ലോക്കപ്പ്

14. ഫോർട്ട് ജനമൈത്രി സ്റ്റേഷന്റെ ഇൻസ്പെക്ടറായി രാജേഷ് ചുമതലയേറ്റു. സ്റ്റേഷന്റെ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലിയാണ് അയാൾ ആദ്യമായി ചെയ്തത്. ഇപ്പോൾ ജനമൈത്രി എന്ന് വൃത്തിയായി എഴുതിയിട്ടുണ്ട്. അയാൾ ഇൻസ്പെക്ടറുടെ കസേരയിൽ ചെന്നിരുന്നു. സബ് ഇൻസ്പെക്ടർ ഫെർണാണ്ടസിനെ വിളിച്ചു. ഫെർണാണ്ടസ് അകത്തേക്ക് വന്നു. രാജേഷ്: ഫെർണാണ്ടസ്. കമീഷണർ സാറിന് പ്രത്യക താൽപര്യമുള്ള വിഷയമാണ് ആ എൻ.ഡി.പി.എസ് കേസ്. അന്ന് ഫെർണാണ്ടസ് ജസ്റ്റിസിന്റെ മുന്നിൽനിന്നും രക്ഷപ്പെടാൻ കുടുക്കിയ കേസാണോ എന്ന് സാറിന് സംശയമുണ്ട്. എനിക്കും. ഫെർണാണ്ടസ്: അയ്യോ, ഇല്ല സാർ. രാജേഷ്: പിന്നെ? ഫെർണാണ്ടസ്: സാർ, അസമയത്ത് ജഡ്ജി വന്നു കയറിയപ്പോൾ ഞങ്ങൾ...
Your Subscription Supports Independent Journalism
View Plans14.
ഫോർട്ട് ജനമൈത്രി സ്റ്റേഷന്റെ ഇൻസ്പെക്ടറായി രാജേഷ് ചുമതലയേറ്റു. സ്റ്റേഷന്റെ ബോർഡ് മാറ്റിസ്ഥാപിക്കുന്ന ജോലിയാണ് അയാൾ ആദ്യമായി ചെയ്തത്. ഇപ്പോൾ ജനമൈത്രി എന്ന് വൃത്തിയായി എഴുതിയിട്ടുണ്ട്. അയാൾ ഇൻസ്പെക്ടറുടെ കസേരയിൽ ചെന്നിരുന്നു. സബ് ഇൻസ്പെക്ടർ ഫെർണാണ്ടസിനെ വിളിച്ചു. ഫെർണാണ്ടസ് അകത്തേക്ക് വന്നു.
രാജേഷ്: ഫെർണാണ്ടസ്. കമീഷണർ സാറിന് പ്രത്യക താൽപര്യമുള്ള വിഷയമാണ് ആ എൻ.ഡി.പി.എസ് കേസ്. അന്ന് ഫെർണാണ്ടസ് ജസ്റ്റിസിന്റെ മുന്നിൽനിന്നും രക്ഷപ്പെടാൻ കുടുക്കിയ കേസാണോ എന്ന് സാറിന് സംശയമുണ്ട്. എനിക്കും.
ഫെർണാണ്ടസ്: അയ്യോ, ഇല്ല സാർ.
രാജേഷ്: പിന്നെ?
ഫെർണാണ്ടസ്: സാർ, അസമയത്ത് ജഡ്ജി വന്നു കയറിയപ്പോൾ ഞങ്ങൾ ഭയന്നുപോയി എന്നുള്ളത് സത്യംതന്നെ. അന്ന് ഞാനല്ല സാർ, അയാളുടെ ബൈക്കിൽനിന്നും സ്റ്റഫ് എടുത്തത്. അത്... നമ്മുടെ ഡബ്ല്യൂ.പി.സി ബിന്ദുവാണ്.
രാജേഷ്: ഉറപ്പാണോ?
ഫെർണാണ്ടസ്: നൂറു ശതമാനം ഉറപ്പാണ് സാർ. പണ്ടേ ശീലിച്ചുവന്നതുകൊണ്ട്, കൊടും ക്രിമിനലുകളെയെങ്ങാനും കൈവാക്കിന് കിട്ടിയാൽ നാല് കൊടുക്കും എന്നല്ലാതെ, ഇത്തരം പരിപാടി ഒന്നും ഞാൻ ചെയ്യത്തില്ല സാർ.
രാജേഷ്: എന്തായാലും താൻ കുറച്ചുദിവസം പുറത്ത് നിൽക്കേണ്ടിവരും. ജഡ്ജി തനിക്കെതിരായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേട്ടോ, തനിക്ക് സസ്പെൻഷൻ ഉണ്ട്.
