തോട്ടം

നീയൊരുക്കുന്നൂ തോട്ടം നമ്മുടെ മുറ്റ, ത്തതില്‍ പൂവിടുന്നെന് മോഹം പോല്‍ മുല്ലയും പനിനീരും. ഏറെയുണ്ടല്ലോ പൂക്കള്‍, മഴവില്ലു പോല്‍ പല ചേലിലും നിറത്തിലും നീ നട്ടു നനച്ചവ നീയൂട്ടി ലാളിച്ചവ നീ തന്നെയവയ്ക്കമ്മ, നീ തെന്നല്‍, ശലഭവും. ഭാഷയെ വളര്‍ത്തുന്നു വാക്കിനെത്താലോലിച്ചും വാക്യത്തെയെന് പ്രാണന്റെ കണ്ണാടി പോലേ കാത്തും ഈണങ്ങള്‍ പല മട്ടി- ലേകിയും, നിറം, മണം, ഏറെയാം രസങ്ങള്‍, എന്‍ ലോലമാം സ്പര്ശങ്ങളും ഓര്‍മ്മകള്‍, ഞാന്‍ പിന്നിട്ട വേനലും...
Your Subscription Supports Independent Journalism
View Plansനീയൊരുക്കുന്നൂ തോട്ടം
നമ്മുടെ മുറ്റ, ത്തതില്‍
പൂവിടുന്നെന് മോഹം പോല്‍
മുല്ലയും പനിനീരും.
ഏറെയുണ്ടല്ലോ പൂക്കള്‍,
മഴവില്ലു പോല്‍ പല
ചേലിലും നിറത്തിലും
നീ നട്ടു നനച്ചവ
നീയൂട്ടി ലാളിച്ചവ
നീ തന്നെയവയ്ക്കമ്മ,
നീ തെന്നല്‍, ശലഭവും.
ഭാഷയെ വളര്‍ത്തുന്നു
വാക്കിനെത്താലോലിച്ചും
വാക്യത്തെയെന് പ്രാണന്റെ
കണ്ണാടി പോലേ കാത്തും
ഈണങ്ങള്‍ പല മട്ടി-
ലേകിയും, നിറം, മണം,
ഏറെയാം രസങ്ങള്‍, എന്‍
ലോലമാം സ്പര്ശങ്ങളും
ഓര്‍മ്മകള്‍, ഞാന്‍ പിന്നിട്ട
വേനലും വസന്തവും,
വേറൊരു ലോകത്തിന്റെ
സ്വപ്നവും പലവഴി
നൂണുപോം വരികള്‍ തന്
കളിയും കുസൃതിയു-
മായി ഞാന്‍ മുറിക്കകം,
ദേഹമേ വിയര്‍ക്കാതെ.
എങ്കിലുമൊരു ദിനം
നീയെന്റെ വാക്കായ് മാറും
എങ്കിലുമൊരു ദിനം
ഞാന്‍ പൂക്കും നിന് തോട്ടത്തില്‍.
ആ ദിനമിന്നേ കാണാന്‍
പ്രായമായ് നമുക്കിപ്പോള്‍
താരകള്ക്കിടയിലെ-
മേഘം പോലവ്യക്തമായ്.
പോരുകെന്‍ മുറിക്കകം,
പോകാം ഞാന്‍ നിന് തോട്ടത്തില്‍
മാറുക വരികളായ്
എന്‍ താളില്‍, മാറാം ഞാനും
കേവലം വളവായി
വള്ളിയില്‍ നിന് തോട്ടത്തില്‍.
