സമകാലിക എഴുത്തുകാർക്ക് ബഷീറിൽനിന്ന് മൂന്നു പാഠങ്ങൾ

വൈക്കം മുഹമ്മദ് ബഷീർ എന്തുകൊണ്ടാണ് സമകാലിക ലോകത്തും വായിക്കപ്പെടുന്നത്? എന്തായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെയും അദ്ദേഹത്തിന്റെയും മൂല്യം? സമകാലിക എഴുത്തുകാർക്ക് എന്തൊക്കെയാണ് ബഷീറിൽനിന്ന് പഠിക്കാനുള്ളത്? സാഹിത്യനിരൂപകൻ കൂടിയായ ലേഖകന്റെ നിരീക്ഷണങ്ങളും വിമർശനങ്ങളും.വൈക്കം മുഹമ്മദ് ബഷീർ ഇപ്പോഴും മലയാളിക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓരോ തലമുറയുടെ വായനയിലും പുതിയ അനുഭൂതികളും അർഥങ്ങളും...
Your Subscription Supports Independent Journalism
View Plansവൈക്കം മുഹമ്മദ് ബഷീർ എന്തുകൊണ്ടാണ് സമകാലിക ലോകത്തും വായിക്കപ്പെടുന്നത്? എന്തായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെയും അദ്ദേഹത്തിന്റെയും മൂല്യം? സമകാലിക എഴുത്തുകാർക്ക് എന്തൊക്കെയാണ് ബഷീറിൽനിന്ന് പഠിക്കാനുള്ളത്? സാഹിത്യനിരൂപകൻ കൂടിയായ ലേഖകന്റെ നിരീക്ഷണങ്ങളും വിമർശനങ്ങളും.
വൈക്കം മുഹമ്മദ് ബഷീർ ഇപ്പോഴും മലയാളിക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓരോ തലമുറയുടെ വായനയിലും പുതിയ അനുഭൂതികളും അർഥങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തനിക്ക് സാഹിത്യത്തെപ്പറ്റി വലിയ പിടിപാടൊന്നുമില്ലെന്നു പറയുകയും തന്റെ ചുറ്റുപാടിന്റെ കഥകൾ മാത്രം എഴുതുകയുംചെയ്ത ബഷീറിന്റെ രചനകൾ പുതിയകാലത്തും സമകാലികമായിരിക്കുന്നത് എന്തുകൊണ്ടാവാം. ഒരേസമയം, ചരിത്രപരവും സമകാലികവുമാകാൻ സാഹിത്യകൃതികൾക്കുള്ള ശേഷിയെയാണ്, അല്ലെങ്കിൽ, അർഥോൽപാദനശക്തിയെയാണ് സാഹിത്യമൂല്യം എന്നു വിളിക്കുന്നത്. നിരൂപകർ അങ്ങനെ പറയുമ്പോൾ, ആ പദാർഥശക്തിയില്ലെങ്കിലും തങ്ങൾ എഴുതുന്നതെല്ലാം സമകാലികമാണെന്നും സാഹിത്യമാണെന്നും മാത്രമല്ല വിശിഷ്ടരചനയാണെന്നും വിശ്വസിച്ചു കഴിയുന്നവർ അരിശപ്പെടാറുണ്ട്; കറൻസിക്കും കാറിനും അവാർഡിനും സ്വന്തം പാർട്ടിക്കും തങ്ങൾക്കുമെല്ലാം മൂല്യമുണ്ടെങ്കിലും സാഹിത്യമൂല്യം എന്നൊന്നില്ല എന്നു പ്രഖ്യാപിച്ചും നിരൂപണത്തെയും നിരൂപകരെയും പുലഭ്യം പറഞ്ഞും അരിശം തീർക്കുകയുംചെയ്യും. അപൂർവം ചിലർ അരി തട്ടിക്കളഞ്ഞശേഷം കടിക്കുകയും ചെയ്യും.
