ജാതിയുടെ അധികാരവും തോട്ടിയുടെ ജീവിതവും

തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘തോട്ടിയുടെ മകൻ’ (1947) എന്ന നോവലിനെയും തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ ബി. ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍' (2012) എന്ന നോവലിനെയും മുൻനിർത്തി ഒരു പഠനം. ഇരു നോവലുകളിലെയും ജീവിതങ്ങളെ വിശകലനംചെയ്യുന്നു -കഴിഞ്ഞ ലക്കം തുടർച്ച. ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലിലെ കാലം ഇവിടെ പ്രധാനപ്പെട്ടതാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ധർമപാലന്റെ അമ്മ ആശുപത്രിയിൽ കിടക്കുന്ന രംഗം പുതുകാലത്തിന്റേതാണ്. അവിടെ ശരീരം ജാതിയുടെ...
Your Subscription Supports Independent Journalism
View Plansതകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘തോട്ടിയുടെ മകൻ’ (1947) എന്ന നോവലിനെയും തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ ബി. ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍' (2012) എന്ന നോവലിനെയും മുൻനിർത്തി ഒരു പഠനം. ഇരു നോവലുകളിലെയും ജീവിതങ്ങളെ വിശകലനംചെയ്യുന്നു -കഴിഞ്ഞ ലക്കം തുടർച്ച.
‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലിലെ കാലം ഇവിടെ പ്രധാനപ്പെട്ടതാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ധർമപാലന്റെ അമ്മ ആശുപത്രിയിൽ കിടക്കുന്ന രംഗം പുതുകാലത്തിന്റേതാണ്. അവിടെ ശരീരം ജാതിയുടെ അടയാളമാണ്. “മൂന്നാമത്തെ ഷെഡിൽ ഒരു ദ്രവിച്ച തൂണിന്റെ താഴെ അമ്മ കിടക്കുന്നതു ഞാൻ കണ്ടു. ഒരു പായയിൽ മലർന്നു കിടക്കുന്നു. മിക്കവാറും നഗ്നയായ കറുത്ത വയറ് വലിയൊരു തുകൽച്ചാക്കു മാതിരി പൊന്തിനിന്നു. മുലകൾ അഴക്കു സഞ്ചികൾപോലെ രണ്ടു വശത്തേക്കും വീണിരുന്നു. കൈയും കാലും നീരും വെച്ച് ചുളിവുകൾ നിവർന്ന് തിളങ്ങുകയായിരുന്നു. വായ തുറന്ന് കറുത്ത ഒറ്റപ്പല്ലും അട്ടപോലെ കറുത്ത ഊനും കാണാനായി. തലമുടി ചാണകംപോലെ കിടന്നു.” ഇവിടെ ജാതിയുടെ ശരീരസങ്കൽപം കീഴാളമനുഷ്യരുടേത് മാത്രമാകുന്നത് ജീവിതസാഹചര്യങ്ങളുടെ ഫലമാണ്. എന്നാൽ, അതിനെ മറികടക്കുന്ന കീഴാള മനുഷ്യർക്ക് സവർണ മനുഷ്യരെപ്പോലെ തന്റെ ശരീരത്തെയും മനസ്സിനെയും നിവർത്തിപ്പിടിക്കാൻ കഴിയുന്നില്ല.
അതാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ധർമപാലൻ തെളിയിക്കുന്നത്. ബ്രാഹ്മണരെ സംബന്ധിച്ച് അയിത്തചിന്ത ജന്മനാ രൂപപ്പെടുന്നതാണ്. കാരണം, അവർ സാമൂഹികമായ ഉൽപാദന പ്രക്രിയയുടെ ഭാഗമാകുന്നില്ല. അധികാരത്തിന്റെ ദൃശ്യവും അദൃശ്യവുമായ പിൻബലത്തിലും അടിമത്തത്തിന്റെ ഉടമ ബോധത്താലും അവർ ഉണ്ടാക്കിയെടുത്ത അധികാരം സവർണ ജാതിയുടെ സാമൂഹിക അധികാരമായി വളർന്നു. ഇതിനെക്കുറിച്ച് കാഞ്ച ഐലയ്യ പറയുന്നുണ്ട്. ‘‘പ്രകൃതിയുടെ ഉൽപാദനക്ഷമത ബ്രാഹ്മണമനസ്സ് തിരിച്ചറിയാതെ പോകുന്നതിന്റെ ഒരു പ്രധാന കാരണം, അവർക്ക് പ്രകൃതിയുമായി ഉൽപാദകമായ ബന്ധം ഇല്ലാത്തതുകൊണ്ടാണ്. എല്ലാ ബ്രാഹ്മണ ജാതികളും ഉൽപാദന പ്രക്രിയയിൽനിന്ന് അന്യവത്കരിക്കപ്പെട്ടവരാണ്. അവരുടെ ജ്ഞാനസിദ്ധാന്തമാകട്ടെ ഉൽപാദന പ്രക്രിയയിൽനിന്നും അകന്ന് നിൽക്കാനായി പ്രകൃതിയുമായുള്ള ഇടപെടലുകളെ മ്ലേച്ഛം എന്ന് ആക്ഷേപിക്കുന്നു.
