കിള


രണ്ടാം കെട്ടിന്റെ സമയത്ത്, ഉമ്മച്ചിയുടെ പുതിയ ഭർത്താവ് ഒറ്റ നിബന്ധനയേ െവച്ചുള്ളൂ, രണ്ടു പെൺകുട്ടികളിൽ ഒരുവളെ മാത്രമേ കൂടെ കൂട്ടാവൂ എന്ന്. അയാൾക്കൊപ്പം, ജഹനാരയുടെ മാത്രം കൈ പിടിച്ചിറങ്ങാൻ ഉമ്മച്ചിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സേബയെന്നും ഉപ്പയെ സ്നേഹിച്ചതിനാൽ, ഉമ്മച്ചിയുടെ കണ്ണിലെ കരടുതന്നെയായിരുന്നു. സേബ എന്നേയറിഞ്ഞതാണ്, ഈ ലോകത്ത് ഒരു മാതാവിനും തന്റെ എല്ലാ മക്കളെയും ഒരുപോലെ കാണാനുള്ള കണ്ണ് ഉടയതമ്പുരാൻ കൊടുത്തിട്ടില്ലെന്ന്! തനിക്ക് ജന്മം തന്നതുതന്നെ വലിയ ഒരു അബദ്ധമായിരുന്നുവെന്നാണ് ഉമ്മച്ചിയുടെ വിചാരം –സേബക്കങ്ങനെ തോന്നാറുണ്ട്. അതിനു കാരണം ഉമ്മച്ചീമ്മ ഒരിക്കൽ...
Your Subscription Supports Independent Journalism
View Plansരണ്ടാം കെട്ടിന്റെ സമയത്ത്, ഉമ്മച്ചിയുടെ പുതിയ ഭർത്താവ് ഒറ്റ നിബന്ധനയേ െവച്ചുള്ളൂ, രണ്ടു പെൺകുട്ടികളിൽ ഒരുവളെ മാത്രമേ കൂടെ കൂട്ടാവൂ എന്ന്. അയാൾക്കൊപ്പം, ജഹനാരയുടെ മാത്രം കൈ പിടിച്ചിറങ്ങാൻ ഉമ്മച്ചിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സേബയെന്നും ഉപ്പയെ സ്നേഹിച്ചതിനാൽ, ഉമ്മച്ചിയുടെ കണ്ണിലെ കരടുതന്നെയായിരുന്നു. സേബ എന്നേയറിഞ്ഞതാണ്, ഈ ലോകത്ത് ഒരു മാതാവിനും തന്റെ എല്ലാ മക്കളെയും ഒരുപോലെ കാണാനുള്ള കണ്ണ് ഉടയതമ്പുരാൻ കൊടുത്തിട്ടില്ലെന്ന്! തനിക്ക് ജന്മം തന്നതുതന്നെ വലിയ ഒരു അബദ്ധമായിരുന്നുവെന്നാണ് ഉമ്മച്ചിയുടെ വിചാരം –സേബക്കങ്ങനെ തോന്നാറുണ്ട്. അതിനു കാരണം ഉമ്മച്ചീമ്മ ഒരിക്കൽ കണ്ണീരോടെ ചൊല്ലിക്കേൾപ്പിച്ച ഒരു കഥയാണ്.
മാസം തികയാതെയാണ് അവളെ പെറ്റത്. ഒരു മുതുപ്പാതിര നേരത്ത്, വേദനയിളകി തുടകൾക്കിടയിലൂടെ കൊഴുത്ത വെള്ളമൊലിച്ചപ്പോൾ, ചുണ്ടുകൾ കടിച്ചമർത്തി നൊമ്പലം ഒതുക്കുകയാണ് ഉമ്മച്ചി ചെയ്തത്. കട്ടിലിൽ, ഉമ്മച്ചിയോട് പറ്റിച്ചേർന്നുറങ്ങിയ കുഞ്ഞു ജഹനാരയോ, തറയിലിട്ട പുൽപ്പായയിൽ ചുരുണ്ടു കിടന്നുറങ്ങിയ ഉപ്പയോ യാതൊന്നുമറിഞ്ഞില്ല. കട്ടിലിനടിയിലെ കടലാസുപെട്ടിയിൽനിന്ന് കുറച്ചു ശീലക്കഷണങ്ങൾ ചുരുട്ടിയെടുത്തശേഷം, ഒരു വിധത്തിൽ നടന്ന് ഉമ്മച്ചി അടുക്കളയിലേക്കെത്തി. വീതനപ്പുറത്തെ കനലിൽ എപ്പോഴും ചൂടുകാഞ്ഞുകൊണ്ടിരിക്കാറുള്ള മൺകുടത്തിൽനിന്നൊരു കവിൾ വെള്ളമെടുത്തു കുടിച്ചു. വേദന സഹിക്കവയ്യാതായപ്പോൾ ഉണക്കവിറകുകൾ കൂട്ടിയിട്ടതിന്റെ പുറത്തു മെല്ലെ കിടന്നു. ബദ്രീങ്ങളെ വിളിച്ച് സഹായം തേടിയപ്പോഴും ഒന്നൊച്ച െവച്ച് ഉപ്പയെ ഉണർത്താൻ ഉമ്മച്ചിയുടെ പെൺപോരിമ സമ്മതിച്ചില്ല. ഒരു ചാപിള്ളയെ തന്നെയായിരിക്കാം താൻ പെറ്റിടുക എന്ന വിചാരത്തോടെ, കൈയിലെ ഉണ്ടത്തുണി വായിലേക്ക് തിരുകി വേദനയെ വിഴുങ്ങി.
അള്ള തന്റെ അമ്പിനാലേ ആദരിത്ത് അമയ്ത്തേ ഹാത്തിം അന്നബിന്റെ മകൾ ഫാത്തിമാബീ... പെറ്റേ
നിജമേ ഫേറ്റിൻ നോമതിയിൽ കുട്ടി തല അടിത്തേ...
ജഹനാരയെ പെറ്റ വേളയിൽ, ഒസ്സാത്തി ഈണത്തിൽ ചൊല്ലിയിരുന്ന ‘നഫീസത്തുമാല’യിലെ വരികൾ ഉമ്മച്ചിക്ക് കാണാപ്പാഠമായിരുന്നു. പഴയ പ്രസവനേരത്തിന്റെ ഓർമകളോടെ ഉമ്മച്ചി മാലയിലെ വരികൾ മനസ്സിൽ പുലമ്പി. നേരം നീങ്ങി.
