തീക്കാരി

പെരുംശിലാമലകളിൽ
വേടന്റെ എഴു തൂവൽ വരചായം
വീഴാത്തൊരനാദിയിൽ,
താഴെ, കാട്ടുതണുവിൽ ഓമലിലകൾ,
പല പൂക്കൾ മഞ്ഞിൻ കനപ്പിൽ വിറച്ചു..;
ആകെ വിറങ്ങലിൽ,
പുലർ കിഴക്കിലെ അതിചൂടിൻ ഉലയോട് മണ്ണും
കരിയില കുമ്പിളും കുത്തി
‘‘ഒരു കയ്യിൽ കനൽച്ചൂട് എനിക്കെന്നു’’ മൂളുന്നു.
അതുകേട്ടു മൂപ്പായ വെയിൽ ചോട്ടിൽ മുങ്ങി,
ഉള്ളുറവിന്റെ നനമാറ്റി,
നീർമണ കൈതയിറമ്പിൻ പുഴക്കരേ
ഇടയിൽ, ചെറുമിന്നൽപ്പിണർ വച്ച
ചെറുകരിമേഘക്കട്ടകൾ പോലെ-
വർധിതം ഖരച്ചൂടിൽ ഉരയുന്ന മെയ്യുമായ്
കാലതാളം മുറുക്കി രണ്ടു ചിത്രനേർക്കല്ലുകൾ.
ദൂരെ ചുറ്റുഗോളങ്ങളും കേട്ടു,
ചാരു ചക്രവാളങ്ങളും കണ്ടു,
അതിമർദവായുവിൽ –സ്വർണ മഞ്ഞസ്ഥുലിംഗങ്ങൾ
നേർക്കുനേർക്കുരയുന്ന രണ്ടൂർജ വേഗത്തിന്റെ
ചീളുകൾ, സീൽക്കാരം.
തേടി, ഒരു തരി ചൂടിൻ കിലുക്കം–
ദൂരെ, വട്ടംപറക്കാൻ,
ഇല-നാരിളം കൂടുള്ളിൽ
മഞ്ഞു ചില്ലകൾ മേലാപ്പിൽ ശീതഗാനപക്ഷി.
മീതെ, രാവിന്റെ താരക തീപ്പൊരി ഊതാൻ,
വീതി –പരപ്പാർന്നു നീർക്കാതൽ– മുകിൽകീറു
ചിതറിയ വാനം...
എട്ടുദിക്കട്ടിയിൽ,
മിന്നിയാഴ്ന്നു നിമിഷങ്ങൾ നേരങ്ങളൂതി പടർന്നു.
ഒരു ഞൊടി, വിയർനെറ്റിയൊലിപ്പു തുടച്ചും
ആധിക്കനം പൂണ്ട മൗനമുടച്ചു നീരുന്നു
പച്ചനീൾചുരുൾമുടി മാടിയടക്കിയും മണ്ണവൾ,
പൂർണ-പ്രാണതാളത്തിൻ തഴമ്പേറ്റും ഉഗ്രതമ്പുരാൾ,
ലോല, നിത്യവയറ്റാട്ടി;
അക്കൈകുമ്പിളിൽ പൊങ്ങിയിരമ്പിച്ചിണുക്കമായ്
അമ്പോറ്റി ഇളജ്വാല –കനകപ്പൂം തീക്കൊടി.
ഒന്നുപാളിക്കരഞ്ഞോമൽ
ചിതറുന്നു കടിഞ്ഞൂൽ പുളകങ്ങൾ;
ക്ഷീണിതം, ആർദ്രമേളിതം പള്ളമേൽ നിറയുന്നു
തുടുതുടെ തോരാ ആശ്വാസ വീർപ്പുകൾ.
മങ്ങിപ്പതുക്കനെ പൂഴ്ന്നു; കടുംമേഘ താഴങ്ങളിൽ,
കനൽപ്പെരും സൂര്യനും–
വക്കിൽ ഉത്കടമിരുൾ കൂടി
തേജോഗ്രഹങ്ങൾ കുനിഞ്ഞു.
‘‘എങ്ങനെയാളിപ്പടർന്നുവോ?
സൗരയൂഥേതരം ഈ, പൊൻനീളജ്വാലകൾ
ആനന്ദസർവോർജ ധാര,
നീർമണ്ണിലെ കേവലമിരുമുറികല്ലിൻ വിടവിലും!?’’
