കൂട് വിട്ട്

ഇരുമ്പലമാരിയുടെ പുറത്തെ കീറിയ
കാർട്ടൂൺ സ്റ്റിക്കറും സ്കെച്ച് പെൻ വരകളും
എന്നോട് കഥപറയുന്നു.
കണ്ണാടിയിൽ കണ്ട പ്രതിബിംബം മുട്ടോളം
എത്തുന്ന കുഞ്ഞിപെറ്റിക്കോട്ടിൽ നുഴഞ്ഞുകയറി,
മുഖത്തും മുടിയിലും ബാക്കിവന്ന കുട്ടിക്കൂറ പൗഡർ
തുടച്ചുമാറ്റാതെ കവിളത്തൊരു കരിമഷി കുത്തിട്ടു.
കക്കത്തോടും ചാരവുംകൊണ്ട്
തേച്ചു മഴക്കിയ പാത്രങ്ങൾ വെയിലത്ത്
കമഴ്ത്തിവെച്ച്
പിറുപിറുത്തുകൊണ്ട്
അകത്തു വരുന്ന അമ്മയെ കാണാം.
അച്ഛനോടുള്ള പിണക്കം മുഴുവൻ
ഈരോലുകൊണ്ട് അമ്മ എന്റെ
ഉച്ചിയിൽ ഈരിനോടും
പേനിനോടുമാണ് തീർക്കാറ്
ചോറുകലത്തിന്റെ ചുവട്
തേയുവോളം ചിരട്ടത്തവി മാന്തുന്നത്
അയൽപക്കത്ത് കേൾക്കാം
ആന്തോളനമാസ്വദിക്കാൻ മുതുകിൽ കയറി തുള്ളുമ്പോൾ കറുത്ത പലകക്കട്ടിൽ പതിയെ കരയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന എന്നോട്
പകരം വീട്ടുന്നത് പാതിരാത്രിയിലെ
നല്ല ഉറക്കത്തിൽ
ചകിരി പൊന്തിയ മെത്തക്കിടയിലൂടെ
എന്നെ നുള്ളി നോവിച്ചാണ്.
നൊന്ത് കരയുമ്പോ
എന്റെ വീടിന്റെ മേൽക്കൂട്
പൊട്ടിയ മൂലയോടിനിടയിലൂടെ
എനിക്ക് അമ്പിളിമാമനെ കാണിച്ചു തരും
ഇടയ്ക്കൊക്കെ പിന്നാമ്പുറത്ത് ഇഞ്ചയും വയറയും
കമ്യൂണിസ്റ്റ് പച്ചയും വളർത്തുന്ന പാമ്പും
പെരുച്ചാഴിയും ഒച്ചും മരപ്പട്ടിയും
ഒക്കെ അടുക്കള വാതുക്കൽ വിരുന്നുവരും.
കാക്കയും കാക്കത്തമ്പുരാട്ടിയും പന്നിപ്പുള്ളച്ഛനും
ഓലേഞ്ഞാലിയും വഴക്കിടാൻ മുറ്റത്തു വരും
പ്രശ്നപരിഹാരത്തിനായി പിടിയോടെ മണ്ണ് വാരി
അമ്മ എറിയുന്നത് കാണാം,
‘‘നിന്റെ കൂട്ടിൽ ചേര കേറി പോട്ടെ നിന്റെ
മൊട്ട എല്ലാം ഉടച്ചുടച്ചു കുടിക്കട്ടെ’’
പള്ളിക്കൂടത്തിലെ ഉച്ചക്കഞ്ഞിക്ക് മുമ്പ്
പി.ടി സാറെന്നെ വീട്ടിൽകൊണ്ടുവിട്ടു,
വീട്ടിലെ പലകക്കട്ടിലിൽ വെള്ളമുണ്ട്
പുതച്ചൊറങ്ങുന്ന അച്ഛന്റെ നെഞ്ചത്ത് കിടന്ന്
കട്ടിലിനെ കരയിക്കാൻ തുടങ്ങിയ
എന്നോട് അമ്മ പറയുവാ
എന്റെ അച്ചാച്ചൻ ചത്തുപോയെന്ന്
പിന്നെ വീട്ടിൽ ഒത്തിരി വിരുന്നുകാര് വന്നു
വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ
അമ്മ പഴങ്കഞ്ഞി തന്നു.
ഞാൻ ഉറങ്ങിയുണർന്നപ്പോൾ അച്ഛനെ
ഉണർത്താതെ എല്ലാവരും കൂടി
എടുത്തോണ്ട് പോയി
വീട് പൂട്ടി താക്കോൽ വാങ്ങാതെ
പെട്ടിയോട്ടോയിൽ ഇരുമ്പലമാരക്കൊപ്പം
ഞങ്ങളും പോന്നു;
മുറ്റത്ത് വിരുന്നുവന്നിരുന്ന വഴക്കാളി കിളികൾ
ആരും എനിക്കൊപ്പം പറന്നുവന്നില്ല
അവരൊന്നും ദേശാടനക്കിളികളല്ലത്രെ
പിൻവിളിയിലെപ്പൊഴോ
ഇരുമ്പലമാരിയുടെ
കഥ മുറിഞ്ഞു, കരളും.
അച്ഛന്റെ സമ്പാദ്യം
ഇരുമ്പലമാരിയിലെ പ്രതിബിംബം.