Begin typing your search above and press return to search.
proflie-avatar
Login

കിള

കിള
cancel

വർഷങ്ങൾക്ക് മുമ്പത്തെ ഒരു ദിവസത്തെക്കുറിച്ച് സുൽത്താനോട് വിവരിക്കുമ്പോൾ സേബ തീർച്ചപ്പെടുത്തുകയായിരുന്നു, എത്ര തെളിമയാണ് തന്റെ ഓർമകൾക്കെന്ന്. നല്ലതൊന്നും പെട്ടെന്ന് ഓർത്തെടുക്കാൻ കഴിവില്ലാത്ത, എന്നാൽ ദുഷിച്ചതൊന്നും ഒരിക്കലും മറക്കാനും കഴിയാത്ത അവളെയോർത്ത് അതേ നേരംതന്നെ സുൽത്താന് പാവം തോന്നുകയുംചെയ്തു. ലാദുവിനന്ന് അഞ്ചു വയസ്സ്.സ്കൂളിൽ പോയ നേരമാണ്. ഉച്ചക്കു മുന്നേ തന്നെ ഭക്ഷണവും വീടും ഒരുക്കിക്കഴിഞ്ഞപ്പോൾ സേബ​െക്കന്തോ പിരിമുറുക്കം അനുഭവപ്പെട്ടു. കുറച്ചു നേരം ചെടികളെ തലോടിയും താലോലിച്ചും മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു. അതിലും ആശ്വാസം കണ്ടെത്താനാവാതെയായപ്പോൾ നേരെ ചെന്ന്...

Your Subscription Supports Independent Journalism

View Plans

വർഷങ്ങൾക്ക് മുമ്പത്തെ ഒരു ദിവസത്തെക്കുറിച്ച് സുൽത്താനോട് വിവരിക്കുമ്പോൾ സേബ തീർച്ചപ്പെടുത്തുകയായിരുന്നു, എത്ര തെളിമയാണ് തന്റെ ഓർമകൾക്കെന്ന്. നല്ലതൊന്നും പെട്ടെന്ന് ഓർത്തെടുക്കാൻ കഴിവില്ലാത്ത, എന്നാൽ ദുഷിച്ചതൊന്നും ഒരിക്കലും മറക്കാനും കഴിയാത്ത അവളെയോർത്ത് അതേ നേരംതന്നെ സുൽത്താന് പാവം തോന്നുകയുംചെയ്തു. ലാദുവിനന്ന് അഞ്ചു വയസ്സ്.

സ്കൂളിൽ പോയ നേരമാണ്. ഉച്ചക്കു മുന്നേ തന്നെ ഭക്ഷണവും വീടും ഒരുക്കിക്കഴിഞ്ഞപ്പോൾ സേബ​െക്കന്തോ പിരിമുറുക്കം അനുഭവപ്പെട്ടു. കുറച്ചു നേരം ചെടികളെ തലോടിയും താലോലിച്ചും മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു. അതിലും ആശ്വാസം കണ്ടെത്താനാവാതെയായപ്പോൾ നേരെ ചെന്ന് കമ്പ്യൂട്ടറിനു മുന്നിലിരുന്നു. അതിലേക്ക് ഉറ്റുനോക്കി എന്തൊക്കെയോ ചെയ്തു. യാതൊരു ഫലവുമുണ്ടായില്ല; മനസ്സെങ്ങും നിൽക്കാത്തപോലെ. പിന്നീട് കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. കമ്പ്യൂട്ടറിനു മുന്നിൽനിന്നെണീറ്റ്, നേരെ പുറത്തേക്കിറങ്ങി. വില്ലയുടെ ഗേറ്റ് ചാരി. തണുപ്പുകാലത്തിന്റെ തുടക്കമാണ്. ജീൻസിനും ടീഷർട്ടിനും മുകളിലൊരു പർദയും, തലയിൽ ഉറച്ചുനിൽക്കാൻ മടികാണിക്കുന്ന തട്ടവുമിട്ട് അവൾ നടന്നു.

വില്ലയുടെ മുകൾനിലയിൽനിന്നു നോക്കിയാൽ കാണാനാവുന്ന ഒരു തെരുവുണ്ട്. സേബ, സായാഹ്നങ്ങളിൽ വല്ലപ്പോഴും ലാദുവിനൊപ്പം അതിലൂടെ നടക്കും. ആ തെരുവിന്റെ ഏറ്റവും തലയ്ക്കൽ, സകലർക്കും തണലേകാനെന്നപോലെ പടർന്നുപന്തലിച്ചു നിൽക്കുന്നൊരു ആര്യവേപ്പു മരമുണ്ട്. അതിനു കീഴിൽ, നരച്ച തലമുടിയും നീളൻ താടിയുമുള്ള ഒരു ചെരിപ്പുകുത്തിയും. അവളെ ആകർഷിച്ചിരുന്നത് ആ തെരുവിന്റെ ചടുലതയല്ലായിരുന്നു, ഒരു സൂഫിവര്യന്റെ മുഖത്തെ ചൈതന്യമത്രയും കടമെടുത്തവനെപ്പോലെ ശാന്തമായിരുന്നു ചെരിപ്പു തുന്നുന്ന വൃദ്ധനായിരുന്നു. അയാൾ അഫ്ഗാനിയാണോ പാകിസ്താനിയാണോ എന്നുപോലും നിശ്ചയമില്ല. സ്ഥിരമായി കാണുക പതിവായിട്ടും ഒരിക്കൽപോലും വൃദ്ധൻ അവളോട് ഒന്നും സംസാരിച്ചിട്ടില്ല. ചിരിച്ചിട്ടുപോലുമില്ല. എല്ലാവരോടും അയാൾ അങ്ങനെത്തന്നെയായിരുന്നു.

അയാൾക്കു മുന്നിൽ എപ്പോഴും കാണും, ചെരിപ്പുകളുടെ ഒരു ചെറുകൂമ്പാരം. മിക്കതും സാധാരണമായവ. വാറുകൾ പൊട്ടിയത്, അടിഭാഗം ഇളകിയത്, അങ്ങനെയങ്ങനെ. തെരുവിനപ്പുറം, കെട്ടിടനിർമാണത്തൊഴിലാളികളുടെ ഇടുങ്ങിയ ഒരു ക്യാമ്പാണ്. ചെരിപ്പുകളുടെയെല്ലാം ഉടമസ്ഥർ അവരാണ്. വലംകാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഇടതുകൈകൊണ്ട് അപാരവേഗതയിൽ അയാൾ തുന്നുന്നത് സേബ നോക്കിനിൽക്കാറുണ്ട്. ഏതോ വലിയ ദർഗയുടെ സൂക്ഷിപ്പുകാരനായി, മഖ്ബറക്ക് മുകളിലൂടെ വെഞ്ചാമരം വീശിക്കൊണ്ടുനിൽക്കുന്ന സൂഫീവര്യൻ –അവൾക്കെപ്പോഴും അങ്ങനെ തോന്നി.