വളരെ നിർവികാരനായിട്ടാണ് രാജേഷ് സംസാരിച്ചത്. അയാൾ സസ്പെൻഷൻ ഓർഡർ കൈമാറി. ഫെർണാണ്ടസ് അത് ഒപ്പിട്ട് കൈപ്പറ്റി. അപ്രതീക്ഷിതമായി ലഭിച്ച സസ്പെൻഷൻ അയാളെ പെട്ടെന്ന് ഉലച്ചുകളഞ്ഞു. സല്യൂട്ടടിച്ച് ഫെർണാണ്ടസ് പുറത്തിറങ്ങി. പുറത്തു നിൽക്കുകയായിരുന്ന സനൽ അയാൾക്ക് മുഖം കൊടുക്കാതെ മാറി നിന്നു. മറ്റു പൊലീസുകാരും. അയാൾ പുറത്തിറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന യാർഡിലേക്ക് പതിയെ നടന്നു. ഹാർലി ഡേവിഡ്സൺ അവിടെ പൊടിപിടിച്ച് ഇരിക്കുന്നു. അതിൽ ചാരിനിന്ന് അയാൾ സിഗരറ്റ് കത്തിച്ച് വലിച്ചു. ഹാർലിയുടെ പെട്രോൾ ടാങ്കിൽ പൊടി മൂടിയിരിക്കുന്നു. അതിൻമേൽ അയാൾ വിരൽ കൊണ്ട് ഒരു കുരിശു വരച്ചു. അയാളുടെ ചുവന്ന കണ്ണുകളിൽ പുക കലങ്ങി.
ഈ സമയം സീന ആക്ടിവയിൽ അവിടെയെത്തി. ഒരു സീൽഡ് എൻവലപ്പും എടുത്തുകൊണ്ട് സ്റ്റേഷനുള്ളിലേക്ക് അവൾ ധൃതിയിൽ കയറിപ്പോയി. ഫെർണാണ്ടസ് അവളെ ഭാവരഹിതനായി നോക്കി നിന്നു. സീന രാജേഷിന്റെ റൂമിലേക്ക് കയറിച്ചെല്ലുമ്പോൾ ബിന്ദു അവിടെ നിൽക്കുന്നുണ്ട്. രാജേഷ് അപ്പോൾ ബിന്ദുവിനെ ചോദ്യം ചെയ്യുകയായിരുന്നു.
രാജേഷ്: എടോ, കമീഷണർക്ക് ഇന്ററസ്റ്റുള്ള കേസാണ്. ഒള്ള സത്യം പറ. ആ സ്റ്റഫ് തനിക്ക് എവിടുന്നാണ് കിട്ടിയത്?
ബിന്ദു: സാർ, ആ ബൈക്കിൽനിന്ന് തന്നെയാണ് കിട്ടിയത്. എന്റെ രണ്ട് മക്കളാണെ സത്യം.
രാജേഷ്: ശരി. എന്തായാലും പതിമൂന്ന് ദിവസമായി അയാൾ ജയിലിലാണ്. ഒടുവിൽ അേന്വഷണത്തിൽ അതൊരു ട്രാപ്പായിരുന്നു എന്ന് തെളിഞ്ഞാൽ താൻ സർവിസിൽ കാണില്ല.
രാജേഷ്: സനലേ, ഇവിടത്തെ സി.സി.ടി.വി വർക്കിങ് ആയിരുന്നോ?
സനൽ: ഇല്ല സാർ.
സീന രാജേഷിനെ സല്യൂട്ട് ചെയ്ത ശേഷം സീൽ ചെയ്ത കവർ സി.ഐക്ക് കൈമാറി. അയാളത് തുറന്ന് വായിച്ചു. ആവർത്തിച്ച് വീണ്ടും വായിച്ചു. ശേഷം അയാളൊന്ന് ദീർഘനിശ്വാസം ചെയ്തു. കസേരയിൽ കുറച്ചുനേരം ചാരിക്കിടന്നു. സീന ഒഴികെ മറ്റുള്ളവരോട് രാജേഷ് പുറത്തുപോകാൻ പറഞ്ഞു.
രാജേഷ്: ഈ റിസൽട്ട് നാളെ കോടതിയിൽ എത്തിക്കണം. എന്റെ ഏറ്റവും വലിയ ടെൻഷൻ ഇതോടെ ഒഴിഞ്ഞു.
സീന: ഒാകെ. സാർ.