ഉൽപാദനത്തിന്റെ നാരായവേരായ മണ്ണ് അവരെ സംബന്ധിച്ചിടത്തോളം തൊടാൻകൂടി പാടില്ലാത്ത ഒരു സംഗതിയാണ്. മണ്ണുപുരണ്ട ദലിത് ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അത് ജീവിതംതന്നെയാണ്.” ഇത് ജാതിയുടെ സവർണ യുക്തിയിൽ അരക്കിട്ടുറപ്പിച്ച സിദ്ധാന്തംകൂടിയാണ്. 2023 ഡിസംബറിൽ അന്തരിച്ച പ്രഫസർ എൻ. കുഞ്ഞാമൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇത്തരം ഒരു അനുഭവം പറയുന്നുണ്ട്. “പതിനാല് വയസ്സുള്ളപ്പോൾ വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്കു ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞി ഒഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോട് ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോൾ ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ട് പട്ടികളുമായുള്ള ബന്ധമായിരുന്നു. മനുഷ്യൻ എന്ന സ്വത്വത്തെ ജാതി എങ്ങനെയാണ് പൂർണമായി റദ്ദ് ചെയ്യുന്നത് എന്നതിന്റെ മികച്ച തെളിവാണിത്. ജിമ്മിയും മനുഷ്യനാണ്, കഞ്ഞി കുടിക്കുന്ന വ്യക്തിയും മനുഷ്യനാണ്. എന്നാൽ, പട്ടിയെ മനുഷ്യനൊപ്പം ചേർക്കാൻ ജന്മിക്ക് കഴിയുന്നത് തന്റെ മുന്നിലെ കീഴാളൻ പട്ടിയാണ് എന്ന മാനസികാവസ്ഥയിൽനിന്നാണ്.’’ തന്റെ മുന്നിൽ മനുഷ്യൻ നിൽക്കെ ആ രൂപത്തെ മനുഷ്യനല്ലാതാക്കുന്നതിന്റെ യുക്തിയാണ് സവർണ മനുഷ്യൻ ജാതിയിലൂടെ രൂപപ്പെടുത്തിയത്.
