Begin typing your search above and press return to search.
proflie-avatar
Login

ഓർമക്കുറിപ്പുകളുടെ അവിധേയ ദർശനങ്ങൾ

ഓർമക്കുറിപ്പുകളുടെ അവിധേയ ദർശനങ്ങൾ
cancel

ഹംഗേറിയൻ എഴുത്തുകാരൻ പീറ്റർ നാദാസിന്റെ ഓർമക്കുറിപ്പുകളുടെ (Shimmering Details) ഒന്നാംഭാഗത്തിന്റെ വായന. സമകാലിക ഹംഗേറിയൻ സാഹിത്യത്തിലെ മഹാവിസ്മയമായി വിലയിരുത്തപ്പെടുന്ന നോവലിസ്​റ്റും ചെറുകഥാകൃത്തും നാടകകൃത്തും ഗദ്യകാരനുമൊക്കെയായ പീറ്റർ നാദാസ് (Peter Nadas) പരിഭാഷകളിലൂടെ ലോകസാഹിത്യത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ അദ്ദേഹത്തിന്റെ ‘ഇഷ്ടം’ (Love), ‘ഒരു കുടുംബകഥയുടെ അവസാനം’ (​The End of a Family Story) എന്നീ നോവലുകൾ വായിക്കാനുള്ള അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു: ഇതിനുമുമ്പ് 1997ൽ ഇംഗ്ലീഷ് പരിഭാഷയിലൂടെ പുറത്തുവന്ന ‘ഓർമകളുടെ പുസ്തകം’ (The Book of Memories) എന്ന...

Your Subscription Supports Independent Journalism

View Plans
ഹംഗേറിയൻ എഴുത്തുകാരൻ പീറ്റർ നാദാസിന്റെ ഓർമക്കുറിപ്പുകളുടെ (Shimmering Details) ഒന്നാംഭാഗത്തിന്റെ വായന.

സമകാലിക ഹംഗേറിയൻ സാഹിത്യത്തിലെ മഹാവിസ്മയമായി വിലയിരുത്തപ്പെടുന്ന നോവലിസ്​റ്റും ചെറുകഥാകൃത്തും നാടകകൃത്തും ഗദ്യകാരനുമൊക്കെയായ പീറ്റർ നാദാസ് (Peter Nadas) പരിഭാഷകളിലൂടെ ലോകസാഹിത്യത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ അദ്ദേഹത്തിന്റെ ‘ഇഷ്ടം’ (Love), ‘ഒരു കുടുംബകഥയുടെ അവസാനം’ (​The End of a Family Story) എന്നീ നോവലുകൾ വായിക്കാനുള്ള അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു: ഇതിനുമുമ്പ് 1997ൽ ഇംഗ്ലീഷ് പരിഭാഷയിലൂടെ പുറത്തുവന്ന ‘ഓർമകളുടെ പുസ്തകം’ (The Book of Memories) എന്ന നോവലിനെക്കുറിച്ച് പ്രസിദ്ധ സാഹിത്യനിരൂപകയായ സൂസൻ സൊൻടാഗിന്റെ പരാമർശങ്ങളാണ് അതും വാങ്ങി വായിക്കാനുള്ള പ്രേരണ സൃഷ്ടിച്ചത്.