മണിക്കൂറുകൾ നീണ്ട ഒച്ചയില്ലാ സഹനങ്ങൾക്കിപ്പുറം, ഇരുട്ടിൽ നേർത്ത ഒരു കരച്ചിൽ മുഴങ്ങി. പുതുരക്തത്തിന്റെ മണം ജനിച്ചു. കിടന്ന കിടപ്പിൽ, തുട കവച്ച്, ഉമ്മച്ചി ചോരപ്പൈതലിനെ കൈയിലെടുത്തു. ‘‘പണ്ടാറടങ്ങാൻ... ഇതും പെണ്ണന്നെ’’ എന്ന്, ക്ഷീണിച്ച കണ്ണുകളോടെ അതിന്റെ തുടയുടെ മധ്യഭാഗത്തേക്ക് നോക്കിക്കൊണ്ട് പുലമ്പി.
വിറകുകളുടെ സമീപത്തുണ്ടായിരുന്ന മൂർച്ചയുള്ള അരിവാക്കത്തിയെടുത്ത്, സേബയെ ഉടലിൽനിന്ന് അറപ്പോടെ ഉമ്മച്ചി അറുത്തുമാറ്റി. തുപ്പലിൽ നനഞ്ഞ ഉണ്ടത്തുണികൊണ്ട് ചോരപ്പൈതലിനെ ഒന്നു പൊതിഞ്ഞ്, വീതനപ്പുറത്തേക്കുെവച്ചു. ചോരയിൽ പുതഞ്ഞ വിറകുകൊള്ളികളുടെ മീതെ മലർന്നു കിടന്ന് ഉമ്മച്ചി നന്നായൊന്ന് മയങ്ങി.
സേബയോർക്കും, എന്തൊക്കെയാണെങ്കിലും ഉമ്മച്ചി തന്നോട് കരുണ കാണിച്ചുവല്ലോ എന്ന്. മാറിന്റെ മിടിപ്പിലേക്കു ചേർത്തുെവച്ചില്ലെങ്കിലും, വീതനപ്പുറത്തിന്റെ ചൂടിലേക്ക് എടുത്തുെവച്ചതുകൊണ്ടാണല്ലോ ഉറുമ്പുകൾക്ക് ഭക്ഷണമാവാതെ, മണിക്കൂറുകൾ കഴിഞ്ഞ് ഉപ്പയുടെ കണ്ണിൽപ്പെടാൻ തക്കവണ്ണം തന്റെ ഉയിര് ബാക്കിയുണ്ടായതെന്ന്. ചില മനുഷ്യർ, എത്ര ക്രൂരരുമാവട്ടെ, പലപ്പോഴും അവർപോലുമറിയാതെ െവച്ചുനീട്ടുന്ന കനിവിന്റെ ബാക്കിപത്രമായേക്കാം മറ്റു പലരുടെയും ജീവിതം!
* * *
നാൽപത്തിമൂന്നുകാരിയായ ജഹനാര മിടുക്കിയായ ഒരു ആർക്കിടെക്ടാണ്. പഠനശേഷം, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രഗല്ഭരായ ആർക്കിടെക്ടുമാരുടെ കീഴിൽ ജോലിയെടുത്ത അനുഭവസമ്പത്തുണ്ട്. സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിൽ പോയി വാസ്തുവിദ്യയിലുള്ള കഴിവിന്റെ മികവുകൂട്ടി. പട്ടണത്തിലെ ഒട്ടുമിക്ക പ്രമുഖരുടെയും കൊട്ടാരതുല്യമായ പാർപ്പിടങ്ങൾ ഒരുങ്ങിയതിന്റെ പിന്നിൽ ജഹനാരയുടെ കൈകളുണ്ട്. തങ്ങളുടെ വീടുകളുടെ നിർമാണത്തെക്കുറിച്ച് അവളുടെ അഭിപ്രായമറിയാൻ ഓഫീസിൽ ആൾക്കാർ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതെല്ലാം സംഭവിച്ചത് മുപ്പത്തിയെട്ടു വയസ്സിനുള്ളിലാണ്.
മനുഷ്യരുടെ ജീവിതമാകെ മാറ്റിമറിക്കാൻ കോവിഡ് എത്തിയപ്പോഴാണ് സംഗതിയാകെ അലങ്കോലപ്പെട്ടത്. കണ്ടാമിനേഷൻ ഓസിഡി എന്ന ചെല്ലപ്പേരുള്ള ജഹനാരയുടെ വൃത്തിരോഗം അങ്ങു മൂർധന്യാവസ്ഥയിലെത്തി. സോപ്പിട്ട് കഴുകിക്കഴുകി കൈവെള്ള ചുകചുകാന്നായി. തൊലി പൊളിഞ്ഞു ചോരയൊലിച്ചു. നഖം തേഞ്ഞു പൊട്ടി. പൂർണമായും സ്പൂണും ഫോർക്കും ഉപയോഗിച്ചിട്ടായി ആഹാരം കഴിപ്പ്. പക്ഷേ, മറ്റേതെങ്കിലും തരത്തിൽ ശരീരത്തിനുള്ളിലെത്തിയേക്കാവുന്ന വൈറസുകളെക്കുറിച്ചോർത്തായി പിന്നീട് അവളുടെ ആധി.
സ്വതേ ഒരാളെയും അടുപ്പിക്കാത്ത പ്രകൃതമായതിനാൽ, ഈ മാറ്റങ്ങളും ആരാരും അറിഞ്ഞില്ല. ആകെ അറിയാൻ സാധിക്കുമായിരുന്ന സുബൈറെളാപ്പ, കോവിഡ് പ്രത്യക്ഷപ്പെടുന്നതിനും ഒന്നരക്കൊല്ലം മുമ്പ് ഉറക്കത്തിൽ മരിച്ചുപോവുകയുംചെയ്തു.
ഉറങ്ങാൻപോലും സാധിക്കാത്ത രീതിയിൽ അണുഭീതി ജഹനാരക്കുള്ളിൽ പടർന്നുപിടിക്കവേയാണ് ലോകം വീണ്ടും പഴയപടിയാവാൻ തുടങ്ങിയത്. എല്ലാവർക്കും എല്ലാം പഴയ ജീവിതത്തിന്റെ ആവർത്തനങ്ങളായി. അവൾ മാത്രം, പക്ഷേ, പുതിയൊരാൾ –വൃത്തിഭൂതത്തെ കുടിയൊഴിപ്പിക്കാനായി മുടിപോലും കളഞ്ഞ ഒരുത്തി!
