ആൾമാറാട്ടത്തിന്റെ ഒരു ദിവസം

തിരിച്ചുപറക്കുന്ന
ഒരു കുയിലിന്റെ ആകൃതിയിൽ
വീട് ചിറകുവിടർത്തുന്നു.
കുയിലിട്ട ഒരു മുട്ട
ഏതോ കാക്കക്കൂട്ടിൽ കിടന്ന്
വീടിനു നേരെ വിരിയുന്നു.
വീട് പറന്നുനടന്ന്
കാക്കയുടെ ചിറകുള്ള കുയിൽമുട്ടകൾ
ആകാശത്തുനിന്ന്
പെറുക്കിയെടുക്കുന്നു.
വീട്, മുറ്റത്ത്
കുയിൽപ്പാട്ടുകൾ
നട്ടുവളർത്തുന്നു.
വീടിനു ചുറ്റും
നിലാവിന്റെ കവരങ്ങൾ
കുയിലിന്റെ തൂവലുകൾ പൊഴിക്കുന്നു.
മുളച്ചുവരുന്ന
കാക്കക്കൂടുകൾ
കുയിൽമുട്ടകളെ
അന്വേഷിക്കുന്നു.
കുയിൽലോകം
സംഭീതരാകുന്നു.
അവരുടെ വഴി,
കൂട്ടുകാരൻ,
പാട്ട്,
ചിരി,
കരച്ചിൽ,
വിശപ്പ്,
ദാഹം,
മൂത്രം,
കാട്ടം
എല്ലാം
അമർച്ച ചെയ്യപ്പെടുന്നു.
വീട്ടുടമസ്ഥയായ വൃദ്ധ
ഉറക്കത്തിൽനിന്നും
ഇറങ്ങിവന്ന്
കയ്യിലുള്ള കട്ടിൽവിരി
പുറത്തേക്കു കുടയുന്നു.
പിടിവിട്ട്
അത് ആകാശത്തേയ്ക്ക്
പറക്കുന്നു.
വീടിനെ നിരാകരിച്ച്
ചുമരുകളും വാതിലുകളും
ജനലുകളും
ഓരോരോ കുയിലുകളായി
പറന്നുപോകുന്നു.
തിരിച്ചുമടങ്ങുന്ന
ഒരു തിരയുടെ ആകൃതിയിൽ
വീട്, വൃദ്ധയെ നനച്ചെടുക്കുന്നു.
എന്നിട്ട്
ആ നാട്ടിൻപുറത്തെ
മറ്റു വീടുകളോടൊപ്പം
വിളക്കണയ്ക്കുന്നു.