ഇരുട്ട് പൊട്ടിച്ചിതറി വെളിച്ചത്തിന് വഴിമാറുമ്പോൾ...

ലോങ് ബെല്ലിന്റെ അവസാനത്തെ
മുഴക്കത്തിനും ശേഷം പ്യൂൺ
വാതിലും ജനലും ഗേറ്റുമെല്ലാം അടച്ചതിനും ശേഷം
മനുഷ്യരൂപത്തിലുള്ള
അവസാന ജീവിയും പടിയിറങ്ങിപ്പോയാലാണ്
ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്കൂളിൽ
ചിലത് സംഭവിക്കുന്നത്.
ആരും അതറിയുന്നില്ല.
മരിച്ചുപോയവരിൽ ചിലർ
നിലാവിന്റെ അടരുകളിലൂടെ
സ്കൂളിലെത്തും.
എല്ലാ പരീക്ഷയിലും തോറ്റവർ
ഒരു ചോദ്യത്തിനുപോലും
ശരിയുത്തരം പറയാത്തവർ
പൂട്ടിയതെങ്കിലും
ക്ലാസ് മുറിയിൽ
എളുപ്പത്തിൽ
കയറിയിരിക്കും.
പിന്നെയവിടെ ഒരുത്സവമാണ്.
എല്ലാവരും ഉറങ്ങുമ്പോൾ
ആ ക്ലാസ് മുറി സജീവമാകും.
അധ്യാപകരാരുമില്ലാത്ത ആ ക്ലാസിൽ
കുട്ടികൾ ബെഞ്ചും ഡെസ്കും
തലങ്ങും വിലങ്ങുമിടും.
ചിലർ ക്ലാസിനെ
ഇളക്കിമറിക്കുന്ന
മൈക്കിൾ ജാക്സനാവും.
ചെവി പൊന്നീച്ചയാക്കിയ
സകല മാഷുമാരെയും
തെറിയാലഭിഷേകംചെയ്യും.
ആരുമറിയാതെയവർ
ക്ലാസ് മുറി തിരിച്ചുപിടിക്കും.
ബ്ലാക്ക് ബോർഡിൽ
കുത്തിവരയും
മാഷുടെ കസേര
മറിച്ചിടും.
പരസ്പരം കളിപറഞ്ഞും ചിരിച്ചും അവർ മദിക്കും.
ഇരുട്ട്
പൊട്ടിച്ചിതറി
വെളിച്ചത്തിന്
വഴിമാറുമ്പോഴേക്കും
ക്ലാസ് മുറി
പഴയ രൂപത്തിലാക്കിയിരിക്കുമവർ
ഒന്നും സംഭവിക്കാത്ത മട്ടിൽ
സ്കൂൾ
പുലരിയിലേക്കുണരും
ഒന്നുമറിയാതെ
അന്നത്തെ ദിവസവും
തുടങ്ങും.
-------------
(ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ Light is Like Water എന്ന കഥക്ക് ഒരനുബന്ധം)