ജീവിതത്തിൽ പ്രഫസർ എം. കുഞ്ഞാമൻ ആ പട്ടിയുടെ മൃഗസ്വത്വത്തെ മറികടന്ന് മനുഷ്യസ്വത്വത്തിലേക്ക് പരിവർത്തനപ്പെടുത്തുന്നത് ജ്ഞാനംകൊണ്ടാണ്. ‘തോട്ടിയുടെ മകനി’ലെ ചുടലമുത്തു ഇത്തരം ജ്ഞാനബോധത്തിൽ എത്തുന്ന രക്ഷിതാവാണ്. തകഴി ശിവശങ്കരപ്പിള്ള തന്റെ നോവലിൽ അങ്ങനെ ഒരു കഥാപാത്രത്തിന് ജന്മം നൽകി രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് പ്രഫസർ എം. കുഞ്ഞാമൻ ജനിക്കുന്നത്. എഴുത്തുകാരന്റെ ഭാവനയിൽ രൂപപ്പെട്ട കഥാപാത്രമായ ചുടലു മുത്തുവിന്റെ മകൻ മോഹനൻ അച്ഛന്റെ ആഗ്രഹത്തിനൊത്ത് വളരാൻ കഴിയാതെ പഠനം അവസാനിപ്പിക്കുന്നുണ്ട്. മോഹനൻ പിറന്നതിനുശേഷം (1947) പിറന്ന പ്രഫസർ എം. കുഞ്ഞാമൻ (1949) ആ സാധ്യതയിലേക്ക് വളർന്നു. ‘നൂറു സിംഹാസന’ത്തിലെ ധർമപാലനും ഐ.എ.എസ് ഓഫിസർ ആകുന്നത് കീഴാളത്വത്തെ തകർക്കുന്നതിന്റെ ഭാഗമായിട്ടാണ്. മോഹനനും ധർമപാലനും കഥാപാത്രങ്ങൾ ആയപ്പോൾ കുഞ്ഞാമൻ യഥാർഥ മനുഷ്യനായിരുന്നു. തന്റെ ജ്ഞാനശക്തികൊണ്ട് കീഴാള അടിമത്ത മനോഘടനയെ മറികടന്നു. അങ്ങനെ മാത്രമേ കീഴാള പരികൽപനകളെ മറികടക്കാൻ കഴിയൂ. എന്നാൽ, അത്തരം തിരിച്ചറിവുകളെ സവർണത തകർക്കുന്നത് മാനസികമായ അയിത്തത്തെ ശാരീരികമായി പ്രയോഗിച്ചുകൊണ്ടാണ്. കീഴാളൻ ഇരുന്ന കസേരയിൽ ഇരിക്കാതെയും അവർ ഒന്നിച്ച് ഭക്ഷണം കഴിക്കാതെയും എത്ര ഉന്നതമായ സ്ഥാനത്ത് ഇരിക്കുമ്പോഴും നീ അയിത്തജാതിക്കാരനാണെന്ന നിശ്ശബ്ദ പ്രഖ്യാപനം ഇന്നും ശക്തമാണ്.
ധർമപാലനും മോഹനനും ശരീരത്തിനപ്പുറമുള്ള മനസ്സുകൊണ്ട് ജീവിതകാലം മുറിവേറ്റവരായിരുന്നു. ജാതി ഏതൊരു സമൂഹത്തിലും ഉണ്ടാക്കിയിട്ടുള്ള അപനിർമിതിയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം കാലമാണ്. ‘തോട്ടിയുടെ മകൻ’ എന്ന നോവൽ ഏഴ് പതിറ്റാണ്ടിനു മുമ്പ് എഴുതപ്പെട്ടതുകൊണ്ട് ഈ കാലത്ത് അതിന് എന്ത് പ്രസക്തി എന്ന ചോദ്യം സ്വാഭാവികമാണ്. എന്നാൽ, നിറം നോക്കി കലയുടെ മാഹാത്മ്യത്തെ ചർച്ചചെയ്യുന്ന വർത്തമാന കേരളീയ പരിസരത്ത് ജാതിയുടെ അദൃശ്യമായ ഇടപെടൽ ശക്തമാണ്. ജാതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നും വലിയ രീതിയിൽ വ്യത്യസ്തമാണ്. പ്രത്യേകിച്ചും തൊട്ടടുത്ത തമിഴ്നാട്ടിൽനിന്നുപോലും. അതിനർഥം കേരളത്തിൽ ജാതിവിവേചനം പൂർണമായി അവസാനിച്ചു എന്നല്ല.
