Begin typing your search above and press return to search.
proflie-avatar
Login

ഭാരത ഭാഗ്യ വിധാത

ഭാരത ഭാഗ്യ വിധാത
cancel

റെഡ് സിഗ്നൽ കണ്ട് കാർ നിർത്തുമ്പോൾ ദേശീയ പതാക വിൽക്കുന്നൊരു പെൺകുട്ടിയെ കാണുന്നു. ചുവന്ന കല്ലുമാലകളും ചെളി പിടിച്ച ഉടുപ്പും, പഴകിയ പ്ലാസ്റ്റിക് വളകളുമിട്ട അവൾ പൊട്ടിയ കുറച്ച് കളർപെൻസിലുകൾ വഴിയിൽനിന്നെടുക്കുന്നു. കളർപെൻസിലുമായവൾ വീട്ടിലേക്കോടുന്നു. വീടിന് ഒരേയൊരു ചുമരേയുണ്ടായിരുന്നുള്ളു, അത് കൊച്ചി മെട്രോയുടെ നാന്നൂറ്റൊന്നാം നമ്പർ പില്ലറായിരുന്നു. കളർപെൻസിലുകൾ കൊണ്ടവൾ ചുമരിൽ കണ്ണുകളിൽ തിളക്കമുള്ളൊരു പെൺകുട്ടിയുടെ ചിത്രം വരയ്ക്കുന്നു. ചിത്രത്തിലെ പെൺകുട്ടി സ്കൂൾ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. ചിത്രം വരച്ചു തീർന്നതും ചിത്രത്തിലെ പെൺകുട്ടി നാന്നൂറ്റൊന്നാം...

Your Subscription Supports Independent Journalism

View Plans

റെഡ് സിഗ്നൽ കണ്ട് കാർ നിർത്തുമ്പോൾ

ദേശീയ പതാക വിൽക്കുന്നൊരു പെൺകുട്ടിയെ

കാണുന്നു.

ചുവന്ന കല്ലുമാലകളും

ചെളി പിടിച്ച ഉടുപ്പും,

പഴകിയ പ്ലാസ്റ്റിക് വളകളുമിട്ട അവൾ

പൊട്ടിയ കുറച്ച് കളർപെൻസിലുകൾ

വഴിയിൽനിന്നെടുക്കുന്നു.

കളർപെൻസിലുമായവൾ വീട്ടിലേക്കോടുന്നു.

വീടിന് ഒരേയൊരു ചുമരേയുണ്ടായിരുന്നുള്ളു,

അത് കൊച്ചി മെട്രോയുടെ നാന്നൂറ്റൊന്നാം

നമ്പർ പില്ലറായിരുന്നു.

കളർപെൻസിലുകൾ കൊണ്ടവൾ ചുമരിൽ

കണ്ണുകളിൽ തിളക്കമുള്ളൊരു

പെൺകുട്ടിയുടെ ചിത്രം വരയ്ക്കുന്നു.

ചിത്രത്തിലെ പെൺകുട്ടി സ്കൂൾ

യൂണിഫോമായിരുന്നു ധരിച്ചിരുന്നത്.

ചിത്രം വരച്ചു തീർന്നതും ചിത്രത്തിലെ പെൺകുട്ടി

നാന്നൂറ്റൊന്നാം നമ്പർ പില്ലറിൽനിന്നുമിറങ്ങി

സിഗ്നനിൽ നിർത്തിയിട്ടിരുന്ന

സ്കൂൾ ബസിലേക്ക് കയറുന്നു.

മുഖത്തും കാലിലും അഴുക്ക് പുരണ്ട

അവളുടെ കയ്യിൽ അവളെ വരച്ച

കളർപെൻസിലുകളുണ്ടായിരുന്നു.

മുടി ചീകി ചുവന്ന റിബൺ കെട്ടിയ കുട്ടിയുടെയടുത്ത് പെൺകുട്ടി ചെന്നിരുന്നു.

അവളുടെ ഇടത്തും വലത്തുമിരുന്ന് കുട്ടികൾ പാട്ട്

പാട്ടുപാടുകയും

കഥകൾ പറഞ്ഞു ചിരിക്കുകയും ചെയ്യുന്നു.

അവരൊന്നും അവളെ ശ്രദ്ധിച്ചതേയില്ല.

ബസിന്റെ വിൻഡോയിലൂടെ അവളുടെ എണ്ണ

തേക്കാത്ത മുടി പുറത്തേക്ക് എത്തിനോക്കുന്നത്

സൈഡ് മിററിലൂടെ ഡ്രൈവർ

നോക്കുന്നുണ്ടായിരുന്നു.

സ്കൂൾ മുറ്റത്ത് ബസ് നിർത്തുമ്പോൾ യൂണിഫോം ധരിച്ച കുട്ടികൾ പുറത്തേക്കിറങ്ങുന്നു

എല്ലാവർക്കും ദേശീയ പതാക കൊടുത്ത് ടീച്ചർ അവരെ നിരനിരയായി നിർത്തുന്നു.

ചിത്രത്തിൽനിന്നിറങ്ങിയ കുട്ടിയെ കണ്ടപ്പോൾ

അവളുടെ എണ്ണ തേക്കാത്ത തലയിൽ തലോടി,

പൊട്ടിയ കളർപെൻസിലുകൾ പിടിച്ച അവളുടെ

കൈ പിടിച്ച് ഗേറ്റിന് പുറത്തേക്ക് കനിവോടെ ഇറക്കി

നിർത്തുന്നു.

‘‘ജനഗണ മന അതിനായക ജയഹേ

ഭാരത ഭാഗ്യ വിധാതാ’’

കുട്ടികളും ടീച്ചറും അറ്റൻഷനായി നിൽക്കുമ്പോൾ

ചിത്രത്തിലെ കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട്

ഓടുകയായിരുന്നു.

അവൾ ഓടിയോടി റെഡ് സിഗ്നലിന്റെ അടുത്തെത്തി,

അവളെ വരച്ച പെൺകുട്ടി അവിടെ ദേശീയ പതാക

വിൽക്കുകയായിരുന്നു.

അവൾ പെൺകുട്ടിയുടെ ചെവിയിൽ പറഞ്ഞു

'‘ഭാരത ഭാഗ്യ വിധാതാ’’,

ചിത്രത്തിലെ പെൺകുട്ടി പതുക്കെ ചുമരിലേക്ക് കയറിനിന്നു.

അപ്പോളവളുടെ കയ്യിൽ കളർ

പെൻസിലുകളുണ്ടായിരുന്നില്ല.

കണ്ണുകളിൽ ദേശീയ പതാക വിൽക്കുന്ന കുട്ടിയുടെ

നിസ്സംഗതയായിരുന്നു.


News Summary - Malayalam Poem