വൃദ്ധനെക്കൊണ്ട് ഒരക്ഷരമെങ്കിലും സംസാരിപ്പിക്കണമെന്ന കൊതി അടക്കാനാവാതെ വന്നതും തന്റെ വിലയേറിയ തുകൽ ചെരിപ്പിന്റെ വാറ് ഒരിക്കൽ സേബ വലിച്ചു പൊട്ടിച്ചു. അതു മുന്നിലിട്ടു കൊടുത്തപ്പോൾ, തന്നോട്, ‘‘ബേഠീ, ആപ് കാ നാം ക്യാ ഹേ?’’ എന്ന ചോദ്യം ഇപ്പോൾ ചോദിച്ചേക്കാം എന്ന പ്രതീക്ഷയോടെ ഏറെനേരം അവൾ കാത്തുനിന്നതാണ്. ഒരു ഫലവുമുണ്ടായില്ല. പത്തു റിയാൽ കൂലി കൊടുത്ത് നിരാശയോടെ സേബക്ക് മടങ്ങേണ്ടിവന്നു.

അന്ന്, ആശ്വാസം തേടി ഒറ്റക്കിറങ്ങിയതിന് പിന്നിലുള്ള ലക്ഷ്യവും ചെരുപ്പുകുത്തിയെ വെറുതെയൊന്നു കാണലായിരുന്നു. ആര്യവേപ്പുമരത്തിന്റെ ശീതളിമയിൽ ശാന്തനായിരുന്നു ജോലിയെടുക്കുന്ന അയാളെ നോക്കിനിൽക്കവേ മനസ്സിന് അയവ് ലഭിക്കുന്ന അത്ഭുതം അവൾ മനസ്സിലാക്കി. സിമന്റുകട്ടകളാൽ പണിത, തകരപ്പാളി മേൽക്കൂരയുള്ള കുടുസ്സുമുറികളിൽനിന്ന് അന്നേരം മൂന്നുപേർ ഇറങ്ങിവന്നു. ഹിന്ദിയിൽ എന്തോ തമാശ പറഞ്ഞ് അവരുറക്കെ ചിരിച്ചു. സന്തോഷത്തോടെ പരസ്പരം തോളിലടിച്ചു. അവളോർത്തു, താനിങ്ങനെ ആളും ബഹളവുംവിട്ട് ജീവിക്കാൻ പരിശീലിച്ചിട്ട് വർഷങ്ങളൊരുപാട് ആയല്ലോയെന്ന്!

ചെരുപ്പുകുത്തിയെ ഒന്നുകൂടിയൊന്ന് നോക്കി, അരമണിക്കൂറിനകം സേബ വില്ലയിലേക്ക് തന്നെ മടങ്ങി.

മുറ്റത്ത് ഖുത്ബിന്റെ കാർ!

അവളുടെ ഉള്ളാളി. മഗ് രിബ് നമസ്കാരത്തിന്റെ നേരമാവുമ്പോൾ മാത്രം വീടെത്തുന്നവൻ എന്തിനിപ്പോൾ വന്നെന്ന ഭയപ്പാടോടെ സേബ അകത്തേക്കു കുതിച്ചു. സ്വീകരണമുറിയിലെ മേശപ്പുറത്തുള്ള കമ്പ്യൂട്ടറിന് മുന്നിൽ താടിക്ക് കൈയും കൊടുത്ത് അവൻ ഇരിപ്പുണ്ട്. കമ്പ്യൂട്ടർ സ്ക്രീനിൽ വിള്ളൽ. അതിലാകെ ചിതറിക്കിടക്കുന്നു, മഴവിൽ വർണങ്ങൾ. സേബ ഭയന്നതു തന്നെ സംഭവിച്ചിരുന്നു. അവളുടെ സാമീപ്യം അറിഞ്ഞതും ഖുത്ബ് തല പൊക്കി. ഒട്ടും ധൃതി കൂട്ടാതെ എണീറ്റു. എപ്പോഴത്തേയും രീതിപോലെ അവൾക്കു ചുറ്റും നടന്നു; ഒരു സൈനികന്റെ കൗശലത്തോടെ. ഭൂമി, തന്നെ മാത്രമായി ഭ്രമണം ചെയ്യുന്നപോലെയായപ്പോൾ സേബ വിറയലോടെ തല താഴ്ത്തി.

“ഞാൻ പറയുന്നത് അനുസരിക്കണമെന്നത് നിനക്കറിയില്ലേ?”

അവൾ ഒന്നും മിണ്ടാതെ പിടയ്ക്കുന്ന കണ്ണുകളോടെ ഖുത്ബിനെ നോക്കുക മാത്രം ചെയ്തു.

പർദക്കടിയിലൂടെ വിയർപ്പൊലിച്ചു. തലയിലെ തട്ടത്തിലെമ്പാടും വിയർപ്പിന്റെ പശപശപ്പ്.

“ഒരിക്കൽ പറഞ്ഞതാണ്, ആവർത്തിക്കരുതെന്ന്. എന്നിട്ടും നീ വീണ്ടും അതു തന്നെ ചെയ്തു.”

അത്രയേ സേബ കേട്ടുള്ളൂ. പിന്നീട് ഉയർന്നത് ചെവിയടക്കിയുള്ള ഒരു അടിയുടെ ഒച്ചയായിരുന്നു. റൂഹ് വേർപെടുന്ന വേദനയോടെ അവൾ തറയിലേക്ക് പതിഞ്ഞു.

 

അവളോർത്തു; ശരിയാണ്, ഖുത്ബ് പറഞ്ഞിരുന്നു, അവന്റെ ഇച്ഛക്ക് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്ന്. ഒരിക്കൽ, ലാദുവിന്റെ ജനനത്തിനും മുമ്പാണ്, ഫേസ്ബുക്കിൽ ഒരു അക്കൗണ്ടുണ്ടാക്കിയ സേബ പഴയകാല സുഹൃത്തുക്ക​െളയെല്ലാം തെരഞ്ഞുപിടിച്ചുവെന്ന കാര്യം ആഹ്ലാദത്തോടെ ഖുത്ബിനോടു പറഞ്ഞത്. അവനൊന്ന് മൂളിയശേഷം ചപ്പാത്തി കഴിക്കൽ തുടർന്നു. അവൾ, തേടിപ്പിടിച്ച കൂട്ടുകാരുടെ വിശേഷങ്ങൾ പറഞ്ഞപ്പോഴെല്ലാം കേട്ടെന്നല്ലാതെ, ഖുത്ബ് പ്രതികരിച്ചില്ല. എങ്കിലും സേബ പറച്ചിൽ നിർത്തിയില്ല. തുടർന്നുള്ള ഏതോ ഒരു രാത്രിയിൽ, ഉറങ്ങി പാതിയായ സേബയെ ഖുത്ബ് വിളിച്ചെണീപ്പിച്ചു. കണ്ണുതിരുമ്മി ഉറക്കച്ചടവോടെ നോക്കിയ അവളോട് അവൻ ആവശ്യപ്പെട്ടത്, ഇനിയൊരിക്കലും ഒരാളുമായും യാതൊരു ബന്ധവും പാടില്ലെന്നാണ്, ഫേസ്ബുക്ക് ഉപയോഗിക്കരുതെന്നാണ്. ഒരു പരിഹാസച്ചിരി പാസാക്കിക്കൊണ്ട് അവൾ തിരിഞ്ഞു കിടക്കാനൊരുങ്ങി.

നിലാവെളിച്ചം ഒട്ടുമേ ഇല്ലാതിരുന്ന ആ രാത്രിയിലാണ് ചെവി പൊട്ടുമാറ് സേബക്ക് ആദ്യമായി അടിയേറ്റത്. പിറ്റേ പുലരിമുതൽ കണ്ടത് പുതിയൊരു ഖുത്ബിനെയാണ്. അവളെയടുത്തിരുത്തി, ഫേസ്ബുക്കിൽ കയറി ആ അക്കൗണ്ട് അവൻ ഇല്ലാതാക്കി.