അയാൾ ആശ്വാസത്തോടെ കുറച്ചുനേരം വെറുതെയിരുന്നു. എന്നിട്ടയാൾ കമീഷണറെ വിളിച്ചു.
കമീഷണർ: പറയൂ. എന്തായെടോ?
രാജേഷ്: സാർ, എൻ.ഡി.പി.എസ് കേസിന്റെ ലാബ് റിപ്പോർട്ട് വന്നു.
കമീഷണർ: ആ, എന്നിട്ട്?
രാജേഷ്: സാർ, അത് ഡ്രഗ്സല്ല. അത് പരാലിസിസ് പേഷ്യന്റ്സിന് ട്രീറ്റ്മെന്റിന് ഉപയോഗിക്കുന്ന ഒരുതരം സ്റ്റഫാണ് സാർ.
കമീഷണർ: ഒാകെ. ഗുഡ്. ഞാനാ പ്രഫസറെ ഒന്ന് വിളിക്കട്ടെ.
15.
ഉച്ച കഴിഞ്ഞിരുന്നു. ഫ്ലാറ്റിൽ, ‘ഒരു വരൾച്ച ആർക്കാണ് ഇഷ്ടമില്ലാത്തത്’ എന്ന പുസ്തകം വായിച്ചുകൊണ്ട് കിടക്കുകയാണ് ദയ. ഉച്ചക്ക് ഇങ്ങനെ വായിച്ചുവായിച്ച് ഉറങ്ങുന്ന ശീലം അവൾക്കുണ്ട്. മയങ്ങാൻ തുടങ്ങിയതും ഡോ. ലാസറിന്റെ ഫോൺ വന്നു.
ലാസർ: മോളേ, സന്തോഷവാർത്ത ഉണ്ട്. നാളെ അവന് ജാമ്യം കിട്ടും.
ദയ: ഓ ഗോഡ്. അതെങ്ങനെ സാർ?
ലാസർ: സീ, ആ ഡ്രഗ്സുണ്ടല്ലോ, അത് ഡ്രഗ്സല്ല. ഇറ്റ്സ് സം കൈൻഡ് ഓഫ് കെമിക്കൽ മെഡിസിൻ.
ദയ: സമാധാനമായി സാർ. എന്നാലും ഞാനിത് വിടില്ല. അമിതിനെ ജയിലിലാക്കിയ ഒരു കറപ്റ്റഡ് സിസ്റ്റം ഉണ്ടല്ലോ ഇവിടെ. ഐ വിൽ ഫൈറ്റ് എഗൻസ്റ്റ് ഇറ്റ്.
ലാസർ: ദയാ, ആദ്യം അവൻ പുറത്ത് വരട്ടെടോ. താൻ അവനെക്കാളും പ്രശ്നക്കാരിയാണല്ലോ.
ദയ അതുകേട്ട് ചിരിച്ചു.

16.
പിറ്റേന്ന് കോടതിവളപ്പിലെ മരച്ചുവട്ടിൽ കാർ പാർക്ക് ചെയ്ത ശേഷം ദയ മറ്റുള്ളവരെ കാത്തുനിന്നു. നിറയെ ആൾക്കൂട്ടം. എല്ലാ മുഖങ്ങളിലും വ്യഗ്രതയാണ്. ആർക്കും സമാധാനമില്ല. ഉറച്ചതും മരവിച്ചതുമായ ഭാവങ്ങൾ. ഏറെക്കാലമായി പരിചയിച്ചതുകൊണ്ടാവണം പലരുടെയും മുഖങ്ങൾക്ക് സ്ഥിരമായ കടുപ്പം കൈവന്ന പോലെ തോന്നാം. പ്രതീക്ഷയും നിരാശയും ഒരുപോലെ പൂത്തുനിൽക്കുന്ന ഇടങ്ങളാണ് കോടതികൾ. കോടതിയും ജയിലുമൊക്കെ അവൾ ജീവിതത്തിലാദ്യമായി അടുത്തുനിന്ന് കാണുകയാണ്. മരച്ചുവട്ടിൽ നിന്ന് മൊബൈലിൽ ഇൻസ്റ്റ റീൽസ് കാണാൻ തുടങ്ങിയപ്പോൾ തന്നെ പ്രഫ. ലാസർ, വക്കീലിനൊപ്പം കാറിൽ വന്നിറങ്ങി. ലാസർ സാറിന് ഇങ്ങനെ വരേണ്ട ആവശ്യമൊന്നുമില്ല. ചില മനുഷ്യർ അങ്ങനെയാണ് എന്ന പാഠം പറഞ്ഞുതരാനായിരിക്കും. നമുക്ക് ആവശ്യമുള്ളപ്പോഴൊക്കെ ഓടിയെത്തും.
