കിള


ഗർഭാവസ്ഥയിൽ തീരേ സ്വസ്ഥത ലഭിക്കാതെപോയ ഒരു ജീവനാണ് ലാദു. ഗർഭിണിയെന്നറിഞ്ഞ് അധികം വൈകാതെതന്നെ കിടക്കയിലേക്ക് മുഴുസമയം ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടവളായി മാറിയിരുന്നു സേബ. അവളെ പരിശോധിച്ച മൂന്നു ഡോക്ടർമാരും ഒരേ സ്വരത്തിൽ നിർദേശിച്ചത് അതാണ്. കട്ടിലിന്റെ കീഴ്ഭാഗം ഉയർത്തിവെച്ചും ഗർഭപാത്രത്തിന്റെ തുറവിൽ തുന്നലിട്ടും അതീവ കരുതലോടെയാണ് ആ ചോരപ്പിണ്ഡത്തെ പരിരക്ഷിച്ചുപോന്നത്. ഒരുവേള അവളോർത്തിരുന്നു, എന്തിനിത്ര ഗതികെട്ട് പ്രസവിക്കണമെന്ന്. “നമ്മൾ ഉണ്ടാക്കിയ കുഞ്ഞ്, നമുക്കായി ജനിക്കാൻ പോവുന്ന കുഞ്ഞ്! ആശുപത്രിയുടെ സേവനമല്ലാതെ മറ്റൊന്നും നമ്മൾ സ്വീകരിക്കാൻ പാടില്ല.” പ്രഗ്‌നൻസി കിറ്റിൽ...
Your Subscription Supports Independent Journalism
View Plansഗർഭാവസ്ഥയിൽ തീരേ സ്വസ്ഥത ലഭിക്കാതെപോയ ഒരു ജീവനാണ് ലാദു. ഗർഭിണിയെന്നറിഞ്ഞ് അധികം വൈകാതെതന്നെ കിടക്കയിലേക്ക് മുഴുസമയം ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടവളായി മാറിയിരുന്നു സേബ. അവളെ പരിശോധിച്ച മൂന്നു ഡോക്ടർമാരും ഒരേ സ്വരത്തിൽ നിർദേശിച്ചത് അതാണ്. കട്ടിലിന്റെ കീഴ്ഭാഗം ഉയർത്തിവെച്ചും ഗർഭപാത്രത്തിന്റെ തുറവിൽ തുന്നലിട്ടും അതീവ കരുതലോടെയാണ് ആ ചോരപ്പിണ്ഡത്തെ പരിരക്ഷിച്ചുപോന്നത്. ഒരുവേള അവളോർത്തിരുന്നു, എന്തിനിത്ര ഗതികെട്ട് പ്രസവിക്കണമെന്ന്.
“നമ്മൾ ഉണ്ടാക്കിയ കുഞ്ഞ്, നമുക്കായി ജനിക്കാൻ പോവുന്ന കുഞ്ഞ്! ആശുപത്രിയുടെ സേവനമല്ലാതെ മറ്റൊന്നും നമ്മൾ സ്വീകരിക്കാൻ പാടില്ല.” പ്രഗ്‌നൻസി കിറ്റിൽ ഇരട്ടവര തെളിഞ്ഞയന്ന് സേബയെ ഒന്നു നെഞ്ചോടു ചേർത്തുപിടിക്കുകപോലും ചെയ്യാതെ ഖുത്ബ് കാർക്കശ്യത്തോടെ പറഞ്ഞു.
സ്വന്തം വീടിനകത്ത്, ഉമ്മയെക്കൂടാതെ മറ്റൊരു മനുഷ്യക്കുഞ്ഞുപോലും അറിയാതെ പിറന്നുവീഴേണ്ടിവന്ന, തന്റെ അതേ ഗതികേട് കുഞ്ഞിനും ഉണ്ടായേക്കുമോ എന്നോർത്താണ് സേബ ഏറ്റവുമധികം നൊമ്പരപ്പെട്ടത്. അതോർത്താണ് അവളേറ്റവും ഉറക്കം നഷ്ടപ്പെടുത്തിയതും.
സ്നേഹം, കരുതൽ, സഹാനുഭൂതി –അന്യരിൽനിന്ന് ലഭിക്കേണ്ട ഈ വക ആനുകൂല്യങ്ങളെക്കുറിച്ചെല്ലാം മറന്നേപോയ സേബക്ക് ഒരിക്കലും ഒന്നിലും പരാതിയുണ്ടായിരുന്നില്ല. സന്തോഷത്തോടെ കോളേജിൽ ചെലവിട്ടിരുന്ന നല്ലകാലത്തെ പക്ഷേ, ഏറ്റവും ആർദ്രതയോടെ അവളെന്നും നെഞ്ചിലെ ചൂടു നൽകി പോറ്റി. ജീവിതം വേറെ, ഓർമകൾ നൽകുന്ന സുഖവും വേദനയും വേറെ, എന്ന തത്ത്വത്തിൽ സേബ എന്നും വിശ്വസിച്ചുപോന്നു.
രാവിലെ കൊട്ടാരത്തിലേക്ക് ജോലിക്കായി ഇറങ്ങുന്നതിനു മുമ്പ്, ഖുത്ബ്, ഭക്ഷണവും വെള്ളവുമെല്ലാം അവൾക്കൊന്നേന്തിപ്പിടിക്കാൻ തക്ക അകലത്തിലുള്ള മേശപ്പുറത്ത് തയാറാക്കിെവച്ചിട്ടുണ്ടാവും. മൂത്രശങ്ക തോന്നിയാൽ, ഉള്ളിലെ ജീവനെ അനക്കാതെ, വല്ല വിധേനയും പോയി സേബ കാര്യം നടത്തിപ്പോന്നു. രണ്ടുതവണ കുളിമുറിയിൽ കാൽ വഴുക്കാൻ പോയപ്പോഴും അവളുടെ നെഞ്ചുരുകി. പേടിയോടെ വയർ താങ്ങിപ്പിടിച്ചു. ചെറിയ പിഴവുകൾ വന്നാൽപോലും ഖുത്ബ് എങ്ങനെ പ്രതികരിക്കുമെന്നോർത്തായി സേബയുടെ ആകുലതകൾ. കുഞ്ഞിനെ ആരോഗ്യത്തോടെ പുറത്തേക്കെത്തിക്കാൻ എത്രമാത്രം ബാധ്യതപ്പെട്ടവളാണ് താനെന്ന ഉത്തമബോധ്യത്തോടെ അവൾ പകലിരവുകൾ നീക്കി.