“ഞാൻ, നീ... ഏറിപ്പോയാൽ ഒരു കുഞ്ഞ്. അതിനപ്പുറം ഒന്നും ഇനി ജീവിതത്തിൽ പാടില്ല. മനസ്സിലാക്കിക്കോ...” ഏറ്റവും സൗമ്യമായി ഖുത്ബ് പറഞ്ഞിട്ടും, സേബ നടുങ്ങിവിറച്ചു.

അവളുടെ കല്യാണത്തിന്, ബന്ധുക്കളെ ബോധിപ്പിക്കാനായി സുബൈറെളാപ്പക്കും ജഹനാരക്കും ഒപ്പമൊന്ന് വന്നുവെന്നല്ലാതെ ഉമ്മച്ചിയുമായുള്ള സേബയുടെ ബന്ധം നന്നേ ശിഥിലമായ ഒന്നായിരുന്നു; ഒരു ചിലന്തിവലയോളം നേർത്തയൊന്ന്. അവൾക്കെല്ലാം ഉമ്മച്ചീമ്മയായിരുന്നു –ഉമ്മച്ചിയുടെ ഉമ്മ. ആ ബന്ധത്തിനിടയിലും ഖുത്ബിന്റെ ഇടപെടലുകളുണ്ടായി. വല്ലപ്പോഴും ഉമ്മച്ചീമ്മയെ ഫോണിൽ വിളിച്ചിരുന്നത്, പല കാരണങ്ങൾ പറഞ്ഞിട്ട് അവൻ നിർത്തിച്ചു. അവനിൽ പൂർണമായും ബന്ധിതയായ ഒരുത്തിയെപ്പോലെ എല്ലാം സേബ അനുസരിച്ചു. പക്ഷേ, പിന്നീടെപ്പോഴോ, ലാദു ഉണ്ടായതിനും കാലങ്ങൾക്കു ശേഷം, തന്റെ കുഞ്ഞുസന്തോഷങ്ങൾക്കുപോലും തടയിടുന്ന ഖുത്ബിനുള്ളിലെ സ്വാർഥനെ അവൾ തിരിച്ചറിഞ്ഞു. പക്ഷേ, പൊരുതാൻ പോയില്ല. എല്ലാത്തിനോടും പൊരുത്തപ്പെട്ട് ആജീവനാന്തം കഴിയാനുള്ള കഴിവ് സ്ത്രീകൾക്ക് പിറവിയിലേ ഉണ്ടാവും എന്നു വിശ്വസിച്ച് ജീവിതം തുടരുകയായിരുന്നു.

ലാദു വന്നുവെന്നല്ലാതെ സേബയുടെ ജീവിതത്തിൽ മാറ്റമേതുമുണ്ടായില്ല. ഖുത്ബിൽനിന്നറിയുന്ന ശൈഖിന്റെ കൊട്ടാരത്തിലെയും, ലാദുവിൽനിന്നറിയുന്ന സ്കൂളിലെയും വിശേഷങ്ങൾ മാത്രമായി അവളുടെ ദിവസങ്ങൾ നിറഞ്ഞു. അല്ലാത്തപ്പോഴെല്ലാം ജീവിതം നന്നേ കഠിനമെന്നപോലെയായിരുന്നു സേബക്ക്. വിരസതയുടെ അങ്ങേത്തല വരെ ദിനേന സഞ്ചരിക്കേണ്ടതായി വന്നപ്പോൾ ലോകത്തെ അറിഞ്ഞാൽ കൊള്ളാമെന്ന തോന്നൽ വീണ്ടുമുണ്ടായി. പേർത്തും പേർത്തും അവളാലോചിച്ചു. ചിരിച്ചുകൊണ്ട്, എന്നാൽ വാക്കുകളാൽ തന്നെ കശാപ്പുചെയ്യാൻ നല്ലവണ്ണം അറിയുന്ന ഖുത്ബിനെ പണ്ടത്തേക്കാളേറെ അവൾക്കു ഭയമായിരുന്നു. എങ്കിലും ധൈര്യം മനസ്സിനെ തൊട്ട ഏതോ ഒരു മാത്രയിൽ സേബ കമ്പ്യൂട്ടറിനു മുന്നിലിരുന്നു.

പണ്ടത്തെപ്പോലെയല്ല, തന്റെ സുന്ദരമുഖം വെക്കാതെ, ഒരു പനിനീർ പുഷ്പം പ്രൊഫൈൽ ചിത്രമാക്കി, അവൾ ഫേസ്ബുക്കിലേക്ക് പ്രവേശിച്ചു. ആറര വർഷങ്ങൾക്കു മുമ്പ് അപ്രത്യക്ഷയായ തന്നെ കൂട്ടുകാർക്കു മുന്നിൽ വെളിപ്പെടുത്താൻ അവൾ ആഗ്രഹിച്ചില്ല. പകരം, അവരെയോരോരുത്തരെയും ഒളിഞ്ഞുചെന്നു നോക്കി. അവരുടെ ചിത്രങ്ങൾ കണ്ടു. കുട്ടികളെ കണ്ടു. പുതുതായി കെട്ടിയ വീടും ജോലിയിടങ്ങളും കണ്ടു. ചിലരെയോർത്തു സന്തോഷിച്ചു; അസൂയപ്പെട്ടു. തന്റെ ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ച് വീണ്ടും ബോധവതിയായി, സേബ ഉള്ളിൽ കരഞ്ഞു.

ഫേസ്ബുക്കിൽ ഇതെല്ലാം കണ്ട്, മണിക്കൂറുകൾ നീണ്ട പലവിധ ആലോചനകളിൽ മുഴുകിയപ്പോഴും, ഖുത്ബ് എത്തുന്നതിനു മുമ്പേ കമ്പ്യൂട്ടറിൽനിന്ന് സ്വതന്ത്രയാകാൻ നല്ലവണ്ണം സേബ ശ്രദ്ധിച്ചിരുന്നു. എല്ലാം മറച്ചുവെച്ച്, മറ്റൊരു ലോകത്തെ കാണുന്ന മനുഷ്യസ്ത്രീയുടെ യാതൊരു ലാഞ്ഛനയും പ്രകടമാക്കാതെ അവൾ അവനു മുമ്പിലൂടെ തല താഴ്ത്തിപ്പിടിച്ചു നടന്നു.

പക്ഷേ എല്ലാം തീർന്നത്, ഏതോ ഒരു തോന്നലിന്റെ പിറകെ, ചെരിപ്പുകുത്തിയെ കാണാനുള്ള അദമ്യമായ ആഗ്രഹവുമായി വെളിച്ചത്തിലേക്ക് ഇറങ്ങിയ അന്നാണ്. ഖുത്ബെന്ന ജിന്നിന്റെ തടവറയിലെ കേവലമൊരു അടിമ മാത്രമാണ് താനെന്നത് സേബ എപ്പോഴോ മറന്നിരുന്നു. അതുകൊണ്ടാണല്ലോ തെളിവുകൾ കെട്ടിപ്പൂട്ടാതെ, കമ്പ്യൂട്ടർ തുറന്നു​െവച്ചിട്ടവൾ ഇറങ്ങിയത്.

