Begin typing your search above and press return to search.
ഇടവേളക്കിളികൾ
Posted On date_range 28 July 2025 10:45 AM IST
Updated On date_range 28 July 2025 10:45 AM IST

നിരകളിൽനിന്നു
നിരകൾ നീളുന്ന പച്ചമൈതാനം
പകലിറക്കങ്ങളിൽ
അതിശയത്തിന്റെ ഒക്കത്തിരുന്ന്
ഇടവേളക്കിളികൾ കരയുന്നു
മഞ്ഞുമാപിനികളുടെ
കനപ്പുകൾക്കുള്ളിൽ
ചിറകുചിത്രങ്ങളെന്നപോൽ
മാഞ്ഞും തെളിഞ്ഞും...
ചിലപ്പോൾ
വേഗങ്ങളില്ലാത്ത ചുരംകാറ്റ്
പൊയ്പോയ കാലത്തിലെ
പ്രവാസിയെപ്പോൽ
നനുപ്പുകൾ മീട്ടുന്നു
പടിഞ്ഞാറാകാശം
ആദ്യനക്ഷത്രത്തെ
പെറ്റിടുമ്പോൾ
പച്ചപ്പരപ്പിലാഴ്ന്ന
കുന്നിൻ വേരുകളിൽ
കുരുന്നിരുട്ടുകൾ വന്നിരിക്കുന്നു
അപ്പോൾ
മൊഴിമാറ്റമറിയാത്ത
ഭാഷയുടെ ലിപികളിൽ
ഒറ്റയുടെ തൊങ്ങലുകൾ
ഞാനും ഞാത്തുന്നു
ഇടവേളക്കിളികൾ
ചിറകുചിത്രങ്ങളിലേക്കും മടങ്ങുന്നു;
അവയ്ക്കിനിയും
കരയേണ്ടതുണ്ടല്ലോ!