ലോകസാഹിത്യത്തിലേക്ക് ഒരു വലിയ എഴുത്തുകാരന്റെ കടന്നുവരവാണ് ഈ പുസ്തകങ്ങൾ തുറന്നുകാട്ടിയത്. പിന്നീട്​ 2011ലാണ് അദ്ദേഹത്തിന്റെ ‘സമാന്തര കഥകൾ’ (Parallel Stories) എന്ന​ മൂന്നു ഭാഗങ്ങളിലൂടെ വികസിതമായ ബൃഹദ് നോവൽ വായിക്കാനായത്​. ‘നിശ്ശബ്ദമായ പ്രവശ്യ’ (​The Silent Province), ‘രാത്രിയുടെ അഗാധതയിൽ’ (In the Depth of the Night), ‘സ്വാതന്ത്ര്യത്തിന്റെ ഒരു നിശ്വാസം’ (A Breath of Freedom) എന്നീ ഭാഗങ്ങളിലൂടെ ആയിരത്തിയൊരുനൂറോളം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ നോവൽ ശരിക്കും മാസ്റ്റർ പീസാണ്. ഇരുപതാം നൂറ്റാണ്ടിലെ ഹംഗറിയുടെ വൈവിധ്യമാർന്ന മുഖങ്ങളെ എടുത്തുകാട്ടിയിരിക്കുന്ന ഈ നോവൽ പൂർത്തീകരിക്കാൻ 18 വർഷങ്ങൾ വേണ്ടിവന്നു. ഇത് വായിച്ചതിന്റെ ഓർമകളാണ് പീറ്റർ നാദാസ് എന്ന എഴുത്തുകാരനെ മനസ്സിലേറ്റാൻ സഹായിച്ചത്.

ഇത്രയും ആമുഖമായി പറയേണ്ടിവന്നത് നാദാസിന്റെ രണ്ട് വാള്യം (ഓർമക്കുറിപ്പുകളുടെ നോവൽ) ഇംഗ്ലീഷ് പരിഭാഷ മിന്നിത്തിളങ്ങുന്ന ‘വിസ്തൃത വർണനകൾ’ (Shimmering Details) 2023ൽ പുറത്തിറങ്ങാൻ പോകുന്നതിനെക്കുറിച്ച സൂചനകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ്. അമേരിക്കയിലെ ഫറാർ, സ്ട്രോസ് ആൻഡ് ഗിറൂക്സ് (Farrar, Straus and Giroux) പ്രസാധകരാണ് വിഖ്യാത പരിഭാഷകയായ ജൂഡിത് സോല്ലോസി (Judith Sollosy) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സമകാലിക ഹംഗേറിയൻ സാഹിത്യത്തിൽനിന്നും പീറ്റർ എസ്തർഹെയ്സി (Peter Esterhazy), മലിഹാലി കോർണിസ്, ഇസ്തവാൻ ഓർക്കെനി തുടങ്ങിയവരുടെ പുസ്തകങ്ങൾ ഇവർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഒരു നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷമാണ് (ക്ലാസിക് രചനകളുടെ ശാപം തന്നെയാണിത്) ഈ നോവലിന്റെ ഒരു ഹാർഡ്ബാക് എഡിഷൻ കഴിഞ്ഞ ജൂണിൽ ലഭിച്ചത്. ആയിരത്തിയൊരുനൂറ് പേജുകളിൽ വികസിതമായി നിൽക്കുന്ന ഈ രചനയുടെ വായന ശരിക്കും ഗൗരവപൂർണമായ സമീപനം ആവശ്യപ്പെടുന്ന ഒന്നാണ്. കുത്തും കോമയിലൂടെ മാത്രം വികസിതമാകുന്ന ഈ വലിയ നോവൽ ഭാഗങ്ങളായോ അധ്യായങ്ങളായോ തിരിച്ചിട്ടുമില്ല. പതിവു വായനയുടെ സ്വാതന്ത്ര്യവും ഇവിടെ ലഭിക്കാതെ പോകുന്നുവെങ്കിലും ഈ മഹാരചനയെ, വായനയെ ഗൗരവമായി എടുക്കുന്നവർ സ്വീകരിക്കുമെന്നതിൽ സംശയമില്ല. ഏതാണ്ട് ഒരു മാസം ഇതിന്റെ വായനക്കുവേണ്ടി വന്നതിലും ഈ ലേഖകന് സംതൃപ്തി മാത്രമേ അനുഭവപ്പെട്ടുള്ളൂ.     