ലാസർ: എന്തായാലും ഭാഗ്യം. സംഗതികൾ ഇവിടെ അവസാനിച്ചല്ലോ.
വക്കീൽ: കേസ് ആദ്യം തന്നെ വിളിക്കാം എന്ന് പ്രോസിക്യൂട്ടർ പറഞ്ഞിട്ടുണ്ട്.
ദയ നടന്ന് അവർക്കൊപ്പം ചേർന്നു. മീരയോട് ഫോണിൽ സംസാരിക്കുകയായിരുന്നു അവൾ. ‘‘ബൈ ട്വൽവ് ഹീ വിൽ ബി അവൈലബ്ൾ. മീരാ ജസ്റ്റ് മാനേജ് യുവേഴ്സെൽഫ്.’’ അവൾ ഫോൺ കട്ട് ചെയ്തു.
ദയ: സാർ, ജാമ്യം കിട്ടിക്കഴിഞ്ഞാൽ എന്താണ് ഫോർമാലിറ്റീസ്.
വക്കീൽ: സിമ്പിൾ. കോടതി പറയുന്ന തുകക്ക് തുല്യമായ ആൾജാമ്യം കെട്ടിവെയ്ക്കണം.
ദയ: ആൾജാമ്യമൊന്നും അന്വേഷിക്കണ്ട. നമുക്ക് കാഷ് ട്രാൻസ്ഫർ ചെയ്തുകൊടുക്കാം.
വക്കീലും പ്രഫസറും അതുകേട്ട് ചിരിച്ചു. ‘‘പണക്കാരുടെ ഓവർ കോൺഫിഡൻസാണ്. എന്തായാലും തനിക്ക് ഭാഗ്യമുണ്ട്. ലാബ് റിസൽട്ട് ഇങ്ങനെ ആയല്ലോ.’’
അവരുടെ മുന്നിൽ പൊലീസ് വാൻ വന്നുനിന്നു. അതിൽനിന്നും രണ്ട് പൊലീസുകാരുടെ അകമ്പടിയോടെ അമിത് പുറത്തിറങ്ങി. ദയ നടന്ന് അവന്റെ അടുത്തേക്ക് ചെന്നു. കൈകളിൽ പിടിച്ചു. മുഖത്തു നോക്കി ചിരിച്ചു. അമിത് ചിരിച്ചില്ല. അവൻ കോടതി മുറിയിലേക്ക് കയറുമ്പോൾ ദയ പുറത്തുനിന്ന് തംസ് അപ് കാട്ടി.
വക്കീൽ: നമ്മുടതാ ആദ്യത്തെ കേസ്.
മൊത്തത്തിൽ മുഷിഞ്ഞ അവസ്ഥ. വരാന്തയിൽ ഒരുഭാഗത്ത് ഒടിഞ്ഞ കസേരകളും മേശകളും കൂട്ടിയിട്ടിരിക്കുന്നു. സമീപത്ത് തന്നെ മുഷിഞ്ഞ കടലാസ് കെട്ടുകൾ. മാറാല പിടിച്ച പങ്കകൾ. കോടതികൾക്ക് സിനിമയിൽ കാണുന്ന പൊലിപ്പില്ല, എന്ന് അമിത് ചിന്തിച്ചു. ജഡ്ജിനെ നോക്കി തൊഴുതുകൊണ്ട് അകത്തേക്കും പുറത്തേക്കും പോകുന്ന വക്കീലൻമാർ. അവരുടെ വിസ്തൃതമായ കറുത്തകോട്ട്. അത് ജനിപ്പിക്കുന്ന ഭയം. നിശ്ശബ്ദതയുടെ കനം. നിശ്ശബ്ദത എന്നാൽ ശാന്തത എന്നാണ്. എന്നാൽ അധികാരം വിഹരിക്കുന്ന ഇടങ്ങളിൽ നിശ്ശബ്ദതക്ക് ഭീതി എന്ന അർഥമാണ്. പുറമേക്ക് നോക്കിയാൽ ആദരവ് എന്ന് തോന്നുമെങ്കിലും.
വിധിക്കുന്ന ഇടമാണ്. വിധി എന്നാൽ ‘വിധി’ എന്നു തന്നെയാണർഥം. അവിടെയുള്ള മനുഷ്യർക്കെല്ലാം വിധേയഭാവം. പ്രതിക്കൂട്ടിൽനിന്ന് അമിത് കോടതി ഹാൾ അരിച്ചുപെറുക്കി നോക്കി.