സ്വയം പുതുക്കുന്നതിനും പുതിയ അർഥങ്ങൾ സൃഷ്ടിക്കുന്നതിനും ശേഷി നൽകുന്ന ആ മൂല്യംകൊണ്ടാണ് പട്ടിണി കിടന്നും പ്രതിഫലം കിട്ടാതെയും എഴുതുകയും സ്വന്തം പുസ്തകം തലച്ചുമടായി കൊണ്ടുനടന്നു വിൽക്കുകയുംചെയ്ത ബഷീർ ആമസോണിന്റെ കാലത്തും നിലനിൽക്കുന്നത്. ‘‘എല്ലാ ജീവജാലങ്ങളെയും നക്ഷത്രങ്ങളെയും ഒരുപാടു സൂര്യചന്ദ്രന്മാരെയും പ്രപഞ്ചമായ എല്ലാ പ്രപഞ്ചങ്ങളെയും സൃഷ്ടിച്ച ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു, ഒരുപാടു പ്രവാചകരിൽ അവസാനത്തെ പ്രവാചകനായ മുഹമ്മദിൽ വിശ്വസിക്കുന്നു’’ എന്നെഴുതിയ ബഷീർ മതവൈരത്തിന്റെ പ്രത്യയശാസ്ത്രം ഭരണക്കൊടി പാറിക്കുന്ന കാലത്തും വായിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ; സ്ത്രീകളെയും നായന്മാരെയും ക്രിസ്ത്യാനികളെയുമെല്ലാം പരിഹസിച്ച ബഷീർ പൊളിറ്റിക്കൽ കറക്ട്നെസിനെ അതിജീവിക്കുന്നതും സ്വാതന്ത്ര്യസമരഭടനായിരിക്കുകയും കമ്യൂണിസ്റ്റുകൾക്കൊപ്പം കഴിയുകയും ചെയ്തിട്ടും ഒരു പാർട്ടിയിലും ചേരുകയോ സഹയാത്രികനാവുകയോ പദവികൾ നേടുകയോ ചെയ്യാത്ത ബഷീർ പാർട്ടിക്കൊടികൾക്കു കീഴിൽ വിധേയത്വം പരസ്യപ്പെടുത്തി നിൽക്കുന്ന അതിമോഹാവേശിതരായ സമകാലിക എഴുത്തുകാരെ ദയനീയദൃശ്യങ്ങളാക്കി മാറ്റുന്നതും ആ സാഹിത്യമൂല്യത്താലാണ്. അങ്ങനെ വൈക്കം മുഹമ്മദ് ബഷീർ സമകാലിക മലയാള സാഹിത്യരംഗത്തിന് അടിയന്തരമായും പഠിക്കേണ്ട പാഠപുസ്തകവും കഴിക്കേണ്ട മറുമരുന്നുമായിത്തീരുന്നു.
പ്രേമവും സാമൂഹികാസമത്വവും വർഗവ്യത്യാസവും കമ്പോളാഭിരുചിക്കനുസരിച്ചുള്ള സാഹിത്യച്ചരക്കാക്കി മാറ്റിയ പൈങ്കിളിസാഹിത്യം 1950കളിൽ മലയാളത്തിൽ ആവിർഭവിക്കുന്നതിനു മുമ്പാണ് ബഷീറിന്റെ ‘ബാല്യകാലസഖി’ (1944) പുറത്തുവന്നത്; എൺപതു വർഷംമുമ്പ്. പ്രണയ ദുരന്തകഥ പറഞ്ഞ മറ്റൊരു കൃതി അതിനും എട്ടു വർഷംമുമ്പേ പുറത്തുവന്നിരുന്നു, ചങ്ങമ്പുഴയുടെ ‘രമണൻ’. പിന്നെയാണ് പ്രണയവും അതിന്റെ ശുഭാന്തവും ദുരന്തവും മലയാളത്തിൽ പൈങ്കിളിക്കമ്പോളമായി വിൽപനക്കെത്തിയത്. ‘പാടാത്ത പൈങ്കിളി’ ഇന്നു പാടുന്നില്ലെങ്കിലും ‘ബാല്യകാലസഖി’ പാടുന്നു. റൊമാൻസ് നോവൽ എന്ന പേരിൽ പൈങ്കിളി പുതിയ രൂപത്തിൽ തിരിച്ചുവന്ന് വമ്പൻ കമ്പോളവിജയം നേടിയിരിക്കുന്ന സമകാലിക മലയാളസന്ദർഭത്തിൽ ‘ബാല്യകാലസഖി’ ഒരു പാഠവും മറുമരുന്നുമാണ്.