സമാന്തര കഥകളിൽ പീറ്റർ നാദാസ് സൂചിപ്പിക്കുന്ന ഒരു വാചകമുണ്ട്. മറ്റാരോടെങ്കിലും ഒരാൾ തന്റെ ജീവിതകഥ പറയുമ്പോൾ അയാൾ സൃഷ്ടിക്കുന്നത് ഒരിക്കലും പുരാവൃത്തങ്ങളായിരുന്നില്ല. മറിച്ച് സ്വന്തം ഇതിഹാസങ്ങൾതന്നെയാണ്. ഓർമകളുടെ പുസ്തകത്തിലൂടെയും നാദാസ് സഞ്ചരിക്കുന്നത് ജീവിത യാഥാർഥ്യങ്ങളുടെ സങ്കീർണതക്കുള്ളിലൂടെയാണ്. പുതിയ ഓർമക്കുറിപ്പുകളിലും പതിവുരീതി വിട്ടുള്ള ഒരു പാതയാണദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു മനുഷ്യന്റെ മനസ്സിന്റെ അപഥസഞ്ചാരങ്ങളിൽ ദിശയും കാലവും മാറിമാറിവരുന്നത് എത്രവേഗത്തിലാണ്. ഏതാണ്ട് അതേരീതിയാണിവിടെ നാദാസ് സ്വീകരിക്കുന്നത്​. ഒന്നാംഭാഗത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അതിർവരമ്പുകൾ ഭേദിച്ചും 1942ൽ ജനിച്ച അദ്ദേഹം കടന്നുപോകുന്നുണ്ട്. കുടുംബവൃത്തങ്ങളിൽനിന്നും കേട്ടറിഞ്ഞ കഥകളിലൂടെ കാലത്തെ പിന്നോട്ടു നയിച്ചുകൊണ്ടുപോകാനുള്ള നാദാസിന്റെ വൈഭവമാണ് ഇതിലൂടെ ശരിക്കും​ പ്രകടമാകുന്നത്.

ഓർമകളുടെ തീവ്രമായ ആധാരതലങ്ങളെയാണ് നോവലിസ്റ്റ് തന്റെ രചനക്കായുള്ള വിഭവങ്ങൾ തേടിയെടുക്കുന്നത്. ‘ഷിമ്മറിങ് ഡീറ്റൈൽസ്’ എന്നുള്ള ശീർഷകത്തിന്റെ അർഥതലങ്ങൾക്കുള്ള വ്യാപ്തിയും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. സ്വന്തം അനുഭവങ്ങളിൽനിന്നും കുടുംബത്തിന്റെ ദുരന്തപൂർണമായ അനുഭവങ്ങളിൽനിന്നുമാണ് അദ്ദേഹത്തി​െന്റ അന്വേഷണങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചുനിർത്തുന്നത്. അവയെ പുനർസൃഷ്ടിക്കുന്നതിലെ കലയുടെ സർഗാത്മക പ്രതീകമായിതിനെ കാണണമെന്ന് ആസ്വാദകർ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ഇതിന്റെ ആവിഷ്കാരത്തിൽ ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളെ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. സംഭവിച്ചവ എവിടെയായാലും അവയുടെ ശബ്ദങ്ങളും അരങ്ങുകളും ഗന്ധങ്ങളും തോന്നലുകളും ശരിക്കുമങ്ങനെ ഈ പുനർസൃഷ്ടിക്കായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇതിനുള്ളിലെ ബോധപൂർവമായോ അല്ലാതെയോ ഉള്ള വ്യതിചലനങ്ങ​െള ഒഴിവാക്കാൻവേണ്ടി അദ്ദേഹം സ്വന്തം കഥാരൂപത്തിനൊരു അപനിർമാണരീതി അവലംബിക്കുന്നുണ്ട്. അതോടെ, അവയുടെ അർഥതലങ്ങൾക്കൊരു വിശാലമായ ദർശനമുണ്ടാവുകയും ചെയ്യും.