മറിച്ച്, ആന്തരിക സമൂഹത്തിൽ അതിന്റെ വേരുകൾ ഇപ്പോഴും സ്വച്ഛന്ദമായി വ്യാപിക്കുന്നുണ്ട്. ചിലയിടത്ത് വിത്തായി മുളച്ച് വൃക്ഷമായി തെളിഞ്ഞു നിൽക്കുന്നുണ്ട്. അതിന്റെ അടയാളങ്ങൾ സമീപകാല സാംസ്കാരിക വേദികളിലും രാഷ്ട്രീയ സംവാദങ്ങളിലും കണ്ടുവരുന്നു. വർണജാതിയെ സ്ഥാപിെച്ചടുക്കാനുള്ള ധൈര്യവും കുലമഹിമാബോധവും പരിഷ്കരണ ജാതി സംഘാടനത്തിലൂടെ അതിവേഗം മുന്നോട്ടു പോവുകയാണ്. ജാതി സാമൂഹിക അധികാര വ്യവഹാരങ്ങളിൽ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നത് ഈ സവർണ ബുദ്ധിജീവി വർഗത്തിന് കാണാൻ കഴിയുന്നില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 60 ശതമാനവും പലരീതിയിലും മതത്തിന്റെയും ജാതിയുടെയും പുറംതള്ളലിലെ ഇരകളാണ്. ഇവർ സ്വയംപ്രയത്നത്താൽ സാമൂഹിക അംഗീകാരങ്ങൾക്ക് ഇടമുള്ള സ്ഥാനത്തെത്തിയാലും അറിഞ്ഞോ അറിയാതെയോ ജാതി അവരെ പിന്തുടരുന്നുണ്ട്. ഇതാണ് ധർമപാലനിൽ കാണുന്നത്. തന്റെ എട്ടാം വയസ്സുവരെ തിരുവനന്തപുരം നഗരത്തിലൂടെ അമ്മയോടൊപ്പം അലഞ്ഞുനടന്ന നായാടിയായ കാപ്പൻ. നായാടിയായ അമ്മക്ക് പിറന്ന മകൻ.
കാപ്പനിൽനിന്ന് ധർമപാലനിലേക്കുള്ള ദൂരത്തെ അയാൾ നടന്നുതീർക്കുന്നത് സ്വയം ആർജിച്ചെടുത്ത ജ്ഞാനത്താലാണ്. അങ്ങനെയാണ് ധർമപാലൻ ഐ.എ.എസ് ഉദ്യോഗസ്ഥനായി മാറുന്നത്. ഈയൊരു ജ്ഞാനചിന്താ പരിസരം ‘തോട്ടിയുടെ മകനി’ലും കാണാം. ചുടലമുത്തു മോഹനനെ വളർത്തുന്ന രീതി കീഴാള പരിസരത്തുനിന്ന് അവനെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടിയാണ്. അതിന് അയാൾ കാണുന്ന ഏകവഴി അറിവ് നേടുക എന്നുള്ളത് മാത്രമാണ്. ആ ലക്ഷ്യബോധത്തിലേക്കുള്ള തീർഥാടനത്തിന് മകനായ മോഹനനെ അച്ഛനായ ചുടലമുത്തു പാകപ്പെടുത്തുന്നു. സ്കൂൾ അയാളുടെ പ്രതീക്ഷയുടെ അവസാനത്തെ ഇടമാണ്.
മോഹനൻ എന്ന തോട്ടിയും ധർമപാലൻ എന്ന അധികാരവും
ജാതിയുടെ അസ്പൃശ്യത സ്ഥൂല സ്ഥലരാശിയിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ വ്യാപനം സാധ്യമാക്കുന്നത് സ്ഥലത്തെ മറികടന്ന് മനസ്സിലേക്ക് വ്യാപിക്കുന്നതോടെയാണ്. ഇവിടെ മനസ്സ് നിശ്ചയിക്കുന്ന എല്ലാ യുക്തികളും അധികാരത്തിെന്റ ഭാഗമാണ്. ഈ അധികാരത്തിന്റെ ചങ്ങലയിലാണ് കീഴാളജിവിതം ബന്ധിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ആദിരൂപത്തിൽ അധ്വാനംതന്നെ ജാതിയുടെ പ്രത്യക്ഷ രൂപമായി നിലനിന്നിട്ടുണ്ട്. ചിലത് ഇന്നും തുടരുന്നു. ഇനി അറിവുകൊണ്ട് സവർണാധികാരത്തിൽ അടിയുറച്ച തൊഴിലിന്റെ വീണ്ടെടുപ്പിന് ആവശ്യമായ ജ്ഞാനസമ്പത്ത് നേടിയപ്പോഴും അതിന്റെ സാമൂഹിക പദവി അംഗീകരിക്കപ്പെടുന്നില്ല. ഈ രണ്ട് വീക്ഷണത്തെയും ‘തോട്ടിയുടെ മകനി’ലും ‘നൂറു സിംഹാസന’ത്തിലും പ്രത്യക്ഷത്തിൽ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. ഇശക്കുമുത്തു (ചുടലമുത്തുവിന്റെ അച്ഛൻ) മരണത്തിലേക്ക് അടുക്കുന്ന സമയത്ത് അയാൾ ആലോചിക്കുന്നത് തന്റെ പാട്ടയും മമ്മട്ടിയും മകനെ ഏൽപിക്കണമെന്നുള്ളതാണ്. മാത്രമല്ല മുപ്പതു വർഷത്തോളം താൻ വൃത്തിയാക്കിയ കക്കൂസിൽ മറ്റൊരുത്തൻ കയറുക. അത് അയാൾക്ക് സങ്കൽപിക്കാൻ കഴിയുന്നില്ല.
