ലോക്കപ്പ്

18. വനിത പൊലീസിന്റെ വിശ്രമമുറിയിലിരുന്ന് സീന ഫേസ്ബുക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്ക് ബിന്ദു അവിടേക്ക് വന്നു. കൂളറിൽനിന്നും വെള്ളമെടുത്ത് കുടിച്ചശേഷം ബിന്ദു ചോദിച്ചു: ‘‘സീന സാർ ചുമ്മായിരിക്കയല്ലേ. ഫ്രീ ഫയർ കളിക്കുന്നോ?’’ സീന: അയ്യോ ഞാനില്ല. ബിന്ദു കളിച്ചോ. ബിന്ദു അകത്തേക്ക് പോയി. ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നതിനിടയിൽ സീന കോൺസ്റ്റബിൾ സനലിന്‍റെ സെൽഫി കണ്ടു. ആദ്യമേ ഒരു ലൈക്കടിച്ച് വിട്ടു. കോംബിങ്ങും ഇരട്ടക്കൊലപാതകവും നടന്ന രാത്രിയിൽ ഹാർലിയിൽ ചാരിനിന്നെടുത്ത സെൽഫിയാണ്. സംശയത്തോടെ അവൾ വീണ്ടും ചിത്രം സൂം ചെയ്തു നോക്കി. അപ്പോൾ ഹാർലിയുടെ ബോക്സിൽ നിന്നും ഒരു പ്ലാസ്റ്റിക് കവറിന്റെ അറ്റം...
Your Subscription Supports Independent Journalism
View Plans18.
വനിത പൊലീസിന്റെ വിശ്രമമുറിയിലിരുന്ന് സീന ഫേസ്ബുക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്ക് ബിന്ദു അവിടേക്ക് വന്നു. കൂളറിൽനിന്നും വെള്ളമെടുത്ത് കുടിച്ചശേഷം ബിന്ദു ചോദിച്ചു: ‘‘സീന സാർ ചുമ്മായിരിക്കയല്ലേ. ഫ്രീ ഫയർ കളിക്കുന്നോ?’’
സീന: അയ്യോ ഞാനില്ല. ബിന്ദു കളിച്ചോ.
ബിന്ദു അകത്തേക്ക് പോയി.
ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നതിനിടയിൽ സീന കോൺസ്റ്റബിൾ സനലിന്‍റെ സെൽഫി കണ്ടു. ആദ്യമേ ഒരു ലൈക്കടിച്ച് വിട്ടു. കോംബിങ്ങും ഇരട്ടക്കൊലപാതകവും നടന്ന രാത്രിയിൽ ഹാർലിയിൽ ചാരിനിന്നെടുത്ത സെൽഫിയാണ്. സംശയത്തോടെ അവൾ വീണ്ടും ചിത്രം സൂം ചെയ്തു നോക്കി. അപ്പോൾ ഹാർലിയുടെ ബോക്സിൽ നിന്നും ഒരു പ്ലാസ്റ്റിക് കവറിന്റെ അറ്റം പുറത്തേക്ക് തള്ളിയിരിക്കുന്നത് കണ്ടു. അവളത് സൂം ചെയ്തു.
അമിതിനെയും ഈ ബൈക്കിനെയും ആദ്യമായി കണ്ടത് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അന്നു രാത്രിയിൽ തെരുവിൽ നിന്നപ്പോൾ ബൈക്കിൽ ഇങ്ങനെയൊരു കവർ കണ്ടതായി ഓർക്കുന്നില്ല. സീനക്ക് വല്ലാത്തൊരാത്മവിശ്വാസം തോന്നി. ചില പിടിവള്ളികൾ. അതേ ചിന്തയോടെ അവൾ യാർഡിലേക്ക് നടന്നു. ഹാർലിയുടെ അടുക്കൽ വന്ന് അതിനെ തൊട്ട് പരിശോധിച്ചു. ‘‘അത് മയക്കുമരുന്നല്ല എന്ന് അമിതിന് അറിയാമായിരുന്നെങ്കിൽ അവനത് നേരത്തേ പറയുമായിരുന്നില്ലേ?’’ എന്ന ദയയുടെ ശബ്ദം അവളുടെ തലച്ചോറിൽ മുഴങ്ങി. അതായത് ബൈക്കിൽ അങ്ങനെ ഒരു കവറും സ്റ്റഫും ഉള്ളതായി അമിതിന് അറിയില്ലായിരുന്നു. സീന അപ്പോൾതന്നെ ദയയെ ഫോൺചെയ്തു.
സീന: ദയയല്ലേ?
ദയ: അതെ.
സീന: അമിതിന് ജാമ്യം കിട്ടാൻ ഞാൻ സഹായിക്കാം. അയാൾ പറയുന്നത് ശരിയാവാനാണ് സാധ്യത.
ദയ: എന്താ ഇപ്പോ അങ്ങനെ തോന്നാൻ?
സീന: എന്‍റെ മനസ്സ് പറയുന്നു. പക്ഷേ, ഞാൻ വെറുമൊരു കോൺസ്റ്റബിൾ ആണ്. അതിന്റെ പരിമിതികൾ ഉണ്ടാവും.
ദയ: എന്തിനും ഞാൻ ഒപ്പം നിൽക്കും. ഈ സന്മനസ്സ് ഒരിക്കലും മറക്കില്ല.
വെറും പരിചയമാണ് ആ രണ്ടു സ്ത്രീകൾ തമ്മിൽ. എങ്കിലും രണ്ടു കാട്ടുവള്ളികൾപോലെ അവർ പരസ്പരം താങ്ങിനിവർന്നു നിൽക്കാൻ തുടങ്ങി.
