Begin typing your search above and press return to search.
proflie-avatar
Login

ടി. പത്മനാഭനെന്ന ഒറ്റപ്പൂമരം

ടി. പത്മനാഭനെന്ന ഒറ്റപ്പൂമരം
cancel

‘‘സ്വാർഥ താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കുംവേണ്ടി പല എഴുത്തുകാരും മിണ്ടാതിരുന്നപ്പോൾ എന്റെ ചുവരിൽ നരേന്ദ്ര മോദിയുടെ ചിത്രമില്ല എന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ധാർഷ്ട്യം കാണിച്ചിട്ടുണ്ട് ഈ വലിയ എഴുത്തുകാരൻ. ബാബരി മസ്ജിദ് ഫാഷിസ്റ്റുകൾ തകർത്തപ്പോൾ ‘അവർ പാട്ടുപാടി, നമ്മൾ പള്ളി പൊളിച്ചു’ എന്ന ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം പപ്പേട്ടൻ നടത്തുകയുണ്ടായി’’ –ടി. പത്മനാഭനുമായി നീണ്ടകാല അടുപ്പം പുലർത്തുന്ന കഥാകൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ എഴുതുന്നു. തൊണ്ണൂറ്റിയാറാം വയസ്സിൽ എഴുതിയ കഥകളാണ് ടി. പത്മനാഭന്റെ ‘കരുവന്നൂർ’ എന്ന ഏറ്റവും പുതിയ കഥാസമാഹാരം. പലരീതിയിൽ വ്യാഖ്യാനിക്കാവുന്ന...

Your Subscription Supports Independent Journalism

View Plans
‘‘സ്വാർഥ താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കുംവേണ്ടി പല എഴുത്തുകാരും മിണ്ടാതിരുന്നപ്പോൾ എന്റെ ചുവരിൽ നരേന്ദ്ര മോദിയുടെ ചിത്രമില്ല എന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ധാർഷ്ട്യം കാണിച്ചിട്ടുണ്ട് ഈ വലിയ എഴുത്തുകാരൻ. ബാബരി മസ്ജിദ് ഫാഷിസ്റ്റുകൾ തകർത്തപ്പോൾ ‘അവർ പാട്ടുപാടി, നമ്മൾ പള്ളി പൊളിച്ചു’ എന്ന ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം പപ്പേട്ടൻ നടത്തുകയുണ്ടായി’’ –ടി. പത്മനാഭനുമായി നീണ്ടകാല അടുപ്പം പുലർത്തുന്ന കഥാകൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ എഴുതുന്നു.

തൊണ്ണൂറ്റിയാറാം വയസ്സിൽ എഴുതിയ കഥകളാണ് ടി. പത്മനാഭന്റെ ‘കരുവന്നൂർ’ എന്ന ഏറ്റവും പുതിയ കഥാസമാഹാരം. പലരീതിയിൽ വ്യാഖ്യാനിക്കാവുന്ന ഒരു കഥയുണ്ട് ഈ സമാഹാരത്തിൽ –സ്വപ്നം എന്ന കഥ– ഒരു മികച്ച കലാസൃഷ്ടി ഒരു സ്വപ്നംപോലെയാണെന്നും പിടികിട്ടാത്ത ചില അംശങ്ങൾ അതിലുണ്ടെന്നും പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ യുങ്ങിനെ കൂട്ടുപിടിച്ച് ഒരു നിരൂപകൻ പറഞ്ഞിട്ടുണ്ട്. പത്മനാഭന്റെ പല കഥകളിലും സ്വപ്നത്തിന്റെ അന്തരീക്ഷമുണ്ട്. ലളിതവായനക്കപ്പുറം അവ വായനക്കാരെ എവിടെയൊക്കെയോ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.

പത്തൊമ്പതാം വയസ്സിൽ കേസരി ബാലകൃഷ്ണ പിള്ളയുടെയും ജോസഫ് മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും കൂടെ ‘മംഗ​ളോദയ’ത്തിൽ കവർ പേജിൽ ടി. പത്മനാഭൻ എന്ന പേരും അച്ചടിച്ചുവന്നിട്ടുണ്ട്. അന്ന് തൊട്ട് ഈ തൊണ്ണൂറ്റിയാറാം വയസ്സിലും കഥകൾ എഴുതുന്ന പത്മനാഭൻ ആകെയെഴുതിയത് ഇരുനൂറിൽതാഴെ കഥകൾ മാത്രമാണ്. ഇന്ത്യയിൽതന്നെ ഒരു കഥക്ക് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കഥാകൃത്ത്. എന്നിട്ടും എഴുതണമെന്ന് സ്വയം തോന്നുമ്പോൾ മാത്രം സ്വന്തം സന്തോഷത്തിനുവേണ്ടി മാത്രം പേന കൈയിലെടുക്കുന്ന ഒരാൾ. എന്നിട്ടും കഥയുടെ കുലപതിയായ എഴുത്തുകാരൻ. തകഴി ജീവിച്ചിരിക്കുന്ന കാലം. എം.ടി, മാധവിക്കുട്ടി തുടങ്ങി പ്രഗല്ഭരുടെ വേദിയിൽ പത്മനാഭനെ ചൂണ്ടി അന്ന് തകഴി പറഞ്ഞു: ‘‘നീ​യാണെടാ ഇതിൽ ഒന്നാമൻ.’’