ചെവിക്കുള്ളിലെ മൂളക്കം നിലക്കുന്നുണ്ടായിരുന്നില്ല. ഖുത്ബ് വന്ന് അവളെ എഴുന്നേൽപ്പിച്ചു. വെള്ളം കുടിപ്പിച്ചു. ബെഡിലേക്ക് കൊണ്ടുകിടത്തി. ചുവന്നു കല്ലിച്ച ചെവിയും കവിളുമടങ്ങിയ ഭാഗത്ത് ഐസുകട്ടകൾ ​െവച്ചുകൊടുത്തു. മനസ്സു തന്നെ കല്ലിച്ചുപോയ സേബക്ക് ആകെ മരവിപ്പായിരുന്നു, ഒന്നുമറിഞ്ഞില്ല.

“ലാദു ഇപ്പോളെത്തും. അനാവശ്യ വിചാരങ്ങളൊക്കെ കളഞ്ഞ് അവനെ നോക്കുക. എന്നെ സന്തോഷിപ്പിക്കുക. അതാണ് നിന്റെ ജോലി. അതുമാത്രം!”

അവളെ കീഴ്പ്പെടുത്താൻ ഉതകുന്ന പ്രസന്നതയോടെ പറഞ്ഞ്, ളുഹ്ർ നിസ്കരിച്ച ശേഷം, ഖുത്ബ് കാറോടിച്ചു തിരിച്ചുപോയി.

അന്നുമുതൽക്കാണ്, പ്രിയപ്പെട്ടവരെക്കുറിച്ച് യാതൊന്നുമറിയാതെ ജീവിക്കാനുള്ള പ്രാപ്തി സേബ കൈവരിച്ചത്.

* * *

ഖുത്ബ് കൊട്ടാരത്തിലേക്ക് ആദ്യമായി ജോലിക്ക് എത്തുന്നതിനും ഏതാനും മാസങ്ങൾക്കു മുമ്പാണ് ശൈഖിന്റെ ഭാര്യക്ക് അത്യപൂർവമായ ഒരസുഖം പിടിപെട്ടത്. ഇടതു തോളിനു കഠിനമായ വേദന. മരണവെപ്രാളം പിടിപെട്ടവളെപ്പോലെ ആ സ്ത്രീ സദാ പിടഞ്ഞു. സ്വദേശത്തും വിദേശത്തുമായി നിരവധി ചികിത്സകൾ നടത്തി. ഒന്നും ഫലം കണ്ടില്ല. ഒരു കരിങ്കല്ല് ഏറ്റി​െവച്ചു നടക്കുന്നതുപോലെ, ഒരു വശത്തേക്ക് ചാഞ്ഞുകൊണ്ടായി അവരുടെ നടത്തം.

“പ്രായത്തിന്റേതായ ബലക്ഷയം മാത്രമേ എല്ലുകൾക്ക് കാണാനുള്ളൂ. എന്തൊക്കെ പരിശോധനകൾ നടത്തി! വേദനസംഹാരികൾക്കുപോലും ശമിപ്പിക്കാനാവാത്ത ഈ വേദനയെന്തെന്നുമാത്രം ഇനിയും മനസ്സിലാവുന്നില്ല...” സകല ഡോക്ടർമാരും അങ്ങനെ പറഞ്ഞു കൈയൊഴിഞ്ഞു.

തക്കം കിട്ടുമ്പോഴെല്ലാം ശൈഖിനൊപ്പം മക്കത്തേക്ക് പോയി ഉംറ ചെയ്തും, മദീനപ്പള്ളിയിൽ, പ്രവാചകന്റെ ചാരെയണഞ്ഞ് ദുആ ചെയ്തും, ആ സ്ത്രീ തന്റെ വേദന മറക്കാൻ ശ്രമിച്ചു. ശൈഖിനു ചായ കൂടാതെ കഴിയില്ല എന്നതിനാൽ, ഇടയ്ക്കെല്ലാം, സേബയെയും ലാദുവിനെയും തനിച്ചാക്കി, ചില പുണ്യസ്ഥലങ്ങളിലേക്ക് അവർക്കൊപ്പം ഖുത്ബിനും പോവേണ്ടിവന്നിട്ടുണ്ട്.

“മുതുക് ചെത്തിക്കളഞ്ഞാലോയെന്ന് തോന്നും ചില നേരങ്ങളിൽ. അസ്റാഈൽ മലക്ക് വന്നു റൂഹ് പിടിക്കുമ്പോൾപോലും ഇത്രയ്ക്ക് വേദന കാണുമെന്ന് തോന്നുന്നില്ല.” അതും പറഞ്ഞ്, വിശുദ്ധ ഗേഹമായ കഅ്ബയിൽ ​െവച്ചാണ് ഒരിക്കൽ ഖുത്ബിനു മുന്നിൽ ഇളം ബാലികയെപ്പോലെ അവർ വിതുമ്പിയത്.

എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ധർമസങ്കടത്തിലായി അവൻ.

പ്രാർഥനയെന്നത് മാത്രമായി പിന്നീട് ചികിത്സ. മൺകൂജയിൽ നിറച്ചു​െവച്ച, പുണ്യതീർഥമായ സംസം ജലമെടുത്തു പഞ്ഞിയിൽ മുക്കി ശൈഖിന്റെ ഭാര്യ എപ്പോഴും മുതുകിൽ പുരട്ടി. ഓരോ മിനിറ്റിലും അതിൽനിന്ന് അൽപമെടുത്തു കുടിച്ചു. അക്കാര്യങ്ങൾക്കായി പ്രത്യേകം ഒരു പരിചാരികയെത്തന്നെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോഴെല്ലാം, വേദനക്ക് നേരിയ കുറവ് കിട്ടുന്നുണ്ടെന്ന തോന്നലവർക്കുണ്ടായി. മുതുകിനടിയിൽ ഐസുപൊതി ​െവച്ച്, പതിഞ്ഞ ഒച്ചയിൽ ടേപ്പ് റെക്കോഡറിൽനിന്ന് വരുന്ന ഖുർആൻ പാരായണം ശ്രവിച്ചുകൊണ്ടായിരുന്നു കേവല മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ഉറക്കത്തിലേക്ക് അവർ പോയത്.

പ്രിയപ്പെട്ടവളുടെ വേദന ശമിപ്പിച്ചു കൊടുക്കണേയെന്ന പ്രാർഥനയിൽ എല്ലായ്േപാഴും ശൈഖ് മുഴുകി. ഒരിക്കൽ സേബയോട്, ശൈഖിന്റെ ഭാര്യയുടെ രോഗത്തെക്കുറിച്ച് അനുതാപത്തോടെ ഖുത്ബ് പറയുകയുണ്ടായി. അതിന്റെ തലേനാളിലും, തനിക്കു നേരെ കൈയുയർത്തിയ ഒരുവൻ മറ്റൊരു സ്ത്രീയുടെ വേദനയെച്ചൊല്ലി പതം പറയുന്നത് കേട്ട് അവൾ മനസ്സിൽ ചിരിച്ചു.

