ബലിമൃഗം


വർഷത്തിൽ രണ്ടു പെരുന്നാൾ ചെറിയ പെരുന്നാളും വലിയ പെരുന്നാളും ആ ദിവസം അവനെന്നെ ഓർക്കും പെരുന്നാളിനുമാത്രം ഓർക്കുന്ന ഒരു പഴങ്കഥ. ചന്ദ്രക്കല തെളിഞ്ഞു തക്ബീറുകൾ മുഴങ്ങി അറവുമൃഗം മുരണ്ടു കത്തിയുമായി അറവുകാരൻ വന്നപ്പോൾ പോത്തിനെ കാണുന്നില്ല തൊടിയിൽ ബഹളം ആരുകൊണ്ടുപോയി? പള്ളിക്കമ്മിറ്റി ചൂടായി. കാലം സത്യമാണ് കൈനിറയെ മൈലാഞ്ചി സുറുമ എഴുതി പെരുന്നാൾ മൊഞ്ചത്തിയായി അവളും വായിച്ചു, ഓത്തുപുരയിൽ അന്നെഴുതിയ കവിത. അവൾ വലിയ വീട്ടിൽ അവൻ ചെറിയ വീട്ടിലും ഇല്ല, അവന് കിട്ടിയില്ല പ്രണയം പരാജയപ്പെട്ടാൽ നിരാശനാകും, ഭ്രാന്തനാകും, പുഴയിലേക്ക് ചാടും, വണ്ടിക്ക്...
Your Subscription Supports Independent Journalism
View Plansവർഷത്തിൽ രണ്ടു പെരുന്നാൾ
ചെറിയ പെരുന്നാളും
വലിയ പെരുന്നാളും
ആ ദിവസം അവനെന്നെ ഓർക്കും
പെരുന്നാളിനുമാത്രം
ഓർക്കുന്ന ഒരു പഴങ്കഥ.
ചന്ദ്രക്കല തെളിഞ്ഞു
തക്ബീറുകൾ മുഴങ്ങി
അറവുമൃഗം മുരണ്ടു
കത്തിയുമായി അറവുകാരൻ വന്നപ്പോൾ
പോത്തിനെ കാണുന്നില്ല
തൊടിയിൽ ബഹളം
ആരുകൊണ്ടുപോയി?
പള്ളിക്കമ്മിറ്റി ചൂടായി.
കാലം സത്യമാണ്
കൈനിറയെ മൈലാഞ്ചി
സുറുമ എഴുതി
പെരുന്നാൾ മൊഞ്ചത്തിയായി
അവളും വായിച്ചു,
ഓത്തുപുരയിൽ
അന്നെഴുതിയ കവിത.
അവൾ വലിയ വീട്ടിൽ
അവൻ ചെറിയ വീട്ടിലും
ഇല്ല, അവന് കിട്ടിയില്ല
പ്രണയം പരാജയപ്പെട്ടാൽ
നിരാശനാകും, ഭ്രാന്തനാകും,
പുഴയിലേക്ക് ചാടും,
വണ്ടിക്ക് തലവെക്കും,
കെട്ടിത്തൂങ്ങും.
അതൊന്നും സംഭവിച്ചില്ല.
പകരം
അറുക്കാൻ കൊണ്ടുവന്ന ബലിമൃഗത്തെ
ജീവനോടെ കെട്ടഴിച്ചുവിട്ടു.
പെരുന്നാൾ കഷ്ടമായി
മാംസം ഇല്ലാതായി
വീടുകളിൽ ചട്ടിയും കലവും കൂട്ടിമുട്ടി
ബലി ഒരു വിശ്വാസമാണ്
ആരെങ്കിലും അത് ചെയ്യുമോ?
കുറ്റബോധമുണ്ട്
അവളെ ഓർത്ത്,
പെരുന്നാൾ ഓർത്ത്
കാലത്തെ ഓർത്ത്
കെട്ടഴിച്ചുവിട്ട ബലിമൃഗം
കരയുന്നു.