കനലിൽ ഊതിക്കറങ്ങിയ കാറ്റിൽ
ഉജ്ജ്വല ചരിതം തുടങ്ങുന്നു മണ്ണും
വന്നു,
ചന്തം തികഞ്ഞ പുലരന്തികൾവശ്യകൾ
കാട്ടുവഴികളിൽ വെട്ട താരകൾപോലെ
ജ്വാലാ ഗീതികൾ പാടി, തീത്തുടും കന്യകൾ.
വളയും നദീതീര നൃത്തവട്ടങ്ങളിൽ
പെരും കനലാട്ട വെട്ടത്തിൽ തെളിയിച്ചു തന്നവർ
അതിചടുലമജ്ഞാതമാദിയിൽ തുള്ളിയ
തികവറിയാ –ജീവഭാവപ്പടർച്ച... തുടർച്ചകൾ
ചൂട്ടു വെട്ടങ്ങളോടിപ്പതിച്ചു മുഴുമലകളിൽ,
നിരനിന്ന ഋതുക്കളിൽ,
താഴ്വാര സർഗക്കറുപ്പിൻ കനപ്പിലും–
താളമിന്നൽ വടിവൊത്തതിൻ
സ്വർണജ്വലാംഗമേളനം
മീനങ്ങളാടുന്ന നൽപവിഴത്തിരകളിലാഴി,
അപാരങ്ങൾ തുള്ളും, കരിനീലഭംഗിയിൽ,
തെളിനാള ചിത്രച്ചെരാതുകൾ തൂക്കി.
വേവിറങ്ങാ കാട്ടുമജ്ജാരുചികളും
സ്വപ്നരഹിതയാമത്തിലെ നീണ്ടുറക്കങ്ങളും
ഉണർച്ചയിൽ മറ്റൊന്നുമില്ലാതെ,–
മെരുങ്ങാതെ വക്കുനനയാതെ ചുറ്റി
വക്രമാം കണ്ണുകൾ –മയമറ്റ ചിന്തകൾ,
മുരൾഭാവ തീവ്രങ്ങളെല്ലാം
തീയിട്ടുമൂടിയന്നാദ്യവർ.
ജനപദമുണരാതെ
കൂട്ടു പേച്ചുകൾ കൂട്ടുകളില്ലാതെ
ഇണ പ്രണയമില്ലാതെ
വന്യമാം കനനീരു പാഞ്ഞു വടുവീണ
ആദിമ ഭൂമി ഗോളത്തിൽ
അത്ഭുതം, ആളുന്ന തീയാൽ മുറുക്കീ
മരവുരി പുതുയാഗ സന്ധ്യകൾ...
യജ്ഞ നേരങ്ങൾ,
മൺകരയാകെ അഗ്നിസാക്ഷ്യങ്ങൾ
പതിയെവാക്കു നോക്കുകൾ മുറ്റി,
സർഗ മന്ത്രങ്ങൾ കവിതകളിറ്റി.
അതിൻ ചൂടുമൊത്തി മാന-സ്വർഗം മയങ്ങി
ഗന്ധഹവ്യത്തിലാഴ്ന്നു ഭൂവക്കുകൾ മധ്യങ്ങൾ.
ഠഠഠ
മുമ്പേ
കണ്ടിരുന്നാദിമ ദൂരെ അഗ്നിമലയുടെ
ചുടുജ്വാലകൾ പൊട്ടി പലവഴി പോകുന്നു
അന്നെങ്ങനോ ചേർന്നതിൻ
സന്ധ്യാ പിളർദുഃഖലാവകളവളുടെ
തരള-വന്യം, നഗ്നമാറിൻ കിനിപ്പിലും.
മേഘമേറും നേരം വാന നീരുവാദ്യങ്ങളിൽ
പലവുരു മിന്നൽപിണർ താളമേളങ്ങളും കേട്ടു
പിന്തിരിെഞ്ഞന്നും ചുറ്റിയ തീ ചിന്തകൾ മായ്ച്ചു
സർഗക്കിനാവിന്റെ നാളവും താഴ്ത്തി
രാരീരചൂരുള്ള വൻഗുഹാപള്ളയിൽ
ചുരുങ്ങിപ്പതുങ്ങിയൊതുങ്ങി
മാറിലടുങ്ങി രാരാട്ടുപൈതങ്ങൾ–
പെണ്ണിൻ മറയ്ക്കുള്ള
ആദ്യത്തെ ആർദ്രമാം പരിചകൾ...