ആയിടെയാണ്, ആളെയയച്ച്, യമനിൽനിന്നൊരു ഔലിയയെ, ശൈഖ് സൗദി അറേബ്യയിലേക്ക് എത്തിച്ചത്. വലിയ സിദ്ധികളുള്ള, തിളങ്ങുന്ന വെള്ളാരങ്കണ്ണുകളുള്ള, ആഢ്യത്വം തുളുമ്പുന്ന മുഖമുള്ള ഒരു വൃദ്ധൻ. മനുഷ്യരിൽ കുടികൊണ്ടിട്ടുള്ള, അജ്ഞാതമായ പലവിധ പ്രശ്നങ്ങളെയും തീർത്തുകൊടുക്കാൻ കഴിവുള്ള, അതീന്ദ്രിയജ്ഞാനത്തിനുടമയായ ആ മനുഷ്യനെ, താണുവണങ്ങിക്കൊണ്ട് ശൈഖ് അകത്തേക്ക് സ്വീകരിച്ചു. ശൈഖിന്റെ വിശ്വസ്തനായ പരിചാരകനും ഖുത്ബുമുണ്ടായിരുന്നു എല്ലാത്തിനും ചുക്കാൻ പിടിക്കാൻ. ദിവ്യൻ, നാൽപതു കിടപ്പുമുറികളുള്ള കൊട്ടാരത്തിന്റെ ഒത്ത നടുക്കായി, പിറകിൽ കൈകെട്ടിക്കൊണ്ട് നിന്നു. മച്ചടക്കം, ചുറ്റുമൊന്ന് നോക്കി.

“ഇതിനുള്ളിൽ ആർത്തവകാരികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടനടി അവരെ പുറത്താക്കുക.” സിദ്ധന്റെ, പ്രൗഢമായ സ്വരമുയർന്നു. കേട്ടയുടൻ പരിചാരകൻ അടുക്കള ഭാഗത്തേക്കോടി. നിമിഷങ്ങൾക്കകം മൂന്നു സുഡാനി സ്ത്രീകൾ, മുഖം കൈകൊണ്ട് മറച്ച്, വെളിയിലെ എരിപൊരി ചൂടിലേക്ക് വെപ്രാളത്തോടെ ഇറങ്ങിയോടി.

ബഹൂർ കത്തിക്കാനായിരുന്നു അടുത്ത ആജ്ഞ. പരിചാരകൻ ഓടിപ്പാഞ്ഞ് അതും അനുസരിച്ചു. ഉള്ളിലെങ്ങും വാസന പടർന്നു. നടുത്തളത്തിൽ വിരിച്ച നിസ്കാര കമ്പളത്തിലേക്ക് സാവകാശം സിദ്ധൻ ഇരുന്നു. മുന്നിലുള്ള ഖുർആൻ നിവർത്തി ഒരു അധ്യായം പാരായണംചെയ്തു. അത്രയേറെ സുന്ദരമായ ഓത്ത്, ഖുത്ബ്‌ ആദ്യമായി കേൾക്കുകയായിരുന്നു. മനസ്സു തുറന്ന്, അവൻ വചനങ്ങളുടെ അർഥംഗ്രഹിച്ചെടുത്തു.

–നിന്റെ നാഥൻ ഒരിക്കലും നിന്നെ വെടിഞ്ഞിട്ടില്ല; നിന്നോട് അതൃപ്തനായിട്ടുമില്ല.

പോയകാലത്തേക്കാൾ നിനക്ക് ഗുണകരം വരുംകാലം തന്നെയാകുന്നു.

നിനക്ക് തൃപ്തിയാകുംവണ്ണം നാഥൻ അടുത്തുതന്നെ നിനക്ക് തരുന്നുണ്ട്–

ബഹൂറിന്റെ പരിമളത്തോടൊപ്പം കലർന്ന സിദ്ധന്റെ ശബ്ദം അവന്റെ ഹൃദയത്തിൽ തറഞ്ഞു. അവന്റെ രോമങ്ങൾ നിവർന്നുനിന്നു. മറ്റേതോ ലോകത്തെത്തിയ പോലത്തെ ഒരു മാസ്മരികത ഖുത്ബറിഞ്ഞു. ഒരുവേള, സിദ്ധൻ ഓത്ത് നിർത്തിയില്ലെങ്കിൽ ഹൃദയമിടിപ്പ് കൂടിക്കൂടി താൻ മരിച്ചുപോയേക്കുമെന്ന വിചാരംപോലും അവനുണ്ടായി. അന്നേരം തന്നെയാണ്, ലാദുവിന്റെ സ്‌കൂളിലെ മീറ്റിങ്ങിന് പോവാനുള്ള സമയമായി എന്നറിയിച്ചുകൊണ്ടുള്ള സേബയുടെ ഓർമപ്പെടുത്തൽ അവന്റെ ഉള്ളം കൈയിൽ കിടന്ന് വിറച്ചത്. പക്ഷേ, പിന്നെയും അരമണിക്കൂർ കഴിഞ്ഞാണ് ഖുത്ബ്‌ അത് കണ്ടതുപോലും!

“രോഗിയെ കൊണ്ടുവരൂ...”

ചൂണ്ടുവിരൽ ഖുർആനിൽനിന്നെടുക്കാതെ, തലയുയർത്താതെ, സിദ്ധൻ പറഞ്ഞു.

മുറിയിലേക്ക് പോയി, ഭാര്യയെ താങ്ങിപ്പിടിച്ചുകൊണ്ട് ശൈഖ് വന്നു. സിദ്ധനെ കണ്ടതും ആ സ്ത്രീ ഒറ്റക്കരച്ചിൽ; രക്ഷിക്കണേ ഔലിയാ എന്നും പറഞ്ഞ്. തന്റെ ഭാര്യയുടെ നോവ്, ശരീരത്തിന്റെയാണോ അതോ മനസ്സിന്റെയാണോ എന്നറിയാതെ ശൈഖ് പകച്ചു. ആലംബം തേടുന്ന ഒരാളെപ്പോലെ, ഒരു കൈകൊണ്ട് അദ്ദേഹം ഖുത്ബിന്റെ ചുമലിൽ തൊട്ടു. കസേരയിലിരുത്തിയ ശൈഖിന്റെ ഭാര്യക്ക് ചുറ്റുമായി സിദ്ധൻ നടന്നു; മന്ത്രോച്ചാരണങ്ങളോടെ. ഇടക്ക്, ആരെയോ അടിക്കാനോങ്ങുന്നപോലെ അദ്ദേഹം കൈകൾ വീശി. ഇടക്കെല്ലാം അടി തടുക്കാനെന്നപോലെ ഒഴിഞ്ഞുമാറി. അപ്പോഴൊക്കെ, ഇരു കൈകളും ഉയർത്തി, കരച്ചിലോടെ ആ സ്ത്രീ ഇരുന്നു. ഖുത്ബ് എല്ലാം കണ്ട് അന്ധാളിച്ചു.

“ജിന്നാണ്, ഇടത്തേ തോളിൽ ഒരുത്തൻ പാർപ്പ് തുടങ്ങിയിട്ട് കൊല്ലങ്ങളായിട്ടുണ്ട്. നാശം പിടിച്ച ഒരുത്തനാണ്.”

രോഷത്തോടെ, നാലുപാടും നോക്കി സിദ്ധൻ പറഞ്ഞതുകേട്ടപ്പോൾ എല്ലാവരും ഞെട്ടി. ഖുത്ബ് ഒരടി പിറകിലേക്ക് ആന്തലോടെ നീങ്ങി. ശൈഖിന്റെ ഭാര്യ വെപ്രാളത്തോടെ മുതുക് തുടച്ചുകൊണ്ടേയിരുന്നു. അവർ വിമ്മിക്കരഞ്ഞു.