ഇന്ന് മലയാളത്തിലെ നോവൽ വിപണിയിൽ നിറഞ്ഞുനിന്ന് ശരാശരി വായനക്കാരിലും ഒറ്റപ്പുസ്തകവായനക്കാരിലും (ഒരു പുസ്തകം പെട്ടെന്നു പ്രസിദ്ധമാവുകയോ വിൽപന നേടുകയോ വാർത്തയിലിടം പിടിക്കുകയോ ചെയ്യുമ്പോൾ അതുമാത്രം വായിക്കുന്ന അന്വേഷണകുതുകികൾ) ഇതാണ് സാഹിത്യാനുഭൂതിയെന്ന മിഥ്യാബോധം സൃഷ്ടിക്കുന്ന അതിസാധാരണ ജനപ്രിയ കൃതികൾ ഇന്ത്യൻ ഇംഗ്ലീഷ് ജനപ്രിയ സാഹിത്യത്തിൽ ചേതൻ ഭഗത് സൃഷ്ടിച്ച ഇഫക്ടിന്റെ അനന്തരഫലങ്ങളാണ്. ഈ പുതുപൈങ്കിളി ആയിരക്കണക്കിനാളുകളെ, യുവതലമുറക്കാരെ വായനയിലേക്കും സാഹിത്യത്തിലേക്കും ആകർഷിച്ചുവെന്ന വാദത്തിൽ ഒളിഞ്ഞിരിക്കുന്നത് ജനപ്രിയസാഹിത്യത്തിന്റെ രീതിയിൽ എഴുതുന്നതാണ് യഥാർഥ സാഹിത്യമെന്ന കമ്പോളവാദവും അഭിരുചിശൂന്യതയുമാണ്. അതിനു മറുമരുന്നായി വായിക്കാവുന്ന പ്രേമകഥയാണ് ‘ബാല്യകാലസഖി’.
വിൽപനയിൽ മുന്നിട്ടുനിൽക്കുന്നതും സാമാന്യജനപ്രീതി നേടിയതും പുരസ്കാരങ്ങൾ നേടിയതുമാണ് ഒരു കൃതിയെങ്കിലും അതിന് സാഹിത്യമൂല്യമോ സൗന്ദര്യാനുഭാവമോ വായനക്കാരിൽ പുതുപാഠങ്ങൾ ഉൽപാദിപ്പിക്കാനുള്ള ശേഷിയോ ഇല്ലെന്ന് സൈദ്ധാന്തിക പരിശോധനയുടെയും വിശാലമായ സാഹിത്യവായനാനുഭവത്തിന്റെയും വെളിച്ചത്തിൽ അഭിപ്രായപ്പെടുന്ന നിരൂപകനോട് വിദ്വേഷം പ്രകടിപ്പിക്കുന്ന ശീലം സമകാലിക മലയാള സാഹിത്യചർച്ചകളിലും സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളിലും കാണാം. വിമർശനാപഗ്രഥനത്തിലൂടെ സാഹിത്യകൃതിയുടെ സൗന്ദര്യമൂല്യത്തിലേക്കു ചെല്ലുന്ന നിരൂപകന്റെ ഉന്നതമായ അഭിരുചി ആ കൃതിയുടെ സാഹിത്യമൂല്യവും മൂല്യമില്ലായ്മയും തിരിച്ചറിഞ്ഞു വെളിപ്പെടുത്തുമെന്ന് ബഷീറിന് അറിയാമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് എം.പി. പോളും ബഷീറും തമ്മിലുള്ള ബന്ധം.
ഒരു കൃതിയുടെ നവത്വത്തെയും സൗന്ദര്യസവിശേഷതകളെയും ആഖ്യാനവിശേഷത്തെയും സാഹിത്യമൂല്യത്തെയും കുറിച്ച് നിരൂപകനുള്ള ബോധ്യം അതിനെ എങ്ങനെ സാഹിത്യത്തിന്റെ ചരിത്രത്തിൽ (അതുവഴി സമൂഹത്തിന്റെ ചരിത്രത്തിലും) സ്ഥാനപ്പെടുത്തുകയും ചരിത്രവത്കരിക്കുകയും ചെയ്യുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് ‘ബാല്യകാലസഖി’യും അതിന് എം.പി. പോൾ എഴുതിയ അവതാരികയും. സാഹിത്യമൂല്യമില്ലായ്മയെപ്പറ്റി വ്യക്തിപരമായ പരിചയമോ സൗഹൃദമോ പരിഗണിക്കാതെ എം.പി. പോൾ തുറന്നടിച്ചതുകൊണ്ട് ബഷീർ തന്റെ ‘സ്ത്രീ’ എന്ന നോവൽ പ്രസിദ്ധീകരിക്കാതെ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സാഹിത്യചർച്ചകളിൽ മലയാളത്തിലെ ചില രണ്ടാംകിട നോവലിസ്റ്റുകൾ ചെയ്യുമ്പോലെ സുറിയാനി ക്രിസ്ത്യാനിയുടെ വരേണ്യവാദമെന്നും മുസ്ലിം വിരുദ്ധതയെന്നുമൊക്കെപ്പറഞ്ഞ് വാളെടുത്ത് ബഷീർ, എം.പി. പോളിനോട് വിദ്വേഷപ്രകടനം നടത്തിയില്ല. എം.എൻ. കാരശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ ‘സുഹൃത്തും ദാർശികനും വഴികാട്ടിയുമായ’ എം.പി. പോളിനെപ്പറ്റി പിന്നീട് ഒരു പുസ്തകമെഴുതുകയാണ് ബഷീർ ചെയ്തത്.
മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ അവതാരികകളിലൊന്നാണ് എം.പി. പോൾ ‘ബാല്യകാലസഖി’ക്കെഴുതിയത്. കുമാരനാശാന്റെ ‘നളിനി’ക്ക് എ.ആർ. രാജരാജവർമ എഴുതിയ അവതാരിക (1914), ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘മണിനാദ’ത്തിന് കേസരി ബാലകൃഷ്ണപിള്ള എഴുതിയ അവതാരിക (1944), കുട്ടിക്കൃഷ്ണമാരാരുടെ ‘കല ജീവിതംതന്നെ’ക്ക് സുകുമാർ അഴീക്കോട് എഴുതിയ അവതാരിക (1964) എന്നിവയെപ്പോലെ പ്രധാനമായ ഒരു സാഹിത്യരേഖയാണിത്. 1940കളുടെ തുടക്കത്തിലെപ്പോഴോ ആണ് ബഷീർ ‘ബാല്യകാലസഖി’ എഴുതിയത്. കോട്ടയത്ത് എം.പി. പോൾ രൂപവത്കരിച്ച സാഹിതീസഖ്യം എന്ന സാഹിത്യസദസ്സിൽ ബഷീർ അത് വായിച്ചു. അക്കാലത്ത് പ്രസിദ്ധ നിരൂപകനായിരുന്ന പി. ദാമോദരൻപിള്ള (ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ മകൻ) ആ കഥയെ നിശിതമായി വിമർശിച്ചുവെന്നാണ് ബഷീർ രേഖപ്പെടുത്തിയിട്ടുള്ളത്. സുന്നത്തു കല്യാണം കഥക്കു വിഷയമായതാണ് വിമർശനത്തിനു കാരണമായത്.
പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലെ രാഷ്ട്രീയത്തടവുകാലം കഴിഞ്ഞ് കോട്ടയത്തെത്തിയ ബഷീർ എം.പി. പോളിൽനിന്ന് ‘ബാല്യകാലസഖി’യുടെ കൈയെഴുത്തുപ്രതി വാങ്ങി എറണാകുളത്ത് ഒരു പ്രസിൽ അച്ചടിക്കാനേൽപിച്ചു. ബഷീർ ഉപയോഗിച്ചിരുന്ന മുസ്ലിം സംസാരഭാഷ മുഴുവൻ തിരുത്തി മാനകീകരിച്ചായിരുന്നു അച്ചടി. ‘ഞമ്മ’ എല്ലാം നമ്മൾ ആക്കി തിരുത്തി അച്ചടിച്ചിരിക്കുന്നു. ഉമ്മായുടെയും ബാപ്പായുടെയും സംഭാഷണം തനിസംസ്കൃതം! എന്നാണ് ആ അച്ചുതിരുത്തലിനെപ്പറ്റി ബഷീർ പിന്നീടെഴുതിയത്. ആദ്യ നോവലായ ‘മാർത്താണ്ഡവർമ’ പ്രസിദ്ധീകരിക്കുമ്പോൾ (1891) സി.വി. രാമൻപിള്ളക്കും ഇതുപോലെ അച്ചുതിരുത്ത് പറ്റിയിരുന്നു. ചെന്നൈയിലെ അഡിസൺ ആൻഡ് കമ്പനി എന്ന പ്രസിലാണ് ‘മാർത്താണ്ഡവർമ’യുടെ ഒന്നാംപതിപ്പ് അച്ചടിച്ചത്. സി.വി തിരുവനന്തപുരത്തായതിനാൽ ചെന്നൈയിലുള്ള സുഹൃത്ത് എൻ. രാമൻപിള്ളക്കായിരുന്നു അച്ചടിയുടെ മേൽനോട്ടം.