അതിനുശേഷം ജഹനാര ആദ്യം ചെയ്തത്, നഗരത്തിന്റെ കണ്ണായ ഭാഗത്ത് ഏറെ കൊതിയോടെ പണിത പുരാതന മാതൃകയിലുള്ള വീട് വിൽക്കലാണ്. കണ്ടാൽ ആരുമൊന്ന് നോക്കിപ്പോവുന്ന പുരയായിരുന്നു അത്. സിനിമാക്കാരും വ്യവസായികളും അതിന്റെയുള്ളൊന്ന് കാണാൻ പലനിലക്കും അവളെ സമീപിച്ചിട്ടുണ്ട്. ഒട്ടും ഒഴിവാക്കാൻ പറ്റാത്തവരുടെ ശിപാർശകളുമായി വിളികളെത്തുമ്പോൾ മാത്രം, അവൾ മടിച്ചു മടിച്ചാണെങ്കിലും വന്നുകാണാനുള്ള അനുമതി കൊടുത്തു.
വീടു കാണാൻ വരുന്നവർ, നിർമിതിയുടെ കാര്യങ്ങളെപ്പറ്റി അന്വേഷിക്കുമ്പോഴും, അവർ എവിടെയെങ്കിലും തൊടുന്നുണ്ടോ, ചാരുന്നുണ്ടോ, ഇരിക്കുന്നുണ്ടോ എന്നെല്ലാം നോക്കലാണ് ജഹനാരയുടെ പ്രധാന ജോലി. അവരിറങ്ങിക്കഴിഞ്ഞാൽ, കീടാണുക്കളാൽ തിങ്ങിനിറഞ്ഞ ഒരു വീടിന്റെ രൂപം അവൾക്കുള്ളിൽ ഉടലെടുക്കും. പിന്നെ, സഹായിയായ സംഗീതക്കാണ് മെനക്കേട്. ഉടനടി സംഗീതയെ വിളിപ്പിക്കും. പിന്നെ, വീടാകമാനം ഡെറ്റോൾ തളിച്ചു തുടക്കലാണ്. ഒരു മുക്കോ മൂലയോപോലും അണുനാശിനിയേൽക്കാത്തതായിട്ട് ഇല്ലെന്ന് പലയാവർത്തി നോക്കി ഉറപ്പുവരുത്തും. ജഹനാര വീടുവിൽപന നടത്തിയത്; അതിനായി മുടക്കിയതിനേക്കാൾ ഇരട്ടി പൈസക്കാണ്. വാങ്ങിയത്, കുഞ്ഞിമുഹമ്മദ് ഡോക്ടർ.
വല്ലപ്പോഴുമൊന്ന് ഉമ്മച്ചിയെ ചെന്നുകാണുക മാത്രം ചെയ്തു ജഹനാര ഒതുങ്ങിക്കഴിഞ്ഞു. പുതിയ േപ്രാജക്ടുകളൊന്നും ഏറ്റെടുക്കാതെ, തിരക്കുകളിൽനിന്നെല്ലാം മാറി, വയലിനോരത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ ഒന്നിലേക്ക് അവൾ കുടിയേറി; ഏറ്റവും മുകളിലത്തെ നിലയിലേക്ക്. മിതമായി മോടി പിടിപ്പിച്ച, അടുക്കളയിലെ തിണ്ടു മുതൽ കട്ടിൽ വരെ വെള്ളയാൽ മാത്രം നിറഞ്ഞ ഒരു കൊച്ചു ആവാസവ്യവസ്ഥയിലേക്ക് ചുരുങ്ങി. തീർത്തും ഒറ്റക്കെന്ന് പറഞ്ഞാൽ ഒരു വർഷം മുമ്പ് വരെ ശരിയായിരുന്നു.
ഇപ്പോൾ പക്ഷേ അങ്ങനെയല്ല, സേബയും ലാദുവുമുണ്ട് കൂടെ. ഡോർബെൽ ശബ്‌ദിച്ചത് പെട്ടെന്നാണ്. പജാമ എങ്ങും തട്ടാതെ ശ്രദ്ധിച്ചുകൊണ്ട് ജഹനാര വേഗം ചെന്ന് കതകുതുറന്നു. “നിന്നോട് പറഞ്ഞതല്ലേ അന്തിയാവുന്നേരം വരെ അലഞ്ഞുതിരിഞ്ഞു നടക്കരുതെന്ന്. എന്തെല്ലാം തരത്തിലുള്ള ആൾക്കാരാണ് ആ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും അടുത്തുകൂടിയെല്ലാം കറങ്ങുന്നതെന്ന് ആർക്കറിയാം! ക്ലിനിക്ക് നേരത്തേ പൂട്ടുന്നതല്ലേ?” ജഹനാര ഈർഷ്യ കാട്ടി.
“കുഞ്ഞിമുഹമ്മദ് ഡോക്ടർ ഇന്നിറങ്ങാൻ വൈകി. നീ പേടിക്കണ്ട, ഞാൻ കുളിയും നനയും കഴിഞ്ഞിട്ടേ എവിടെയെങ്കിലും ഒന്നിരിക്കൂ. അതുപോരെ?” ജഹനാരയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഇടനാഴിയിലൂടെ സേബ വേഗത്തിൽ നടന്നു. ‘ഓ, മതി, മതി’ എന്നു പറഞ്ഞുകൊണ്ടുള്ള ഒരു കുലുങ്ങിച്ചിരി അവൾക്കു മറുപടിയായി കിട്ടി.
“ലാദു ഉറങ്ങിയോ?” തിരിഞ്ഞു നോക്കിക്കൊണ്ട് സേബ ചോദിച്ചു.
“ഒന്പതുമണി എന്നൊരു സമയമുണ്ടെങ്കിൽ അവനെ ഞാൻ ഉറക്കിയിരിക്കും മോളേ...” അന്നേരംകൊണ്ട് അടുക്കളയിലെത്തിയിരുന്ന ജഹനാര ഉറക്കെ വിളിച്ചു പറഞ്ഞു.