“ഇല്ല, അങ്ങനെ തൂത്താലും തുടച്ചാലും ഒന്നും പോവുന്ന ജാതിയല്ല...” സിദ്ധൻ ശൈഖിനെ നോക്കിക്കൊണ്ട് പറഞ്ഞു.

ചിലത് ചോദിക്കാനുണ്ടെന്ന മട്ടിൽ അദ്ദേഹം ശൈഖിന്റെ ഭാര്യയുടെ നേരെ ചെന്നുനിന്നു.

“ഇടത്തേ ചെവിയിൽ എന്തെങ്കിലും മുറുമുറുപ്പുപോലെ കേൾക്കാറുണ്ടോ?”

ഉണ്ട്.

“ഉറക്കത്തിനിടയിൽ ചീത്ത സ്വപ്നങ്ങൾ പതിവുണ്ടോ?”

ഉണ്ട്.

“മോശം കാര്യങ്ങൾ ചെയ്യാൻ ആരെങ്കിലും വന്ന് ആജ്ഞാപിക്കുന്നതായി തോന്നാറുണ്ടോ?”

ഉണ്ട്.

“നിസ്സഹായരായ മനുഷ്യന്മാരോട് എപ്പോഴെങ്കിലും ക്രൂരമായി പെരുമാറിയിട്ടുണ്ടോ?”

അവരുടെ ഉത്തരംമുട്ടി. ചുണ്ടുകൾ പിടച്ചു. ദൈന്യതയോടെ ആ സ്ത്രീ ഖുത്ബിനെ നോക്കി. എന്തോ മനസ്സിലായെന്ന മട്ടിൽ സിദ്ധൻ ഇരുവരിലേക്കും തിടുക്കത്തിലൊന്നു കണ്ണോടിച്ചു. അവൻ വേഗം തല താഴ്ത്തിപ്പിടിച്ചു.

കുട്ടിക്കാലം മുതൽക്ക്, ഉപ്പച്ചി അറക്കുള്ളിലിരുന്ന് ജൽപിക്കുന്ന കഥകളിൽ കേട്ടിട്ടുള്ള ക്രൂരയായ സ്ത്രീയെ ഖുത്ബിന് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ്, കൊട്ടാരത്തിലെ ജോലി തേടിയെത്തിയപ്പോൾ ആദ്യമെല്ലാം പോകാൻ കൂട്ടാക്കാതിരുന്നത്. പക്ഷേ, അതേ ഉപ്പച്ചിക്ക് ശൈഖിനോടുള്ള ആഴമാർന്ന സ്നേഹവും ബഹുമാനവും എന്നേ മനസ്സിലാക്കിയിരുന്ന ഉമ്മിയാണ് അവനെ തിരുത്തിയത്. അങ്ങനെയാണ്, കൈയിലുള്ള ബിരുദത്തിനു പുറമേ, ഉപ്പച്ചിയുടെ വിശേഷപ്പെട്ട ചായയുടെ രൂചിക്കൂട്ടിനെപ്പറ്റിയും രഹസ്യമായി പഠിച്ച് സൗദി അറേബ്യയിലേക്ക് ഖുത്ബ് പുറപ്പെട്ടത്.

“എല്ലാക്കാലത്തും ഒരുപോലെ ക്രൂരരാവാൻ മനുഷ്യർക്ക് കഴിയില്ല. മൃഗങ്ങളല്ലല്ലോ, മാറ്റങ്ങൾ ഉണ്ടായേക്കാം...” –യാത്ര പുറപ്പെടും മുമ്പേ ഉമ്മി അവനെ ഓർമിപ്പിച്ചു.

ശൈഖിന്റെ ഭാര്യയുടെ തലക്ക് മുകളിൽ സിദ്ധൻ ഇരുകൈകളും അമർത്തി​െവച്ചു. കണ്ണടച്ച് എന്തൊക്കെയോ മന്ത്രിച്ചു. ഉറക്കെ ഖുർആൻ വചനങ്ങൾ ചൊല്ലി. സ്ത്രീയുടെ ഇരുകവിളുകളിലും പിടിച്ച് വാ തുറപ്പിച്ചു. അതിനുള്ളിലേക്ക്, ‘‘ബിസ്മില്ലാഹ്’’ എന്നും പറഞ്ഞ് ശക്തിയോടെ ഒറ്റ ഊത്ത്! ഒരു പ്രഹരമേറ്റെന്നോണം ശൈഖിന്റെ ഭാര്യയുടെ കണ്ണുകൾ പുറത്തേക്ക് തള്ളിപ്പോയി. ഒച്ചയോടെ ശ്വാസമെടുത്ത അവരെ, നിസ്കാര കമ്പളത്തിലേക്ക് സിദ്ധൻ പിടിച്ചിരുത്തി. വേദനകൊണ്ടവർ അലറിക്കരഞ്ഞു. അത് കേൾക്കാനശക്തനായ ശൈഖ്, ഖുതുബിന്റെ തോളിലേക്ക് കണ്ണീരോടെ ചാഞ്ഞു.

അന്ന്, നേരം മോന്തിയാവോളം കൊട്ടാരത്തിൽ ദൈവവചനങ്ങൾ മുഴങ്ങിക്കേട്ടു. കത്തിത്തീരുന്നതിനനുസരിച്ച് വീണ്ടും വീണ്ടും ബഹൂർ പുകഞ്ഞുകൊണ്ടേയിരുന്നു. സിദ്ധൻ, സ്ത്രീയുടെ തോളിൽ കൈ​െവച്ച്, അവിടേക്ക് അതിശക്തമായി ഊതി. നേരം പാതിരാവ് കഴിഞ്ഞപ്പോഴേക്കും ശൈഖിന്റെ ഭാര്യയുടെ വേദനക്ക് അൽപം ശമനമായി. വളയാതെ, ഒറ്റക്കു നിൽക്കാമെന്ന അവസ്ഥയിലായപ്പോൾ അവർ കമ്പളത്തിൽനിന്ന് മെല്ലെയെണീറ്റു. നെഞ്ചിലേക്കു കൈ​െവച്ച്, സിദ്ധനു മുന്നിൽ നന്ദിയോടെ കണ്ണീർ വാർത്തു.

അന്നേരമത്രയും ഖുത്ബ് മറ്റൊരു ലോകത്തെന്ന മാതിരിയായിരുന്നു. അവൻ ആരാധനയോടെ സിദ്ധനെത്തന്നെ നോക്കിനിന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വാക്യം അവനപ്പോൾ മറന്നുപോയി. അല്ലെങ്കിൽ ആരോ വന്ന് അതിനെക്കുറിച്ച് അവനെ മറവിയുള്ളവനാക്കി മാറ്റിയിരുന്നു. നേരം പുലരാൻ അൽപ നാഴികകൾ മാത്രം ബാക്കിയുള്ളപ്പോൾ, ശൈഖ് സമ്മാനിച്ച വിലകൂടിയ പാരിതോഷികങ്ങളുമായി ഔലിയ തിരിച്ച് യമനിലേക്ക് യാത്രയായി. അപ്പോൾതന്നെ, സിദ്ധനു പിന്നാലെ മനസ്സുകൊണ്ട് ഖുത്ബും യാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു.

സേബയുടെ നോട്ടത്തിൽ, ഖുത്ബിന്റെ ആദ്യ ഇറങ്ങിപ്പോക്ക് അതായിരുന്നു!

