ശീർഷകമില്ലാത്ത കുന്ന്

മണാട്ടിക്കുന്നിന്റെ ഉച്ചിയിൽ
ആകാശത്തെ
ചുംബിച്ച് കിടക്കുമ്പോൾ
അന്തിവാനം കണ്ടയാൾ
അവളുടെ
സിന്ദൂര ചുവപ്പോർത്തു.
കുന്നിറങ്ങുമ്പോൾ
ഏതോ ബഹളത്തിലേക്ക്
ആഴുന്ന താഴ്ച.
കടപ്പാടുകളുടെ കുന്നേറാൻ
എന്തൊരൊഴുക്കായിരുന്നു
ഉൗർന്നൂർന്നിറങ്ങാൻ
വഴുക്കുന്നല്ലോ
കീറിമുറിക്കപ്പെട്ട
വഴികൾ
മഴച്ചാലു കീറി കരഞ്ഞ
കുന്നിന്റെ മാറിലെ
കുഴിയാഴങ്ങൾ
അവളുടെ
നുണക്കുഴിയോർമിപ്പിച്ചു.
മാഞ്ഞ് പോയ ചിരിയോർക്കുമ്പോഴേക്കും
വഴിനീളെ ഇരുട്ട് മൂടി.
താഴ്വാരത്തെ
വേരറ്റ മരങ്ങൾക്കിടേന്ന്
അയാൾ കുന്നിനെ
ഒന്നൂടെ നോക്കി
മുലയറുത്ത പെണ്ണിനെ പോലെ
മലർന്നങ്ങനെ...
അങ്ങനെ
അയാൾക്ക്
കണ്ണിന് ഭാരംെവച്ചു.
പണ്ടത്തെ കുന്നിനെ പോൽ
അവൾ
ചിരി വരുത്തുമ്പോൾ
ആ പഴയ നുണക്കുഴി
കാണാനേ സാധിക്കുന്നില്ലല്ലോയെന്ന്
അയാൾ ഇരുട്ടിലൂടെ
തിടുക്കപ്പെട്ടു.
============
(മണാട്ടിക്കുന്ന്: പെരളശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന
മണവാട്ടിക്കുന്നിന്റെ വാമൊഴി)