തന്റെ താൽപര്യത്തിനനുസരിച്ച് രാമൻപിള്ള നോവലിൽ ചില മാറ്റങ്ങൾ വരുത്തി, ചിലതൊക്കെ കൂട്ടിച്ചേർക്കുകയുംചെയ്തു. പിന്നീട് സി.വി. രാമൻപിള്ള തന്നെ അതെല്ലാം ഒഴിവാക്കി പരിഷ്കരിച്ച് 1911ൽ പ്രസിദ്ധീകരിച്ചതാണ് ഇന്നു നാം വായിക്കുന്ന ‘മാർത്താണ്ഡവർമ’. ‘ബാല്യകാലസഖി’ തിരുത്തിയ സർവ പ്രൂഫ് റീഡർമാരെയും കമ്പോസിറ്റർമാരെയും വിരട്ടിയ താൻ ആ പേജുകളെല്ലാം കത്തിച്ചുകളഞ്ഞുവെന്ന് ബഷീർ എഴുതിയിട്ടുണ്ട്. പുതുതായി അച്ചടിച്ച കടലാസുകളുമായി കോട്ടയത്തു ചെന്ന് എം.പി. പോളിനെ കണ്ട് ബഷീർ അവതാരിക ആവശ്യപ്പെട്ടു. അങ്ങനെ പോളിന്റെ ചരിത്രപ്രസിദ്ധമായിത്തീർന്ന അവതാരികയും ബഷീർതന്നെ വരച്ച കവർചിത്രവുമായി 1944 മേയ് 18ന് എറണാകുളത്തെ വിശ്വനാഥ് പ്രസിൽ അച്ചടിച്ച ‘ബാല്യകാലസഖി’ പുറത്തിറങ്ങി; വെറും അഞ്ഞൂറു കോപ്പിയും ഒന്നേകാൽരൂപ വിലയുമായി. ഒരു മാർക്കറ്റിങ് കോലാഹലവുമില്ലാതിരുന്നിട്ടും, ആത്മപ്രശംസകളും സുഹൃദ്സംഘപ്രശംസകളും പ്രകാശനകോലാഹലവുമൊന്നുമില്ലാതിരുന്നിട്ടും ‘ബാല്യകാലസഖി’ മലയാളിയുടെ ഹൃദയത്തിന്റെ ഭാഗമായി.
‘‘ബാല്യകാലസഖി ജീവിതത്തിൽനിന്നു വലിച്ചു ചീന്തിയ ഒരേടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു’’ എന്ന അന്നുതൊട്ടിന്നോളം ഒരുപാടു തവണ ഉദ്ധരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്ത വാക്യത്തിലാണ് എം.പി. പോളിന്റെ അവതാരിക ആരംഭിച്ചത്. ‘‘കഥാവസ്തു ആഹ്ലാദപ്രദമോ സന്താപാത്മകമോ ആയിക്കൊള്ളട്ടെ, അതിനെ കലയിലെ നിത്യസത്യങ്ങൾക്കനുരൂപമായി തത്കർത്താവ് ഉദ്ഭാവനംചെയ്ത് അഭിരാമമാക്കിയിട്ടുണ്ടോ എന്നു മാത്രമേ ഒരു സഹൃദയനു പരിശോധിക്കേണ്ടതായിട്ടുള്ളൂ’’ എന്ന സാഹിത്യതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ‘ബാല്യകാലസഖി’യെ എം.പി. പോൾ വിലയിരുത്തിയതും വിലമതിച്ചതും. ഒരു സാധാരണ പ്രേമത്തിന്റെയും ദുരന്തത്തിന്റെയും കഥയെ മികവുറ്റ നോവലാക്കി മാറ്റുന്ന രചനാഗുണത്തെയാണ് അഭിരാമത്വം എന്ന കൽപനകൊണ്ട് എം.പി. പോൾ വിളിച്ചത്. അതാണ് സാഹിത്യം. ചുമ്മാ എഴുതിക്കൂട്ടുന്നതെല്ലാം സാഹിത്യമാവില്ലെന്നർഥം, എഴുതിക്കൂട്ടുന്നവർ അങ്ങനെ അവകാശപ്പെട്ടാലും ആളെക്കൂട്ടി ആർപ്പുവിളിച്ചാലും! പ്രേമകഥകൾ പറഞ്ഞ പഴയ പൈങ്കിളി നോവലിലും മാറിയ പശ്ചാത്തലങ്ങളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന പുതിയ പൈങ്കിളി നോവലിലും പ്രേമകഥകളല്ലാത്ത പുത്തൻ ജനപ്രിയ നോവലുകളിലും ഇല്ലാത്തത് അഭിരാമതയാണ്. അതു ചൂണ്ടിക്കാണിക്കുന്ന നിരൂപണത്തെ ശത്രുരാജ്യമായി പ്രഖ്യാപിച്ച് പോരിനൊരുങ്ങുന്നതിൽ അർഥമില്ല.

