അതിരകങ്ങളിൽ

ഇന്ന് പുലർച്ചെയാണ്
ഇരുപത്തിയഞ്ചാണ്ടുകൾക്ക്
മുൻപുണ്ടായിരുന്ന
ഓറിയെന്റ് ബസിൽ
ഞാൻ
ഓടിക്കയറിയത്.
നിറഞ്ഞൊഴുകുന്ന തോടുകളും,
പച്ച പാട(ഠ)ങ്ങളും,
വെളിച്ചെണ്ണയൊലിക്കുന്ന
പാതി നരച്ച മുടിയുള്ള
വിടവുകളുള്ള
പല്ലുകാട്ടി ബസിലേക്ക് നോക്കിച്ചിരിക്കുന്ന
വല്യമ്മയും,
ചൂരൽ വടിയുമായി മാത്രം കണ്ടിട്ടുള്ള
കുറുപ്പു മാഷുമെല്ലാം
പിന്നോട്ട് മാഞ്ഞുപോയിക്കൊണ്ടിരുന്നു
ഞാൻ
മേൽക്കൂരയടർന്നുപോയ
ബസ് സ്റ്റോപ്പിലിറങ്ങി നടന്നു
പച്ച നിറച്ച്
വഴിയരികിൽ തലയുയർത്തി
നിന്ന അപ്പച്ചെടികളും,
അവയ്ക്കു കീഴെ തൊട്ടാവാടി ചെടിയും,
ചെമ്പരത്തിക്കാടുകളും
പിന്നോട്ട് പോയിക്കൊണ്ടിരുന്നു
ഇല്ലാതായവരെല്ലാം
ഒന്നൊന്നായി കടന്നു
വന്നില്ലാതെയായി
ഓറിയെന്റ് ബസ് കാണാതെയായി.
ഇന്ന് രാവിലെയാണ്
ഇരുപത്തിയഞ്ചാണ്ടുകളുടെ പരിചയമുള്ള
നഗരത്തിലെ
മെട്രോ ട്രെയിനിൽ
ഞാൻ ഓടിക്കയറിയത്
ഡിജിറ്റൽ സ്‌ക്രീനിൽ ശ്രാവണബെലഗോളയും
ഹംപിയുമെല്ലാം വന്നും പോയുമിരുന്നു
ജീവിതം മണക്കുന്ന
തെരുവുകൾ,
പരിചിതമായിപ്പോയ
വഴികൾ,
അറിയാത്ത ആളുകൾ
പിന്നോട്ട് പോയിക്കൊണ്ടിരുന്നു
ഞാൻ
വലിയ തിരക്കുകളുടെ
ചെറിയ ബോഗിയിൽ നിന്നിറങ്ങി നടന്നു
വഴിയരികുകളിൽ പലവർണ ലോകങ്ങൾ,
ഭിക്ഷക്കായി കൈനീട്ടുന്ന കുഞ്ഞുങ്ങൾ,
റോസാപ്പൂ ബൊക്കെ വിൽക്കാൻ
നടക്കുന്ന പെൺകുട്ടി
ഉള്ളവരെല്ലാം ഒന്നൊന്നായി കടന്നുപോയി.
ആരുടെയോ മൊബൈലിൽ
നിന്നൊരു ഗാനം പടർന്നു
1. ‘‘ഓ നന്ന ചേതന,
ആഗു നീ അനികേതന’’ !
====================
1 . "ഓ എന്റെ മനസ്സേ, എല്ലാ അതിരുകളും മറികടക്കൂ"! - കന്നട മഹാകവി കുവെമ്പുവിന്റെ 'അനികേതന' എന്ന കവിതയിലെ വരികൾ.