ഏത് പ്രലോഭനങ്ങൾക്കിടയിലും വളരെ കുറച്ച് കഥകൾ മാത്രമെഴുതിയ ടി. പത്മനാഭന്റെ കഥകൾ മലയാളി അവന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ‘പത്മനാഭൻ: ആത്മബലിയുടെ അരനൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ ‘തിരനോട്ട’ത്തിൽ ടി.എൻ. പ്രകാശ് ഈ കഥകൾ മലയാളികൾക്ക് പ്രിയങ്കരമാകുന്നതിനെക്കുറിച്ച് ഇങ്ങനെ കുറിച്ചിടുകയുണ്ടായി: ‘‘വിട്ടുവീഴ്ചകൾക്കോ ഒത്തുതീർപ്പുകൾക്കോ വഴങ്ങാതെ കരൾ പറിച്ചെടുത്തു ഇതാണ് കഥയെന്ന് പറഞ്ഞ് പത്മനാഭൻ മലയാളത്തിന് വെച്ചുനീട്ടുമ്പോൾ മലയാളി ഏറ്റുവാങ്ങുന്നത് ഉൾത്തുടുപ്പിന്റെ ഉരുൾപൊട്ടലോടെയാണ്. ഇതെന്റെ ദുഃഖമല്ല, ഇതെന്റെ ദുരന്തമല്ല; ആത്യന്തികമായി ഇത് ഞാൻ തന്നെയല്ലേ എന്ന ആത്മനൊമ്പരത്തോടെയാണ് പത്മനാഭൻകഥകൾ സ്വീകരിക്കപ്പെടുന്നത്.’’

പത്മനാഭന്റെ യാത്രകൾ

ടി. പത്മനാഭന്റെ കഥകളിൽ നിറയെ യാത്രകളാണ്. ഒരുപാട് കഥകളുടെ പശ്ചാത്തലം പ്ലാറ്റ്ഫോമുകളും തീവണ്ടികളുമാണ്. ഒരു കഥയുടെ പേര് തന്നെ ‘യാത്ര’യെന്നാണ്. മഴയും യാത്രയും ഇങ്ങ​െന അനുഭവിപ്പിക്കുന്ന മറ്റൊരു കഥ മലയാളത്തിലില്ല. യാത്രയുടെ ആരംഭവും അവസാനവുമൊക്കെ പത്മനാഭൻകഥകളുടെ പേര് തന്നെയാണ്. ‘മഖൻസിങ്ങിന്റെ മരണം’ പോലെ മഹത്തായ ചില കഥകളെങ്കിലും ഈ വലിയ കഥാകൃത്തിന് യാത്ര സമ്മാനിച്ച അനുഭവമാണ്.

‘ഒരു യാത്രികന്റെ വഴിത്താരകൾ’ എന്ന പേരിൽ ടി. പത്മനാഭന്റെ യാത്രകളെക്കുറിച്ച് മാത്രം അദ്ദേഹവുമായി നടത്തിയ ഒരു ഇന്റർവ്യൂ ‘വാരാദ്യമാധ്യമ’ത്തിന്റെ 2006 ജനുവരി 22ന്റെ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

