പെരുമൻ

ആനപടക്കം കാട്ടിലെറിഞ്ഞപ്പോ
കാട്ടുപന്നീടെ ഗർഭം അലസ്സീന്ന്
കാട്ടുകോഴിടെ അടവെച്ച മുട്ടകൾ
ഓടുപൊളിച്ച് ചോരയൊലിച്ചെന്ന്...
കുനനുറുമ്പും കുഴിയാനകൊമ്പും
ചില്ല് തറച്ച് പിടഞ്ഞുമരിച്ചെന്ന്
കാരമുള്ളുകൾ തുന്നിയ വയറീന്ന്
ചോരയൊലിച്ച വരമ്പിൻപാടുകൾ.
പൊട്ടിയ ചില്ലുകൾ എണ്ണം പഠിച്ചപ്പോൾ
കണ്ണ് തെറിച്ച ചെമ്പല്ലി കുഞ്ഞിന്
പാലൂട്ടാൻവന്ന മീനിനെ കെട്ടിവലിച്ചു
ആഴമളന്ന് മുങ്ങിയ കാക്കയ്ക്ക്
നീർക്കോലി മുള്ളുകൾ കുത്തിക്കേറീന്ന്...
ആന പരന്നോടി കരകയറിനോക്ക്യപ്പോ
ആനപടക്കം കാലറുത്തു കാടു വിറച്ചൂന്ന്
പിടിവിട്ട കാടൊരുവള്ളി
വീണു പിടഞ്ഞു മരിച്ചപ്പോ
ചെങ്കീരിമേലുകുടഞ്ഞെണീറ്റപ്പോ
മുള്ളൻ മുള്ളുകൾ കത്തിക്കരിഞ്ഞു.
ആമ പുറന്തോട് തോണി തുഴഞ്ഞ്
ചുടലക്കാടിനെ വെട്ടി തെളിച്ച്
സുന്ദരമായൊരു പൂമരം നട്ട്
ഒറ്റയ്ക്കിരുന്നങ്ങ് നോക്കി.
വള്ളി വെളിച്ചങ്ങൾ ഇലകളിൽ തട്ടി
ഒഴുകുന്ന പുഴയിൽ മുങ്ങി
നിവരുംന്നേരം പൊൻമാൻ
പാഞ്ഞൊരു മുങ്ങലിൽ
എന്റെ തലയിലെ മുടിയൊന്നു പാറി.
ഒരു മരണം.
അന്നാണ് വിഷു.
മകൻ പടക്കത്തിനായി വഴക്കിട്ടു
ഞാൻ വാങ്ങിക്കൊടുത്തു
അവൻ പൊട്ടിച്ചു.
ഒരാന കാട്ടിലേക്ക് പാഞ്ഞു
പാവത്തിന്റെ വയർ
നിറഞ്ഞില്ലാന്ന് തോന്നുന്നു.
മക്കൾ തിന്ന ചോറുപറ്റ്
പാത്രത്തിൽനിന്നും
കാട്ടിലേക്ക് നടക്കാൻ തുടങ്ങി.
ഒരു കാട്ടുമാങ്ങ മധുരമായി തൂങ്ങി
അപ്പന്റെയപ്പന്റെ അനിയന്റെ കണ്ണിൽ
മലയണ്ണാൻ ചാടിയപ്പോ മാമി പറഞ്ഞു
ഇപ്പം പെരുമന് കാഴ്ച കിട്ടിയെന്ന്
അപ്പോളൊരു അണ്ണക്കോട്ടെയെ കാണിച്ചിട്ട്
അതിന്റെ പേര് പറയാൻ പറഞ്ഞപ്പോ
പെരുമന്റെ കാഴ്ചകൾ
ചില്ലകളിലൂടെ ചാടി ചാടി പോയി
-----------
സൂചിക
പെരുമൻ: വയസ്സൻ
അണ്ണക്കോട്ടെ: അണ്ണാൻ