ഏകാന്തത ചില നേരങ്ങളിൽ സേബയെ പരിഭ്രമിപ്പിച്ചു. ഇരുട്ട് മെല്ലെ പടരുന്ന നിശ്ശബ്ദമായ സന്ധ്യകളിൽ വില്ലയുടെ പുറത്തു നിന്ന് ഒരു പൂച്ചയുടെ കരച്ചിൽ കേൾക്കാറുണ്ട്. അത്, രൂപം മാറിയെത്തിയ ഏതെങ്കിലും ജിന്നായിരിക്കുമോയെന്ന തോന്നൽ സേബയെ വല്ലാതെ അലട്ടിയിരുന്നു. മൂത്രം നിറഞ്ഞ്, മൂത്രക്കുടം പൊട്ടാനായെന്ന് തോന്നിയാൽപോലും ആ നേരത്ത് കിടക്കയിൽ അള്ളിപ്പിടിച്ചു തന്നെ കിടന്നു. ജിന്നുകൾ കൂട്ടമായെത്തി സൊറ പറഞ്ഞിരിക്കുക മൂത്രമണമുള്ള ഇടങ്ങളിലാണെന്ന് ആരോ പണ്ട് സേബയെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. കാതുകൂർപ്പിച്ചു െവച്ചപ്പോഴെല്ലാം കുളിമുറിയിൽനിന്ന് കൂക്കുവിളികളും അട്ടഹാസങ്ങളും മുഴങ്ങുന്നതായി തോന്നി. ജിന്നുകളുടെ തടവിൽപ്പെട്ട്, അവരുടെ കൂട്ടത്തിലുണ്ടാവുന്നപോലത്തെ ഒരു ശിശുവിനെ ആയിരിക്കുമോ താൻ പ്രസവിക്കുക എന്ന തീരാച്ചിന്തയോടെ അപ്പോഴെല്ലാം അവൾ കണ്ണുകളിറുക്കിയടച്ചു കിടന്നു. സന്ധ്യ മാഞ്ഞ് രാവിലേക്ക് അലിഞ്ഞാൽപിന്നെ എല്ലാം ശാന്തം. കണ്ണിനു മുന്നിലൊരു ചെറുകൂന പോലെ കിടക്കുന്ന വയറിന്മേൽ അവൾ ആശ്വാസത്തോടെ തടവും. വളഞ്ഞുപുളഞ്ഞുള്ള ഒരു ചലനംകൊണ്ട് ഉള്ളിലെ ജീവൻ പ്രതികരിക്കും.
ഒരുച്ചമയക്കത്തിനിടയിലാണ് സേബക്ക് ആ സ്വപ്നമുണ്ടായത്. അറേബ്യയിലെ, ഒരിക്കൽപോലും അവൾ കണ്ടിട്ടില്ലാത്ത ഒരു തെരുവ്. എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പുള്ളത്. അവിടെ നിറയെ അറബ് കച്ചവടക്കാർ. എങ്ങും ചുടുകാറ്റ് കനത്തുനിൽക്കുന്നു. കാരക്ക മരങ്ങളുടെ കുളിർമയിലിരുന്ന് ഉറുമാലുകൾ കച്ചവടം ചെയ്യുന്നുണ്ട് ചിലർ. കാരക്കകൾ കുട്ടകളിലാക്കി കൊണ്ടുവരുന്നു, മറ്റു ചിലർ. അതിന്റെ ഗുണമേന്മയെക്കുറിച്ച് ഉച്ചത്തിലവർ വിശദീകരിക്കുന്നു. മറ്റൊരു ഭാഗത്ത് ഗർഭിണികളായ ഒട്ടകങ്ങളെ കൂട്ടമായി നിർത്തിയിട്ടുണ്ട്.
വീർത്തുന്തിയ വയറുമായി സേബ വേച്ചുവേച്ചു നടക്കുകയാണ്. ദാഹിച്ചുവലഞ്ഞ അവൾ കാണുന്നവരോടെല്ലാം ഒരിറ്റ് കുടിവെള്ളത്തിനായി കേഴുന്നു. ആരുംതന്നെ അതു ശ്രദ്ധിക്കുന്നില്ല. സാവകാശം ആ തെരുവിലെ ആൾത്തിരക്കൊഴിഞ്ഞു. ആരവം തീർന്നു. അന്തിയായി. മാനത്ത് ചന്ദ്രികയെത്തി. പെട്ടെന്ന് തെരുവങ്ങ് അപ്രത്യക്ഷമായി. കിതപ്പോടെ അവളോടി; ഒരിറ്റു നീരിനായി. പെട്ടെന്നതാ മുന്നിൽ സഫാ-മർവാ മലകൾ. രണ്ടിനുമിടയിലൂടെ സേബ വേവലാതിപ്പെട്ടുകൊണ്ടോടി. ഉറക്കെ വീർപ്പയച്ചുകൊണ്ട് മണ്ണിലിരുന്നു. ‘അത്ഭുതങ്ങൾ പ്രവർത്തിച്ചെങ്കിൽ’ എന്ന പ്രാർഥനയോടെ, മണ്ണിൽ ഇരു കരങ്ങളാലും ആഞ്ഞടിച്ചു. പക്ഷേ ജലം ഉറവയെടുത്തില്ല. ബോധരഹിതയായ അവൾ തൽക്ഷണം ആ വരണ്ട മണ്ണോട് ചേർന്നു.
സ്വപ്നത്തിൽനിന്ന് വെളിയിലേക്കിറങ്ങിയതും സേബക്ക് അടിവയറ്റിൽ ആദ്യമായി വേദന ആരംഭിച്ചു. ഒരു പൊട്ട് മാത്രമുണ്ടായിരുന്ന നോവ്, താമസംവിനാ സകല നാഡീഞരമ്പുകളെയും കീഴ്പ്പെടുത്തി. വെള്ളത്തിനുവേണ്ടി താൻ മണ്ണിലടിച്ചപ്പോൾ, പുറത്തേക്കു വരാനുള്ള തിടുക്കത്തോടെ, കുഞ്ഞ് ഗർഭാശയഭിത്തിയിൽ ചവിട്ടുകയായിരുന്നുവെന്ന് അവൾക്ക് തോന്നി.
ലാദു –അധികം താമസിയാതെ, ഒട്ടും പ്രയാസപ്പെടുത്താതെ, കൈയിൽനിന്നു വഴുതിവീണ ഒരു വരാൽമീൻ കണക്കെ അവളുടെ ജീവനിൽനിന്ന് വേർപെട്ടു.
