നെരൂദയും കാഫ്കയും

ഒറ്റയ്ക്ക് ടൗണിൽ
വെയിലായ് നടക്കുമ്പോൾ
പെട്ടെന്നൊരാളെ നാം കണ്ടുമുട്ടുന്നു
തമ്മിൽ പരുങ്ങിയടുത്തുകൂടുന്നു,
കുശലം പറഞ്ഞങ്ങ് കൂട്ടുകാരാവുന്നു!
പണ്ടുതൊട്ടേ തമ്മിലൊട്ടിനടന്നവർ
എന്നു കൺകൾ നിറച്ച് ഭാവിക്കുന്നു,
തട്ടുകടയിൽനിന്നും പ്രിയത്തോടെ
കട്ടൻചായ കുടിച്ച് തീപാറുന്നു.
വെച്ചുനീട്ടിയ സിഗരറ്റ് ഞാൻ വലി
നിർത്തിയിട്ടും കത്തിച്ചുവലിക്കുന്നു,
അയാളിലെ തീയ് കടമായ് വാങ്ങിയ
അൽപനേരത്തെ എെന്റ പഴങ്കൂട്ട്
കടത്തിണ്ണയിൽനിന്ന്
കവിതക്കെട്ടഴിക്കുന്നു,
അടഞ്ഞ തിയേറ്ററിൻ ഗേറ്റിനു പുറത്ത്
കീറിയ പോസ്റ്ററായ് കാറ്റിലാളുന്നു
ഒടിഞ്ഞ സ്ലാബിന്റെ പായലിൽ തെന്നി
ഒരു കുമ്പിളട്ടാണിക്കടല കൊറിക്കുന്നു
സ്കൂൾ വിട്ട നേരത്ത് വീട്ടിലേയ്ക്കോടുന്ന
കുട്ടികളെപ്പാളിനോക്കിച്ചിരിക്കുന്നു,
ഡി. വിനയചന്ദ്രന്റെ പക്ഷിച്ചിറകുള്ള
ഷർട്ടിനെപ്പറ്റി ഞാനറിയാതെ പറയുന്നു!
കാടുകത്തുന്ന കവിതയെപ്പറ്റിയും
കൂടുവിട്ട കുണുക്കിപ്പക്ഷിയെപ്പറ്റിയും
കായിക്കരയിലെ കടലിനെപ്പറ്റിയും
പേരറിയാത്ത മരങ്ങളെപ്പറ്റിയും
നേരു തൊടുത്ത
പെരുംകാറ്റിനെപ്പറ്റിയും പറയുന്നു
അപ്പോളയാൾ നിന്ന നിൽപിൽ മാനംതൊട്ട്
കൂന്തച്ചേച്ചി എന്ന കവിത ചൊല്ലുന്നു!
പാബ്ലോ നെരൂദയും
താൻതന്നെയാണെന്ന്
കവിത തോർന്ന കിതപ്പിൽ പറയുന്നു,
കാഫ്കയെന്ന് ചിരിപ്പങ്കു പറ്റി ഞാൻ
കൈകൊടുത്ത് ചോരച്ചൂടു പകരുന്നു!
കടമ്മനിട്ടക്കാവ് തീണ്ടാൻ നമുക്കെന്നാ–
ലടുത്ത വണ്ടിക്ക് കയറിപ്പോയാലോ?
എന്നു ഞാനൊന്ന് ചോദിച്ചതേയുള്ളൂ,
കൺകളിൽ തീക്കാറ്റുരഞ്ഞ സുഹൃത്തതാ
കുറത്തിചൊല്ലി മുടിക്കെട്ടഴിക്കുന്നു!
കാട്ടാളനായി കടുന്തുടി കൊട്ടുന്നു,
എ. അയ്യപ്പന്റെ വെയിൽതിന്ന പക്ഷിയായ്
വിലക്കപ്പെട്ട പകൽ പതുക്കെ മറയുന്നു
ഇന്നൊരു ദിവസമേ
അയാളെ കാണാൻ പറ്റൂ,
ഇനിയും കണ്ടാൽ തമ്മി–
ലോർക്കണമെന്നുമില്ല!
ജോലി കഴിഞ്ഞ് മടങ്ങുന്ന ജീവിത–
ഭാരം ചുമന്നു മടുത്ത മനുഷ്യർ
ബസ്സിനുള്ളിൽ പാടേ ദുഃഖിച്ചിരുന്നും
കമ്പിയിൽ തൂങ്ങിയാടിയും വേച്ചും
ഒറ്റക്കാലിൽനിന്നു തലപുകച്ചും രാത്രി
ചിലവിടാൻ വേണ്ടി വീട്ടിലേക്കോടുന്നു
വെറുതെ നിൽക്കുന്ന രണ്ടുപേരെക്കണ്ട്
വിസ്മയത്തോടവർ ചുണ്ടുകോട്ടുന്നു
കല്ലച്ചിലച്ചടിച്ച മഞ്ഞക്കടലാസിന്റെ
കുത്തുലഞ്ഞ ഏതോ പുസ്തകം തന്നിട്ട്
പെട്ടെന്നയാളങ്ങു പോയ്മറഞ്ഞേക്കാം.
സത്യത്തിലെത്ര എളുപ്പമാണല്ലേ,
അൽപനേരത്തേക്ക് ജീവിച്ചിരിക്കുവാൻ!