എന്നാൽ, മകനായ ചുടലമുത്തു അതിനെ മറികടക്കാനുള്ള ചിന്തയിലാണ്. അയാൾക്ക് ആ ജോലി വേണ്ട, തോട്ടിയുടെ മകനിൽനിന്ന് അയാൾ പുതിയൊരു സ്വത്വത്തെ സ്വപ്നം കാണുന്നുണ്ട്. എന്നാൽ, അയാൾക്ക് അതിന് കഴിയാതെ വരുമ്പോൾ എടുക്കുന്ന ചില തീരുമാനങ്ങൾ സാമ്പ്രദായിക ജാതി ജീവിതത്തെ മറികടക്കാനുള്ള ചിന്തയായി മാറുന്നു. തോട്ടിക്കും മനുഷ്യനായി ജീവിച്ചുകൂടേ എന്നയാൾ ചിന്തിക്കുന്നുണ്ട്. എന്നാൽ, വ്യവസ്ഥിതി അയാളെ അതിന് അനുവദിക്കുന്നില്ല. അങ്ങനെയാണ് മകനെ അതിന്റെ പ്രതീകമായി വളർത്താനുള്ള ചിന്ത രൂപപ്പെടുന്നത്. അതിന് ആദ്യം അയാൾ കണ്ടെത്തുന്നത് അന്നുവരെ ജാതി മനുഷ്യരെ അടയാളപ്പെടുത്തുന്ന പേരുകളിൽനിന്നും തന്റെ കുഞ്ഞിനെ മോചിപ്പിക്കുക എന്നുള്ളതാണ്. അതിനുവേണ്ടി ആദ്യം അയാൾ സ്വയം മാറുന്നുണ്ട്. ഗർഭിണിയായ വള്ളിയോട് ചുടലമുത്തു ചോദിക്കുന്നുണ്ട്.
‘‘നിന്റെ വയറ്റിക്കെടക്കുന്നത് ആരാന്നാ നീ വിചാരിച്ചെ?’’
അവൾ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു; “ആരാ, തോട്ടിയുടെ മോൻ.’’ ഇത് കേട്ട ചുടലമുത്തു നടുങ്ങിപ്പോവുന്നുണ്ട്.
തലമുറകളായി പിന്തുടരുന്ന ജാതിസ്വത്വത്തെ പ്രതിരോധിക്കാനുള്ള വഴി ചുടലമുത്തു കണ്ടെത്തുന്നത് സവർണ ജീവിത പരിസരത്തുനിന്നാണ്. തോട്ടിയുടെ മമ്മട്ടിയുമായി വീടുകൾ കയറിയിറങ്ങുമ്പോൾ ചുടലമുത്തു നോക്കിപ്പഠിക്കുന്നത് ആ വീട്ടിലെ കുട്ടികൾ എങ്ങനെ വളരുന്നു എന്നതാണ്. അത്തരം അവസ്ഥയിലേക്ക് തന്റെ മകനെയും എത്തിക്കുക എന്നുള്ളത് അയാളുടെ ആഗ്രഹമാണ്. അതിനാദ്യം എടുത്ത തീരുമാനം പാരമ്പര്യമായി തോട്ടികൾ സ്വീകരിക്കുന്ന പേരിനെ മറികടക്കുക എന്നുള്ളതാണ്. അങ്ങനെയാണ് ചുടലമുത്തു മകന് മോഹനൻ എന്ന പേര് വിളിക്കുന്നത്.