* * *
ഖുത്ബ് എന്ന പേരിന്റെ അർഥത്തെക്കുറിച്ച് ഇടക്കെല്ലാം സേബ ഓർക്കാറുണ്ട്. ‘പ്രസംഗകൻ’ ആണെന്നാണ് അവളുടെ കണക്കുകൂട്ടൽ. ചെറുപ്പത്തിൽ, അതീവ നാണക്കാരനായിരുന്നുവത്രേ ഖുത്ബ്. ആൾക്കാരോട് മര്യാദക്ക് സംസാരിക്കാൻപോലും അറിയാത്ത ഒരുത്തന് എന്തു കണ്ടിട്ടാണ് താൻ ആ പേരിട്ടതെന്ന്, അവന്റെ ഉമ്മി നിരന്തരം സേബയോട് പയ്യാരം പറഞ്ഞിരുന്നു.
പക്ഷേ, ഇന്നവൾക്കറിയാം, പ്രസംഗിക്കുക എന്നാൽ വാക്കുകൾകൊണ്ട് ആഹ്ലാദത്തോടെ അമ്മാനമാടുക എന്നു മാത്രമല്ലെന്ന്. അപരനെ തളർത്തുന്ന തരത്തിൽ വാക്കുകൾ വർഷിക്കുന്നതിനെയും പ്രസംഗമെന്ന് പറയാമെന്ന്.
–എന്റെ ഭർത്താവ് നല്ലൊരു പറച്ചിലുകാരനാണ്. വാക്കുകളാൽ കസർത്തു കാണിക്കാൻ അറിയുന്ന ഒരാൾ. മേലൊന്ന് നോവിക്കാതെ, ചോരയിറ്റു പൊടിക്കാതെ, ദേഹത്ത് യാതൊരു അടയാളവും പതിപ്പിക്കാതെ വാക്കുകളാൽ മാത്രം അംഗഭംഗം നടത്തി മുറിവേൽപിക്കാൻ അറിയുന്ന ഒരസ്സൽ പറച്ചിലുകാരൻ. ഒരു യോദ്ധാവ് തന്നെ! –ഡയറിയെഴുത്ത് പതിവില്ലാത്ത സേബ, ഒരിക്കൽ ഒരു നോട്ടുപുസ്തകത്തിന്റെ താളിൽ ഇപ്രകാരം കുറിച്ചിരുന്നു.
തീയതി, 2013ലെ ഏതോ ഒന്ന്!
അങ്ങനെയെഴുതുന്നതിനു കേവലം മണിക്കൂറുകൾക്കു മുമ്പ് സേബയുടെയും ഖുത്ബിന്റെയും ഇടയിൽ ചില കാര്യങ്ങൾ സംഭവിച്ചിരുന്നു. സൗദി അറേബ്യയിലേക്ക് പുതുതായി വന്ന ഖുത്ബിന്റെ സുഹൃത്തിനെയും ഭാര്യയെയും സൽക്കരിക്കാൻ ഇരുവരും പോയ ആ രാത്രി അമ്പേ തണുപ്പുള്ളതായിരുന്നു. വൈകുന്നേരം നേരിയ തോതിൽ മഴയും ചാറി. കൊത്തിയരിഞ്ഞ ആട്ടിറച്ചികൊണ്ടുണ്ടാക്കിയ കീമയും, അടുപ്പിലിട്ടു ചുട്ടെടുക്കുന്ന വലിയ റൊട്ടിയും കിട്ടുന്ന ഭക്ഷണശാലയിലേക്കാണ് അവർ പോയത്. അവരുടെ വില്ലയുടെ തന്നെ പരിസരത്തുള്ള കുടുസ്സു തെരുവിന്റെ അറ്റത്തായിരുന്നു ഒരു പത്താൻ നടത്തിപ്പോന്ന ആ കട. കഴിച്ചുതീരുന്നതുവരെ, ഇടതടവില്ലാതെ പുതിനയിട്ട കട്ടൻ ചായയും കിട്ടും എന്നതാണ് മുഖ്യ ആകർഷണം.
പതിവില്ലാത്തത്ര ക്ഷീണിതയായിരുന്നു സേബ. ‘എന്റെ സുഹൃത്തുക്കൾ വല്ലവരും ആയിരുന്നെങ്കിൽ ഇത്തരമൊരു സ്വാഗതംചെയ്യൽ നിങ്ങളിൽനിന്ന് ഉണ്ടാവുമായിരുന്നോ’ എന്നൊന്നും അവൾ ഖുത്ബിനോട് ചോദിച്ചില്ല. അനുസരണയോടെ അനുഗമിച്ചു. വല്ല വിധേനയും ഈ സൽക്കാര പരിപാടി മുടങ്ങിയാൽ അതിനാലുണ്ടായേക്കാവുന്ന ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് നന്നായിട്ടറിയാമായിരുന്നു സേബക്ക്. അവൾ മറന്നിട്ടില്ല, ഒരിക്കൽ, അവന്റെ ഉമ്മിയെ വിളിച്ചശേഷം, ഫോൺ െവച്ചുനീട്ടിയപ്പോൾ സേബ കാര്യമായി സംസാരിച്ചില്ലെന്നും പറഞ്ഞ് ഖുത്ബുണ്ടാക്കിയ അങ്കംവെട്ട്.
പുറമെ അബായ ധരിക്കുമെങ്കിലും, ഉള്ളിൽ അത്യാധുനിക വേഷമണിഞ്ഞിരുന്നു അന്നെല്ലാം സേബ. അയഞ്ഞതോ ഇടുങ്ങിയതോ ആയ ജീൻസും, അതിലേക്ക് ചേരുന്ന നീണ്ടതോ കുറിയതോ ആയ കുപ്പായങ്ങളും. തുറന്നുകിടക്കുന്ന അബായക്കടിയിലുള്ള തന്റെ മുന്തിയ വേഷങ്ങൾക്കെങ്കിലും പുറംലോകത്തെ വായു സ്പർശിക്കാനാവുമെന്നത് അവളെ ആനന്ദിപ്പിച്ചു. ഭക്ഷണശാലയുടെ ഉള്ളിലേക്കിരിക്കാതെ, തണുപ്പേറ്റ്, പുറത്തിരുന്നു കഴിക്കാമെന്നത് ഖുത്ബിന്റെ സുഹൃത്തിന്റെ ആശയമായിരുന്നു. മധുവിധു കേളികളുടെ കെട്ടിറങ്ങാത്ത ഇരുവർക്കും മുന്നിൽ തന്റെ ദീർഘകാല ദാമ്പത്യ പരിചയത്തിന്റെ ആധികാരിത അണിഞ്ഞുകൊണ്ട് ഖുത്ബ് ഗമയിൽ ഇരുന്നു. നെയ്യിൽ മൊരിയുന്ന റൊട്ടിയുടെ ഗന്ധത്താൽ മനം മറിഞ്ഞ്, വല്ലായ്മയോടെ സേബയും.