ഒരു എഴുത്തുകാരൻ എന്നനിലയിൽ പല രാജ്യങ്ങളും സന്ദർശിക്കുന്നതിനു മുമ്പ് കേരളം മുഴുവൻ അലഞ്ഞുനടന്നിരുന്നത് ടി. പത്മനാഭ​ൻ എന്ന വിദ്യാർഥി രാഷ്ട്രീയക്കാരനാണ്. സ്കൂൾ ഫൈനൽ കടക്കുന്നത് 1948ൽ. നാൽപത്തിയെട്ടിനു മുമ്പ് തന്നെ കേരളം മുഴുവൻ യാത്ര ചെയ്തുകഴിഞ്ഞിരുന്നു. അത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടായിരുന്നു. പഴയ ചിറയ്ക്കൽ താലൂക്കിലെ വിദ്യാർഥി കോൺഗ്രസിന്റെ സെക്രട്ടറിയായിരുന്നു പത്മനാഭൻ അക്കാലത്ത്. 1945ൽ പഴയ മദിരാശി സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പു വന്നു. അന്ന് കോൺഗ്രസിനുവേണ്ടി പ്രചാരവേല ചെയ്യാൻ മൊറാഴ മുതൽ പാലക്കാട്ടെ ഗ്രാമങ്ങൾവരെ അദ്ദേഹം സഞ്ചരിച്ചു. 52 മുതൽ 55 വരെ മദ്രാസിലായിരിക്കുമ്പോഴും ഇന്ത്യ മുഴുവൻ യാത്രചെയ്തു.

പിൽക്കാലത്ത് സ്വാതന്ത്ര്യസമരകാലത്തെ ജാഥ വീട്ടിലെ മതിലിനപ്പുറത്തുനിന്ന് നോക്കിക്കാണുക മാത്രം ചെയ്യുകയും ഒരു ബാഡ്ജ് കുത്തി പോലും അനുഭാവം പ്രകടിപ്പിക്കുകയുംചെയ്യാത്തവർ ദേശീയതയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ വാചാലരായപ്പോൾ ടി. പത്മനാഭൻ ഇതൊന്നും പറഞ്ഞുനടന്നില്ല.

അതുപോലെ ഇത്രയേറെ ലോകരാജ്യങ്ങൾ സഞ്ചരിച്ച ടി. പത്മനാഭൻ ഒരൊറ്റ യാത്രാവിവരണവും എഴുതിയിട്ടില്ല.

പപ്പേട്ടനോടൊപ്പം ഒരുപാട് യാത്ര ചെയ്യാൻ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. പപ്പേട്ടനോടൊപ്പം നാലുതവണ യു.എ.ഇയിൽ പോയിട്ടുണ്ട്. രണ്ടുതവണ ബഹ്റൈനിൽ. ഒരുതവണ സൗദി അറേബ്യയിൽ. പിന്നെ സിംഗപ്പൂരിൽ. ഇതത്രയും സാഹിത്യസമ്മേളനങ്ങളിൽ പ​ങ്കെടുക്കാനുള്ള യാത്രകളായിരുന്നു. ആദ്യകാല യാത്രകളിൽ ടി.എൻ. പ്രകാശും ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ചിലപ്പോൾ ഒപ്പമുണ്ടാകാറുണ്ട്. സിംഗപ്പൂരിൽ നാരായണൻ കാവുമ്പായിയും കൂടെയുണ്ടായിരുന്നു. അടുത്തു നടത്തിയ യാത്രകളിലെല്ലാം സഹായി രാമചന്ദ്രനും ഉണ്ടാകാറുണ്ട്.

ഈ യാത്രകളിലൊക്കെ പപ്പേട്ടന്റെ മറ്റൊരു മുഖം എനിക്ക് കാണാൻ കഴിഞ്ഞു. പരുക്കൻ പുറന്തോടിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മുഖം. പപ്പേട്ടൻ നൂറുശതമാനവും വെജിറ്റേറിയനാണ്. ഒരു കോഴിമുട്ടപോലും കഴിക്കാത്ത സസ്യാഹാരി. പക്ഷേ, ഞങ്ങൾ പ​ങ്കെടുക്കുന്ന വിരുന്നുകളിൽ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട്. ‘‘പാറക്കടവിന് മത്സ്യവും മാംസവും വേണം കേട്ടോ.’’

 

തിരുവനന്തപുരത്ത്​ മാധ്യമം ബുക്​സി​െൻറ ഉദ്​ഘാടന ദിനത്തിൽ പുസ്തക പ്രകാശനത്തിൽ പങ്കാളിയായി ടി. പത്​മനാഭനും

വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലുമൊക്കെ ഈ തലയെടുപ്പുള്ള വലിയ എഴുത്തുകാരനെത്തേടി ആരാധകരെത്തുന്നത് കാണാം. വലിയ വലിയ ഹോട്ടലുകളിൽ അടുത്തടുത്ത കട്ടിലുകളിലായിരിക്കുമ്പോൾ പപ്പേട്ടൻ ഇതുവരെയെഴുതാത്ത ഒരുപാട് കഥകൾ പറയാറുണ്ട്. വ്യത്യസ്തമായ അനുഭവങ്ങൾ വിവരിക്കാറുണ്ട്.

