ചാപ്ലിന്റെ ചിരി

ഫോട്ടോസ്റ്റാറ്റ് മെഷീനും പ്രിന്ററുമായി കവലയിൽ പുതിയ കടവന്നു. പിന്നാലെ ക്യൂബിക്കിളിൽ ഇരുന്ന് കമ്പ്യൂട്ടർ നോക്കാനും ഗെയിമുകൾ കളിക്കാനുമായി കുട്ടികൾ വരിവെച്ചു നിന്നു. ടൈപ്പ് ചെയ്യാനുള്ള കൈയെഴുത്തുകളും അപേക്ഷകൾ അയക്കാനുള്ള വിലാസവും വിവരങ്ങളുമായി ചെറുപ്പക്കാരും കടയിലെത്തി. കടയുടമസ്ഥർ സുന്ദരനും സൗമ്യനുമായ ഒരു യുവാവും അയാളുടെ സുന്ദരിയായ ഭാര്യയുമായിരുന്നു. ട്രെയിൻ യാത്രക്കുള്ള ടിക്കറ്റുകളുടെ പ്രിന്റുകളോ...
Your Subscription Supports Independent Journalism
View Plansഫോട്ടോസ്റ്റാറ്റ് മെഷീനും പ്രിന്ററുമായി
കവലയിൽ പുതിയ കടവന്നു.
പിന്നാലെ
ക്യൂബിക്കിളിൽ ഇരുന്ന്
കമ്പ്യൂട്ടർ നോക്കാനും
ഗെയിമുകൾ കളിക്കാനുമായി
കുട്ടികൾ വരിവെച്ചു നിന്നു.
ടൈപ്പ് ചെയ്യാനുള്ള കൈയെഴുത്തുകളും
അപേക്ഷകൾ അയക്കാനുള്ള വിലാസവും
വിവരങ്ങളുമായി
ചെറുപ്പക്കാരും കടയിലെത്തി.
കടയുടമസ്ഥർ
സുന്ദരനും സൗമ്യനുമായ ഒരു യുവാവും
അയാളുടെ സുന്ദരിയായ ഭാര്യയുമായിരുന്നു.
ട്രെയിൻ യാത്രക്കുള്ള
ടിക്കറ്റുകളുടെ പ്രിന്റുകളോ
ജോലിയപേക്ഷയോ
സർട്ടിഫിക്കറ്റുകളുടെ കോപ്പിയോ
വയസ്സുതെളിയിക്കുന്ന,
പത്താം ക്ലാസിലെ മുൻപേജ് ചിത്രങ്ങളോ
ഫോട്ടോസ്റ്റാറ്റും പ്രിന്റുമാക്കാൻ
ഇടയ്ക്കിടെ
കട സന്ദർശിക്കുന്ന ഒരാളായി ഞാനും.
സുന്ദര മുഖങ്ങളിൽ
സദാ മന്ദഹാസവും
സഹായഭാവം പുരണ്ട
ചോദ്യങ്ങളും
‘‘കുറേ നാളായല്ലോ കണ്ടിട്ട്’’ തുടങ്ങി
വിശേഷാൽ അന്വേഷണങ്ങളും കൊണ്ട്
അവർ ഇരുവരും
പകർപ്പെടുക്കൽ മുഷിയാത്ത വിഷയമാക്കി.
എന്നാൽ
സ്വന്തമായി കമ്പ്യൂട്ടറും പ്രിന്ററുമായി
സഹായികളുടെ എണ്ണം
ക്രമേണ വർധിപ്പിച്ച്
ഞാൻ ഫോട്ടോസ്റ്റാറ്റ് കടയെ
പതുക്കെ മറവിയിലേക്ക് മാറ്റി
കമ്പ്യൂട്ടർ
പണിമുടക്കിയ ദിവസങ്ങളിലൊന്നിൽ
നിനക്കാതെ,
കണ്ടിട്ടും കാണാതെ പോകുന്ന,
ഫോട്ടോസ്റ്റാറ്റ് കട
ഓർമയിൽ തെളിഞ്ഞു.
കവലയിൽ
സ്ഥാനചലനമില്ലാതെ നിൽക്കുന്നു കട
വെയിലേറ്റ് ചുവരുകളും
കടനാമം കൊത്തിയ തകിടും
മങ്ങിയിട്ടുണ്ട്.
തിക്കും തിരക്കും കൂടിയിട്ടുണ്ട്
യൂണിഫോമിൽ, പുതിയ കുട്ടികൾ
ക്ഷമയോടെ ഊഴം കാത്തുനിൽക്കുന്നു.
ഞാൻ കുട്ടികളുടെ തലകൾക്കിടയിലൂടെ
പഴയ സുന്ദരനേയും സുന്ദരിയേയും തിരഞ്ഞു.
അവരുടെ ചിരിക്കുന്ന മുഖങ്ങളും
കുശലാന്വേഷണ വാക്കുകളും തിരഞ്ഞു.
പക്ഷേ
മുന്നിലെ യന്ത്രത്തിൽനിന്നും
കണ്ണുമാറ്റാതെ
കൃത്യനിമഗ്നരായ
റോബോട്ടുകളെന്ന പോലെ അവർ.
ലാപ്ടോപ്പുകളുടെ നിരകള്ക്കു പിന്നിൽ
കൈവിരലുകൾ
അതിവേഗം ചലിപ്പിച്ചുനിന്നു..
യന്ത്രഭാഷയിലേക്കു മാറിയ
അവരുടെ മൊഴികളും ചിരിയും
മുഖങ്ങളിൽ കല്ലിച്ചു കിടന്നു.
അതേ നിൽപ്പുനിൽക്കേ
അവർക്കിടയിലേക്ക്
ആ നേരം
കറുപ്പും ചാരവെള്ളയും കലർന്ന
സ്ക്രീനിൽ നിന്നെന്നപോലെ
ചാർളി ചാപ്ലിൻ
സ്പാനറുകൾ വിറപ്പിച്ച്
ബോൾട്ടുകൾ മുറുക്കി മുറുക്കി
അത്യധിക വേഗത്തിൽ
തെന്നിത്തെന്നിവന്നു
നിൽക്കാനിടകിട്ടാതെ
നീങ്ങി മറയുന്നതിനിടെ
തലതിരിച്ച് എന്നെ നോക്കി
ചുണ്ടു വക്രിച്ച ചിരിചിരിച്ചു.
തിരികെ ഞാനും.
