മൈന വണ്ടികള്‍

മഞ്ഞ തലയും കറുത്ത ഉടലുമുള്ള
ഭംഗിയുള്ള ഒരു ജീവിപോലെ
നിരത്തില്‍ തലങ്ങും വിലങ്ങും
മുട്ടും മുട്ടില്ല എന്ന മട്ടില്‍
ടാക്‌സികളുടെ നൃത്തം.
നഗരത്തിലെ ടാക്‌സിക്കാറുകള്‍
എപ്പോഴോ മൈനകളാവുന്നു.
അവ മഞ്ഞകൊണ്ട് കണ്ണെഴുതിയില്ല
കറുപ്പിന്റെ തിളക്കം മിനുക്കിയെടുത്തില്ല
എന്നിട്ടും അഴകിയ മൈനതന്നെയെന്ന്
സമ്മതിക്കാതെ വയ്യ.
കൈനീട്ടിയവരെയുംകൊണ്ട്
മൈനക്കാറുകള്‍ പാഞ്ഞോടി.
ചുവന്ന ലൈറ്റുള്ള ജങ്ഷനില്‍
അവ ഒന്നിച്ചു നിന്നു ചിലച്ചു.
അകത്തിരുന്നവരെ കാറ്റിന്റെ
ഇഷ്ടത്തിനിട്ടുകൊടുത്ത് അവ പറവകളായി.
ആളുകളുടെ നിലക്കാത്ത സഞ്ചാരം കണ്ട്
സിഗ്നലില്‍പ്പെട്ടപ്പോഴെല്ലാം ഞങ്ങളാശ്ചര്യപ്പെട്ടു.
ലോക്കലില്‍ വന്നിറങ്ങിയവര്‍ സിഗ്നല്‍ ഭേദിച്ച്
വണ്ടികളുടെ വരിയിലേക്ക് നൂണ്ടിറങ്ങുന്നു.
മൈനകളെല്ലാം ഒന്നിച്ച് ബഹളത്തോടെ
ആളുകളെ തൊട്ടും തൊടാതെയും സിഗ്നല്‍ വിടുന്നു.
കാല്‍നടക്കാര്‍ നടത്തയുടെ ഈണത്തില്‍ ദുരിതം പറയുന്നു.
വണ്ടിക്കാരന്‍ അതേ ഈണം മൈനക്കുള്ളിലിരുന്ന് പാടുന്നു.
ഉച്ചനീചത്വങ്ങളുടെ ഭാരംകൊണ്ടെന്ന പോല്‍
അയാളുടെ നെറ്റിയിലുമാണ്ടുകിടക്കുന്നു വരകള്‍.
തിരക്കുകൂട്ടി റോഡ് മുറിച്ചുകടന്നവര്‍ എവിടെപ്പോയി
ഏതെല്ലാം കുഞ്ഞുമുറികളില്‍ അടിഞ്ഞുകൂടിക്കാണും.
ചിന്തിക്കാന്‍ സമയമുള്ളത് ഞങ്ങള്‍ക്കാണല്ലോ.
യാന്ത്രികമായി പൈസയും കൊടുത്ത് വണ്ടിവിടുന്നേരം
മൈനയുടെ കണ്ണ് പോലുള്ള ജനലിലൂടെ
ക്ലേശം കനത്ത കണ്ണുകളുമായയാള്‍
ബാഗെല്ലാം എടുത്തില്ലേ എന്നാരായുന്നു
പരസ്പരം സലാം കൊടുത്ത് പിരിഞ്ഞയുടന്‍
അയാള്‍ മൈനയുമായി മറ്റാരെയോ തേടിമറയുന്നു.
അവരുറ്റ ചങ്ങാതികളായിരിക്കണം
അയാളൊന്ന് ചിരിക്കുന്നേരം
സംശയമില്ലാതൊരു കുതിക്കലില്‍
മൈനയൊന്ന് ചിറകുമിനുക്കുന്നുണ്ടാവും.
=====
*മുംബൈ ലോക്കല്‍ ട്രെയിന്‍