകൾ
മകളെത്തേടി മഴയിലേക്ക് ഇറങ്ങി.