തൂലിക

വിദൂരങ്ങളിൽ കത്തിത്തീരുന്ന നക്ഷത്രങ്ങളേ,
ഭൂമിയിൽ ഒരു നദിയുടെ വളവിൽ
ആരോ ഒരു കല്ലിൽ കൊളുത്തിവച്ച വിളക്കാണ് ഞാൻ
കാറ്റിൽപ്പെട്ട് ഉലഞ്ഞിട്ടും അണയാതെ
ഇരുട്ടിന്റെ ഇരുമ്പു ഹൃദയത്തിൽ
ചെറുനാളത്താൽ
ഒരു നീണ്ട കവിത ഞാൻ എഴുതുകയാണ്
ദിവസവും
എഴുതുന്ന വരികൾ ഇരുട്ട് വിഴുങ്ങുന്നു.
കരിമ്പടം പുതച്ചിരിക്കുന്ന ഭൂതത്തെപ്പോലെയാണെങ്കിലും
ഭാരം കുറഞ്ഞ കറുത്ത പഞ്ഞിക്കെട്ടാണ് ഇരുട്ട്
അതിന് തീ പിടിക്കില്ല
അത് നദിയിലെ വെള്ളത്തിൽ നനയില്ല
അതിന് തണുപ്പോ ചൂടോ ഇല്ല
അത് കരയുകയോ ചിരിക്കുകയോ ഇല്ല
അത് അന്ധബധിര മൂകമാണ്.
എങ്കിലും അതുള്ളതിനാൽ
ഞാൻ കൂടുതൽ പ്രകാശിക്കുന്നു
നീണ്ട നീണ്ട കവിതകൾ
ഈ ചെറിയ നാളംകൊണ്ട് എഴുതുന്നു
വിദൂരങ്ങളിൽ കത്തിത്തീരുന്ന നക്ഷത്രങ്ങളെ,
നിങ്ങൾ ഈ നീണ്ട കവിത നീളുന്നോളം
വായിച്ചുകൊണ്ടിരിക്കുമോ?