സമാനമായ ഒരവസ്ഥ ജയമോഹന്റെ ‘നൂറു സിംഹാസന’ത്തിൽ ഐ.എ.എസ് ഓഫിസർ ആയ ധർമപാലനുമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി പ്രചാനന്ദൻ നായാടിയായ കുട്ടിയെ പഠിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം ചെയ്തത് അയാൾക്ക് ഒരു പേരു നൽകുകയായിരുന്നു. ഇവിടെ രണ്ടുപേരും ജാതിക്കെതിരായ പോരാട്ടമാണ് നടത്തുന്നത്. ചുടലമുത്തു തന്റെ അടുത്ത തലമുറക്കെങ്കിലും ഈ ഗതികേട് ഇല്ലാതിരിക്കാന്‍ വ്യക്തിപരമായി ഒരു മാറ്റത്തിന് തയാറെടുക്കുമ്പോള്‍ പ്രചാനന്ദന് ഗുരുദേവന്റെ സാമൂഹിക പരിവര്‍ത്തന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു. ചുടലമുത്തു ചിന്തിച്ചത് ജ്ഞാനത്തെക്കൊണ്ട് തന്റെ തോട്ടിയെന്ന പേരിനെ മറികടക്കാൻ കഴിയും എന്നായിരുന്നു. ഗുരുദേവന് പക്ഷേ അറിവിനൊപ്പം സാമൂഹികപരതകൂടി ഉള്‍ച്ചേര്‍ത്ത് അത് പരിഷ്കരിച്ചുപയോഗിക്കുന്നു. എന്നാല്‍, ഐ.എ.എസ് ഓഫിസറായി തീര്‍ന്ന ധർമപാലനെ ഉന്നതജോലിയുണ്ടായിരുന്നിട്ടും ജാതിചിഹ്നങ്ങളും കുലമഹിമയും ചികഞ്ഞെടുത്ത് അയാളെ ഇകഴ്ത്താനുള്ള സന്ദര്‍ഭങ്ങളാണ് തെളിയുന്നത്, ആത്മനിന്ദയും അയാളെ അസ്വസ്ഥനാക്കുന്നു.
ജ്ഞാനസമ്പാദനത്തിലൂടെ സാമൂഹിക അംഗീകാരം നേടിയാലും അത് ജാതിയെ പ്രതിരോധിക്കാനുള്ള ശക്തിയായി മാറുന്നില്ല. സമൂഹത്തിനു മുന്നിൽ പാരമ്പര്യ ജാതിചിഹ്നങ്ങൾക്ക് ജ്ഞാനാധികാരത്തെ പ്രതിരോധിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനുവേണ്ടി അയാൾ മോഹനനെ സ്കൂളിൽ അയക്കുന്നു. അവിടെ സവർണ ജാതി കുട്ടികൾ അവനെ അടുപ്പിക്കുന്നില്ല. അങ്ങനെയാണ് അവൻ അമ്മയോട് “തോട്ടിയെന്നാൽ എന്തന്നാണമ്മേ’’ എന്ന് ചോദിക്കുന്നത്.

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിൽ സമത്വം നിര്‍ബന്ധിതമായി നടപ്പാക്കപ്പെടണം. എങ്കിൽ മാത്രമേ അവിടെ തുല്യത പാലിക്കപ്പെടൂ. സ്വാഭാവികമായും അതിന്റെ മാനദണ്ഡം രാഷ്ട്രീയവും സാമൂഹികവുമായ സമ്പൂര്‍ണ ജനാധിപത്യത്തിന്റെ പ്രയോഗത്തിലൂടെ മാത്രമേ സാധ്യമാകൂ. സമ്പത്തിന്റെ വികേന്ദ്രീകരണം സാധ്യമാകണം. ഇപ്പോഴും ഉന്നതമായ തൊഴിലിടങ്ങളില്‍ സവര്‍ണതയുടെ ആധിപത്യം നിലനിൽക്കുന്നുണ്ട്. ജാതി ഉണ്ടാക്കിയ അസമത്വത്തെ മറികടക്കാൻ രാഷ്ട്രീയ അധികാരം ആവശ്യമാണ്. ജാതിക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന ജ്ഞാനാധികാരം കേരളത്തിൽ പുതിയൊരു ദലിത് ധൈഷണികതയെ വളർത്തിയിട്ടുണ്ട്. കരുത്താർജിക്കുന്ന അത്തരം ചിന്താപദ്ധതികള്‍ കൂടുതല്‍ തെളിച്ചത്തിലേക്ക് കേരളത്തിലെങ്കിലും എത്തിക്കുന്നുണ്ട് എന്നത് ആശ്വാസമാണ്. ദലിതരോടും സാമാന്യ മനുഷ്യരോടും നിരന്തരമായി അനീതി കാട്ടുന്നുണ്ടെന്ന് ധർമപാലന് ഒരിടത്ത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഒരു നായാടി കൊലപാതകം ചെയ്താലും അയാൾ നിരപരാധിയാണെന്ന് ഇന്റർവ്യൂ സമയത്ത് പറയുന്നത്. കാരണം, ഇക്കാലമത്രയും അവനോടു തന്നെയാണ് സമൂഹം അനീതി ചെയ്തിട്ടുള്ളത്. ഈ സമൂഹമെന്നത് രാഷ്ട്രീയ അധികാരത്താൽ സവർണതയെ പിന്താങ്ങുന്ന ജനാധിപത്യമാണ്. ആധുനിക കാലത്ത് അതിൽനിന്നാണ് എല്ലാ അനീതികളും പൊട്ടിപ്പുറപ്പെടുന്നത്.