നോവലിന്റെ ഒന്നാം വാല്യത്തിൽ നാദാസ് തന്റെ കുടുംബത്തിന്റെ പ​െത്താമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലം തൊട്ട് 1942ലെ ജന്മ കാലവും അതിനുമുമ്പത്തേക്കുള്ള ഒരു നീണ്ടകാലത്തെ അന്വേഷണത്തിനുമാണ് തയാറാവുന്നത്. കുടുംബത്തിലെ മഹാപിതാമഹനായ ടൗബറും അദ്ദേഹത്തിന്റെ നിശ്ശബ്ദതക്കൊപ്പമുള്ള പരുക്കൻ സ്വഭാവ വിശേഷണങ്ങളും തുടക്കത്തിൽതന്നെ എടുത്തുകാണിക്കുന്നുണ്ട്. വലിയ പിതാമഹിയുടെ കഠിനാധ്വാനത്തിൽ നന്ദിപറയാനും അദ്ദേഹം തയാറാവുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ദൈവത്തെക്കുറിച്ചാകും ചിന്തിച്ചിരുന്നത്. ആരുടെയൊക്കെയോ സ്വന്തമായ ഒരു ദൈവം അതിനെക്കുറിച്ച് നാദാസിനും അറിഞ്ഞുകൂടായിരുന്നു. കുടുംബത്തിലെ പരുക്കൻ അന്തരീക്ഷത്തിന്റെ തലങ്ങൾ ചിത്രീകരിച്ചുകൊണ്ടുള്ള ഒരു തുടക്കമാണിത്. വെസ്റ്റ് നഗരത്തിന്റെ ആന്തരികതയിലെ നഗരസീമക്കുള്ളിലെ തറവാടും തൊട്ടടുത്തുകൂടി ഒഴുകിപ്പോകുന്ന നദിയും ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.

 

പീറ്റർ നാദാസ്

അതേസമയം, ഇരട്ട നഗരത്തിലെ ബുദാ നഗരഭാഗത്തിന് വേറിട്ടൊരു ഗോതിക്, ബാറോക് രൂപമാണുണ്ടായിരുന്നത്. ഡാന്യൂബ് നദി ഇരു നഗരങ്ങളെയും തലോടിക്കൊണ്ട് പ്രവഹിച്ചുകൊണ്ടിരുന്നതിന്റെ ചിത്രം ശരിക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുടെ ഭാഗമാണ്. രണ്ട് ലോകയുദ്ധങ്ങൾ അരങ്ങേറിയ യൂറോപ്യൻ ഭൂമികയിൽ ജൂതസമൂഹം ​േനരിട്ട യാതനകളുടെ തീവ്രമായ ഒരു ചിത്രം ഇവിടെ നാദാസ് സമന്വയിപ്പിച്ചിട്ടുണ്ട്. പൂർവികരായ മനുഷ്യർ ജൂതസമൂഹത്തിൽപെട്ടവരായിരുന്നു. ഇതിന്റെ സാക്ഷിയായി ബുഡപെസ്റ്റ് നഗരങ്ങളും ഇവക്കിടയിൽ അടക്കാനാവാത്ത ദുഃഖഭാരവും പേറി ഒഴുകുന്ന ഡാന്യൂബ് നദിയുടെ ചിത്രവും ആര​ുടെയും മനസ്സിൽനിന്ന്​ പെട്ടെന്നൊന്നും മാഞ്ഞുപോവുകയുമില്ല. യുദ്ധകാലത്ത് ഒറ്റപ്പെട്ടുപോയ ജൂതസമൂഹത്തിന്റെ ദാരുണമായ ചിത്രവും നിറഞ്ഞുനിൽക്കുന്നുമുണ്ട്. പതിവ് കഥപറച്ചിലിന്റെ ഒരു സാന്ത്വനവും ഇവിടെ അദ്ദേഹത്തിന് സഹായകമായി നിൽക്കുന്നു.

