Begin typing your search above and press return to search.
proflie-avatar
Login

എന്തുകൊണ്ടാണ് നാം ഒളിച്ചോടി പോകാൻ തീരുമാനിക്കുന്നത്?

എന്തുകൊണ്ടാണ് നാം ഒളിച്ചോടി പോകാൻ തീരുമാനിക്കുന്നത്?
cancel

പ്രക്ഷുബ്ധമായ ശൈത്യകാലവുമായി അതിന് യാതൊരു ബന്ധവുമില്ല. ‘ബ്രെഹ്തിന്റെ മദർ കറേജ്’ എന്ന നാടകത്തിന്റെ സ്വതന്ത്ര മലയാള ആവിഷ്കാരം കണ്ടിറങ്ങിയ രാത്രി, റീജ്യണൽ തിയറ്ററിന്റെ മുറ്റത്തുള്ള ഈഴചെമ്പകത്തിന്റെ ചുവട്ടിൽ, തീവ്രമായ എകാന്തതയുടെ ആകാംക്ഷകൾ ഉടൽ ലൈബ്രറികളുടെ ‘ജിജ്ഞാസ’കൾ നിഗൂഢമായ ഗൃഹാതുരത്വങ്ങൾ സൈനികന്റെ ചിത്രമുള്ള സിഗരറ്റു പായ്ക്കറ്റിൽ വരച്ച നിന്റെ കാരിക്കേച്ചർ നിരവധിയായ വർത്തമാനങ്ങളെ ഒഴിവാക്കി, നാം ആ സന്ദർഭത്തിന്റെ സങ്കീർണതകളെ മറികടന്നിരുന്നു. പക്ഷേ അവിടെ വെച്ച്, എന്തുകൊണ്ടാണ് നാം ആദ്യമായി ഒളിച്ചോടി പോകാൻ തീരുമാനിച്ചത്? നാടകത്തിനോ, തിയറ്ററിനോ, ഈഴചെമ്പകത്തിനോ, തീക്ഷ്ണ...

Your Subscription Supports Independent Journalism

View Plans

പ്രക്ഷുബ്ധമായ ശൈത്യകാലവുമായി

അതിന് യാതൊരു ബന്ധവുമില്ല.

‘ബ്രെഹ്തിന്റെ മദർ കറേജ്’ എന്ന നാടകത്തിന്റെ

സ്വതന്ത്ര മലയാള ആവിഷ്കാരം കണ്ടിറങ്ങിയ രാത്രി,

റീജ്യണൽ തിയറ്ററിന്റെ മുറ്റത്തുള്ള

ഈഴചെമ്പകത്തിന്റെ ചുവട്ടിൽ,

തീവ്രമായ എകാന്തതയുടെ ആകാംക്ഷകൾ

ഉടൽ ലൈബ്രറികളുടെ ‘ജിജ്ഞാസ’കൾ

നിഗൂഢമായ ഗൃഹാതുരത്വങ്ങൾ

സൈനികന്റെ ചിത്രമുള്ള സിഗരറ്റു പായ്ക്കറ്റിൽ വരച്ച

നിന്റെ

കാരിക്കേച്ചർ

നിരവധിയായ വർത്തമാനങ്ങളെ

ഒഴിവാക്കി, നാം

ആ സന്ദർഭത്തിന്റെ സങ്കീർണതകളെ മറികടന്നിരുന്നു.

പക്ഷേ

അവിടെ വെച്ച്,

എന്തുകൊണ്ടാണ് നാം ആദ്യമായി

ഒളിച്ചോടി പോകാൻ തീരുമാനിച്ചത്?

നാടകത്തിനോ,

തിയറ്ററിനോ,

ഈഴചെമ്പകത്തിനോ,

തീക്ഷ്ണ ഭീതിയുടെ രാത്രിക്കോ

അതിൽ പങ്കൊന്നുമില്ല.

ഗാർമെന്റ് ഫാക്ടറിയിലെ സൈറൺ,

പാരിജാതം അപ്പാർട്മെന്റിലെ നീലവെളിച്ചം,

ഗുജറാത്തി ചിത്രകാരൻമാരുടെ

നാടോടിസംഗീതം,

നമ്മൾ

പെർമിറ്റുകൾ നഷ്ടമായ വാഹനത്തിന്റെ

സ്വപ്നത്തിലേക്കാണ്

ഒളിച്ചോട്ടയാത്രയുടെ

വഴികൾ അഴിച്ചിടുന്നത്.

ഓർമക്ക്,

മോർഫീൻ ആംപ്യൂളുകളുടെ മണം.

പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത

കവിതാ സമാഹാരങ്ങൾ

പഴകിയ പുകയില

ചീഞ്ഞ തുകലിന്റെ മണമുള്ള ചെരുപ്പുകൾ.

എന്തുകൊണ്ടാണ് നാം

ഒളിച്ചോടി പോകാൻ തീരുമാനിച്ചത്?

വിഷാദിയായ വീടിന്

അതിൽ യാതൊരു പങ്കുമില്ല.

വിരക്തിയുടെ നനവുവീണ ഭിത്തികൾ,

പട്ടാള മാർച്ചിന്റെ കൂറ്റൻ ചിത്രമുള്ള കിടപ്പുമുറി,

അസംതൃപ്തിയുടെ

പഞ്ചവത്സര പദ്ധതികൾ.

എന്തുകൊണ്ടായിരിക്കും നാം

ഒളിച്ചോടി പോകാൻ തീരുമാനിച്ചത്?

വികാരഭരിതമായ പകലിനതിൽ പങ്കൊന്നുമില്ല.

പക്ഷേ,

ഇതൊക്കെയുണ്ടാവുന്നുമുണ്ട്.

ചീത്തയായ വാഷിങ് മെഷീൻ

ഇന്ധനമില്ലാത്ത ബൈക്ക്

റിജക്ട് ചെയ്യപ്പെടുന്ന എ.ടി.എം കാർഡ്.

എന്തുകൊണ്ടായാലും

എവിടേക്കായാലും

എന്തിനായാലും

മൂന്നര മണിക്കൂറിന് ശേഷം

നമ്മൾ

നമ്മുടെ വീടുകളിലേക്ക് മടങ്ങിപ്പോവുന്ന

അതീന്ദ്രിയക്ഷമമായ,

ആലിംഗനങ്ങളുടെ ആവിയാറി പോവാത്ത

ഒളിച്ചോട്ടങ്ങളിൽ

നമ്മുടേതായ ഒരു പങ്കുമില്ല,

നമ്മളുമില്ല.


News Summary - Malayalam Poem