പപ്പേട്ടൻ വളരെ നേരത്തേ ഉറങ്ങുകയും നേരം പുലരുന്നതിനുമുമ്പ് എഴുന്നേൽക്കുകയും​ ചെയ്യുന്ന പ്രകൃതക്കാരനാണ്. ചിലപ്പോൾ അതിരാവിലെ നാലരക്കോ അഞ്ചിനോ പപ്പേട്ടന്റെ ശബ്ദം കേൾക്കാം.

‘‘പാറക്കടവ് ഉണർന്നോ?’’

പിന്നെ പപ്പേട്ടന്റെ ചോദ്യം.

‘‘ഇവിടത്തെ ബാങ്ക്‍വിളിയുടെ ശബ്ദം ശ്രവിച്ചോ?’’

‘‘എന്താ പപ്പേട്ടാ?’’

‘‘എന്തൊരു മനോഹരമായ സംഗീതസ്വരമാണത്. നമ്മുടെ നാട്ടിലെ ബാങ്ക് വിളിക്ക് എന്തേ ഈ സൗന്ദര്യം കിട്ടുന്നില്ല?’’

ചിലപ്പോൾ പപ്പേട്ടൻ സുഗതകുമാരിയുടെ കവിതകൾ ചൊല്ലും. ശ്രീരാമ പരമഹംസരുടെ കഥകൾ പറഞ്ഞുതരും.

നാട്ടിൽനിന്നേറെ ദൂരെ മരുഭൂമിയിലെ ഹോട്ടൽ മുറിയിൽവെച്ച് പപ്പേട്ടൻ പൂച്ചകളെക്കുറിച്ച് സംസാരിക്കും. അപ്പോൾ അദ്ദേഹമെഴുതിയ ‘പൂച്ചക്കുട്ടികളുടെ വീട്’, ‘പൂച്ചക്കുട്ടികളുടെ വീട് -2’ എന്നീ കഥകൾ മനസ്സിൽ ഓടിയെത്തും. ‘ചിടുങ്ങൻ’ എന്ന പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ മരണത്തെക്കുറിച്ച് ഉള്ളിൽതട്ടുന്ന വിധത്തിലെഴുതിയതോർമ വരും. ‘‘വീട്ടിന്റെ ഉള്ളിൽ സദാ അയാളുടെ പിന്നാലെ ഓടിനടന്നിരുന്ന, ഏറ്റവും വലിയ കുസൃതിക്കാരനായ ചിടുങ്ങൻ ശ്വാസം കഴിക്കാനാവാതെ കുളിമുറിയിൽ നിലത്തുകിടന്ന് മരണവെപ്രാളത്തോടെ വട്ടത്തിൽ കറങ്ങിയപ്പോൾ, എന്താണ് വന്നുപെട്ടതെന്നറിയാതെ പരിഭ്രമത്തോടെ അവനെയുമെടുത്ത് മൃഗാശുപത്രിയിലേക്കോടിയതും അവിടെ മേശപ്പുറത്തുവെച്ച് ഇൻജക്ഷൻ മുഴുവനും തീരുന്നതിനു മുമ്പായിത്തന്നെ, അയാളെ അവസാനമായി ഒന്നു നോക്കി പിന്നീട് എ​ന്നെന്നേക്കുമായി ആ കു​ട്ടി കണ്ണടച്ചതും അപ്പോൾ അതുവരെ അടക്കിവെച്ച സങ്കടമൊക്കെ ചിറപൊട്ടിയൊഴുകി ‘ചിടുങ്ങാ’ എന്ന് വിളിച്ചു. പിന്നീട് ഒന്നും പറയാൻ കഴിയാതെ... വിറയ്ക്കുന്ന കൈകൊണ്ട് അവന്റെ ചൂട്മാറാത്ത നെറ്റി പതുക്കെ തലോടി.’’