പെൺ നീലമൊഴുകുന്ന
പുരാത്താഴ്വാരവുമെഴുതുന്നു
‘‘തീതേടിയാദിമൻ പോകെ
കാട്ടുചിന്തകൾ ഉലയുന്ന മർമരം കേട്ടു...’’
ഒടിയുന്നു തെരുതെരെ നീൾമിന്നൽ
കമ്പുകൾ വകയുന്നു
ചായ്ക്കുന്നു അഗ്നിക്കൊടുംമല.
താണ്ഡവം; കൽഡമരുകൾ ഉരയുന്നു
ബലക്കൈകളിൽ
പാളിനിവർന്നാദ്യ വിസ്മിതതീത്തെളിമൺ നടുവിലായ് എത്ര വളർന്നവൻ പൂരുഷൻ!
ഠഠഠ
കനൽകുമിഞ്ഞങ്ങനെ
ഉഗ്രമാം തേജോവടിവാർന്നമാത്രയുറച്ചൂ,
മായ്ച്ചൂ തിരിച്ചു
സൂര്യചന്ദ്രികാ കാന്തിയെ
തൃക്കാലപ്പടവിലായ് ഊന്നി
അരചന്റെ കൽലിപി ചൂട്ടുചൂളയിൽ വെന്തങ്ങുറച്ചു
ഉള്ളത്തകിടിലായ് ആയഗ്നിയാജ്ഞകൾ
വാങ്ങിപാളിക്കരിഞ്ഞില്ലേ പെൺതെളിനേരവും?
പൂമൃദു പെണ്ണവൾ
ജീവനിൽ അട്ടിക്കനൽ ചെരിച്ചത്രമേൽ കാവലിൽ
വെട്ടത്തരികളെ മേയ്ച്ചു കുഴഞ്ഞത്രേ;
അവൾക്കാരുകെട്ടീ ഈടുള്ളകോട്ടകൾ?
ഓർമവർഷങ്ങളിൽ
കാട്ടുപൂങ്കുല വയ്ക്കാനായ് സങ്കട സ്മാരക ചേലുകൾ?
കാലപാത്രങ്ങളിൽ വെന്തുമലർന്നു
ഏഴു വ്യഞ്ജന കരയുള്ള ഓമൽക്കിനാവുകൾ
അവളൊരുങ്ങുന്നു...
മൃഷ്ടാന്നപന്തിതൻ
പാതിയാം പൂർണിമ പട്ടമഹിഷി
ആർദ്രനേരങ്ങൾ കങ്ങും കലവറപ്പൂട്ടിൽ...
കേട്ടീല ഇളം സൂര്യക്കനിവിന്റെ
ഭൂപാള ശീലുകൾ സാന്ദ്രം,
കുളിർക്കനൽ തിങ്ങും അന്തിമാനച്ചോട്ടിൽ
ആലസ്യകാവ്യങ്ങൾ കായാനിരുന്നില്ല.
കൂട്ടൊത്ത ‘ചായ’ –ധൃതികളിൽ പാഞ്ഞു
ആകെ മറഞ്ഞു എഴുനിറക്കോലവും
തീ വിരുതായി നാലു കൂട്ടൊത്തു കുണുങ്ങുന്നു–
നേരഗംഭീരം –ഉച്ചയടുക്കള.
അപരാഹ്നമൊഴിവില്ല കുളിർക്കാറ്റിലാളുന്നു
ചൂടുപാനീയകോപ്പകൾ–
പാട്ടു പൂവിതൾ ചേലയിൽ താഴ്ത്തിച്ചുടുകറ
അമ്പിളി നനയിട്ട കവിൾകളിൽ നിൽക്കാതെ
രാക്കുളിയീറനും ആവിച്ചു പാഞ്ഞു
ഓർക്കാ; രുചിക്കുറി മാനങ്ങൾ
സ്വപ്നമേൽ ശൂന്യമുദ്ര കൊത്തുന്നു
കൊതികൾ തിടുക്കങ്ങൾ...
ഹാ!.. ആദിമത്തീവന്നു ചുറ്റി,
പെണ്ണേ കാണാ-കാനനത്തളിർ
നിന്നിൽ പാളിയ വേദന!
l