ജാതിമനുഷ്യരെ സംബന്ധിച്ച് വിശപ്പ് നിലനിൽപിന്റെ സൂചകമാണ്. അതുകൊണ്ടാണ് കാപ്പനു മുന്നിൽ ചോറിന്റെ മലകൾ, ചോറിന്റെ മണൽപ്പരപ്പ്, ചോറിന്റെ വെള്ളപ്പൊക്കം, ചോറിന്റെ ആന, ചോറിന്റെ കടൽ ഒക്കെ ഉണ്ടായിത്തീരുന്നത്. മാത്രമല്ല. വിശപ്പ് മാറിയാൽ അറിവിലേക്ക് കടക്കാമെന്ന ഒരു ബോധജ്ഞാനംകൂടി അവിടെ രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് “നാളെ വാ... വരുമോടാ? ഞാൻ അതേ എന്ന് തലയാട്ടി. നാളെ വാ... ഇവിടെ വന്ന് സ്വാമി പഠിപ്പിക്കുന്ന പാട്ടും അക്ഷരവും പഠിച്ചാ നെറച്ച് ചോറ് കിട്ടും...” എന്ന് ആഹ്വാനം ഉണ്ടാകുന്നത്. അങ്ങനെ ആശ്രമത്തിൽ സ്ഥിരമായി നിൽക്കുന്ന കാപ്പനിലേക്ക് അറിവ് പ്രവഹിക്കുന്നത് വിശപ്പ് മാറിക്കൊണ്ടാണ്. ഈ മാറ്റത്തെ അറിവുകൊണ്ട് അളന്നെടുക്കുന്നതിന് പകരം വിശപ്പുകൊണ്ട് തൂക്കിയെടുക്കുന്നതായിരിക്കും ഉചിതം.
ഇങ്ങനെ എല്ലാ അർഥത്തിലും ‘തോട്ടിയുടെ മകനി’ലെ ചുടലമുത്തു തന്റെ മകൻ മോഹനനിലൂടെ സ്വപ്നം കണ്ട കീഴാള സ്വത്വനിരാകരണം ധർമപാലൻ വഴിയും പൂർത്തിയാകുന്നില്ല. അയ്യൻകാളി സ്വപ്നം കണ്ട, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ പ്രചാനന്ദൻ സ്വപ്നം കണ്ട ജാതിനിഷേധം തോറ്റുപോകുന്നു. അറിവുകൊണ്ടും വിദ്യാഭ്യാസംകൊണ്ടും സൃഷ്ടിക്കപ്പെടുന്ന സാമൂഹിക പദവി ജാതിയെ മറികടക്കുമെന്ന വിശ്വാസം, വിശ്വാസമായിത്തന്നെ നിലനില്ക്കുന്നു. ഐ.എ.എസുകാരനായ ധർമപാലനെ അംഗീകരിക്കാൻ ആധുനിക ജനാധിപത്യത്തിനോ പരിഷ്കൃത മനുഷ്യർക്കോ കഴിയുന്നില്ല. കാരണം, ഇപ്പോഴും ജാതി അതിഭീകരമായി സാമൂഹികഘടനയിൽ അധികാരമായി നിലനിൽക്കുന്നു. അവിടെ പുരോഗമന രാഷ്ട്രീയബോധ്യവും നിലപാടുകളും തോറ്റുപോകുന്നതും നമ്മള് തിരിച്ചറിയുന്നു.