ചെയറിൽ ജഡ്ജി വന്നിരുന്നു.
െബഞ്ച് ക്ലർക്ക് ആദ്യത്തെ കേസ് വിളിച്ചു. യന്ത്രംപോലെ നിർവികാരനായ ഒരാൾ. ശബ്ദവും അങ്ങനെ തന്നെ. ‘‘ക്രൈം നമ്പർ - 126/23 NDPS കേസിന്റെ ജാമ്യാപേക്ഷ. സെൻട്രൽ കെമിക്കൽ ലാബിന്റെ രാസപരിശോധനാ ഫലം ഇതിനൊപ്പം വച്ചിട്ടുണ്ട്.’’ അയാൾ കുറച്ച് കടലാസുകൾ ജഡ്ജിയുടെ മേശമേലേക്ക് നീട്ടിെവച്ചു.
മജിസ്ട്രേറ്റ്: ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന് എന്താണ് പറയാനുള്ളത്?
പ്രോസിക്യൂട്ടർ: രാസപരിശോധന ഫലം ഇപ്രകാരം ആയതുകൊണ്ട് ബെയിൽ ആപ്ലിക്കേഷൻ എതിർക്കുന്നില്ല. െബഞ്ച് ക്ലർക്ക്: സാർ, സി.ബി.സി.ഐ.ഡിയുടെ പ്രോസിക്യൂട്ടർ ഈ കേസിൽ ഇന്ററസ്റ്റ് സൂചിപ്പിച്ചിരുന്നു.
മജിസ്ട്രേട്ട്: ആ പറയൂ.
ഒറ്റ നിമിഷത്തിൽ സ്ക്രിപ്റ്റ് മാറിമറിയുകയാണ്. അമിതും വക്കീലും പ്രഫ. ലാസറും ദയയും സീനയും പെട്ടെന്ന് പരസ്പരം നോക്കി. വക്കീലൻമാരുടെ മുൻനിരയിൽനിന്നും തലനരച്ച പ്രോസിക്യൂട്ടർ എഴുന്നേറ്റു നിന്നു. അയാളുടെ കൈയിൽ കനപ്പെട്ട ചില ഫയലുകളും ഉണ്ടായിരുന്നു.
CB പ്രോസിക്യൂട്ടർ: യുവർ ഓണർ, ജനുവരി പത്തിന് രാത്രി ഫോർട്ട് സ്റ്റേഷൻ പരിധിയിൽ അഹ്ന എന്നും രഹ്ന എന്നും പേരായ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെടുകയുണ്ടായി. ക്രൈംബ്രാഞ്ച് സി.ഐ.ഡിയുടെ അട്ടക്കുളങ്ങര സ്പെഷൽ യൂനിറ്റിനാണ് ഈ കേസിന്റെ അേന്വഷണച്ചുമതലയുള്ളത്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ഈ കേസിലെ പ്രതിയായ അമിത് എന്നയാളെ ബന്ധിപ്പിക്കുന്ന ചില നിർണായക തെളിവുകൾ അേന്വഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മജിസ്ട്രേറ്റ്: യെസ്. പ്രൊസീഡ്.
CB പ്രോസിക്യൂട്ടർ: നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും വിവിധ സമയങ്ങളിൽ കലക്ട് ചെയ്ത സി.സി.ടി.വി ഫൂട്ടേജുകളിൽ പ്രസ്തുത പെൺകുട്ടികളെ ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് പിന്തുടർന്നതായി കണ്ടിട്ടുണ്ട്. മറ്റൊരു പ്രധാന തെളിവുകൂടി സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. അമിതിന്റെ ബൈക്കിൽനിന്നും ലഭിച്ച മയക്കുമരുന്ന് എന്ന് തെറ്റിദ്ധരിച്ച സ്റ്റഫ്, അഹ്നയുടെയും രഹ്നയുടെയും സ്കൂട്ടറിൽനിന്നും ലഭിച്ചതിന് സമാനമായ കെമിക്കൽ കണ്ടന്റ്സ് അടങ്ങിയിട്ടുള്ളതാണ്. രണ്ടും ഒരേ കെമിക്കലാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് ഇതിനൊപ്പം സബ്മിറ്റ് ചെയ്യുന്നു.
പ്രോസിക്യൂട്ടർ റിപ്പോർട്ട് ജഡ്ജിന് കൈമാറി. ജഡ്ജി അത് ഓടിച്ചു നോക്കി.