1988 കാലത്തെക്കുറിച്ച് ഒന്നിവിടെ സൂചിപ്പിക്കേണ്ടതായിട്ടുണ്ട്. റഷ്യയടക്കമുള്ള ഭൂമികകളിൽ കമ്യൂണിസ്റ്റ് അധികാര സീമകൾക്കു തകർച്ച നേരിട്ടുകഴിഞ്ഞ ഒരു കാലം. ഹംഗറിയെന്ന ജനങ്ങളുടേതായ റിപ്പബ്ലിക്കിലും ഇതുതന്നെ സംഭവിച്ചിരുന്നു. പിതാവിന്റെ മരണം നാദാസിനെ അനാഥനാക്കി മാറ്റി. അന്ന് നാദാസ് വിഷാദം (Melancholy) എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇത് ശരിക്കും ഒരു വിഷമവൃത്തത്തിൽപെടുത്താവുന്ന ഒന്നാണ്​, ദാർശനികവും കാര്യാത്മകവുമായ ആഖ്യാന സമ്പ്രദായത്തിൽ വരുന്നതായ ഒന്ന്. ഇത് തുടർച്ചയായി അതാര്യതയിലേക്ക് (Opacity) ഗതിമാറി പോകുന്ന ഒന്നുതന്നെയായിരുന്നു. ഒരിക്കൽകൂടി നമ്മെ അഗാധമായ ഒരു ദർശനത്തിന്റെ സ്പർശം അനുഭവിപ്പിക്കുന്നു. ഈ ഓർമക്കുറിപ്പുകളുടെ ഒന്നാം വാല്യത്തിലേക്ക് കടന്നുവരുമ്പോഴാണ് നാദാസിന്റെ ഈ വിഷയവുമായി ബന്ധപ്പെട്ട ദർശനങ്ങൾ സജീവമാകുന്നത്. മറ്റൊരു ഹംഗേറിയൻ പ്രതിഭയായ ലാസ്​ലൊ​ക്രാസ്താ ഹോർകായുടെ ‘പ്രതിരോധത്തിന്റെ വിഷാദം’ (The Melancholy of Resistance) എന്ന നോവലിനെക്കുറിച്ചിവിടെ ഓർത്തുപോകുന്നു. ഈ കാലങ്ങളിൽ ജീവിച്ച എഴുത്തുകാർക്ക് വിഷാദാത്മകതയെ ഒഴിവാക്കാനും കഴിയുമായിരുന്നില്ല.

ബൃഹത്തായ ഈ നോവലിൽ (ഓർമക്കുറിപ്പുകളിൽ) ആദ്യത്തെ തലങ്ങളുടെ ദിശകൾ മാറിപ്പോകുന്നത് ശരിക്കും നമ്മുടെ ഓർമകളുടെ ദിശാപ്രവാഹങ്ങൾപോലെ തന്നെയാണ്. ഒട്ടും വ്യക്തമല്ലാത്ത വ്യതിചലനങ്ങളും രാഷ്ട്രീയമായ ചരിത്രാവബോധങ്ങളും അടിച്ചമർത്തപ്പെട്ട വ്യക്തിപരമായ കുടുംബസംബന്ധിയായ നഷ്ടങ്ങളുമൊക്കെ ഒന്നൊന്നായി വന്നും പോയുമിരിക്കുന്ന ഒരു കാലത്തെ ജൂതസമൂഹത്തിനു നേരിടേണ്ടിവന്ന പ്രശ്നാധിഷ്ഠിതമായ ജീവിതം ശക്തമായിട്ടാണിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വലിയ കുടുംബ പശ്ചാത്തലം നാദാസിനുണ്ടായിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.

