പൂമരങ്ങളാകാന് തടവില്‍ കഴിഞ്ഞവര്‍

എല്ലാ പ്രഭാതത്തിലും
ഞങ്ങളെ മതിലിനോടു ചേര്‍ത്തുനിര്‍ത്തും.
മതിലിനേക്കാള്‍
ഉയരമുണ്ടോയെന്ന് പരിശോധിക്കും.
മതിലിനേക്കാള്‍ ഉയരമുള്ളവരുടെ
കാലുകള്‍ വെട്ടിക്കളഞ്ഞു.
മരക്കമ്പുകള്‍ കെട്ടിവച്ചു നടക്കുന്ന
ശബ്ദം
വരാന്തയില്‍ ചോരപോലെ
കട്ടപിടിച്ചുകിടന്നു.
ഒരു ദിവസം കിളികളോട്
വര്‍ത്തമാനം പറഞ്ഞ ഒരുവന്റെ ഭാഷ
നെഞ്ചില്‍നിന്നു ചൂഴ്ന്നെടുത്ത്
തീയിട്ടു, പുകച്ചുരുളുകള്‍
ആകാശങ്ങളിലൂടെ പറന്നുപറന്ന്
മഴയായി പിറന്ന്,
മതിലുകളില്‍ എഴുതിപ്പെയ്തു.
കണ്ണുകള്‍കൊണ്ട് എന്നോടു സംസാരിക്കുന്ന
ഒരാളുണ്ടായിരുന്നു.
അവന് മതിലിനേക്കാള്‍ ഉയരത്തില്‍
നടക്കുമായിരുന്നു.
പുലര്‍ച്ചയ്ക്ക് തിരിച്ചെത്തുമ്പോള്‍
അവന് കുടിച്ചുകൊണ്ടുവന്ന പുഴയില്‍നിന്ന്
ആളുകളുടെ
ശബ്ദം
കേള്‍ക്കാന്‍ കാത്തുനില്ക്കും.
നാട്ടുപാതകള്പോലുള്ള
വൃക്ഷങ്ങളുടെ വേരുകളുടെ
ഒഴുക്ക്
വെള്ളാരങ്കല്ലില്‍ പതിഞ്ഞ
മേഘങ്ങളുടെ പറക്കല്‍.
ഞങ്ങള്‍
കാറ്റുപോലെ നൃത്തംചെയ്തു.
ഒരു വെടിയുണ്ട
മതില് തുളച്ചുപോയി.
തൂവലുകള്‍പോലെ ഞങ്ങളില്‍നിന്ന്
നൃത്തം പൊഴിഞ്ഞുവീണു.
പ്രഭാതത്തില്‍
ഞങ്ങളെ മതിലിനോടു ചേര്‍ത്തുനിര്‍ത്തി,
ആയുധം ശരീരത്തിലെഴുതിയ
ഭാഷ
ഉറ്റവര്‍ പൂക്കള്‍കൊണ്ടു തുടച്ചെടുത്തു.
കണ്ണുകളില്‍ ശേഖരിച്ച നിലാവ്
വിത്തുകളാക്കി
കിളികളുടെ ചിറകുകളില്‍ വിതച്ച്
പൂമരങ്ങളാകാന്
പറത്തിവിട്ടു.