സി.വി. രാമൻപിള്ള,എം.പി. പോൾ
എം.പി. പോളിനെപ്പറ്റി ബഷീർ ഒരു പുസ്തകംതന്നെയെഴുതി, 1991ല് പോൾ മരിച്ച് നാലു പതിറ്റാണ്ടായപ്പോൾ മാത്രം. ‘‘യഥാർഥ മനുഷ്യന്റെ മഹത്ത്വം അദ്ദേഹത്തിനുണ്ടായിരുന്നു, മഹാനായ മനുഷ്യൻ എന്ന് അദ്ദേഹത്തെപ്പറ്റി പറയാം’’ എന്നു പറഞ്ഞുകൊണ്ടാരംഭിച്ച ആ ചെറിയ പുസ്തകത്തിൽ പോളുമായുള്ള ബന്ധവും ‘ബാല്യകാലസഖി’യുടെ ചരിത്രവും തന്റെ ജയിലനുഭവങ്ങളുമെല്ലാം ബഷീർ വിശദീകരിച്ചിട്ടുണ്ട്. ‘ബാല്യകാലസഖി’യെ ഒ. ചന്തു മേനോന്റെ ‘ശാരദ’ക്കുശേഷമുള്ള ഏറ്റവും ഹൃദയാവർജകമായ നോവലെന്നു വിശേഷിപ്പിച്ച എം.പി. പോൾ പ്രിയമിത്രമായിട്ടും ബഷീറിന്റെ ‘സ്ത്രീ’ എന്ന ചെറുനോവലിന്റെ കൈയെഴുത്തുപ്രതി വായിച്ച് അതിലെ കലാശൂന്യത ചൂണ്ടിക്കാട്ടാൻ മടികാണിച്ചില്ല. അപ്രിയസത്യം ഉറക്കെപ്പറയാനുള്ള നിരൂപകന്റെ വാഗ്ധീരതയാണ് (Parrhesia) എം.പി. പോൾ പ്രകടിപ്പിച്ചത്. അതോടെ, ‘സ്ത്രീ’യുടെ പ്രസിദ്ധീകരണം ബഷീർ വേണ്ടെന്നുെവച്ചു. കൈയെഴുത്തു പ്രതി കീറിക്കളയുകയും ചെയ്തു. ‘ഒരു ഭഗവദ്ഗീതയും കുറേ മുലകളും’ എന്ന കഥയിലും ‘എം.പി. പോളി’ലും ബഷീർ അതു വിവരിച്ചിട്ടുണ്ട്. ബഷീർ എഴുതി: ‘‘ഞാൻ എറണാകുളത്തുനിന്ന് ബോട്ടിൽ ചങ്ങനാശ്ശേരിയിൽ ചെന്ന് ‘സ്ത്രീ!’ എന്ന കഥ കൊടുത്തു.
അദ്ദേഹം കഥ വായിക്കുന്നത് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം നല്ലവണ്ണം ചുമക്കുന്നതും കറുക്കുന്നതും വിളറുന്നതും ഞാൻ കണ്ടു. വായിച്ചുകഴിഞ്ഞ് കുറേ സമയത്തേക്ക് അദ്ദേഹം ഒന്നും പറഞ്ഞില്ല. മുഖം പഴയ മാതിരി വെള്ള കലർന്നു ചുവന്നതായപ്പോൾ അദ്ദേഹം പറഞ്ഞു: ‘സഭ്യതയുടെയും കാമവികാരത്തിന്റെയും അതിരെല്ലാം തകർന്നിരിക്കുന്നു! വികാരം ആളിക്കത്തുകയാണ്! വായിക്കുന്ന കുട്ടികൾ..!’ അദ്ദേഹം കുറേക്കഴിഞ്ഞു പറഞ്ഞു: ‘സ്ത്രീ പ്രസിദ്ധപ്പെടുത്തണമെന്നോ പ്രസിദ്ധപ്പെടുത്തരുതെന്നോ ഞാൻ പറയുകയില്ല. ബഷീറിന്റെ ഇഷ്ടംപോലെ ചെയ്യ്.’ ഞാൻ ചങ്ങനാശ്ശേരിയിൽനിന്ന് എറണാകുളത്തേക്ക് ബോട്ടിൽ വരുകയായിരുന്നു. പകൽസമയമാണ്. ഞാൻ ‘സ്ത്രീ’ എന്ന ചെറുനോവൽ വലിച്ചുകീറി ചെറുതുണ്ടുകളാക്കി വേമ്പനാട്ടു കായലിൽ വിതറി.’’ ഒരു നിരൂപകനെക്കുറിച്ച് പുസ്തകമെഴുതിയ ഏക നോവലിസ്റ്റ് മലയാളത്തിൽ ബഷീർ മാത്രമാണ്. സമാനമായ ഒരുദാഹരണം ഫ്രഞ്ച് നോവലിസ്റ്റായ ഫിലീപ് സൊലേറിന്റേതാണ്. വിഖ്യാത ഫ്രഞ്ച് നിരൂപകനായ റൊളാങ് ബാർത്തുമായുള്ള ബന്ധത്തെപ്പറ്റി സൊലേർ ‘ദ ഫ്രൻഡ്ഷിപ് ഓഫ് റൊളാങ് ബാർത്ത്’ (2015) എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്.