തനിക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കുറുമയും വിളമ്പിെവക്കുന്നത് കാണേ, സേബ അവളെത്തന്നെ അൻപോടെ നോക്കിനിന്നു. ഒരു മഴക്കാലത്ത് പുഴയിലേക്കിറങ്ങിപ്പോയ ഭീരുവായ മനുഷ്യനു ജനിച്ച രണ്ടു പെൺമക്കളാണല്ലോ തങ്ങളെന്ന് ഉള്ളുലച്ചിലോടെ അവളോർത്തു. അവൾക്കുള്ളിലെ ചിന്ത മനസ്സിലാക്കിയതുപോലെ ജഹനാര പുഞ്ചിരിച്ചു.
പിന്നീടൊരിക്കൽ, സുൽത്താനുമൊത്ത് ചോല മുറിച്ചു കടക്കുമ്പോൾ എന്തുകൊണ്ടോ സേബക്ക് ഉപ്പയെ കാണാൻ വല്ലാതെ കൊതി തോന്നിയിരുന്നു.
* * *
ക്ലിനിക്കുള്ള ദിവസങ്ങളിൽ സേബ തനിക്കായി എപ്പോഴും സമയം കണ്ടെത്താറുണ്ട്. വൈകിയ രാത്രികളിൽ അവൾ സ്കൂട്ടറോടിച്ച് പോകുന്ന ഒരു ഇടമുണ്ട് –ഏതിരുട്ടിലും മഞ്ഞച്ച വെളിച്ചം ഈയാംപാറ്റകളെക്കൂട്ട് പാറിക്കളിക്കുന്ന ഒരു തെരുവ്. നൂറ്റാണ്ടുകൾക്കുമുമ്പ് രാജ്യത്തിന്റെ വടക്കു ഭാഗത്തുനിന്ന് നഗരത്തിലേക്ക് ഒരു കൂട്ടർ എത്തി. അവർ കൂട്ടമായി ഒരു തെരുവിൽ പാർപ്പുറപ്പിച്ചു. പലതരം വ്യവസായങ്ങളിലേർപ്പെട്ട അക്കൂട്ടർ നഗരവാസികളുടെ ഒപ്പം കൂടി. ആഘോഷങ്ങളും പ്രാർഥനകളും എല്ലാം ഒരുമിച്ചായി. ഇന്നവിടെ പക്ഷേ, അവരവശേഷിപ്പിച്ച കുറേ നരച്ച കെട്ടിടങ്ങൾ മാത്രമാണുള്ളത്. പച്ചയും ചുവപ്പും മഞ്ഞയും നിറങ്ങൾ, മങ്ങാൻ കൂട്ടാക്കാതെ ഇപ്പോഴും ആ കെട്ടിടങ്ങളിൽ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. ഇരുവശങ്ങളിലും നീളത്തിൽ കിടക്കുന്ന കെട്ടിടങ്ങൾക്കു മധ്യേയാണ് ഇടുങ്ങിയ ആ തെരുവ്.
തെരുവു തുടങ്ങുന്നിടത്ത്, ഒറ്റക്കു വളരുന്ന ബദാം മരത്തിനു കീഴിൽ, സേബ സ്കൂട്ടർ നിറുത്തിയിടും. കുണ്ടുള്ള ഇരുമ്പു ചട്ടിയിൽ വിതറിയ ചൂടുള്ള മണലിലിട്ട്, കലമ്പലോടെ കടല വറുക്കുന്ന വയസ്സനും, ഐസൊരതി, കുടിക്കാൻ പറ്റിയ കോലത്തിലുള്ള പാനീയമാക്കി വിൽപന നടത്തുന്ന യുവാവുമടക്കം, ആ തെരുവിനെ ജീവൻ വെപ്പിക്കുന്ന നാനാജാതി മനുഷ്യർക്കിടയിലൂടെ അലസം അവൾ നടക്കും. ചുറ്റുമുയരുന്ന ആരവങ്ങളോ ബഹളങ്ങളോ ഒന്നും സേബയെ ഉലക്കില്ല. ഏകാകിയെന്നോണമാവും നടപ്പ്. എങ്കിലും, കൊഞ്ചിക്കളിക്കുന്ന കമിതാക്കളെയോ, സ്നേഹക്കൊതി കിനിയുന്ന നോട്ടത്തിനുടമകളായ ദമ്പതികളെയോ കാണുമ്പോൾ മാത്രം അവളുടെ ഹൃദയം ഒന്നാഞ്ഞു മിടിക്കും. പിന്നെ, അതിവേഗം പഴയ താളം വീണ്ടെടുക്കുകയുംചെയ്യും.
തെരുവിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ അവൾ നടക്കും; കെട്ടിടങ്ങളുടെ പഴമയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട്. അപ്പോഴെല്ലാം അവൾ ഉപ്പയെ ഓർക്കും. പണ്ടേതോ ഒരു വലിയ വീട്ടിലെ വേല കഴിഞ്ഞുമടങ്ങിവരുന്ന വഴി, ദിശതെറ്റി ഉപ്പ ഈ തെരുവിലൂടെ യാത്ര ചെയ്തിട്ടുണ്ട്. അന്നെന്തോ ആഘോഷരാവായിരുന്നുവത്രേ. മിന്നുന്ന ചേലയും ധോത്തിയുമണിഞ്ഞ്, തെരുവുനിറയെ മറ്റേതോ ഭാഷ സംസാരിക്കുന്ന ആൾക്കാർ. നിറവും വണ്ണവും കോലവും വേറെയായ മനുഷ്യരെക്കണ്ടതും ഉപ്പയാകെ അങ്കലാപ്പിലായി. ആ ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട്, എങ്ങനെയെങ്കിലും ഉടനടി പുറത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ, മുതുകു കൂടുതൽ വളച്ചുകൊണ്ട് ഉപ്പ വേഗത്തിൽ നടന്നു. കണ്ട ഇടുങ്ങിയ തുറസ്സുകളെല്ലാം തന്നെ പുറത്തേക്കിറക്കുമെന്നു കരുതിയ ഉപ്പക്കു പക്ഷേ തെറ്റിപ്പോയി. ഓരോ ഇടുക്കിലൂടെ കയറിയിറങ്ങിയപ്പോഴും, ആൾബഹളത്തിന്റെ മധ്യത്തിലേക്കു തന്നെയാണ് വീണ്ടും വീണ്ടും എത്തിക്കൊണ്ടിരുന്നത്. ഉപ്പയാകെ വിയർത്തു.