വളരെ ശക്തമായ വ്യക്തികളുടെ തോന്നലുകളെയാണിവിടെ നാദാസ് പങ്കുവെക്കാൻ ശ്രമിക്കുന്നത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും അശാന്തമായ പശ്ചാത്തലങ്ങൾക്ക് ജന്മംകൊടുത്ത സംഭവപരമ്പരകളെ നാദാസ് അവധാനതയോടെ ചിത്രീകരിക്കുന്നുണ്ട്. 1942 കാലത്ത് ജനിച്ച പീറ്റർ നാദാസിന്റെ ഹംഗേറിയൻ ജൂത മാതാപിതാക്കൾ കമ്യൂണിസ്റ്റ് പ്രതിരോധങ്ങളെ പിന്താങ്ങിയ മനുഷ്യാത്മക്കളായിരുന്നു: പതിമൂന്നാമത്തെ വയസ്സിൽ ബുഡപെസ്റ്റിൽ സംഭവിച്ച അഗ്നിബോംബിങ്ങിനെ​ക്കുറിച്ചുള്ള ആദ്യകാല ഓർമ ഇവിടെ കാണുന്നുണ്ട്. ആ കാലത്താണ് നാദാസിന്റെ മാതാവ് അർബുദം ബാധിച്ച് മരിച്ചത്. അതിന് ഒരു വർഷത്തിനുശേഷം സോവിയറ്റ് ടാങ്കുകൾ ബുഡപെസ്റ്റിലെ പാർലമെന്റ് മന്ദിരം വളഞ്ഞു. 1956 കാലത്തെ ജനകീയ വിപ്ലവത്തെ അടിച്ചമർത്താൻവേണ്ടിയുള്ള അധിനിവേശ ശ്രമങ്ങളായിരുന്നു അത്.

ഹോസോൺയി തെരുവിലെ അവരുടെ ഭവനാന്തരീക്ഷത്തിലെ വ്യക്തമായ ചിത്രം പങ്കുവെക്കുന്നുണ്ട്. നാദാസിന്റെ രണ്ടാമത്തെ വയസ്സിൽ സംഭവിച്ച ഒരു ചുവരിന്റെ പതനം ഓർമകളിൽ മായാതെ നിൽക്കുന്നുണ്ട്. മാഗ്ദ അമ്മായി ഈ ഓർമപ്പുസ്തകത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. അവർ നാദാസിൽ ചെലുത്തിയിരുന്ന സ്വാധീനം ശരിക്കും മാതാവിൽനിന്നുപോലും ലഭിച്ചിട്ടുണ്ടായിരുന്നില്ല. വാക്കുകൾകൊണ്ട് വിവരിക്കാനാവുന്നതിലുമപ്പുറത്ത് സംഭവിച്ച ഒരു ചുവരിന്റെ പതനം ശരിക്കും കാട്ടിത്തന്നത് സാവധാനം സംഭവിച്ച ഒരു ദൃഷ്ടിഗോചരമായ ലോകത്തിന്റെ പ്രതിബിംബംതന്നെയാണ്​.

ഒരു ​​ഫോട്ടോ ആൽബംപോലെയാണ് കുടുംബചരിത്രം സമന്വയിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ഹൃദയഹാരിയായ ഗൃഹാതുരത്വത്തിന് അതിശയിപ്പിക്കുന്ന ഭീകരതകൾക്കുള്ള മിന്നൽ ചാഞ്ചാടുന്ന ഒരു രൂപമായിട്ടാണിതിനെ വിഭാവനംചെയ്തിരിക്കുന്നത്. കഥകളുടെ ഒരു ബൃഹദ് സമൂഹം ഇഴചേർന്ന് സൃഷ്ടിക്കുന്നത് ഒരു മികച്ച പ്രതിരൂപമായിട്ടാണ്. കാലത്തിന്റെ പാദവിന്യാസങ്ങൾ ഇതിനിടയിൽ പലപ്പോഴും നിശ്ശബ്ദമായ ഒരു ചുവടുവെപ്പുപോലെയേ തോന്നുകയുള്ളൂ. പലപ്പോഴും തെക്കൻ ​​ഫ്രാൻസിലെ ലെവെർനെറ്റ് എന്ന കോൺസെൻട്രേഷൻ ക്യാമ്പിലേക്കിത് വന്നും പോയുമിരിക്കുന്നുണ്ടാകും. അവിടെയാണ് നാദാസിന്റെ മാതുലരെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന് ശേഷം തടവിൽ പാർപ്പിച്ചത്.