 

* * *

ലാദുവിന് പ്രായം എട്ടായപ്പോഴാണ് ഖുത്ബിൽ അതിവിചിത്രമായ പല കാര്യങ്ങളും സേബ കാണാൻ തുടങ്ങിയത്.

അവനിലെ മാറ്റങ്ങൾ കൃത്യമായി ആരംഭിച്ചത് താടിയും മീശയും ഇല്ലാതിരുന്ന ഒരു രൂപത്തിൽനിന്നാണ്. ക്രമേണ, താടിക്കും മീശക്കും അൽപം നീളം​െവച്ചു. പിന്നീടത്, മീശ പൂർണമായും കളഞ്ഞ്, നീളൻതാടി മാത്രമുള്ള, സേബക്ക് ഒരിക്കലും താൽപര്യമില്ലാത്ത രൂപത്തിലേക്കായി. പാന്റും ഷർട്ടും തീരേ ഇടാതായി. പകരം, അറബികളെപ്പോലെ തോബായി വേഷം. ഒരിക്കലും ഉ​േപക്ഷിക്കാനാവാത്ത തരത്തിൽ വട്ടത്തൊപ്പിയും പതിവാക്കി. സ്വതേ കാണിച്ചിരുന്ന ആൺകോയ്മക്കും മതചിട്ടകൾക്കും അസാധാരണമായ ഒരു ഭാവം കൈവന്നു. ഉറക്കമില്ലാതായി. കൊട്ടാരത്തിൽനിന്ന് വന്നാൽപിന്നെ ദീർഘനേരത്തേക്ക് മുറിയടച്ചിരിപ്പുതന്നെ! എത്ര വിളിച്ചാലും കതകു തുറക്കില്ല. കെട്ടുകണക്കിന് ഗ്രന്ഥങ്ങളാൽ അവന്റെ മുറി നിറഞ്ഞു. അതിൽനിന്ന് ചിലതെല്ലാം പകർത്തിയെഴുതിയ കടലാസുതുണ്ടുകൾ തറയിലും കട്ടിലിലുമായി ചിതറിക്കിടന്നു. ഇടക്കെല്ലാം അറബിയിൽ അവനെന്തൊക്കെയോ ഉച്ചത്തിൽ വായിച്ചു.

ഓർക്കാപ്പുറത്തായിരിക്കും മുറിയിൽനിന്ന് വെളിയിലേക്കു വരിക. അറിയാതെയെങ്ങാനും ഖുത്ബിന്റെ മുന്നിൽപെട്ടാൽ സേബയുടെ പിറകിലേക്ക് ലാദു പതർച്ചയോടെ മാറിനിൽക്കും. സ്വീകരണമുറിയിലെ ആടുന്ന കസേരയിൽ കാലിന്മേൽ കാൽ കയറ്റി​െവച്ച്, ഭക്ഷണം വിളമ്പാൻ സേബയോട് ഖുത്ബ് ആജ്ഞാപിക്കും. അതു ചിലപ്പോൾ വൈകുന്നേരമോ രാത്രിയിലോ ആകാം. അല്ലെങ്കിൽ, പുലരിയുടെ ഒന്നോ രണ്ടോ നാഴികകൾക്ക് മുന്നേ. എപ്പോഴായാലും ശരി, അത് അനുസരിക്കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു സേബക്ക്.

ഇടക്കിടെ വേദന വരുന്ന ചെവി, അവളെ പലതും ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. ഉറങ്ങാതെ, അവന്റെ വിളിക്കായി കാത്തുകാത്തു കിടന്ന് സേബയുടെ ഉറക്കം താറുമാറായി. എല്ലാം മറന്നൊന്ന് ഉറങ്ങണം എന്നതു മാത്രമായിരുന്നു ആ കാലത്ത് സേബയുടെ ഏറ്റവും വലിയ ആശ. ശാരീരികമായ ക്ഷീണം അവളെ മാനസികമായും പാടേ തളർത്തി.

ചിലപ്പോൾ, ദിവസങ്ങളോളം ഖുത്ബ് വില്ലയിൽനിന്ന് വിട്ടുനിന്നു. എങ്ങോട്ടേക്കാണെന്നോ എന്തിനാണെന്നോ സേബയറിഞ്ഞില്ല. വലിയൊരു കൂട്ടത്തിനൊപ്പം, പള്ളികളും പുണ്യദേശങ്ങളും സന്ദർശിക്കുകയായിരിക്കുമെന്ന് അവൾ ഊഹിച്ചു. യാത്ര കഴിഞ്ഞു മടങ്ങിവന്നാൽ പിന്നെ പ്രാർഥനകളും ഖുർആനോത്തുമായി സമയം ചെലവഴിക്കും. ദുനിയാവിനെ പാടേ വിസ്മരിച്ചുകൊണ്ടുള്ള ഖുത്ബിന്റെ രീതികൾ പതിയെ സേബയിലും അടിച്ചേൽപിക്കപ്പെട്ടു.

“ഇനിമുതൽ നിന്റെ വേഷം ശ്രദ്ധിക്കണം. മുഖം മറയ്ക്കണം. കൈയുറയും കാലിൽ സോക്സും ധരിക്കണം.”

ഒരു പാതിരാവിൽ, ഉറക്കംതെറ്റിയ കണ്ണുകളോടെ സേബ ഖുത്ബിന്റെ പ്ലേറ്റിലേക്ക് ചോറു വിളമ്പിയപ്പോഴാണ് ആ പറച്ചിലുണ്ടായത്. അവൾ അവനെ വല്ലാതെയൊന്നു നോക്കി. രക്തഛവിയില്ലാത്ത ഖുത്ബിന്റെ കണ്ണുകൾ, ചത്തുമലച്ചു കിടക്കുന്ന ഏതോ ഒരാളുടേതാണെന്ന് അവൾക്കു തോന്നിപ്പോയി. ആർദ്രതയോ കനിവോ കരുണയോ വറ്റിപ്പോയ രണ്ടു വെറും ഗോളങ്ങൾ! ചോറിൽ ഇപ്പോൾ മുട്ടുമെന്ന നിലക്കുള്ള താടിയൊന്ന് ഒതുക്കിക്കൊടുക്കാൻ അവളുടെ കൈകൾ തരിച്ചു.

‘‘ബുദ്ധിമുട്ടുണ്ടോ നിനക്ക്? എല്ലാം പടച്ചവനു വേണ്ടിയാണ്...”

മറുപടിയെത്താതായപ്പോൾ അവൻ തലയുയർത്തി. സൗമ്യമുഖമണിഞ്ഞ്, കാട്ടിലെ പാവം പ്രാണികളെ വഞ്ചിച്ച ചെന്നായയുടെ കഥ അവൾക്കോർമ വന്നു. പിറ്റേന്ന് രാവിലെ തന്നെ, പർദയല്ലാത്ത മിക്ക വസ്ത്രങ്ങളും പള്ളിയിലെ ധർമപ്പെട്ടിയിലേക്കെന്നു പറഞ്ഞ് ഖുത്ബ് കൊണ്ടുപോയി. ആ കാഴ്ചക്കു മുന്നിൽ മാത്രം, എല്ലാം മറന്ന് സേബയൊന്ന് പൊട്ടിക്കരഞ്ഞു.