‘‘ഭയ്യാ...’’
പെട്ടെന്നാണ്, അലങ്കാരത്തൊപ്പിയും, വട്ടത്തിലുള്ള സ്വർണത്തൊങ്ങലുകൾ പിടിപ്പിച്ച നീളൻ പട്ടുകുപ്പായവുമിട്ട ഒരു സുമുഖൻ ഉപ്പക്ക് കുറുകെ ചാടിയത്. പാവം ഉപ്പ, വല്ലാതെ ഭയന്നുപോയി. ഭാഷയറിയാതെ കൈകൊണ്ട് എന്തൊക്കെയോ താളം കാട്ടി വിദൂരതയിലേക്ക് ഉപ്പ പകപ്പോടെ നോക്കി. പുഞ്ചിരിയോടെ അയാളൊരു ചെറിയ കടലാസുകൂട് അന്നേരം ഉപ്പയുടെ കൈയിൽ െവച്ചുകൊടുത്തു.
‘‘ഇതു കുറച്ച് മധുരമാണ്. കൊണ്ടുപോയി മക്കൾക്കും ഭാര്യയ്ക്കും കൊടുക്കൂ...’’
കേട്ടതു തന്റെ ദേശത്തിന്റെ മൊഴിതന്നെയായിരുന്നെങ്കിലും, അതിൽ മറ്റൊരു ഭാഷയുടെ കലർപ്പുണ്ടായതിനാൽ ഉപ്പക്ക് അയാൾ പറഞ്ഞതത്ര വ്യക്തമായില്ല. പക്ഷേ, അയാളുടെ വാക്കുകളിലെ അനൽപമായ സ്നേഹം പൂർണമായും മനസ്സിലാക്കുവാനും സാധിച്ചു. ഒരു കൈയിൽ ഉപ്പയുടെ വിരൽത്തുമ്പു കൊരുത്ത്, ഉന്മാദത്തോടെ കുത്തിമറിയുന്ന പുരുഷാരത്തിനപ്പുറത്തേക്ക് വിദഗ്ധമായി അയാൾ ഉപ്പയെ എത്തിച്ചു. ഉപ്പയൊന്ന് തിരിഞ്ഞുനോക്കിയ നേരംകൊണ്ട്, അയാൾ തിരിച്ച് ആ ബഹളത്തിലേക്കുതന്നെ ലയിച്ചു കഴിഞ്ഞിരുന്നു.
ഉപ്പ കൊണ്ടുവന്ന, വായിലിട്ടാൽ അലിഞ്ഞുപോവുന്ന തരിതരിയായുള്ള ആ മധുരക്കട്ടക്ക് നെയ്യിന്റെ ഗന്ധമായിരുന്നുവെന്ന് സേബക്ക് നല്ല ഓർമയുണ്ട്. പിന്നീടൊരിക്കലും അത്തരമൊരു രുചി അവളുടെ നാവറിഞ്ഞിട്ടില്ല. ക്ലിനിക്കിൽനിന്നിറങ്ങി ഓരോ വട്ടം തെരുവിലേക്ക് ഇറങ്ങുമ്പോഴും അവളുടെ മൂക്ക് അത്തരമൊരു ഗന്ധത്തെ കൊതിയോടെ തേടും. അതേസമയം തന്നെ ഉപ്പയെയോർത്ത് കണ്ണു നിറക്കുകയുംചെയ്യും. സേബ സദാ വിചാരിച്ചു, അതിരില്ലാത്ത ഈ ഭൂമിയിൽ ഇക്കണ്ട കാലമത്രയും പൊറുത്തിട്ടും, സന്താപവും ആനന്ദവും ഒരേപോലെ നൽകാൻ ഉപ്പയെന്നൊരു മനുഷ്യൻ മാത്രമാണല്ലോ തനിക്കുള്ളതെന്ന്!
എല്ലാ രാവുകളിലും ഒരേ ഓർമച്ചുമടും പേറി അവളാ തെരുവിലൂടെ നടന്നു. ഉപ്പമണം മൂക്കിൻതുമ്പിൽനിന്ന് ഉയരേക്ക് പറന്നൊഴിഞ്ഞാൽ മാത്രം ബദാം മരച്ചുവടു ലക്ഷ്യമാക്കി തിരികെ നടക്കും. ജഹനാരയെ എങ്ങനെ അഭിമുഖീകരിക്കുമെന്നോർത്ത്, ആൾക്കൂട്ടത്തിലൂടെ, ഒരിരമ്പത്തോടെ വണ്ടിയോടിച്ചുകൊണ്ടു പോവും.
* * *
ചെങ്കുത്തായ പാതകളിലൂടെയായിരുന്നു യാത്ര. ചിലയിടങ്ങളൊക്കെ ടാറിട്ടത്, ചിലവ മുട്ടൻകല്ലുകളാൽ നിറഞ്ഞത്. ഇരുവശങ്ങളിലും ഇടതിങ്ങി വളർന്നിരുന്നു പല ജാതി വൃക്ഷങ്ങൾ. സുൽത്താന്റെ കാറിനുള്ളിൽ ഖവാലി സംഗീതം മുഴങ്ങി. അതിനൊപ്പിച്ച് അയാളും മൂളി. സേബക്കിപ്പോൾ ഗസലും ഖവാലിയുമെല്ലാം താൽപര്യമാണ്. കുറേ പണിപ്പെട്ടാണ്, പഠനകാലത്ത് സംഗീതം ആസ്വദിച്ചിരുന്നവളായിരുന്നു താൻ എന്ന് സേബ സ്വയം ഓർത്തെടുത്തത്.