CB പ്രോസിക്യൂട്ടർ: സോ, പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുതരണം എന്നപേക്ഷിക്കുന്നു.
മജിസ്ട്രേറ്റ് കടലാസുകളിൽ എന്തൊക്കെയോ എഴുതി. എഴുതുന്നതിനിടയിൽ അമിതിനെ ഒന്നുകൂടി നോക്കി. എന്നിട്ട് നിർവികാരമായ ശബ്ദത്തിൽ പറഞ്ഞു: ‘‘മാർച്ച് എട്ടുവരെ പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്നു.’’
അമിതിന് ആ നിമിഷത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പ്രതീക്ഷയുടെ ഉത്തുംഗത്തിൽനിന്നും അയാൾ നിലംപറ്റിയിരിക്കുന്നു. അയാൾ കുഴഞ്ഞ് നിലത്തുവീണു.
17.
കോടതിമുറി ദുർഘടമായ രാക്ഷസക്കോട്ടപോലെയാണ് ദയക്കപ്പോൾ തോന്നിയത്. അതിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങൾ കുഴഞ്ഞ് വിചിത്രമായ ശബ്ദങ്ങളായി അവൾ കേൾക്കാൻ തുടങ്ങി. അപ്പോഴേക്കും കോടതി അടുത്ത കേസ് വിളിച്ചുകഴിഞ്ഞിരുന്നു. പുതിയ വക്കീൽ. പുതിയ കേസ്, പുതിയ കഥ, പുതിയ കഥാപാത്രങ്ങൾ, പുതിയ വാദങ്ങൾ, പുതിയ വാഗ്വാദങ്ങൾ, പുതിയ നിയമങ്ങൾ, ചട്ടങ്ങൾ, വകുപ്പുകൾ, ഒറ്റ നിമിഷത്തിൽ കോടതി മറ്റൊരു ജീവിതത്തെ എടുത്ത് ഇഴകീറാൻ തുടങ്ങി. കൃത്യമായി പറഞ്ഞാൽ മറ്റൊരു നിമിഷത്തെ. തികച്ചും വ്യത്യസ്തരായ രണ്ടു മനുഷ്യർ മുഖാമുഖം നിന്ന ആ നിമിഷം. അറിയാതെയും ചിലപ്പോൾ വർഷങ്ങളുടെ കണക്കുകൂട്ടലുകൾക്കുശേഷം അറിഞ്ഞുകൊണ്ടും ആവണം ആ നിമിഷം സൃഷ്ടിക്കപ്പെട്ടത്. ഇപ്പോളിതാ ഒരു കഥയുടെ വ്യത്യസ്ത ആഖ്യാനരൂപങ്ങളായി ആ നിമിഷം പുനഃസൃഷ്ടിക്കപ്പെടുകയായി. വിചാരണ തീരുവോളം രണ്ട് കഥകൾ കോടതി മുറിയിൽ ഏറ്റുമുട്ടിക്കൊണ്ടിരിക്കും. ഒടുവിൽ സത്യം ജയിക്കുമോ? സത്യം ആണോ നീതി?
ഇപ്രകാരം ആയിരം ചിന്തകൾ ദയയുടെ മനസ്സിലൂടെ പാഞ്ഞുപോയി. അവൾ മുറിയിൽനിന്നും പുറത്തിറങ്ങി. കാലുകൾക്ക് ബലം നഷ്ടപ്പെടുന്നു. പതിയെ അവൾ കാറിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. സ്റ്റിയറിങ്ങിൽ തല ചായ്ച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ആ സമയം മീരയുടെ കോൾ വന്നു. അവൾ എടുത്തില്ല. വീണ്ടും കോൾ വന്നപ്പോൾ ഫോൺ സൈലന്റ് മോഡിലിട്ടു.
പ്രഫസർ ലാസറിനും വക്കീലിനും ഒപ്പമാണ് അമിത് പൊലീസ് വാനിലേക്ക് നടന്നത്. വക്കീൽ അവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അമിതിനെ ഒരു മരവിപ്പ് ബാധിച്ചുകഴിഞ്ഞിരുന്നു. പൊലീസ് വാനിൽ കയറാനൊരുങ്ങുമ്പോൾ ദയ അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു. ഒന്നു കെട്ടിപ്പിടിക്കാൻ ഒരുങ്ങുമ്പോഴേക്കും നിർവികാരനായി ദയയെ പിടിച്ചുമാറ്റിയ ശേഷം അവൻ വാനിൽ കയറി. പൊലീസ് വാൻ പതിയെ കോടതി വളപ്പിൽനിന്നും പുറത്തേക്കിറങ്ങി. മരങ്ങൾ വരിെവച്ച റോഡിലൂടെ അത് വേഗത്തിൽ മറഞ്ഞു. ദയ അത് നോക്കി നിന്നു.
