മുയ്പ് 1

പാറൂന്റെ കോലായിലെ
ചാണക നിലത്ത്
നിലവിളക്ക് കത്തിക്കുമ്പോ
ഉമ്മൂമ്മ വുളുവെടുക്കാനിറങ്ങും.2
പാറൂന്റെ കോലായില്
കിളികളെ ഓടിക്കാൻ കെട്ടിയ
കാക്കച്ചിറകിന്റെ ആട്ടത്തിൽ
വിളക്കിലെ വെളിച്ചത്തെ
മാഞ്ഞും തെളിഞ്ഞും കാണും.
എടി, പാറൂന്ന് ഞാനും
എടി, ആമീന്ന് അവളും
വിളിച്ച് മുഴുമിപ്പിക്കുന്നതോടൊപ്പം
വീടുകൾക്കിടയിലെ
വരമ്പിന്റെ നീളമളക്കും.
പെൺകുട്ട്യോള് അന്തി നേരത്ത്
കണ്ടത്തിലിറങ്ങാമ്പാടില്ലാന്ന്
പാറൂന്റമ്മയും, ഉമ്മൂമ്മയും
നിലവിളിക്കും.
നിലാവത്ത്,
കൊത്തങ്കല്ല് കളിക്കുന്നതും-
സ്വപ്നം കണ്ട്
ഞങ്ങളിരിക്കും.
മുയ്പോളം മുടിമുറിക്കണമെന്ന്
ആശ പറഞ്ഞ ദിവസം
മുഴപ്പിലിരിക്കുന്ന-
മലക്കുകളെ3 അറിയാവോന്ന്
ഉമ്മൂമ്മയുടെ മറുചോദ്യം വന്നു.
വലത് മുതുകിലിരുന്ന് ശരിയും
ഇടത് മുതുകിലിരുന്ന് തെറ്റും
എഴുതുന്ന മലക്കുകള്.
മുടി വെട്ടണോന്ന്,
ജീൻസ് പാന്റിടണോന്ന്,
ബുള്ളറ്റ് ഓടിക്കണോന്ന്,
സ്കൂളില് ഓട്ടമത്സരത്തില് നിക്കണോന്ന്,
എന്റെ ആശകളെല്ലാം,
എന്റെ സ്വപ്നങ്ങളെല്ലാം
മലക്കുകള്
ഇടത് മുതുകിലെഴുതുമെന്ന്
ഭീഷണിപ്പെടുത്തി.
ചുണ്ടിനു ലിപ്സ്റ്റിക്കിട്ടാ4
തുള്ളിച്ചിയാവുമെന്ന് പാറൂന്റമ്മ
കഴുത്തിറക്കമുള്ള കുപ്പായമിട്ടാ
ചുരിദാറിനു ഷോളിടാതിരുന്നാ
മലക്കുകള്
തെറ്റിന്റെ പുസ്തകത്തിലെഴുതുമെന്ന്
പാറൂനോട് ഉമ്മൂമ്മ.
വിമാനം പറപ്പിക്കണോന്ന്
പാറൂന് വല്യ ആശ
പോലീസാവണോന്ന് ആമിക്കും.
പെൺകുട്ട്യോൾക്ക്
പഠിപ്പ് വേണ്ട, ജോലിയും വേണ്ട.
ഒഴിച്ച് കൂട്ടാൻ ഉണ്ടാക്കണം
മത്തിക്കഷ്ണം കല്ലിലിട്ട് പൊരിക്കണം
കുട്ട്യോളെ പെറണം
അയിറ്റിയേളെ വളത്തണം
ആശാസ്വപ്നങ്ങളുടെ മൂട് വെട്ടി
മലക്കുകൾ കൽപിച്ചു.
പാറൂനെ കെട്ടിക്കൊണ്ടോയി,
ആമിക്ക് നിക്കാഹും ആയി.
സ്വപ്നങ്ങളെല്ലാം
അടുപ്പിലെ
വിറക് കൊള്ളിക്കൊപ്പം വച്ചോന്ന്
മുതുക് മറഞ്ഞ് ആരോ ചിരിച്ചു.
അടി വയറ്റില് കെട്ട്യോന്റെ
ചവിട്ട് കൊണ്ട രാത്രി
പാറുവും,
ഉമ്മൂമ്മാന്റെ മയ്യിത്ത്
കാണാൻ വിടൂലാന്ന്
കെട്ട്യോൻ പറഞ്ഞ രാത്രി
ആമിയും
തന്റേതല്ലാത്ത
വീട് കുപ്പായമൂരി വച്ച് നടന്നു.
നിലാവ് നോക്കി,
ചന്ദ്രന്റെ മുഖം നോക്കി,
നക്ഷത്രങ്ങളുടെ ദിശ നോക്കി
നടന്ന് നടന്ന്
ആമിയും പാറുവും കണ്ടുമുട്ടി.
കാഴ്ചയുടെ ആഹ്ലാദത്തിൽ
ഒറ്റവീർപ്പിൽ
അവരിരുവരും പരസ്പരം
തോളുകളിൽ പിടിച്ചു നിന്നു.
ഓർമയുണ്ടോ,
മുയ്പില് പിടിച്ചാല്
മലക്കുകള് ദേഷ്യപ്പെടൂന്ന്
ഉമ്മൂമ്മ പറഞ്ഞിനേനും,
മുയ്പില് പിടിച്ചാല്
വളർച്ച നിന്ന് കുറ്തായി5 പോവൂന്ന്
പാറൂന്റമ്മയും പറഞ്ഞിനേനും.
കള്ളച്ചിരിയോടെ അവരിരുവരും
രണ്ട് വലത്, രണ്ട് ഇടതെന്ന്
നാല് മുതുകുകളിൽ മാറി മാറി കടിച്ചു.
മൂക്കും മൂക്കും, ചുണ്ടും ചുണ്ടും
ഉടലും ഉടലുമെന്ന് പറഞ്ഞ്
ആമിയും പാറുവും
മുതുകുകളിൽ
മാറി മാറി പിച്ചിയും
മാറി മാറി ചവിട്ടിയും
കെട്ടിപ്പുണർന്നു.
അപ്പോൾ വീശിയ പാതിരാക്കാറ്റിൽ
രണ്ട് പെണ്ണുങ്ങളുടെ
അലർച്ച കേട്ട് ഭയന്ന മലക്കുകൾ
മുതുകുകൾ വിട്ടിറങ്ങിയോടി.
മോഷ്ടിച്ചെടുത്ത് വച്ച
ഒളിച്ചു വച്ച
ഭയപ്പെടുത്തി മറച്ചു വച്ച
അഴുകാത്ത
ഒരു ചാക്ക് സ്വപ്‌നങ്ങൾ
വഴിയിൽ വീണ് ചിതറി...
===============
1. മുയ്പ് –മുതുക്
2. വുളു –പ്രാർഥനക്ക് മുമ്പുള്ള ശരീരം വൃത്തിയാക്കൽ
3. മലക്കുകൾ –മാലാഖമാർ
4. തുള്ളിച്ചി –അഴിഞ്ഞാട്ടക്കാരി
5. കുറുതായി –ചെറുതായി, ഉയരമില്ലാതാവുക