സേബ കാതോർത്തു, ‘‘ഇവൾ നന്നായി പാചകം ചെയ്യുമെന്നോ, ഞങ്ങൾ താമസിക്കുന്ന വില്ലയിലെ പൂന്തോട്ടത്തിലെ സകല ചെടികളും ഇവൾ െവച്ചു പിടിപ്പിച്ചതാണെന്നോ, അതിഥിസൽക്കാരം ഇവൾക്കേറെ പ്രിയങ്കരമാണെന്നോ’’, ഖുത്ബ് പറയുന്നത് കേൾക്കാനായിട്ട്. പക്ഷേ, അങ്ങനെ യാതൊന്നുമുണ്ടായില്ല.
“ഇവൾക്ക് പിന്നെ കാര്യമായിട്ടെന്ത് പണി?! സൗദിയിലെത്തിയ എല്ലാ മലയാളിപ്പെണ്ണുങ്ങളെയുംപോലെ തന്നെ! രാവിലെ എന്നെ ജോലിക്കയച്ചാൽ പിന്നെ ഉച്ചവരെ ഉറക്കം. പിന്നെ കഴിപ്പ്. പിന്നെയും ഉറക്കം. ജോലിക്കൊന്നും പോവേണ്ടതില്ലല്ലോ…”
തന്റെ ഭക്ഷണപ്പാത്രത്തിലേക്ക് ഖുത്ബ് കോരിയൊഴിച്ചിട്ടുതന്ന ആട്ടിൻ നുറുക്കുകളിലേക്ക് ഒരു അപരാധിയെ പോലെ നോക്കിയിരിക്കാനേ സേബക്ക് സാധിച്ചുള്ളൂ. അത്, ഒരു ഭിക്ഷാപാത്രം പോലെ അവൾക്ക് തോന്നി; എച്ചിലുകൾ കോരിയിട്ടു തന്റെ മുന്നിലേക്ക് നീക്കിെവച്ച ഒന്ന്.

“നീ ഭാര്യക്കുവേണ്ടി ജോലി അന്വേഷിക്കണം കേട്ടോ. ഒരാളുടെ മാത്രം വരുമാനത്തിലൊന്നും ഇവിടെ കാര്യങ്ങൾ നടക്കില്ല.” ഖുത്ബ് സുഹൃത്തിനോട് പറഞ്ഞു. സ്വപ്നങ്ങൾ ഒളിവെട്ടുന്ന മിഴികളുള്ള പെൺകുട്ടി, അതു കേൾക്കവേ സന്തോഷത്തോടെ ചിരിക്കുന്നുണ്ടാവാം എന്നതിനാൽ മാത്രം സേബ തലയുയർത്തിയില്ല.
നൊടിനേരംകൊണ്ട് എല്ലാം മാറിമറിഞ്ഞു. ദാമ്പത്യലോകത്തെ ആ പുതുനാമ്പുകൾ പരസ്പരം ഭക്ഷണമൂട്ടാൻ തുടങ്ങി. മതി, വയറുനിറഞ്ഞെന്ന് ചിണുങ്ങലോടെ ഭാര്യ അറിയിച്ചപ്പോൾ ഭർത്താവ് സങ്കടം ഭാവിച്ചു. പോരാത്തതിന്, അതിനു മറുപടിയായി, എന്നാൽ എനിക്കും മതിയായെന്ന് പറഞ്ഞുള്ള ഭർത്താവിന്റെ കുറുമ്പും.
സേബക്ക് തലചുറ്റാൻ തുടങ്ങി.
ദൈവമേ, ഇനിയെന്തെല്ലാമായിരിക്കും സംഭവിക്കാൻ പോവുക? ആധിയോടെ അവൾ നെറ്റിത്തടത്തിലെ വിയർപ്പു തുടച്ചു.
ഖുത്ബിനൊപ്പം ഉണ്ടും ഉറങ്ങിയും സേബ കഴിയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഒരാളെപ്പറ്റി പൂർണമായും മനസ്സിലാക്കാനെടുക്കുന്ന പരമാവധി സമയത്തിന്റെ ആനുകൂല്യം അവൾക്ക് എന്നേ നഷ്ടമായിക്കഴിഞ്ഞിട്ടുണ്ട്. അതിഥികളെ യാത്രയാക്കിയ ശേഷം, വില്ലക്ക് അകത്തേക്ക് കയറിയ ഉടൻതന്നെ തനിക്ക് പിറകിലായി ഒച്ചയോടെ കൊട്ടിയടക്കപ്പെട്ട വാതിൽ, ആ ധാരണ സേബയിൽ ഒന്നുകൂടി ഉറപ്പിച്ചു.
“മാറി നിൽക്ക്...”
സ്വീകരണ മുറിയുടെ മധ്യത്തിലേക്ക് വിരൽ ചൂണ്ടി, ഖുത്ബ്.
അവൾ അനുസരിച്ചു. വിരലുകൾ കൂട്ടിപ്പിണച്ച്, ശ്വാസമടക്കി നിന്നു.
“ഭാര്യ ഭർത്താവിനെ എങ്ങനെ പരിചരിക്കണമെന്നത് നിനക്കറിയാമോ?”
അവൾ വാ തുറന്നില്ല.
“ദൈവം കഴിഞ്ഞാൽ മറ്റൊരാൾക്ക് മുന്നിൽ സാഷ്ടാംഗം വീഴാൻ ഞാൻ കൽപിക്കുമായിരുന്നെങ്കിൽ, അത് ഭാര്യയോട്, ഭർത്താവിന് മുന്നിലായിരിക്കണമെന്ന് പ്രവാചകൻ പറഞ്ഞത് നീ വായിച്ചിട്ടില്ലേ? നിന്നേക്കാളും ഇളയ ഒരുത്തി ഭർത്താവിന്റെ വായിലേക്ക് ഭക്ഷണം െവച്ചു കൊടുത്തത് നീ കണ്ടില്ലേ? എത്ര ഭാഗ്യവാനാണ് അവൻ!” ഖുത്ബ് അവൾക്കു ചുറ്റുമായി കറങ്ങി.
സേബ അവനെ നോക്കിയില്ലെങ്കിലും തനിക്കു ചുറ്റുമുള്ള ഭൂമി അതിവേഗം കറങ്ങുന്ന പ്രതീതി അനുഭവിച്ചറിഞ്ഞു. പിന്നീടവൻ പ്രാകിക്കൊണ്ട് പറഞ്ഞതത്രയും അവളുടെ വീട്ടുകാരെക്കുറിച്ചാണ്. അവനു കേട്ടറിവ് മാത്രമുള്ള, മണ്ണോടു ചേർന്ന ഒരാളെ കുറിച്ചാണ്. ഖുത്ബ് പടച്ചുവിട്ട പെരുംനുണകൾക്കിടയിൽനിന്ന് സേബ നിറുത്താതെ കറങ്ങി; കൂടെ ഖുത്ബും.