‘‘നമുക്ക് നോക്കാന്നേ. സമാധാനമായിരിക്ക്. ഇതിനു മുകളിലും കോടതികളുണ്ടല്ലോ.’’ വക്കീൽ ദയയോട് പറഞ്ഞു.
ആ സീനിലേക്കാണ് സീന കടന്നുവന്നത്. ദയ സ്വാഭാവികമായ ആശ്രയംപോലെ സീനയുടെ കൈയിൽ പിടിച്ചു. സീന അവളെയും കൈവിട്ടില്ല: ‘‘എനിക്ക് അമിതിനെ അറിയാം.’’ അവൾ പറഞ്ഞു.
ദയ: എങ്ങനെ?
സീന: അന്നു രാത്രി ഞാൻ ഈഞ്ചക്കൽ ജങ്ഷനിൽ ഒറ്റക്ക് നിൽക്കുകയായിരുന്നു. പൂവാലൻമാരെയും ശല്യക്കാരെയും ആകർഷിച്ച് പിടികൂടുക അതായിരുന്നു എന്റെ ഡ്യൂട്ടി. ഹാർലി ഡേവിഡ്സൺ ബൈക്കിൽ അയാൾ എന്റെ മുന്നിൽ വന്നു. ഇൻഫാക്ട് അതൊരു ഹണിട്രാപ്പായിരുന്നു. അർധരാത്രിയിൽ ഒറ്റക്ക് കണ്ട സ്ത്രീയോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നയാൾ അന്വേഷിച്ചു. ജെന്റിൽമാൻ. അയാൾ ഇങ്ങനെയൊരു കേസിൽ പ്രതിയാകുമെന്ന് ചിന്തിക്കാനേ പറ്റുന്നില്ല.
ദയ: അമിത് നിരപരാധിയാണ്. അത് മയക്കുമരുന്നല്ല എന്ന് അയാൾക്ക് അറിയാമായിരുന്നെങ്കിൽ അവനത് നേരത്തേ പറയുമായിരുന്നില്ലേ?
സീന: ഞാനാണ് ആ ലാബ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. എന്നാൽ, നിലവിലുള്ള തെളിവുകൾ എല്ലാം അയാൾക്ക് എതിരാണ്.
ദയ സീനയെ മുഖമുയർത്തി പ്രതീക്ഷയോടെ നോക്കി.
സീന: നമ്പർ പറയൂ. എന്തെങ്കിലും വിവരം കിട്ടിയാൽ ഞാൻ വിളിക്കാം.
ദയ: എയ്റ്റ് വൺ ടൂ നയൻ...
സീന നമ്പർ സേവ് ചെയ്തു.
ദയ: ദയ.
സീന: ട്രൂ കോളറിൽ ഉണ്ട്. എന്റെ നമ്പർകൂടി സേവ് ചെയ്തോളൂ. മിസ് കോൾ അടിച്ചിട്ടുണ്ട്. സീന.
സീന സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. എതിർദിശയിലേക്ക് തിരിഞ്ഞ് സ്കൂട്ടറോടിച്ച് പോയി. സ്കൂട്ടറും അകന്നകന്ന് പോയി. പിന്നെ അവൾ പോയ വഴിയും നോക്കി ദയ കുറച്ചുനേരം അങ്ങനെ നിന്നു.

18.
പൊലീസ് വാൻ സ്റ്റേഷൻ കോമ്പൗണ്ടിൽ വന്നുനിന്നു. അതിനുള്ളിൽ അമിതിന് പുറമേ നാലഞ്ച് റിമാൻഡ് പ്രതികളും കൂടി ഉണ്ടായിരുന്നു. അതിലൊരുവൻ നഗരത്തിലെ ഗുണ്ടാത്തലവനായിരുന്നു. ഈയിടെ എസ് കത്തി ഉപയോഗിച്ച് നടത്തിയ കൊലപാതകം വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതോടുകൂടി അവൻ ഗുണ്ടകൾക്കിടയിൽ മാത്രല്ല, ചെറുപ്പക്കാർക്കിടയിലും താരമായി മാറിയിരുന്നു. വാനിൽ ഇരുന്ന് അമിത് സ്റ്റേഷന്റെ ചുറ്റുപാടും നിരീക്ഷിച്ചു. അപ്പോളവൻ ബൈക്കുകളുടെ കൂട്ടത്തിൽ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാർലി ഡേവിഡ്സൺ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടർന്നു തുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢ സിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്ന് തോന്നിയാൽ അതിനെ പെട്ടെന്ന് വിഴുങ്ങിക്കളയും. അവന്റെ ചങ്കൊന്ന് പാളി. എന്നിട്ടവൻ സ്വന്തം ശരീരത്തിലേക്ക് നോക്കി. തന്റെ ശുഷ്കിച്ച ഉടലിലേക്ക് പലതരം കാട്ടുവള്ളികൾ പടർന്നു കയറുന്നതുപോലെ അവന് തോന്നി.