പപ്പേട്ടൻ അബൂദബിയിൽനിന്ന് സംസാരിച്ചതത്രയും ഓർമയിൽ. ‘‘പൂച്ചകളും പട്ടികളും ഇപ്പോഴുമുണ്ട്. ഇപ്പോൾ ഞാൻ രാമചന്ദ്രനെ ഫോണിൽ വിളിച്ചു ചോദിച്ചത് ‘പൂച്ചകൾക്ക് മീൻകിട്ടിയോ’ എന്നാണ്. സുന്ദരിപ്പൂച്ച പ്രസവിച്ച് കുട്ടികളുമായി കിടക്കുന്നത് എന്റെ കിടക്കയിൽ. ഞാനതിനെ ഗൾഫിൽനിന്ന് കൊണ്ടുവന്ന വില പിടിച്ച പെട്ടിയുടെ മൂല തുറന്ന് ഒരു കയറുകൊണ്ട് മൂടി ഉയരത്തിൽ കെട്ടിയുണ്ടാക്കി സുന്ദരിയെയും മക്കളെയും അതിലാക്കി. പിന്നെയും സുന്ദരിപ്പൂച്ച എന്റെ കിടക്കയിൽ കുട്ടികളെയും കൊണ്ടുവന്നു കിടത്തി എന്നെയൊരു നോട്ടമുണ്ട്. ‘ഞാനീ കുട്ടികളെ കാണിക്കാനല്ലേ ഇങ്ങോട്ട് കൊണ്ടുവന്നത്?’ എന്നാണ് ആ നോട്ടത്തിന്റെ അർഥം.’’

മറ്റൊരിക്കൽ അബൂദബിയിലെ ഒരു വലിയ സാഹിത്യസമ്മേളനം കഴിഞ്ഞുവന്ന ഒരു രാത്രി ഉറങ്ങുന്നതിനുമുമ്പ് സംസാരിച്ചിരിക്കേ മറ്റൊരു പൂച്ച കിണറ്റിൽ വീണ കഥ പറഞ്ഞു. ആ കഥ പറച്ചിലിൽ ഒരു മിണ്ടാപ്രാണിയോടുള്ള സ്നേഹത്തിന്റെ ആഴമത്രയുമുണ്ടായിരുന്നു. ഞാൻ പറഞ്ഞു: ‘‘പപ്പേട്ടാ, ഇതൊരു കഥയായെഴുതണം.’’ ആ വർഷത്തെ മലയാള മനോരമ വാർഷികപ്പതിപ്പിലെഴുതിയ കഥ അതായിരുന്നു.

സിംഗപ്പൂരിലെ മലയാളി ലിറ്റററി ഫോറത്തിന്റെ മീറ്റിങ്ങിൽ പ​ങ്കെടുക്കാനെത്തിയപ്പോൾ ഫാബർ ടെറേസിലെ സുധീരന്റെ വീട്ടിൽനിന്ന് ഉല്ലാസിന്റെ കൂടെ കാഴ്ചകൾ കാണാൻ യാത്ര തിരിച്ചപ്പോൾ പപ്പേട്ടൻ പറഞ്ഞു: ‘‘എനിക്ക് മറ്റൊന്നും കാണേണ്ട. റാഫിൾസ് ഹോട്ടൽ കണ്ടാൽ മതി.’’

‘‘എന്താണ് പപ്പേട്ടാ റാഫിൾസ് ഹോട്ടലിന്റെ പ്രത്യേകത?’’ ഞങ്ങൾ ചോദിച്ചു.

‘‘സോമർ സെറ്റ്മോം താമസിച്ച ഹോട്ടലാണത്. അദ്ദേഹത്തിന്റെ പ്രശസ്തമായ RAIN (മഴ) എഴുതിയത് ഈ ഹോട്ടലിലെ മുറിയിൽവെച്ചാണ്. ‘It was nearly bed-time and when they awoke next morning land would be in sight’ ’’ എന്ന് തുടങ്ങുന്ന സോമർസെറ്റ് മോമിന്റെ കഥ മുഴുവൻ പപ്പേട്ടൻ പറഞ്ഞു. ‘‘ഈ ഹോട്ടലിന്റെ ഒരുവശത്തുള്ള ഫ്ലൂമേറിയ മരത്തിന്റെ ചുവട്ടിൽ രാവിലെ മുതൽ ഉച്ചവരെ സോമർസെറ്റ് മോം ഇരുന്നെഴുതുമായിരുന്നു.’’

ഞങ്ങൾ ആദ്യം പോയത് ആ ഹോട്ടൽ കാണാനാണ്. സോമർസെറ്റ് മോം താമസിച്ച ഹോട്ടൽമുറിക്ക് ഇന്ന് മറ്റു മുറികൾക്കുള്ളതിനേക്കാൾ മൂന്നിരട്ടി കൊടുക്കണം.