സംഗീതമെന്നല്ല, ഖുത്ബിന് ഒന്നും ഇഷ്ടമല്ലായിരുന്നു. അവൾ ഉറക്കെ ചിരിക്കുന്നതോ, കുറച്ചുനേരം ചാരുകസേരയിൽ ചാഞ്ഞുകിടന്ന് എന്തെങ്കിലും ആലോചിക്കുന്നതോ, ഒരു മൂളിപ്പാട്ട് പാടുന്നതോ, ഒന്നും… ആദ്യമെല്ലാം, അവൾക്കൊന്നും മനസ്സിലായില്ല. എല്ലാ ഭർത്താക്കന്മാരും ഖുത്ബിനെ പോലെയാണെന്നും, അവൻ രൂപപ്പെടുത്തുന്നമാതിരിയുള്ള ഒരു ഭാര്യയാവലാണ് ഇനി തന്റെ ധർമമെന്നും അവൾ നിനച്ചുപോന്നു. ഒച്ചയും അനക്കവും കേൾപ്പിക്കാതെ വില്ലക്കകത്തുകൂടെ നടക്കാൻ സേബ പരിശീലിച്ചു. അതു കാണേ, ഖുത്ബ് അഹങ്കാരത്തോടെ ഞെളിഞ്ഞിരുന്നു. അവൾക്ക് പക്ഷേ രതിക്രീഡകൾക്കിടെ ശബ്ദത്തെ അടക്കിവെക്കുക അസാധ്യമായിരുന്നു. അപ്പോഴെല്ലാം, അവൻ, ‘‘ശ്ശ്, മെല്ലെ, ശബ്ദമുണ്ടാക്കല്ലേ’’ എന്നൊക്കെ പരുഷമായി പറഞ്ഞു. അതോടെ, അവൾ അതും നിർത്തി.
“സേബാ... സേബാ, നീ കേൾക്കുന്നുണ്ടോ?”
അവളുടെ ചുമലിൽ സുൽത്താൻ മെല്ലെ തട്ടി. ഉറക്കം ഞെട്ടിയുണർന്നപോലെ സേബ അവനെ തുറിച്ചുനോക്കി. പാടുപെട്ടൊന്ന് പുഞ്ചിരിച്ചു.
“ഇനിയങ്ങോട്ട് വണ്ടികൾ പോവില്ല. നമ്മൾ കാർ ഇവിടെ നിറുത്തിയിടും. ആ ചോല കണ്ടില്ലേ? മുട്ടറ്റം വരെയേ വെള്ളം കാണൂ. അതു മുറിച്ചു കടന്നുവേണം ഇനി പോവാൻ...” മൺനിരത്തിനരികിലായി, കാട്ടുപുല്ലുകൾ തിങ്ങിവളർന്ന ഒരിടത്ത് അവൻ കാർ ഒതുക്കിനിർത്തി.
അൽപം ദൂരെയായി, തെളിനീരൊലിക്കുന്ന ചോല.
മിനുസമാർന്ന പാറക്കഷണങ്ങളിൽ തട്ടിത്തട്ടി ഒഴുകുന്നതിനാൽ ഇമ്പമുള്ള കളകള ഒച്ച. സേബക്ക് ഉപ്പയെ ഓർമവന്നു;
വെള്ളത്തിലിറങ്ങാൻ ഭയപ്പെട്ടിരുന്ന, നീന്തലറിയാത്ത ഉപ്പയെ!
* * *
വീടിനു മുന്നിലേക്ക് മയ്യിത്ത് കൊണ്ടുവന്നുെവച്ചപ്പോൾ, ഒരായുസ്സിൽ കുടിക്കേണ്ട വെള്ളം മുഴുക്കെ വലിച്ചു കുടിച്ചപോലെ വീർത്തിരുന്നു, ഉപ്പയുടെ ദേഹം. സേബ ജഹനാരയെയും ഉമ്മച്ചിയെയും മാറിമാറി നോക്കി. അകത്തെ മുറിയിലെ കട്ടിലിൽ ചുമരു ചാരിയിരിക്കുന്ന ഉമ്മച്ചിയുടെ മടിയിൽ തലെവച്ചു കിടക്കുകയാണ് ജഹനാര. പതിവില്ലാത്തവണ്ണം ഉമ്മച്ചി തലമറച്ചിരുന്നു. അവിടെ തനിക്കിടമില്ലെന്ന തോന്നലിൽ അവൾ വരാന്തയിലേക്ക് തന്നെ തിരിച്ചുനടന്നു.
ഒരു കട്ടിലിൽ വെള്ള പുതപ്പിച്ചു കിടത്തിയ ഉപ്പയുടെ തല ഭാഗത്തിരുന്നു രണ്ട് മുസ്‍ലിയാരു കുട്ടികൾ ഖുർആനോതുന്നുണ്ട്. മദ്റസയിലേക്കു പോകുന്ന വഴിയിൽെവച്ച് അവരെ കണ്ടുള്ള പരിചയമുണ്ട് സേബക്ക്. അതിലൊരാൾ കണ്ണുയർത്തി അവളെ നോക്കി. സേബ പുഞ്ചിരിച്ചു. എന്തോ പാടില്ലാത്തതു കണ്ടപോലെ, അയാൾ വേഗം ഖുർആനിലേക്ക് തന്നെ തലതാഴ്ത്തി.
വീടിനുള്ളിലും പുറത്തും അത്രയധികം പുരുഷന്മാരെ അന്നാദ്യമായാണ് സേബ കണ്ടത്. മരണമെന്നാൽ ആൾക്കൂട്ടമാണെന്ന ഒരർഥംകൂടി അവളുടെ ബുദ്ധിയിൽ അന്നുൾച്ചേർന്നു. ആരൊക്കെയോ വന്നു ചന്ദനത്തിരികൾ കത്തിച്ചു. സേബ കൊതിയോടെ മൂക്കു വലിച്ചു. മഗ്‌രിബിന്റെ നേരത്ത് കൊതുകിനെ പായിക്കാൻ ഉപ്പയും കത്തിച്ചുവെക്കൽ അതേ തിരികളായിരുന്നു. അവളോടിപ്പോയി ഉപ്പയെ ഒന്നു മണത്തു. ആ വരവിന്റെ കാറ്റൊച്ചയിൽ ഒന്നുരണ്ട് മണിയനീച്ചകൾ മയ്യിത്ത് വിട്ടുപറന്നു. അന്നേരം തന്നെയാണ് ആരോ മെല്ലെ മുതുകുപിടിച്ച് അവളെ പിന്നിലേക്ക് വലിച്ചതും. ‘‘കുട്ടി ഉള്ളിലേക്ക് പോയി ഇരിക്ക്’’ എന്നു പറഞ്ഞ് അയാൾ അകത്തേക്ക് കൈ ചൂണ്ടി. അവളത് അനുസരിച്ചില്ല, മുറ്റത്തേക്കിറങ്ങി.