അമിത് നോക്കിയിരിക്കെ ഒരു പൊലീസുകാരൻ അഹ്നയുടെ ആക്ടിവ ഉരുട്ടിക്കൊണ്ട് യാർഡിൽ ഹാർലിയുടെ അടുക്കൽ െവക്കുന്നത് കണ്ടു.
വാഹനങ്ങളുടെ ശവപ്പറമ്പിൽ ഇരയും പ്രതിയും ഒന്നിച്ച് മുട്ടിയുരുമ്മിയിരിക്കുന്നു. കേസുകളിൽ കുടുങ്ങിയാൽ വാഹനങ്ങൾക്കും മോചനമില്ല. ഇതുപോലൊരു യാർഡിൽ അല്ലെങ്കിൽ കോടതി വളപ്പിൽ തുരുമ്പെടുത്ത് ഒടുങ്ങണം. അപ്രകാരം വാഹനങ്ങളും മനുഷ്യരും ഒരേ വിധി പങ്കിടുന്നു. കോടതിക്കുള്ളിൽ ചിലപ്പോൾ പൂട്ടിട്ടു കുടുങ്ങിപ്പോയ മനുഷ്യർ മുറുകിയ ചങ്ങലകൾ തടവിക്കൊണ്ട് പരസ്പരം നോക്കും. ഒരു വാക്കിലോ തുറിച്ചുനോട്ടത്തിലോ തുടങ്ങിയ സംഘർഷമാണല്ലോ തങ്ങളെ ഇവിടെ എത്തിച്ചത് എന്നോർത്ത് അന്തിമവിധിക്കായി കാത്തുനിൽക്കും. മറ്റാരോ മറ്റേതോ കാലത്ത് മറ്റേതോ മനുഷ്യർക്ക് വേണ്ടി നിർമിച്ച നിയമങ്ങളുടെ മുന്നിൽ ഇങ്ങനെ പകച്ചുനിൽക്കും.
ഡ്യൂട്ടിയുടെ ഇടവേളകളിൽ ആൺ പൊലീസുകാർ ഈ ഭാഗത്ത് വന്നുനിൽക്കാറുണ്ട്. ചിലർ പുകവലിക്കും. ചിലർ വെറുതെ മൊബൈൽ ഫോണിൽ നോക്കിനിൽക്കും. തൊട്ടടുത്തുള്ള പാർക്കിങ്ങിൽ സീന സ്കൂട്ടർ പാർക്ക് ചെയ്തു. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് കോൺസ്റ്റബിൾ സനലിനെയാണ്. ഹാർലി ഡേവിഡ്സന്റെ റിയർവ്യൂ മിറർ ഇളക്കി എടുക്കുകയാണയാൾ. സീനയെ കണ്ടപ്പോൾ ഒന്നു ചമ്മിയെങ്കിലും ഇളക്കുന്നതിൽനിന്നും അയാൾ പിന്മാറിയില്ല.
സീന: കൊള്ളാം സനൽ സാറേ. അകത്ത് കിടക്കേണ്ടവരൊക്കെ പുറത്തും പുറത്തുകിടക്കേണ്ടവരൊക്കെ അകത്തും.
സനൽ: എന്റെ ബൈക്കിന്റെ മിറർ പൊട്ടിപ്പോയി സീന സാറേ. ആർക്കും ഉപകരിക്കാതെ തുരുമ്പെടുക്കാൻ പോണ വസ്തുവല്ലേ. പിന്നെ, പണമുള്ളവന്റേത് എടുക്കുന്നത് അത്ര വലിയ പാതകമായിട്ട് എനിക്ക് തോന്നുന്നുമില്ല. അയാൾ മിറർ ഇളക്കിയെടുത്ത് ബാഗിലിട്ടു.