ഏതു കാര്യത്തിലും രാവിലെതന്നെ സമൂഹമാധ്യമത്തിൽ താൻ അഭിപ്രായം പറഞ്ഞില്ലെങ്കിൽ ലോകം നിശ്ചലമായിപ്പോകുമെന്ന്, കുറഞ്ഞപക്ഷം കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരികാന്തരീക്ഷങ്ങളെങ്കിലും ചലനശൂന്യമായിപ്പോകുമെന്ന് വിചാരിക്കുന്ന കുറച്ച് എഴുത്തുകാരെങ്കിലും മലയാളത്തിൽ ഇപ്പോഴുമുണ്ട്. സാഹിത്യം, തിരഞ്ഞെടുപ്പ്, വായിക്കാത്ത പുസ്തകം അങ്ങനെ നാനാതരം കാര്യങ്ങളെപ്പറ്റി അവർ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടിരിക്കും. അഭിപ്രായങ്ങളെയോ അതിനുള്ള സ്വാതന്ത്ര്യത്തെയോ ചോദ്യംചെയ്യാനാവില്ല. എന്നാൽ, പറയുന്ന അഭിപ്രായങ്ങൾ ശരിയായിരിക്കേണ്ടതുണ്ട്. നിരുത്തരവാദമായി വെറുതേ പറഞ്ഞുതള്ളുന്നവയെ അഭിപ്രായമായി കണക്കാക്കാനാവില്ലെന്നു മാത്രം. ഒരു സർവകലാശാലയിലെ അധ്യാപകനിയമനത്തിലെ അഴിമതി പുറത്തുവന്നപ്പോൾ സ്വന്തം ഫേസ്ബുക്ക് പേജിൽ ആ അധ്യാപകരെ തിരഞ്ഞെടുത്തവരുടെ ക്രാന്തദർശിത്വത്തെ നമസ്കരിക്കുകയാണ് സ്ഥിരം പ്രതികരണക്കാരനും പുരോഗമന സാഹിത്യകാരനുമായ ഒരു ചെറുകഥാകൃത്ത് ചെയ്തത്.
ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ ചവറുപുസ്തകമാണെന്ന് ‘സാഹിത്യവാരഫല’ത്തിൽ എം. കൃഷ്ണൻ നായർ പറഞ്ഞു’വെന്ന് ഏതാനും ദിവസംമുമ്പ് ഒരു ജനപ്രിയ എഴുത്തുകാരി ഫേസ്ബുക്കിൽ നിസ്സംശയം അഭിപ്രായപ്പെട്ടു കളഞ്ഞു. 1970ൽ ഇംഗ്ലീഷ് പരിഭാഷയുണ്ടായ ആ നോവലിനെ 1973 തൊട്ട് പരാമർശിച്ചു തുടങ്ങിയ എം. കൃഷ്ണൻനായർ 1975 ആഗസ്റ്റ് 10ലെ ‘സാഹിത്യവാരഫല’ത്തിൽ വിശേഷിപ്പിച്ചത് ‘ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഒരു രത്നമാണ്’ എന്നായിരുന്നു. ‘ഏകാന്തതയുടെ നൂറുവർഷങ്ങളു’ടെ മലയാള പരിഭാഷയെങ്കിലും ഒന്നു വായിച്ചിരുന്നെങ്കിൽ 1984ൽ എം. കൃഷ്ണൻനായർ അതിനെഴുതിയ ‘ഏകാന്തങ്ങളായ നൂറുവർഷങ്ങൾ’ എന്ന ആമുഖ ലേഖനെമങ്കിലും കണ്ണിൽപ്പെടുമായിരുന്നു. അഭിപ്രായം എഴുതിപ്പിടിപ്പിക്കുമ്പോൾ അത് വ്യാജപ്രസ്താവമല്ല എന്നുറപ്പിക്കാനുള്ള ഉത്തരവാദിത്തം എഴുത്തുകാർക്കുണ്ട്. അഭിപ്രായപ്രകടനത്വരക്കിടയിൽ കുറഞ്ഞത് അറിവില്ലായ്മയെങ്കിലും പ്രകടിപ്പിക്കാതിരിക്കണം.
