Begin typing your search above and press return to search.
proflie-avatar
Login

നിശ്ശബ്ദത

നിശ്ശബ്ദത
cancel

എല്ലാ ഭാഷകളും നിശ്ശബ്ദമാകുന്ന ചില നേരങ്ങളുണ്ട്. അക്ഷരങ്ങളിൽനിന്ന് ശബ്ദങ്ങൾ മുറിഞ്ഞുപോയി അവസാന വാക്കും പൊഴിഞ്ഞതിന് ശേഷം ഒച്ചയില്ലാതെ അത് നിപതിക്കുന്നു. അതിന് പരിചിതമായിരുന്ന ആകാശവും, ഭൂമിയും പ്രണയഭരിതമാം പ്രപഞ്ച സംഗീതവും അതോടൊപ്പം കട പുഴകുന്നു. യുദ്ധം നഗ്നമാക്കിയ നഗരങ്ങളുടെ സാന്ദ്രതയിൽ നാവുണങ്ങി പോയ ലോക യുക്തിയുടെ രൂപത്തിൽ അതിനെ കാണാം. ആഹാരത്തിനായ് നീട്ടിയ ചളുങ്ങിയ പാത്രത്തോടൊപ്പം നെഞ്ചിൽ വെടിത്തുളവീണ കിതപ്പുകളായി കേൾക്കാം. ബയണറ്റു ചൂണ്ടി തട്ടിപ്പറിച്ചെടുത്ത പെണ്ണത്തം കരഞ്ഞു നീറുന്ന ഇടങ്ങളിൽ കണ്ണടഞ്ഞ നക്ഷത്രങ്ങളായിരുളും. അതിർത്തിയേതെന്നറിയാതെ ഭൂമിയിൽ വീണ രക്തത്തിൽ...

Your Subscription Supports Independent Journalism

View Plans

എല്ലാ ഭാഷകളും നിശ്ശബ്ദമാകുന്ന

ചില നേരങ്ങളുണ്ട്.

അക്ഷരങ്ങളിൽനിന്ന്

ശബ്ദങ്ങൾ മുറിഞ്ഞുപോയി

അവസാന വാക്കും പൊഴിഞ്ഞതിന് ശേഷം

ഒച്ചയില്ലാതെ

അത് നിപതിക്കുന്നു.

അതിന് പരിചിതമായിരുന്ന

ആകാശവും, ഭൂമിയും

പ്രണയഭരിതമാം

പ്രപഞ്ച സംഗീതവും

അതോടൊപ്പം കട പുഴകുന്നു.

യുദ്ധം നഗ്നമാക്കിയ നഗരങ്ങളുടെ

സാന്ദ്രതയിൽ

നാവുണങ്ങി പോയ ലോക യുക്തിയുടെ

രൂപത്തിൽ അതിനെ കാണാം.

ആഹാരത്തിനായ് നീട്ടിയ

ചളുങ്ങിയ പാത്രത്തോടൊപ്പം

നെഞ്ചിൽ വെടിത്തുളവീണ

കിതപ്പുകളായി കേൾക്കാം.

ബയണറ്റു ചൂണ്ടി

തട്ടിപ്പറിച്ചെടുത്ത പെണ്ണത്തം

കരഞ്ഞു നീറുന്ന ഇടങ്ങളിൽ

കണ്ണടഞ്ഞ നക്ഷത്രങ്ങളായിരുളും.

അതിർത്തിയേതെന്നറിയാതെ

ഭൂമിയിൽ വീണ രക്തത്തിൽ

മൂകം നിലവിളികളായ് ചുവന്നു പൂക്കും.

ഭാഷകൾ നിശ്ശബ്ദമാകുന്ന കാലത്ത്

നെഞ്ച് നുറുങ്ങുന്ന ഉള്ളടക്കങ്ങൾ

കരച്ചിലിലേക്ക് പരിഭാഷപ്പെടുത്തിയാലും

അതിന്റെ ഇഴകൾ പൊട്ടാതെ

വേദനകളായ് കണ്ണിൽ തുളുമ്പി നിൽക്കും.

ഒഴുകാൻ മറന്നുപോയ പുഴയെ പോലെ

കയങ്ങളിൽ മുങ്ങിത്താഴും.

വയലുകൾക്കും

പാർപ്പിടങ്ങൾക്കും

പാണ്ടികശാലകൾക്കുമൊപ്പം

വംശങ്ങളെയും മായ്ച്ചുകളയുമ്പോൾ

എല്ലാ ഭാഷകളും

നാവുകളിൽ മരിച്ചുപോവുകയാണ്.

നിശ്ശബ്ദത

മരണമാണ്

അതിന്റെ ഏറ്റവും പെരുത്ത ഒച്ചയിലും.


News Summary - Malayalam poem