പാട്ടിന്റെ തീവണ്ടിയിൽ

നിനച്ചിരിക്കാത്ത
ചില നേരങ്ങളിൽ
അയാൾ വരും
അപരിചിതൻ,
ഓർമയുടെ ഖനി തുറന്ന്
മറവിയുടെ ആഴത്തിൽനിന്ന്
ആ പാട്ടെടുത്തു തരും.
വാടിയ മുഖമുള്ള കുരുന്നിന്
അതിശയിച്ചിരി വിടർത്താൻ
തൂവാല വീശി
മുയൽക്കുഞ്ഞിനെ കൊടുക്കുന്ന
മാന്ത്രികനെപ്പോലെ
അയാൾ വാടിയ മുഖമുള്ള
ജീവന്റെ മാന്ത്രികനാകും.
മുയൽക്കുഞ്ഞുങ്ങൾ വിരിയും.
പട്ടു പോലുള്ള നൂലിഴകളുണ്ട്
അയാളുടെ പാട്ടിന്
അത്, പറക്കുന്ന പരവതാനിയാകും
അത്ഭുതം തുറന്നിട്ട ജാലകത്തിലൂടെ
അന്നേരം ഞാൻ മേഘങ്ങളെ തൊടും
പുഴയൊഴുകും
അയാളുടെ പാട്ടിൽ.
ജലം അതിന്റെ ഉറവയിൽ
നിന്നെന്നപോലെ ഞാൻ
ഒഴുകും
ഉച്ച മണങ്ങളുടെ കാറ്റിളകും
അയാളുടെ പാട്ടിൽ
പൂമ്പൊടികൾ കലർന്ന
അതിന്റെ അലകളിൽ
കാറ്റ് അതിന്റെ വഴി
മറന്നു പോകുന്നതു പോലെ
ഞാൻ മറവിയെത്തൊടും.
അയാളുടെ
പേരോ നാടോ മുഖമോ
എനിക്കറിയില്ല,
എന്നിട്ടും
പാട്ടായിരുന്നു എനിക്കാ നേരത്ത്
വേണ്ടിയിരുന്നതെന്ന് അയാൾക്കറിയാം
മരുന്നു കൊണ്ട് മരണത്തെ
നീട്ടിവെക്കുന്നൊരാൾക്ക്
നാവിൽ പകരുന്ന
മരുന്നും ജലവുംപോലെ
അയാളുടെ പാട്ടും സ്വരവും.
നാട്ടിലേക്കുള്ള തീവണ്ടിയിലെന്നപോലെ
അയാളുടെ പാട്ടിൽ ഞാനിരിക്കുന്നു
വീടെത്തുന്നു.