 

ആത്മാവിന്റെ വിശുദ്ധമായ പ്രാർഥനകൾ

‘‘സാമൂഹിക സമ്മർദങ്ങൾക്കു​ വഴങ്ങി ഞാനൊരിക്കലും കഥയെഴുതിയില്ല. എഴുതിയേ കഴിയൂ എന്ന് വരുമ്പോൾ മാത്രം എഴുതി. ഒരു ബീജം മനസ്സിൽ വന്നുപെട്ടാൽ അതുമായി ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ കൊല്ലങ്ങൾ തന്നെയോ നടന്ന്, ഇനി ഒരു നിമിഷംപോലും കാത്തുനിൽക്കാൻ കഴിയില്ല എന്ന ഘട്ടം വരുമ്പോൾ മാത്രം ഞാൻ എഴുതി. അതുകൊണ്ട് തന്നെ, എന്റെ ഭാഷയിലെ മറ്റെഴുത്തുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാനെഴുതിയ കഥകളുടെ എണ്ണം വളരെ കുറവാണ്.’’ മുമ്പൊരിക്കൽ ടി. പത്മനാഭൻ പറഞ്ഞു. എന്നിട്ടും മനുഷ്യനന്മയെക്കുറിച്ചുള്ള ഈ സങ്കീർത്തനങ്ങൾക്കായി മലയാളി വായനക്കാർ കാത്തുനിന്നു.

കഥ ടി. പത്മനാഭന് സാംസ്കാരിക വ്യവസായത്തിന്റെ ഉൽപന്നമല്ല, അത് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പ്രവർത്തനമാണ് എന്ന്‍ വളരെ മുമ്പുതന്നെ കെ.പി. അപ്പൻ നിരീക്ഷിച്ചിട്ടുണ്ട്. ‘‘ഇവിടെ കഥകൾ അന്തർമുഖയാത്രകളാവുകയാണ്.’’

വിഡ്ഢികളെയും കാപട്യക്കാരെയും പപ്പേട്ടൻ ഒരിക്കലും അടുപ്പിക്കാറില്ല. പുറമേയുള്ള പരുക്കൻ ഭാവംമൂലം ആളുകൾ ഭയന്ന് അകന്ന് നിൽക്കുന്ന ശീലവുമുണ്ട്. കുറച്ചുമാത്രം കഥകളെഴുതി സാഹിത്യലോകത്തെ നെറുകയിൽ സ്ഥാനമുറപ്പിച്ച ഒരാളോട് രണ്ട് കൈകൾകൊണ്ടും നിരന്തരമെഴുതിയിട്ടും ആരാലും ശ്രദ്ധിക്കപ്പെടാത്തവരും എഴുത്തിൽ പരാജയപ്പെട്ടവരും കടുത്ത അസൂയയും ശത്രുതയും പുലർത്തുന്നത് സ്വാഭാവികമാണ്.

ഞാൻ മുമ്പ് ഒരു ഇന്റർവ്യൂവിൽ പപ്പേട്ടനോട് ചോദിച്ചു. ‘‘താങ്കളുടെ എല്ലാ കഥകളും ഒരുപോലെയാണെന്ന് പറയുന്നുണ്ടല്ലോ?’’

‘‘ഏതെങ്കിലും രണ്ട് കഥകളെടുത്തിട്ട് പാറക്കടവിന് ഇത് ഉദാഹരിക്കാൻ കഴിയുമോ? അതും ഇതും ഒന്നാണെന്ന് പറയാമോ?’’ പപ്പേട്ടൻ പറഞ്ഞു. ‘‘വിഭൂതിഭൂഷൺ ബ​േന്ദാപാധ്യായ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ആരണ്യക’ത്തിൽ നിലാവിനെ വർണിക്കുന്നുണ്ട്. എത്രയോ തവണ കാട്ടിലെ വനജ്യോത്സനയെ വർണിക്കുന്നുണ്ട്. ഓരോ വർണനയും മറ്റു വർണനയിൽനിന്ന് വിഭിന്നമാണ്.’’

പത്മനാഭന്റെ കഥകൾക്ക് നേരെ ഒളിയമ്പ് എയ്തവരിൽ വലിയ എഴുത്തുകാരുമുണ്ട്. വർഷങ്ങൾക്കുമുമ്പ് ‘പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്’ എന്ന കഥ മോഷണമാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാരുടെ കത്തിൽ എഴുതിയത് സാക്ഷാൽ വി.കെ.എൻ ആയിരുന്നു.

