നീലച്ചിറകുള്ളതെന്തോ

ഒച്ചകളെല്ലാം നിലച്ചുപോകട്ടെയ- തെത്തുമെന്നുള്ളടയാളങ്ങൾ കാണുമ്പോൾ മാറും പ്രകൃതമൊഴിയുന്നു, ശൂന്യത- യ്ക്കാവോളമുൾക്കൊണ്ടകത്തു വ്യാപിക്കുവാൻ പാതിയുറക്കത്ത് നീലച്ചിറകുമായ് തീരെയവ്യക്തം നിഴൽ ചലിയ്ക്കുന്നതിൻ തുമ്പിയെപ്പോലെ പറന്നുരുമ്മും, പല ഗന്ധപ്പഴമയിൽ നീളുന്നു നാളികൾ നിർത്തൂ സ്വരങ്ങ,ളരങ്ങൊഴിയട്ടതിൻ സ്വപ്നശരീരം ചിതറും ഖരങ്ങളാൽ ശ്വാസമുലയ്ക്കും, ചലനങ്ങളിൽ ചാഞ്ഞ് മാഞ്ഞു തുടങ്ങുമതിൻ മഞ്ഞുടുപ്പുകൾ മൗനമുടഞ്ഞു പോകുന്ന തന്മാത്രയിൽ വീണ്ടും വെടിഞ്ഞകലുന്നതിൻ മർമരം ഈർപ്പമുറഞ്ഞ ഗുഹയിലിരുട്ടിലും കൂറ്റൻ മരത്തിലും ചേക്ക തേടുന്നത് പോവുക വീണ്ടും...
Your Subscription Supports Independent Journalism
View Plansഒച്ചകളെല്ലാം നിലച്ചുപോകട്ടെയ-
തെത്തുമെന്നുള്ളടയാളങ്ങൾ കാണുമ്പോൾ
മാറും പ്രകൃതമൊഴിയുന്നു, ശൂന്യത-
യ്ക്കാവോളമുൾക്കൊണ്ടകത്തു വ്യാപിക്കുവാൻ
പാതിയുറക്കത്ത് നീലച്ചിറകുമായ്
തീരെയവ്യക്തം നിഴൽ ചലിയ്ക്കുന്നതിൻ
തുമ്പിയെപ്പോലെ പറന്നുരുമ്മും, പല
ഗന്ധപ്പഴമയിൽ നീളുന്നു നാളികൾ
നിർത്തൂ സ്വരങ്ങ,ളരങ്ങൊഴിയട്ടതിൻ
സ്വപ്നശരീരം ചിതറും ഖരങ്ങളാൽ
ശ്വാസമുലയ്ക്കും, ചലനങ്ങളിൽ ചാഞ്ഞ്
മാഞ്ഞു തുടങ്ങുമതിൻ മഞ്ഞുടുപ്പുകൾ
മൗനമുടഞ്ഞു പോകുന്ന തന്മാത്രയിൽ
വീണ്ടും വെടിഞ്ഞകലുന്നതിൻ മർമരം
ഈർപ്പമുറഞ്ഞ ഗുഹയിലിരുട്ടിലും
കൂറ്റൻ മരത്തിലും ചേക്ക തേടുന്നത്
പോവുക വീണ്ടും പിശാചിനെ പാടിച്ചു
ദേവതയാക്കുമെന്നുള്ളിലുറച്ചവ.
ശബ്ദായമാനം സമസ്തമടക്കി നി-
ന്നുത്തുംഗമൗനത്തെയാചരിക്കുന്നിതാ
വന്നു പോകൂയെന്നൊരുങ്ങുകയാണത്
തെല്ലും പ്രതിരോധമറ്റ് കൈകാലുടൽ,
ഒറ്റയൊഴുക്ക്, കാറ്റിൻ ഗതി മധ്യത്തി-
നൊത്ത നടുക്ക് തുറന്നു വാതിൽപ്പൊളി
തട്ടിച്ചിതറിക്കളഞ്ഞേക്കുമോർമകൾ-
ക്കൊപ്പം പണിഞ്ഞതിൻ പേശീസമുച്ചയം
പറ്റി കമഴ്ന്നുകിടന്നു ദ്രവ്യങ്ങളും
തൊട്ടാൽ മിടിക്കും മിഴാവെന്ന മട്ടിലായ്
ആരംഭമേതെന്നറിയാതെ പിന്നിൽ നി-
ന്നാരും പറയാത്ത നേരം മുരൾച്ചയായ്
അത്യപൂർവത്തിന്റെ വർത്തമാനം കേട്ടു
പൊട്ടിത്തരിച്ച കോശങ്ങളോരോന്നിലും
പാടിപ്പറക്കുന്നു ചീവീടൊരായിരം
സ്ഥായിയിൽ വായിച്ചു മീട്ടുമതിന്നുടൽ
ശബ്ദമൊതുക്കുക ദേഹമേ ഭൗതിക-
ചുറ്റുപാടും കനപ്പെട്ടു നിൽക്കട്ടതിൽ
ബാധിച്ചുറഞ്ഞുപോയ് വന്നതും പോയതും
സൂചിക്കുഴ കോർത്തെടുത്തു തുന്നട്ടതിൽ
നീലച്ചിറകുരുമ്മുന്നതിലോലമായ്
നാഡിപിടഞ്ഞു പറന്നുണരുന്നുടൻ
കാണാത്ത ദ്വീപത്തിലൂടെ കുതിക്കുന്ന
വേഗമൃഗത്തിൻ കടിഞ്ഞാണു പൊട്ടുന്നു
വീണുടയുന്ന വിരാമങ്ങളിൽനിന്ന്
വീണ്ടും പെറുക്കിയടുക്കുമമൂർത്തത!