പതിവ് ഓർമക്കുറിപ്പുകളുടെ ആഖ്യാന സമ്പ്രദായങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു വഴി നാദാസ് സ്വീകരിച്ചതിന്റെ പിന്നിൽ നൂതനമായ ഒരു കലാ സങ്കൽപ​മോ ക്രാഫ്​റ്റോ ഒക്കെയും ആന്തരികമായ ഭൂദൃശ്യങ്ങളുടെ ചലനാത്മകതകൾ സംഭവങ്ങളുടെ അശാന്തമായ രൂപങ്ങളും ഭാവങ്ങളും നമ്മെ വല്ലാതെ അലട്ടുമെന്നുള്ളതിൽ സംശയമില്ല. അതിന് ഒരുതരം സംഗീതപരമായ ആരോഹണാവരോഹണപരമായ സ്പന്ദനങ്ങളുമുണ്ട്. ഒ​രേസമയം വ്യക്തിപരവും രാഷ്​ട്രീയപരവും ചരിത്രപരവുമായ ദർശനങ്ങൾ ഇത് ഉണർത്തിവിടുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ചരിത്രത്തിനുള്ളിൽ ഒതുങ്ങിനിന്നിരുന്ന കാഴ്ചകളെയാണിന്ന് ശക്തമായ വിന്യാസത്തിനുള്ളിൽ പുറത്തുകൊണ്ടുവന്ന് ഒപ്പം ചേർത്തിരിക്കുന്നത്.

 

പീറ്റർ നാദാസിന്‍റെ കൃതികൾ

ഹംഗേറിയൻ ചരിത്രവും സംസ്കാരവും അത് പടർത്തിയ ജനതക്ക് നാസികളിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരതകളും ഒരു പരിധിവരെ ഈ കുറിപ്പുകൾക്കൊപ്പം കൊണ്ടുവരാൻ നാദാസിന് കഴിഞ്ഞിട്ടുണ്ട്. സംശയത്തിന്റെയും നഷ്ടങ്ങളുടെയും അനർഥങ്ങൾ ഏറ്റുവാങ്ങിയ രീതിയിൽ ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം ശരിക്കും നിലയുറപ്പിച്ചിരിക്കുന്നത് നാദാസ് വളരെ ശക്തമായി തിരിച്ചറിഞ്ഞ വിഷാദാത്മകതയിലാണ്. ഇവിടെ തയാറാക്കിയിരിക്കുന്ന ഗദ്യത്തിനും വിഷയത്തിൽ നന്നായി ചേരുന്ന ഒരു രൂപമാണ് നാദാസ് കൊടുത്തിരിക്കുന്നത്.