അന്ന് പത്മനാഭനോട് ഒരു ഇന്റർവ്യൂവിൽ ഞാനിക്കാര്യം ചോദിച്ചിരുന്നു. പപ്പേട്ടൻ പറഞ്ഞു. ‘‘എനിക്ക് നേരിട്ട് വി.കെ.എന്നെ പരിചയമില്ല. കത്തിലൂടെയോ ഫോണിലൂടെയോ ഉള്ള പരിചയമില്ല. ഞങ്ങൾ ഒരുതവണ ഡൽഹിയിൽവെച്ച് എൺപത്തെട്ടിൽ കണ്ടുമുട്ടിയിരുന്നു. വി.കെ.എൻ എന്നെക്കുറിച്ച് എഴുതിയത് ഞാനും കണ്ടു. എനിക്കൽപം വല്ലായ്മ തോന്നിയതും സത്യമാണ്. പക്ഷേ, രണ്ട് ദിവസങ്ങൾക്ക് മുമ്പ് ജീവിതത്തിലാദ്യമായി എനിക്ക് വി.കെ.എന്നിന്റെ ഒരെഴുത്തുകിട്ടി. ആ എഴുത്ത് ഇതാ.

‘‘പ്രിയപ്പെട്ട ശ്രീ പത്മനാഭൻ,

താങ്കളുടെ കഥകളെക്കുറിച്ച് ഞാൻ ഏതാണ്ട് പറഞ്ഞതായി പ്രസിദ്ധംചെയ്തിട്ടുണ്ട്. ഞാൻ അങ്ങനെ​െയാന്നും പറഞ്ഞിട്ടില്ല.

സാദരം വി.കെ.എൻ.’’

(2000 ജൂൺ 18ന്റെ ‘വാരാദ്യമാധ്യമ’ത്തിൽ ഈ കത്തിന്റെ കോപ്പിയടക്കം ഈ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

എന്തുകൊണ്ടാണ് നമ്മുടെ വലിയ എഴുത്തുകാർപോലും മാറ്റിയും മറിച്ചും കാര്യങ്ങൾ പറയുന്നത്? വാക്ക് ഒരിക്കലും പത്മനാഭൻ മാറ്റിപ്പറഞ്ഞിട്ടില്ല. പുരസ്കാരം ഏറ്റുവാങ്ങി ഭരണാധികാരികളുടെ മുഖത്തുനോക്കി സ്തുതിഗീതങ്ങൾ പാടിയിട്ടുമില്ല. തക്കത്തിനും തഞ്ചത്തിനും വാക്ക് മാറ്റിപ്പറയുന്നവരിൽനിന്നും ഈ വലിയ കഥാകൃത്ത് ഒറ്റപ്പെട്ടുനിൽക്കുന്നു.

ടി. പത്മനാഭന്റെ രാഷ്ട്രീയം

വിദ്യാർഥിയായിരിക്കെ തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും ഇക്കാലമത്രയും ഖദർവസ്ത്രങ്ങൾ മാത്രം ധരിക്കുകയുംചെയ്യുന്ന ടി. പത്മനാഭന്റെ രാഷ്ട്രീയമെന്താണ്?

കക്ഷിരാഷ്ട്രീയത്തിനപ്പുറമായി പ്രകൃതിയോടും മർദിത ജനതയോടൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാട് പപ്പേട്ടനുണ്ട് എന്ന് ഞാൻ പറയും. അത് വാഴുന്നവന്റെ കൈകൾക്ക് വളകളിടുകയും വീഴുന്നവന്റെ കൈകൾക്ക് വിരലുകളില്ല എന്നും പറയുന്ന രാഷ്ട്രീയമല്ല.

 

ബഹ്റൈൻ സന്ദർശന വേളയിൽ ടി.പത്മനാഭനൊപ്പം പി.കെ. പാറക്കടവ്

സ്വാർഥ താൽപര്യങ്ങൾക്കും നേട്ടങ്ങൾക്കുംവേണ്ടി പല എഴുത്തുകാരും മിണ്ടാതിരുന്നപ്പോൾ എന്റെ ചുവരിൽ നരേന്ദ്ര മോദിയുടെ ചിത്രമില്ല എന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ധാർഷ്ട്യം കാണിച്ചിട്ടുണ്ട് ഈ വലിയ എഴുത്തുകാരൻ. ഒരു എഴുത്തുകാരന്റെ നിലപാടുകൾ കൃത്യമായറിയാൻ ചില നിർണായക ഘട്ടങ്ങളിൽ അയാൾ എവിടെ നിൽക്കുന്നു എന്ന് നോക്കിയാൽ മതി. ബാബരി മസ്ജിദ് ഫാഷിസ്റ്റുകൾ തകർത്തപ്പോൾ ‘‘അവർ പാട്ടുപാടി, നമ്മൾ പള്ളി പൊളിച്ചു’’ എന്ന ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗം പപ്പേട്ടൻ നടത്തുകയുണ്ടായി.