ഒടുക്കം, അവളൊരൊറ്റ വീഴ്ചയായിരുന്നു; നിലത്തുവിരിച്ച ആകാശനീല നിറത്തിലുള്ള കട്ടിക്കമ്പളത്തിലേക്ക്. നൊടിനേരത്താൽ, നേർത്തു നേർത്തുപോയി അവളുടെ ബോധവും!
അന്നേ രാത്രിയാണ്, തന്റെ വരവ് ആദ്യമായി ലാദു സേബക്ക് തീർച്ചപ്പെടുത്തിക്കൊടുത്തത്.
* * *
1960കളിൽ, തന്റെ കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ ‘ബഹറുൽ ഫത്തഹ്’ എന്ന ഉരുവിൽ പണിക്ക് കയറിയ ആളാണ് ഖുത്ബിന്റെ ഉപ്പച്ചിയായ ലിയാഖത്തലി. കടലിൽ ഒഴുകിനീങ്ങുന്ന ഉരു, അന്നത്തെക്കാലത്ത് സകലർക്കും വലിയ അത്ഭുതമായിരുന്നു. മെല്ലിച്ച, കഴുത്തെല്ലുന്തിയ, ക്ഷീണിതനെന്ന് ഒറ്റനോട്ടത്തിൽ ഏതൊരാളും വിധിയെഴുതുന്ന കൗമാരക്കാരനെ പേക്ഷ ആദ്യമാരും ഉരുവിലേക്ക് സ്വാഗതംചെയ്തില്ല.
അധികം വൈകാതെ തന്നെ, ഉരുവിലേക്ക് കയറിക്കൂടാനുള്ള എളുപ്പവഴി, അതിലെ പണിക്കാരെ തഞ്ചത്തിൽ പാട്ടിലാക്കലാണെന്ന് ലിയാഖത്തലി മനസ്സിലാക്കി. അവരോട് പറ്റിച്ചേർന്നു നിന്ന്, പണിശാലയിൽ ചെറിയ ചെറിയ സഹായങ്ങൾ ചെയ്തുകൊടുത്തു. ആദ്യമൊക്കെ ആട്ടിയോടിച്ചെങ്കിലും മെല്ലെ അവർ കൂടെക്കൂട്ടി. ഉരു പണിതു കഴിഞ്ഞാൽ ബാക്കിയാവുന്ന ചിപ്പിലിയും ചെറിയ മരമുട്ടികളും ആരും കാണാതെ തൊട്ടടുത്ത അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കാനായിട്ട് കൂട്ടത്തിലെ ചിലർ ലിയാഖത്തലിയെ ശട്ടംകെട്ടി. വിറ്റു കിട്ടുന്നതിൽനിന്ന് അണാ പൈസ എടുക്കാതെ മുഴുവനും പണിക്കാരെ ഏൽപിക്കും. കൂലിയായിട്ട് വല്ലതും നൽകിയാൽപോലും ലിയാഖത്തലി മേടിച്ചില്ല. ഉരുവിൽ യാത്രചെയ്യുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. യാതൊരു കള്ളത്തരവും കാണിക്കാത്ത ലിയാഖത്തലിയെ പണിക്കാർക്ക് നന്നേ ബോധിച്ചു. അധികം താമസിയാതെ തന്നെ മുതിർന്ന പണിക്കാരുടെ ശുപാർശയിൽ അയാൾക്ക് ഉരുവിൽ ഒരു സ്ഥാനം ലഭിച്ചു. എങ്കിലും, മുക്കാഖലാസി ആവാനേ ലിയാഖത്തലിക്ക് കഴിഞ്ഞുള്ളൂ. ഉരുവിന്റെ പാമരത്തിൽ കയറി, പായ മാറ്റിക്കെട്ടുവാനുള്ള നൈപുണ്യം സിദ്ധിച്ചാൽ മാത്രമേ ഖലാസിയാവൂ. അയാൾക്ക് പക്ഷേ അതിനായി മെനക്കെടാനൊന്നും വയ്യായിരുന്നു.
ഒരിക്കൽ, ബോംബെയിലേക്ക് ചരക്കുമായി പോവുന്ന ഉരുവിൽ മറ്റൊരാൾക്ക് പകരക്കാരനായി കേറിക്കൂടാനുള്ള അവസരം ലിയാഖത്തലിക്ക് ഒത്തു. അങ്ങനെയാണ്, ഒരു രാത്രിയിൽ അയാൾ ആദ്യമായി ബോംബെയിലെത്തിയത്. തീരത്തെത്തിയില്ല, അതിനു മുമ്പേതന്നെ മഹാനഗരത്തിന്റെ വെളിച്ചം ആകാശമാകെ തൂവിപ്പരന്നു. ലിയാഖത്തലിയെപ്പോലെ ആദ്യമായി നഗരത്തിന്റെ പൊലിവ് കണ്ട ചില ഉരുയാത്രികരും സന്തോഷംകൊണ്ട് കൂവിയാർത്തു. ചരക്കിറക്കാൻ മറ്റുള്ളവർക്കൊപ്പം കൂടാതെ, ധൃതിയിൽ തീരത്തേക്ക് ചാടിയിറങ്ങാൻ ശ്രമിച്ച ലിയാഖത്തലിയുടെ നടുമ്പുറം നോക്കി ഖലാസി ഒരൊറ്റയടി െവച്ചുകൊടുത്തു. ചെറുപ്പക്കാരനല്ലേ, വലിയ വായിൽ അവിടിരുന്നു നിലവിളിച്ചു. ആരൊക്കെ സമാധാനിപ്പിച്ചിട്ടും ഏങ്ങലടി തുടർന്നുകൊണ്ടിരുന്ന ലിയാഖത്തലിയെ കണ്ട് ഖലാസിയുടെ മനസ്സലിഞ്ഞു. തേങ്ങ ചിരകിയതിൽ ചക്കരയിട്ട് കഴിക്കാൻ കൊടുത്തു. കൂടെ നുള്ള് പഞ്ചാരയിട്ട കട്ടൻ ചായയും. അന്നേ രാത്രി, കഞ്ഞിക്കൊപ്പം കൂട്ടാൻ പതിവിലുമധികം ചെറുപയറു വേവിച്ചതുകൂടി ഇട്ടുകൊടുത്തപ്പോൾ ലിയാഖത്തലി വേദന മറന്നു.