നീലപ്പന്തലിന്റെ മേലാപ്പണിഞ്ഞ മുറ്റത്തിന് അന്നേവരെ അവൾ കണ്ടിട്ടില്ലാത്ത, വേറൊരു നിറമായിരുന്നു. ആ നിറം തന്റെ ദേഹത്തും പടരുന്നതായി സേബ ഭാവന ചെയ്തു. പന്തലിന്റെ ഒരു മൂലയിൽ, വന്നുപോവുന്നവരെയും, ഉപ്പയെക്കുറിച്ച് താടിക്ക് കൈെവച്ച് നല്ലതു പറയുന്നവരെയും നോക്കി സേബ നിശ്ശബ്ദം നിന്നു. മീൻ കൊത്തിയിട്ടാണ് ഉപ്പയുടെ വലതു കണ്ണിന്റെ ഭാഗത്ത് ഒരു വലിയ കുഴിയായത്, അതിനുള്ളിൽ എല്ലാവരും ചേർന്ന് പഞ്ഞി നിറച്ചതാണത്രേ. ആരുടെയോ അടക്കിപ്പിടിച്ചുള്ള പറച്ചിൽ കുഞ്ഞിക്കാതുകളിൽ പതിഞ്ഞപ്പോൾ അവളുടെയുള്ളിൽ കണ്ണീർ കുമിഞ്ഞുകൂടി.
“അസർ ബാങ്ക് ഇപ്പൊ കൊട്ക്കും. മയ്യിത്ത് എടുക്കാൻ നേരായി.”
ഒരു വയസ്സൻ മുസ്‍ലിയാർ പറയുന്നത് കേട്ടപ്പോൾ സേബ വരാന്തയിലേക്ക് പാളിനോക്കി. ജഹനാരയുടെ കൈപിടിച്ച് ഉമ്മ അങ്ങോട്ടേക്കു വന്നിട്ടുണ്ട്. ഭാവഭേദമൊന്നുമില്ലാതെ ഉപ്പയെ അൽപനേരം നോക്കിനിന്നശേഷം അകത്തേക്കുതന്നെ മടങ്ങി; ഒപ്പം, തട്ടത്തിന്റെ തുമ്പിൽ പിടിച്ചുകൊണ്ട് ജഹനാരയും. തന്നെ ആരും അന്വേഷിച്ചില്ലല്ലോ എന്നു സങ്കടപ്പെട്ടു സേബ. അധികം വൈകാതെ, ആരൊക്കെയോ ചേർന്ന് ഉപ്പയെ ചുമന്നു. അവരുടെ മുഖത്തെ ആയാസം കണ്ടപ്പോൾ, മൂന്നു കുഞ്ഞിക്കയിൽ കഞ്ഞി മാത്രം കുടിക്കുക പതിവുള്ള ഉപ്പക്കതിന് അത്രക്കൊന്നും കനമില്ലല്ലോ എന്നവളോർത്തു.
മയ്യിത്തു കട്ടിലെന്നാണ് അതിന്റെ പേരെന്ന് സേബക്ക് അറിയാം. അതിന്റെ നാലു കാലുകളും പിടിച്ച്, ഉള്ളിൽ ഉപ്പയെയുമായി ഒരു കൂട്ടം ആൾക്കാർ മുറ്റത്തേക്കിറങ്ങി. ‘‘ലാ ഇലാഹ ഇല്ലല്ലാഹ്...’’ എന്ന് അവർ ഉറക്കെ പറയുന്നുണ്ട്. കണ്ടുനിൽക്കയല്ലാതെ, മറ്റെന്തു ചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. ആ ഒച്ച സാവകാശം അകന്നുപോയി.
‘‘ഉപ്പനെ കൊണ്ടോവണ്ടാ’’ –ആർക്കും കേൾക്കാനാവാത്തത്ര പതുങ്ങിയ ഒച്ചയിൽ സേബ ചിണുങ്ങി. ഉപ്പയുടെ ചങ്ങാതിമാരിൽപെട്ട ആരോ ഒരാൾ വന്ന് അവളെ അണച്ചുപിടിച്ചു.
വീട്ടിലെ ആൾക്കൂട്ടം പതിയെ ശൂന്യമായി. മരണം അവശേഷിപ്പിച്ച ചെടിപ്പിക്കുന്ന മണം മാത്രം വിട്ടൊഴിയാതെ ഉമ്മറത്തു കൂടി കറങ്ങിത്തിരിഞ്ഞു. ഒടുക്കം വീശിയെത്തിയൊരു കാറ്റിൽ, ആ മണവും മെല്ലെയൊഴിഞ്ഞു. മുഖമൊന്നു തുടച്ച് ഏന്തിനോക്കിയപ്പോൾ, അകലേക്ക് മറയുന്ന മയ്യിത്തു കട്ടിലിന്റെ തുഞ്ചം അവൾ കണ്ടു. സേബക്ക് ഉപ്പയെ വീണ്ടും കാണാൻ തോന്നി. ചെളിവെള്ളം കെട്ടിനിന്ന ഇടവഴിയിലൂടെ, ഇടറിക്കൊണ്ട് അവളോടി. വെള്ള ഉടുപ്പിന്റെ പിറകു ഭാഗത്തെമ്പാടും ചെളിക്കുത്തുകളേറ്റു.

സേബ കിതച്ചൊന്നു നിന്നു. ലക്ഷ്യംവെച്ചയിടം എത്തിയിട്ടുണ്ട്. ഉടുപ്പിന്റെ അറ്റംകൊണ്ട് മൂക്കു തുടച്ചു. രാവിലെ പെയ്ത മഴയുടെ നനവിൽ നിൽക്കുന്നു പള്ളിപ്പറമ്പ്. അവിടം നിറയെ പറങ്കിമാവുകളാണ്. ആദ്യമായിട്ടാണ് അവൾ ഒറ്റക്ക് പള്ളിപ്പറമ്പിലേക്ക് കയറുന്നത്. രാത്രിയിൽ മദ്റസ കഴിഞ്ഞ്, ഉപ്പയുടെ വിരലുകളിൽ തൂങ്ങി വരുക അതുവഴിയാണ്. കൂമൻ മൂളുന്നതും നായ്ക്കൾ ഓലിയിടുന്നതും കേൾക്കാനാവും. പക്ഷേ, എത്ര കൂരിരുട്ടാണെങ്കിലും ശരി, ഉപ്പ ഉണ്ടെങ്കിൽ പിന്നെ പേടി തോന്നില്ല.