‘‘രാമകൃഷ്ണ പരമഹംസന്റെയും വിവേകാനന്ദന്റെയും രമണ മഹർഷിയുടെയും നാരായണ ഗുരുവിന്റെയും ശബ്ദമല്ല ഇപ്പോൾ ഇവിടെ കേൾക്കുന്നത്. ഇവിടെ ഉച്ചത്തിൽ മുഴങ്ങുന്നത് ബാൽതാക്കറെയുടെയും ഉമാഭാരതിയുടെയും ഗോപാൽ ഗോഡ്സെയുടെയും അട്ടഹാസങ്ങളാണ്. ഇത് ഇങ്ങനെത്തന്നെ തുടരുകയാണെങ്കിൽ ഏറെ വൈകാതെ തന്നെ ഇന്ത്യ മറ്റൊരു ‘താലിബാൻസ്ഥാൻ’ ആയേക്കും. പാകിസ്താനിൽനിന്ന് വരുന്ന ക്രിക്കറ്റു കളിക്കാരെ ഇവിടെ കളിക്കാൻ അനുവദിക്കില്ല. എന്തിന്, നമ്മുടെ സ്വന്തം എം.എഫ്. ഹുസൈൻപോലും അപകടഭീഷണിയുടെ നിഴലിലായിരിക്കുന്നു. ഇവിടെ ഇപ്പോൾ വാഴ്ത്തപ്പെടുന്നത് സ്നേഹമല്ല, സ്പർധയാണ്.’’

പപ്പേട്ടന്റെ ഭീതി ഇന്ന് യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. വെറുപ്പിന്റെ വിചാരധാര മേൽക്കൈ നേടിയാലുള്ള ആപത്ത് ഒരു പ്രവാചകസ്വരംപോലെ അന്നേ തിരിച്ചറിഞ്ഞു ഈ കലാകാരൻ. മതേതരത്വവും രാജ്യസ്നേഹവുമൊക്കെ രാഷ്ട്രീയ ലാഭങ്ങൾക്ക് ഉപയോഗിക്കാനുള്ള വെറും വാക്കുകളല്ല ഈ എഴുത്തുകാരന്. അതുകൊണ്ടാണ് നമ്മളെന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹം അന്ന് ചോദിച്ചത്. ‘‘ബിസ്മില്ലാ ഖാൻ കാശിക്ഷേത്രത്തിൽ ഷെഹനായി വായിക്കുമ്പോൾ നമ്മൾ അയോധ്യയിലെ പള്ളിപൊളിക്കാൻ പോകുന്നു’’ എന്ന് ചൂണ്ടിക്കാട്ടിയതും.

പല എഴുത്തുകാരും മൗനത്തിന്റെ വല്മീകത്തിനുള്ളിൽ തപസ്സു തുടരുമ്പോഴും പത്മനാഭൻ പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച ടി. പത്മനാഭൻ ഇങ്ങനെ പറഞ്ഞു: ‘‘രണ്ട് കാർഡുകളുമായിട്ടാണ് ഞാൻ സഞ്ചരിക്കുന്നത്. ആധാർ കാർഡും തിരിച്ചറിയൽ കാർഡും. വീട്ടിൽനിന്ന് എവിടെപ്പോകുമ്പോഴും ഈ കാർഡുകൾ കൈവശമുണ്ടാകും. ഇപ്പോൾ മറ്റൊരു കാർഡ് കൂടി വേണമെന്നാണ് പറയുന്നത്. അത് ദേശസ്നേഹത്തിന്റെ കാർഡാണ്. ഏത് തഹസിൽദാറുടെ മുന്നിൽ കൈനീട്ടിയാലാണ് ആ കാർഡ് ലഭിക്കുക എന്നറിയില്ല. ഏതായാലും ഈ വയസ്സാൻകാലത്ത് അത്തരമൊരു കാർഡ് കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.’’ ഇതാണ് ടി. പത്മനാഭന്റെ രാഷ്ട്രീയം.

താൻ ഉച്ചരിക്കുകയും എഴുതുകയുംചെയ്യുന്ന ഒരൊറ്റ വാക്കും അനാഥമല്ല എന്ന ഊറ്റം ടി. പത്മനാഭന്റെ സ്വത്വബോധത്തിന്റെ അവിഭാജ്യ ഘടകമാണ് എന്ന് എം. തോമസ് മാത്യു നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് തന്റെ കാലടിവെച്ച് തനിയെ നടക്കുന്ന ഈ ഏകാകിയുടെ കാതലുള്ള ധിക്കാര സ്വരങ്ങൾക്ക് മലയാളി കാതോർക്കുന്നത്.

News Summary - T. Padmanabhan Writings study