“ബോംബെ കാണാൻ വെറുതെ അങ്ങട്ട് ഇറങ്ങാൻ പറ്റൂല. നമ്മള് കടൽപ്പണിക്കാര്ക്ക് ചെല ചിട്ടവട്ടങ്ങളൊക്കെണ്ട്. ആദ്യം നല്ല മഞ്ഞള് വെള്ളത്തില് കണ്ണും മോറും കഴുകണം. ന്നിട്ട് തെളിച്ചം വെപ്പിക്കണം.” ഖലാസി, ഉള്ളംകൈയിൽ കോരിയെടുത്ത മഞ്ഞൾ വെള്ളത്താൽ ലിയാഖത്തലിയുടെ കണ്ണും മുഖവും കഴുകി. അങ്ങനെ, നഗരത്തിന്റെ ആഡംബരത്തെ, മഞ്ഞത്തിളക്കത്തോടെ അയാൾ കണ്ടു.പിന്നെയും കുറെയേറെ പ്രാവശ്യം ഉരുവിൽ കേറി സഞ്ചരിച്ചു.
ഖലാസിക്ക് ലിയാഖത്തലി പ്രിയപ്പെട്ടവനായി മാറിയെങ്കിലും, ഉരുവിൽ എല്ലാവർക്കും അങ്ങനെയല്ലായിരുന്നു. ഖലാസിയുടെ നോട്ടമെത്തുന്നില്ലെന്ന് കണ്ടാൽ അവരിൽ ചിലർ ലിയാഖത്തലിയെക്കൊണ്ട് പണ്ടാരിപ്പണി എടുപ്പിച്ചു. പത്തിരുപത് പേർക്കുള്ള ചോറും പയറും പരിപ്പും വെച്ചുണ്ടാക്കൽ എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഒരാൾക്ക് നിവർന്നു നിൽക്കാൻ പോലുമിടമില്ലാത്ത, ഉരുവിന്റെ അടിത്തട്ടിൽ ചെന്നിട്ട് വേണം പാചകം ചെയ്യാൻ. തീ കത്തി പുകവരുമ്പോൾ ശ്വാസംമുട്ടും. പക്ഷേ, അപ്പോഴെല്ലാം, ‘‘വിശക്കുന്നവരെ ഊട്ടുന്നതാണ് ലോകത്തെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി’’ എന്ന് ഉമ്മ പറയാറുള്ളത് ലിയാഖത്തലി ഓർമിക്കും. ശ്വാസം ആഞ്ഞെടുക്കും.
പായ വലിച്ചുകെട്ടാൻ സഹായിക്കുന്നതിൽ എന്തെങ്കിലും ചെറിയ പിഴവുകൾ ആരോപിച്ച് നെറ്റിയിൽ ചുണ്ണാമ്പ് തേച്ചുപിടിപ്പിച്ച് ലിയാഖത്തലിയെ നീറ്റാനും ചിലർ ഉത്സാഹിച്ചിരുന്നു. അതു തുടച്ചുകളയാൻ അയാൾക്ക് അനുവാദമില്ലായിരുന്നു. നിശ്ചിത സമയംവരേക്കും ചുണ്ണാമ്പ് നെറ്റിയിൽ കണ്ടില്ലെങ്കിൽ മുഖത്താകെ പുരട്ടി വലിയ ശിക്ഷയായിരിക്കും കൊടുക്കുക. നീറ്റലെല്ലാം ലിയാഖത്തലി സഹിച്ചു. പക്ഷേ അയാൾക്ക് താങ്ങാനാവാത്ത ഒരു ജോലിയുണ്ടായിരുന്നു. കടൽച്ചൊരുക്ക് കാരണം ഉരുവിലാകെ ഛർദിച്ചുെവക്കുന്ന ചില കൂട്ടരുണ്ട്. അവരുടെ ഛർദിലെല്ലാം ചൂലുകൊണ്ടടിച്ച്, പാളയിലേക്കാക്കി കടലിലേക്ക് കോരി ഒഴിവാക്കൽ വല്ലപ്പോഴും ലിയാഖത്തലിയുടെ ചുമതലയായിരുന്നു.
“ന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചാല് പടച്ചോൻ ങ്ങളോട് പൊറുക്കൂല...” മൂക്കും വായും പൊത്തിയും ഓക്കാനിച്ചും ഛർദിൽ കോരിയെടുത്ത് കടലിലേക്കെറിയുമ്പോൾ അയാൾ ഇടർച്ചയോടെ പറഞ്ഞു.
അത്തരത്തിലുള്ള വിവിധ അനുഭവങ്ങളോടെ, ലിയാഖത്തലിയുടെ ഉരുജീവിതം അതിവേഗം കൊല്ലങ്ങൾ പിന്നിട്ടു. സുന്ദരവും വിചിത്രവുമായ പല പല കാമനകൾ നിറഞ്ഞ, യൗവനത്തിന്റെ അതിശയലോകത്തേക്ക് അയാൾ തിടുക്കത്തോടെ നടന്നെത്തി.
ലിയാഖത്തലിക്ക് തീർത്തും സ്വകാര്യമായ ചില പരാതികളുണ്ടായിരുന്നു. കടൽപ്പരപ്പിലൂടെ യാത്ര ചെയ്തിട്ടും, പളപളാ ലങ്കുന്ന ബോംബെ നഗരം കണ്ടിട്ടും, പലതും നേരിട്ടറിയാനോ അനുഭവിക്കാനോ സാധിച്ചിട്ടില്ല. മിക്കതും കേട്ടുകേൾവികൾ മാത്രമായി അവശേഷിക്കുകയാണ്. സായിപ്പന്മാരുടെ ഭാഷയിലുള്ള പാട്ടിനൊപ്പിച്ച്, അതീവ മൊഞ്ചത്തിമാരായ പെണ്ണുങ്ങൾ ശരീരമിളക്കി തുള്ളുന്ന സ്ഥലങ്ങളുണ്ടെന്ന് അയാളോട് ഉരുവിലെ ഒരു പണിക്കാരൻ പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെയെന്നോ എങ്ങനെ അവിടേക്ക് എത്താമെന്നോ പറഞ്ഞുതരാൻ ആരുമില്ല. അതു മാത്രമല്ല, എന്തെങ്കിലുമൊന്ന് കാണണമെന്നോ കേൾക്കണമെന്നോ തോന്നുമ്പോൾ ഉടനടി ഉമ്മ ഉള്ളിലിരുന്നു മന്ത്രിക്കാൻ തുടങ്ങും.
‘‘മാനേ, ലിയാഖത്തല്യേ, ഹറാം പെറപ്പൊന്നും കാട്ടര്ത്ട്ടോ...’’