നൊ​േബൽ ജേതാവായ തെക്കെ ആഫ്രിക്കൻ എഴുത്തുകാരി ദനിം ഗോദിമറിന്റെ ചില വാക്കുകൾ നാദാസ് എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യനെ ശാന്തമാക്കുന്ന ഒരേയൊരു കാഴ്ച കൊലപാതകമാണ്. പക്ഷേ, മനുഷ്യസ്വഭാവത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങളിൽനിന്നും നാദാസ് ചില വസ്തുതകൾ ഇവിടെ കൂട്ടിച്ചേർക്കുന്നുണ്ട്. ഒരിക്കൽ മരിച്ചുകഴിയുമ്പോൾ മനുഷ്യൻ അവ​ന്റെ ഇരയെ പോലും അതിലംഘിക്കാനാണ് താൽപര്യം കാണിക്കുന്നത്. ഇതൊരിക്കലും വ്യക്തിപരമായ ഒരു കാഴ്ചപ്പാടല്ല. പക്ഷേ, ഇതൊരു ധാർമികമായ ആവശ്യമാണ്. ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓർമകളിൽ കാലംതെറ്റി കടന്നുവരുന്ന ഇതുപോലുള്ള കാര്യങ്ങൾ ഈ പുസ്തകത്തിന്റെ അണയാത്ത മൂല്യങ്ങളാണ്. ഫ്രഞ്ച് എഴുത്തുകാരി മാർഗരിറ്റ് ദ്യൂരാസിന്റെ യുദ്ധം ഒരു ഓർമ (War A Memoir) എന്ന പുസ്തകത്തെക്കുറിച്ച് അദ്ദേഹം ഓർക്കുന്നുണ്ട്. 1943 കാലത്തെ സംഭവങ്ങൾ വീണ്ടും ഓർമയിൽ വരുന്നത് നാദാസിന്റെ ജീവിതത്തിന്റെ അവസാന കാലത്താണ്.

ആർതർ കൊയിറ്റ്സലറിന്റെ പുസ്തകങ്ങളെക്കുറിച്ചുള്ള സൂചന പ്രത്യേകിച്ചും നട്ടുച്ചക്കിരുട്ട് (Darkness at Noon) നാദാസ് ചൂണ്ടിക്കാണിക്കുന്നത് കാലത്തിനൊപ്പമുള്ള അതിന്റെ പ്രസക്തിയുടെ അടിസ്ഥാനത്തിലാണ്. ഹംഗറിയിൽ പ​ത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നാൽപത്തിരണ്ട് ശതമാനം പേർ ഹംഗേറിയൻ ഭാഷയാണ് സംസാരിച്ചിരുന്നത്. വ്യക്തിപരമായ ചരിത്രത്തിന്റെ സാധ്യതകൾ അവരുടേതായ നിരവധി കഥകൾക്ക് രൂപംകൊടുത്തു. പൂർവികരായ അവരുടെ മനുഷ്യരുടെ നിസ്സഹായമായ അവസ്ഥകളെ എടുത്തുകാണിച്ചാണ് പീറ്റർ നാദാസിന്റെ ഓർമക്കുറിപ്പുകളുടെ (നോവലിന്റെ) ഒന്നാം ഭാഗം അവസാനിക്കുന്നത്. പ്രൂസ്റ്റിന്റെയും റ്റോമാസ് മന്നിന്റെയും രചനകളുടെ വലിയ ആരാധകനായിരുന്ന നാദാസിന്റെ ഈ രചന പത്തൊമ്പതാം നൂറ്റാണ്ട് മുതലുള്ള അവരുടെ സമൂഹത്തിന്റെ ചരിത്രത്തിന്റെ വേരുകൾ തേടിപ്പോകുന്നത് ഒരു ദീപ്തമായ തലത്തിലൂടെയുള്ള യാത്ര തന്നെയാണ്.

സ്വന്തം രചനകളുടേതായ ഒരു ലോകം തുറക്കാനുള്ള ഒരു പ്രായം ഇതെഴുതുമ്പോൾ നാദാസി​നുണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോഴും (അതിനു സാധ്യതകൾക്ക് പരിമിതികളുണ്ട്. ഭാവിയിൽ അങ്ങനെയുള്ള ഒരു വലിയ ലോകത്തെ ഓർമക്കുറിപ്പുകളിലൂടെ അദ്ദേഹം നമുക്ക് തുറന്നുതരാതിരിക്കില്ല).

News Summary - Reading the first part of Hungarian writer Peter Nadas' memoirs