“ഖബറിലുള്ളോരോട് സലാം പറയ് സേബ മോളേ... ഓർക്കത് കേക്കാൻ പറ്റും.”
അരുമയോടെ, ടോർച്ചിന്റെ തങ്കവെട്ടം മുന്നിലേക്ക് നീട്ടിയടിച്ച് ഉപ്പ പറയുമ്പോൾ അവൾ അനുസരിച്ചിരുന്നു. ഖബറാളികൾ സലാം മടക്കുന്നതായും, മണ്ണിനു പുറത്തുള്ള ചിലരെങ്കിലും തങ്ങളെ ഓർക്കുന്നുവല്ലോ എന്ന സമാധാനത്തിൽ അവർ വീണ്ടും കണ്ണുകൾ പൂട്ടുന്നതായും അവൾ സങ്കൽപിച്ചു.
‘‘കാണ്ന്ന പോലത്തെ ഇടുക്കൊന്നും ഉണ്ടാവൂല, നല്ല മൻഷന്മാരുടെ ഖബറ്ന് നല്ല വിസ്താരണ്ടാവും” –ഉപ്പ ഒരിക്കൽ പറഞ്ഞതോർത്തുകൊണ്ട്, ഒരു പറങ്കിമരത്തിനു കീഴിലായി വട്ടം കൂടിനിൽക്കുന്നവരിലേക്ക് സേബ കണ്ണീരോടെ നോക്കി. ഖബറടക്കം നടക്കുന്ന സ്ഥലത്ത് പെൺകുട്ടികൾ ഉണ്ടാവാൻ പാടില്ലെന്ന് ഉസ്താദ് പഠിപ്പിച്ചിട്ടുണ്ട്. വിതുമ്പിക്കൊണ്ട്, ആരുടെയും കണ്ണിൽപ്പെടാതെ അവളവിടെ മറഞ്ഞുനിന്നു.
മരത്തണലിൽ ഒരിടത്തായി വെട്ടിയ ഇടുങ്ങിയ കുഴിയിലേക്ക് ഒരു വെള്ള തുണിക്കെട്ട് ആരൊക്കെയോ ഇറക്കിവെക്കുന്നുണ്ട്. തന്നെ ജീവനുതുല്യം സ്നേഹിച്ച ഒരു മനുഷ്യനാണ് മണ്ണിലേക്കാഴ്ന്നു പോവുന്നതെന്നും, ഇനിയൊരിക്കലും ആ രൂപം കാണാനാവില്ലെന്നും തിരിച്ചറിഞ്ഞ നിമിഷം സേബയുടെ നെഞ്ചിടിപ്പ് കൂടി. പലക െവച്ചടച്ച ശേഷം, മണ്ണിട്ട് അവർ കുഴി മൂടുന്നു. ഒരു കൂനപോലെ ആ ഭാഗത്തെ മണ്ണ് അൽപം ഉയർന്നുനിൽക്കുന്നുണ്ട്. അതിന്റെ അറ്റങ്ങളിൽ അവർ ചെങ്കല്ലുറപ്പിച്ചു. മീസാൻ കല്ലാണ് –ഒരാൾ ജീവിച്ചിരുന്നു എന്നതിന്റെ സ്മൃതിയായി ഇനി ഉയർന്നുനിൽക്കുക അങ്ങനൊരു ശില മാത്രം! ഒരാൾ ചെമ്പരത്തിക്കമ്പ് നാട്ടുന്നത് കണ്ടപ്പോൾ, ‘ഉപ്പാക്ക് മല്ലികപ്പൂവിന്റെ വാസനയാണ് ഇഷ്ടം’ എന്ന്, ഉറക്കെ വിളിച്ചുപറയാൻ തോന്നി സേബക്ക്. ഒരു കുടം നിറയെയുള്ള വെള്ളം ഒരാൾ ഖബറിനു മേലെ സാവധാനത്തിൽ തേവി. ചുവന്ന മണ്ണിന്റെ നിറം കൂടുതൽ ഇരുണ്ടു. ഖബർ തണുത്തു. ആൾക്കാർ മെല്ലെ ഒഴിഞ്ഞുപോയി. ഉപ്പയെ അടക്കിയതിന്റെ തലഭാഗത്ത് രണ്ടു മുസ്‍ല്യാക്കന്മാർ മാത്രം ബാക്കിയായി.
“നിന്റെ രക്ഷിതാവാരാണ്?’’
അല്ലാഹു.
“നിന്റെ മതമേതാണ്?”
ഇസ്‍ലാം.
അവർ പറഞ്ഞുകൊണ്ടേയിരുന്നു.
ഖബറിനുള്ളിൽ ഉപ്പയെ ചോദ്യം ചെയ്യാൻ മലക്കുകൾ എത്തിക്കാണും. തെറ്റിക്കാതെ ഉത്തരം പറയുന്ന നല്ല മനുഷ്യന്മാരെ മലക്കുകൾ പേടിപ്പിക്കില്ല. ചീത്ത മനുഷ്യരെ പാമ്പുകളെക്കൊണ്ട് കൊത്തിക്കും. ഇരുമ്പിന്റെ വലിയ കൊട്ടുവടികൊണ്ട് ആഞ്ഞടിക്കും. മുസ്‍ല്യാക്കന്മാർ, ഉത്തരങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊടുത്തുകൊണ്ട് ഉപ്പയെ സഹായിക്കുകയാണ്. ഖബറിലേക്ക് ഒച്ചകൾ എത്തുമോ എന്ന കാര്യത്തിൽ തീർച്ചയില്ലെങ്കിലും, ഇരുവരുടെയും നേർക്ക് സേബയുടെ കുഞ്ഞിക്കണ്ണുകൾ നന്ദിയോടെ നീണ്ടു.
“മരിച്ചുപോയവർക്ക് കേൾക്കാൻ സാധിക്കുമോ?
അവർക്ക് മടങ്ങിവരാനാവുമോ?”
മോന്തിനേരമായപ്പോൾ, വീട്ടിലേക്ക് മടങ്ങിപ്പോവുന്ന വഴിദൂരമത്രയും, സേബയുടെ ഇളം മനസ്സിൽ ആ ചോദ്യങ്ങൾതന്നെ നിറഞ്ഞുനിന്നു.