ചരസ്സ് അയാളെ പൂർണമായും ഭ്രമിപ്പിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഒരിക്കൽ, നിറയെ മരത്തടികളുമായി ബോംബെയിലേക്ക് പുറപ്പെട്ട ഉരുവിൽ ലിയാഖത്തലിയും ഉണ്ടായിരുന്നു. ഉരുവിന്റെ അടിഭാഗത്തെ പലക ഇളകിപ്പൊട്ടിയത് കാരണം തുറമുഖത്ത് രണ്ട് ദിവസം നിർത്തിയിടേണ്ടി വന്നു. തക്കം പാർത്തുനിന്ന ലിയാഖത്തലി, ഖലാസിയുടെ കണ്ണുവെട്ടിച്ച്, ചരസ്സ് വിൽക്കുന്ന പീടികയിലേക്ക് കൂട്ടാളിയായ പോക്കറിനൊപ്പം അന്നാദ്യമായി പോയി.
ഉള്ളിൽ വലിയ ബേജാറായിരുന്നു. മൊയ്ല്യാർ, ഓത്തുപള്ളിയിൽ െവച്ച് പറഞ്ഞു പഠിപ്പിച്ചതനുസരിച്ച്, ചരസ്സും കള്ളും ഒക്കെ പാടില്ലാത്തതാണെന്ന് ലിയാഖത്തലിക്ക് നല്ല തീർച്ചയാണ്. വെറ്റിലയിൽ നൂറുതേച്ച്, പുകയിലയും അടക്കയും കൂട്ടി ചവയ്ക്കുന്നത് കൈയോടെ കണ്ടുപിടിച്ചയന്ന് വാപ്പ പൊതിരെ തല്ലിയിട്ടുണ്ട്. പച്ച ഈർക്കിളിയിട്ട് കുത്തി, പല്ലിന്റെ ഇടയിൽപിടിച്ച കറ അന്ന് പോക്കിത്തന്നത് ഉമ്മയാണ്. ഉമിക്കരി വിരലിലിട്ട് അമർത്തി പല്ലു തേച്ചും തന്നു. അമ്പതുവട്ടം വായ കൊപ്ലിപ്പിച്ചു. വീടിന്റെ അകത്തുപോയി ഖുർആൻ എടുത്തു കൊണ്ടുവന്നു. സൂറത്ത് യാസീൻ തുറന്നു.
“സത്യം ചെജ്ജ്, ഇമ്മാതിരി ചെയ്ത്തൊന്നും ന്റെ കുട്ടി ഇഞ്ഞി ചെയ്യൂലാന്ന് പടച്ചോന്റെ പേരില് സത്യം ചെജ്ജ്. മുസ്ഹഫ് തൊട്ട് ചൊല്ല്…” തട്ടത്തിന്റെ കോന്തലകൊണ്ട് ഉമ്മ മൂക്കുചീറ്റി.
ചരസ്സിന്റെ പീടികയിലെത്തിയപ്പോൾ ലിയാഖത്തലിക്ക് ഉമ്മയെ ഓർമവന്നു. മനസ്സ് വെരുത്തപ്പെട്ടു. അന്ന് സത്യം ചെയ്തപ്പോൾ, ബുദ്ധിപൂർവം മുസ്ഹഫ് തൊടാതിരുന്നത് എന്തുകൊണ്ടും നന്നായി എന്ന് തോന്നി. പീടികക്കകത്ത് നിറച്ചും തങ്ങളെപ്പോലുള്ള ചെറുപ്പക്കാരെ കണ്ടതും കട്ടിയിൽ വളർന്നുവരുന്ന മീശമേൽ ലിയാഖത്തലിയും പോക്കറും ഗർവോടെ തടവി. തിരക്കൊഴിഞ്ഞപ്പോൾ, വിൽപനക്കാരൻ അവർക്കരികിലേക്ക് വന്ന് ചരസ്സ് ഉള്ളിലേക്കെടുക്കുന്ന രീതി കാണിച്ചുകൊടുത്തു.
വിരലറ്റത്ത് ഒരു ബീഡി കത്തിച്ചുെവച്ചിട്ടുണ്ട്. എന്നിട്ട് മുഷ്ടി ചുരുട്ടി, കടപ്പുറത്തു കാണുന്ന ശംഖൂതുന്ന പോലെ, ആ കൈചുരുട്ടിലേക്ക് വാ െവച്ച് ശക്തിയായി ഉള്ളിലേക്ക് വലിച്ചു. കത്തിച്ചുെവച്ച ബീഡിയിൽ തീ എരിയും, അണയും. പുകയെടുത്ത നിർവൃതി അയാളുടെ കണ്ണുകളിൽ. ഇതേ പടി ലിയാഖത്തലിയും പോക്കറും മാറിമാറി ചെയ്തു. ആദ്യമെല്ലാം അൽപം ബുദ്ധിമുട്ടി. എന്തൊക്കെയോ മാറ്റങ്ങൾ തങ്ങളുടെ ഉള്ളിൽ നടക്കുന്നതായി ലിയാഖത്തലിക്കും പോക്കറിനും മനസ്സിലായി. പേരു ചൊല്ലി വിളിക്കാനാവാത്ത എന്തോ ഒരുതരം സുഖമവരെ തഴുകി.
സ്ത്രീകളുമായി ഇണചേരാൻ പറ്റിയ ഒരു സ്ഥലത്തെക്കുറിച്ച് ചരസ്സ് വിൽപനക്കാരൻ അവരോട് സ്വകാര്യമായി പറഞ്ഞു. അങ്ങോട്ടേക്കുള്ള വഴി കൈവെള്ളയിൽ ചൂണ്ടുവിരൽകൊണ്ട് രേഖപ്പെടുത്തി വിശദീകരിച്ചു കൊടുത്തു. അയാൾ പറഞ്ഞ സ്ഥലത്തിന്റെ പേര് വ്യക്തമായും ലിയാഖത്തലി കേട്ടു. കാലണയാണ് മുടക്ക്. ഹൂറികൾക്കുവേണ്ടി അത്ര പണം ചെലവാക്കുന്നതിൽ കുഴപ്പമൊന്നും തോന്നിയില്ല എങ്കിലും, ഇരുവരും മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, അടുത്ത ലക്ഷ്യം അതാണെന്ന് ഉടനടി ലിയാഖത്തലി മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ചരസ്സ് നൽകിയ സുഖത്തിന്റെ ആലസ്യത്തിലാണ് പിറ്റേനാൾ അവർ ഉരുവിൽ കയറി സ്വദേശത്തേക്ക് പുറപ്പെട്ടത്.