തന്റെ പ്രതികരണത്തിനുവേണ്ടി മാത്രമാണ് ലോകം ഉണർന്നു കാത്തിരിക്കുന്നത് എന്ന സമകാലിക മിഥ്യാബോധത്തിന്റെ പ്രവാഹം കാണുമ്പോൾ ബഷീർ വീണ്ടും നിനവിൽ വരുന്നു. ബഷീർ പരിഹാസത്തിൽ പൊതിഞ്ഞ് പണ്ടേതന്ന ഒരു പാഠം (ഇതല്ലേ യഥാർഥ ക്രാന്തദർശിത്വം). ബഷീറിന്റെ അനർഘനിമിഷം (1946) എന്ന ചെറുകഥാസമാഹാരത്തിൽ ‘യുദ്ധം അവസാനിക്കണമെങ്കിൽ’ എന്നൊരു കഥയുണ്ട്. രണ്ടാം ലോകയുദ്ധമാണ് പശ്ചാത്തലം. ‘ആനന്ദത്തോടെ വരട്ടുചൊറി മാന്തിക്കൊണ്ട് ചാരുകസേലയിൽ മലർന്നുകിടക്കുന്ന അഗാധചിന്തകനും ബലിഷ്ഠകായനും മഹാദേഷ്യക്കാരനുമായ വിഖ്യാതസാഹിത്യകാരനെ’ കാണാൻ പത്രപ്രതിനിധിയായ യുവാവ് എത്തുന്നു. യുദ്ധത്തെപ്പറ്റിയുള്ള സാഹിത്യകാരന്റെ പ്രതികരണം അറിയുകയാണ് ലക്ഷ്യം. ‘ലോകത്തിൽ ശാന്തിയും സമാധാനവും കൈവരുന്നതിലേക്കുള്ള അങ്ങയുടെ വിലയേറിയ ഉപദേശത്തിനു’വേണ്ടി പത്രലേഖകൻ അപേക്ഷിക്കുന്നു.

‘ഞാൻ ഈ യുഗത്തിന്റെ മഹാപ്രവാചകനാണെന്നു സമ്മതിച്ചു’ തരുകയും അത് പത്രത്തിൽ അച്ചടിക്കുകയും ചെയ്താൽ പ്രതികരിക്കാമെന്ന് സാഹിത്യകാരൻ. പത്രലേഖകനെ സാഹിത്യകാരൻ ആവോളം ചീത്തപറയുന്നു. എന്നിട്ടും അയാൾ വിടാത്തതിനാൽ അദ്ദേഹം പ്രതികരിക്കുന്നു: ‘‘യുദ്ധം അവസാനിക്കണമെങ്കിൽ എല്ലാവർക്കും എനിക്കുള്ളപോലെ ഭയങ്കര ചൊറിച്ചിലും കടിയുമുള്ള പരമരസികൻ വരട്ടുചൊറി വരണം!’’ ഇന്നത്തെ എഴുത്തുകാരോട് പ്രതികരണം ചോദിക്കേണ്ടതില്ല, ആരും ചോദിക്കാതെതന്നെ അവർ സമൂഹമാധ്യമ പേജിൽ പ്രതികരിച്ച് സ്വന്തം വരട്ടുചൊറിസിദ്ധാന്തം വെളിപ്പെടുത്തിക്കൊള്ളും. ബഷീറാകട്ടെ സ്വയം പരിഹസിക്കുകയായിരുന്നു, അതിലൂടെ ലോകത്തിന്റെ പൊള്ളത്തരത്തെയും. ബഷീറിന്റെ നർമത്തെയും ഹാസ്യത്തെയും പറ്റി ‘‘മതം, ഭരണം, സമൂഹം, കുടുംബം, പ്രണയം, വ്യക്തിബന്ധങ്ങൾ തുടങ്ങി എന്തിനെ കളിയാക്കുവാനും അദ്ദേഹത്തിനു മടിയില്ല. ജീവിതത്തെ തമാശയായി നോക്കിക്കാണുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്.
‘സംസ്കാരം’ എന്ന പേരിൽ നാം കെട്ടിപ്പൊക്കിയിരിക്കുന്ന മിക്കതും എത്രമാത്രം മനുഷ്യപ്പറ്റില്ലാത്തതാണെന്ന് അദ്ദേഹത്തിനറിയാം. സ്ഥലത്തെ പ്രധാന പോക്കറ്റടിക്കാരനെ ‘കലാകാരൻ’ എന്നും സ്ഥലത്തെ പ്രധാന കള്ളനെ ‘ബുദ്ധിജീവി’ എന്നും വിളിക്കുകയാണ് അദ്ദേഹത്തിന്റെ ശീലം’’ എന്നൊരു നിരീക്ഷണമുണ്ട് എം.എൻ. കാരശ്ശേരിയുടേതായി. ജീവിതത്തിന്റെയും ലോകത്തിന്റെയും അസംബന്ധ സ്വഭാവം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിനെ അഗാധമായി സ്നേഹിക്കുന്ന വൈരുധ്യാത്മക സ്വഭാവത്തിൽനിന്നാണ് ആക്രമണോത്സുകമായ ആ ഹാസ്യത്തിന്റെ പിറവി. അത് ഇന്നലെയിലിരുന്നുകൊണ്ടും ഇന്നത്തെ ലോകത്തിലെ നാട്യങ്ങളെ തച്ചുടക്കുന്നു.