ആരുമായും അടുപ്പം പുലർത്താതായപ്പോൾ, വല്ലപ്പോഴും ക്ഷേമമന്വേഷിച്ചു വരുമായിരുന്ന ഖുത്ബിന്റെ സുഹൃത്തുക്കൾപോലും പിന്നീട് വില്ലയിലേക്ക് വരാതായി.

പഠിച്ചറിഞ്ഞ അനേകം കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ അവൻ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ചു. ഉന്നമില്ലാത്ത യാത്രകൾക്കിടെ പരിചയപ്പെടുന്ന പല ദിവ്യരിൽനിന്നും സംശയനിവാരണം നടത്തി. പള്ളികളിൽ കിടന്നുറങ്ങി. പ്രവാചകന്റെ കാലത്തുള്ളവരെപ്പോലെ, കാൽനടയായി കഠിനദൂരങ്ങൾ താണ്ടുന്നതിൽ ഹരംകൊണ്ടു. വിണ്ടുപൊട്ടി ചോരയൊലിക്കുന്ന ഉള്ളം കാലിലേക്ക് നോക്കി, ശരീരത്തിനേൽക്കുന്ന ഓരോ പീഡയും തന്റെ ആത്മാവിനെ മോക്ഷപ്പെടുത്തുന്നുണ്ടെന്ന വിചാരത്താൽ ഖുത്ബ് ഉന്മേഷവാനായി. ക്ഷീണം പാടേ മറന്നു. ദൈവത്തിലേക്ക് കൂടുതൽ അടക്കുകയാണെന്ന തോന്നൽ അവനെ ഉൾപ്പുളകത്തിലാഴ്‌ത്തി.

ഖുത്ബിന്റെ കണ്ണുകൾ കൂടക്കൂടെ വറ്റിവരണ്ടു. ശരീരം നന്നേ മെലിഞ്ഞു. എങ്കിലും, തന്നെപ്പോലെ മറ്റൊരു ലോകം കിനാക്കണ്ട്, അതിലേക്കെത്താൻ കച്ചകെട്ടിയിറങ്ങിയ യുവാക്കളുടെയും വൃദ്ധന്മാരുടെയും കൂട്ടത്തിൽ ഉന്മാദത്തോടെ അഭിരമിച്ചു.

സ്‌കൂൾവിട്ട് അവശനായി വരുന്ന ലാദുവിനായി മൂന്നു മണിക്കൂർ മദ്റസ പഠനം ഖുത്ബ് കർശനമാക്കി. ഖുത്ബിനെപ്പോലെത്തന്നെ നീളൻ വേഷമണിഞ്ഞ ഒരു സിറിയക്കാരനായിരുന്നു അധ്യാപകൻ.

അപ്പോൾ മാത്രം സേബ എതിർപ്പ് പ്രകടിപ്പിച്ചു.

‘‘എന്റെ കുട്ടിയെയെങ്കിലും ഈ പ്രായത്തിൽ വെറുതെ വിട്’’ എന്ന് പറഞ്ഞ് അവൾ കെഞ്ചി, അവന്റെ കാലുപിടിച്ചു. പകരമെത്തിയത് ചെവിയടക്കമുള്ള അടി തന്നെ. വീട്ടിൽ ഖുത്ബുള്ളപ്പോഴെല്ലാം, അവന്റെ ഒരു കുഞ്ഞുപതിപ്പായി, വെള്ളത്തൊപ്പിയും തോബയു മണിഞ്ഞ് ലാദു നടന്നു. ശെയ്‌ത്താന്റെ പെട്ടിയെന്ന് ഉപമിച്ച് ടി.വിപോലും കാണിക്കാതെ ലാദുവിനെ വളർത്തേണ്ടിവന്നപ്പോൾ സേബയുടെ നെഞ്ചുകലങ്ങി. ‘‘നിശ്ചയം, സൽസ്വഭാവങ്ങളുടെ പൂർത്തീകരണത്തിനായാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്’’ എന്ന തിരുവചനം, ഓരോ നേരത്തും വ്യഥയോടെ അവൾ ഉരുവിട്ടു. ഒരു കുഞ്ഞുപൈതലിനോട് പോലും കാരുണ്യം കാണിക്കാനാവാത്ത ഖുത്ബിനോടവൾക്ക് അടക്കാനാവാത്ത അമർഷംതോന്നി.

അവളെപ്പോലെ ആകുലതയുണ്ടായിരുന്നു ഖുത്ബിന്റെ കാര്യത്തിൽ ശൈഖിനും. ആദ്യമായി വില്ലയിലേക്ക് അദ്ദേഹം വന്നത്, സേബയോട് അതു പങ്കുവെക്കാനായിട്ടാണ്. വന്ദ്യവയോധികനായ ശൈഖിനെ നടാടെ കണ്ടപ്പോൾതന്നെ, ഒരു പിതാവിന്റെ വാത്സല്യം അവൾക്ക് അനുഭവപ്പെട്ടിരുന്നു.

 

“ഖുത്ബ്‌ യമനിലേക്ക് പോയതാണെന്ന് കേട്ടു... അന്ന് കൊട്ടാരത്തിലേക്ക് വന്ന ആ സിദ്ധന്റെ അടുത്തേക്കാണത്രേ!” ചകിതനായിക്കൊണ്ട് ശൈഖ് പറഞ്ഞു. മുഖംമറക്കുള്ളിലൂടെ, കണ്ണുകൾ മാത്രം വെളിയിൽ കാണിച്ചുകൊണ്ട് തന്റെ നിസ്സഹായത സേബ പ്രകടിപ്പിച്ചു.

“എല്ലാം എന്റെ തെറ്റാണെന്ന് തോന്നിപ്പോവുന്നു ഇപ്പോൾ. അന്ന്, യമനിൽനിന്ന് ഔലിയയെ കൊണ്ടുവരരുതായിരുന്നു. പണ്ട്, ലിയാഖത്തലി എന്റെ ഒപ്പംകൂടി അവസാനം അങ്ങനെയൊക്കെയായി. ഇതിപ്പോൾ ഖുതുബും ഇനി...” വല്ലായ്മയോടെ ശൈഖ് നെഞ്ചുതടവി. സേബ ഒന്നും പറഞ്ഞില്ല; തട്ടം വിരലുകൾക്കിടയിലൂടെ തിരുപ്പിടിച്ചങ്ങനെ നിന്നു. പിന്നീട് ഓരോതവണ ഖുത്ബ്‌ യമനിലേക്ക് പോയപ്പോഴും ശൈഖ് അവളെ കാണാൻ വന്നു. പൊതിഞ്ഞുകെട്ടി കൊണ്ടുവരുന്ന ഭക്ഷണം സ്നേഹത്തോടെ വിളമ്പിക്കൊടുത്തു; കഴിപ്പിച്ചു. ഉപ്പയാണല്ലോയെന്ന തോന്നലിൽ അവൾ ഒന്നിനോടും എതിർപ്പു പറഞ്ഞില്ല. പരസ്പരം, സങ്കടവും ആശങ്കയും ഇരുവരും പങ്കു​െവച്ചു. അല്ലാഹുവിന്റെ കാവൽ ഉണ്ടാവുമെന്ന് പറഞ്ഞ് ശൈഖ് ആശ്വാസമരുളി. യാതൊന്നിലും പ്രതീക്ഷയില്ലാതെ, ഒന്നുമേൽക്കാത്തവളെപ്പോലെ സേബ എല്ലാം കേട്ടുനിന്നു.

(തുടരും)

News Summary - Malayalam Novel