ഉരു പക്ഷേ, വിചാരിച്ച മാതിരി തീരം കണ്ടില്ല. രാത്രിയിൽ, കരയെത്തുന്നതിനും കേവലം നാഴികകൾക്കു മുമ്പേ വീശിയ അത്യുഗ്രൻ വൃശ്ചികക്കാറ്റിൽപെട്ട് ഉരു ആടിയുലഞ്ഞു. ഉറപ്പിച്ചുെവച്ച, അടിഭാഗത്തെ പലക വീണ്ടുമിളകി. കടൽവെള്ളമാകെ ചളിനിറമായി. കടൽപ്പാമ്പുകൾ അതിൽക്കിടന്ന് പുളയുന്നത് ഭയത്തോടെ കണ്ടു, ലിയാഖത്തലിയും പോക്കറും. അവർ പരസ്പരം കെട്ടിപ്പിടിച്ച് ആർത്തു കരഞ്ഞു. ഉരുവിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായി. പലകകൾ ഓരോരോ ഭാഗത്തുനിന്നായി പൊളിഞ്ഞടരാൻ തുടങ്ങി. കാറ്റിന്റെ ശക്തിയിൽ പായ ആടിയുലഞ്ഞു, എട്ടായി ചീന്തി. ചന്ദ്രനു ചുറ്റും അസാധാരണമായ രീതിയിലുള്ള വളയം ദൃശ്യമായി. ഒടുങ്ങാതെ, കാറ്റ് അതിക്രൂരമായി. കാറ്റിന്റെ രൂപത്തിലെത്തുന്നത് ഇബ് ലീസാണത്രേ! അതിനെ ആട്ടിയകറ്റാൻ ഉരുവിലെ പണിക്കാർ ഉറക്കെ ബാങ്ക് വിളിക്കാൻ തുടങ്ങി. മരണത്തെ മുന്നിൽക്കണ്ട അവർ, പരസ്പരം കെട്ടിപ്പിടിച്ച് സലാം ചൊല്ലി പൊരുത്തപ്പെടീച്ചു. ഇതെല്ലാം കണ്ട് കിടുകിടാ വിറച്ച ലിയാഖത്തലിക്ക് ഉമ്മയെ ഉടൻ കാണാൻ തോന്നി. മുസ്ഹഫ് തൊട്ടെന്ന് നടിച്ച് കള്ളസത്യം ചെയ്തതിന് പടച്ച തമ്പുരാൻ തനിക്ക് തന്ന ശിക്ഷയാണ് ഈ കാറ്റും കോളും എന്ന് ലിയാഖത്തലി ഉറപ്പിച്ചു. ഉറക്കെ കരഞ്ഞുകൊണ്ട് അവൻ പടച്ചവനോട് പൊറുക്കലിനെ തേടി.
“ആരും പതറണ്ട, ന്തേലും ഒരു വഴിണ്ടാവും...”

ധൈര്യത്തോടെ അപ്രകാരം പറഞ്ഞ ഖലാസിയുടെ നിർദേശപ്രകാരം, കാറ്റ് ശകലമൊന്ന് ഒതുങ്ങിയപ്പോൾ, പോക്കർ പായ മാറ്റിക്കെട്ടാനൊരുങ്ങി. പോവേണ്ടെന്ന് ചൊല്ലി ലിയാഖത്തലി അവന്റെ കൈക്കുഴയിൽ അമർത്തിപ്പിടിച്ചു. അത് കേൾക്കാൻ കൂട്ടാക്കാതെ, ‘‘ജ്ജ് ബേജാറാവണ്ടാ’’ എന്നും പറഞ്ഞ് പോക്കർ പാമരത്തിലേക്ക് ഒരുവിധത്തിൽ വലിഞ്ഞുകയറി. തെല്ലൊരനക്കം ഇടത്തേക്ക് നീങ്ങിയപ്പോൾ, സഹായത്തിനായി കൂടെയുണ്ടായിരുന്ന ആളുടെ കാലിൽ തടഞ്ഞ് പോക്കർ കടലിലേക്ക് പതിച്ചു. ഒറ്റയലർച്ചയായിരുന്നു ലിയാഖത്തലി. ഒട്ടും വൈകിക്കാതെ, ആരോ ഒരാൾ കയറെടുത്ത് കടലിലേക്ക് നീട്ടിയെറിഞ്ഞു. പക്ഷേ കൊടും കാറ്റിൽപ്പെട്ടുഴറി, ചുറ്റിവളഞ്ഞ് കയറിന്റെ മറ്റേയറ്റം ഉരുവിലേക്ക് തന്നെ പതിച്ചു. എല്ലാവർക്കും അരനിമിഷം ഒച്ചയില്ലാതെയായി. പിന്നെ, പായ കെട്ടാനായി മറ്റൊരാൾ മുകളിലേക്ക് കയറി. കാറ്റിനെ വകഞ്ഞുമാറ്റിക്കൊണ്ട്, ഉരു വീണ്ടും ഓളത്തിനു മീതേ വന്യമായി ചലിച്ചു. “സാരല്ല. ഒക്കെ സഹിക്കന്നെ. അനക്കറിയൂലേ, ക്ഷമ വിശ്വാസത്ത്ന്റെ ഭാഗാണ്. അങ്ങനുള്ളോരുടെ ഒപ്പേ പടച്ചോൻണ്ടാവൂ…”
ഖലാസി വന്ന് മെല്ലെ ലിയാഖത്തലിയുടെ തോളിൽ തൊട്ടു. ലിയാഖത്തലിക്കുള്ളിൽ അപ്പോളൊരു മയ്യിത്തു കട്ടിൽ ഉരുവംകൊണ്ടു; അതിനുള്ളിൽ ചുണ്ടിലൊരു ചെറുചിരിയുമായി ഉറങ്ങിക്കിടക്കുന്ന പോക്കറും. അങ്കലാപ്പോടെ അയാൾ വേഗം കണ്ണു തുടച്ചു. ചുഴലിപോലെ ഓടിപ്പായുന്ന മേഘങ്ങളെ നോക്കി ഉടയ തമ്പുരാനോട് ശബ്ദമില്ലാതെ കേണു, പോക്കറിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണേ എന്ന്. പിന്നെ നടന്നത് ഒന്നും ലിയാഖത്തലിക്ക് ഓർമയില്ല, തലക്കു മുകളിലൂടെ ആകാശം തിടുക്കത്തിലൊന്ന് കറങ്ങിയതല്ലാതെ! പിന്നീട് ഒരിക്കലും ലിയാഖത്തലി ബോംബെ നഗരത്തിൽ ഇറങ്ങിയില്ല. ഉരുവിൽ പക്ഷേ പിന്നെയും കയറി. പണിക്കാരനായല്ല, യാത്രക്കാരനായി. അതും സൗദി അറേബ്യയിലേക്ക് മരത്തടികൾ കയറ്റിപ്പോയ ഒരു ഉരുവിൽ!