19.
സർക്കിൾ ഇൻസ്പെക്ടറോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന് തീരുമാനിച്ചാണ് പിറ്റേന്ന് സീന സ്റ്റേഷനിൽ എത്തിയത്.
രാജേഷ് നേരത്തേ എത്തിയിരുന്നു. സീന അയാളെ ചെന്നു കണ്ടു.
സീന: സാർ, ആ അമിത് എന്നയാളുണ്ടല്ലോ. അയാൾ ജനുയിനായ ഒരു മനുഷ്യനാണെന്നാണ് എനിക്ക് തോന്നുന്നത്.
രാജേഷ്: അത് തനിക്കെങ്ങനെ അറിയാം?
സീന: സാർ, ഒരു പുരുഷനെ മനസ്സിലാക്കാൻ സ്ത്രീക്ക് ഒരൊറ്റ നോട്ടം മാത്രം മതി.
രാജേഷ്: ജുഡീഷ്യറി വർക്ക് ചെയ്യുന്നത് മനശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല. സീനക്ക് പറയാനുള്ളത് വേഗം പറ.
സീന: അയാളെ ജയിലിൽനിന്നും പുറത്തിറങ്ങാൻ സഹായിക്കണം. എന്റെ മനസ്സിൽ ചില ഐഡിയാസ് ഉണ്ട്.
രാജേഷ്: ശരി. ഞാനിപ്പം എന്താ വേണ്ടത്?
സീന: സാർ ആ കേസ് ഒന്നേന്വഷിക്കണം. എങ്ങനെയാണ് ആ സ്റ്റഫ് അയാളുടെ ബൈക്കിൽ വന്നതെന്ന് കണ്ടുപിടിക്കണം.
രാജേഷ്: എന്നെ സംബന്ധിച്ച് ആ കേസ് അവസാനിച്ചു കഴിഞ്ഞു. ക്രൈംബ്രാഞ്ച് അേന്വഷിക്കുന്ന കേസിൽ ഇടപെടേണ്ട ഒരു കാര്യവും എനിക്കില്ല. എടോ, ടെക്നിക്കലി നമ്മുടെ പണി കഴിഞ്ഞു.
സീന: സാർ, അയാളുടെ വൈഫ് എന്നെ വന്ന് കണ്ടിരുന്നു. എനിക്കുറപ്പുണ്ട്, നമ്മുടെ സ്റ്റേഷനിൽ വെച്ചാണ് അയാളുടെ ബൈക്കിൽ ആരോ സ്റ്റഫ് കൊണ്ടിട്ടത്.
രാജേഷ്: എങ്ങനെ? ആര്? എന്തിന്?
സീന: അതന്വേഷിക്കണം സാർ. ഒരു കാര്യം ഉറപ്പുണ്ട്. ഹണിട്രാപ്പുമായി തെരുവിൽ നിൽക്കുന്ന സമയത്ത് അയാളെന്റെ അടുക്കൽ ബൈക്ക് നിർത്തിയിരുന്നു. ആ സമയത്ത് അയാളുടെ ബൈക്കിൽ ഇപ്പറഞ്ഞ കവർ ഇല്ലായിരുന്നു.
രാജേഷ്: തനിക്ക് അതെങ്ങനെ പറയാനാവും?
സീന: എന്നെ സമീപിക്കുന്നവരെ ഞാൻ മൊത്തത്തിൽ സ്കാൻ ചെയ്യാറുണ്ട് സാർ.
രാജേഷ്: ഇത് തനിക്ക് തെളിയിക്കാൻ പറ്റുമോ?
സീന: അന്നെടുത്ത ഫൂട്ടേജിൽ അതുണ്ടാവും സാർ. അതൊക്കെ അക്സസ് ചെയ്യാനുള്ള പെർമിഷൻ മാത്രം എനിക്ക് തന്നാൽ മതി സാർ.
രാജേഷ്: ശരി. സ്വയം റിസ്കിലാവാത്ത എന്ത് അേന്വഷണം വേണേൽ ചെയ്തോ. ബട്ട് ഇതിന്റെ പേരിൽ ലീവൊന്നും ചോദിക്കരുത്.
സീന: ശരി സാർ.
സീന പുറത്തേക്കിറങ്ങി.
20.
സബ്ജയിലിൽനിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അമിതിനെ കൂട്ടിക്കൊണ്ടു പോയി. അവരുടെ ജീപ്പിൽ കയറ്റുമ്പോൾ അനുനിമിഷം മുറുകുന്ന കുരുക്കിന്റെ സങ്കീർണതയെ കുറിച്ചാണ് അയാൾ ചിന്തിച്ചത്. താൻ ഏർപ്പെട്ട ആർബിട്രേഷനുകളിൽ എല്ലാവരും വിജയികളായാണ് പിരിഞ്ഞത്. ഇവിടെ ഒരാൾ തുടക്കത്തിൽതന്നെ പരാജിതനായി മാറിയിരിക്കുന്നു. മറുപക്ഷത്തു നിൽക്കുന്നവരാകട്ടെ വിജയവും പരാജയവും ബാധിക്കാത്ത ഒരു സംവിധാനവും.
ജീപ്പ് ചെന്നുനിന്നത് നഗരമധ്യത്തിൽ തന്നെയുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലാണ്. മൂന്ന് നിലകളുള്ള കെട്ടിടം. യൂനിഫോം ധരിച്ച ആരും അവിടെ ഉണ്ടായിരുന്നില്ല. ദൃഢരും അമിതമായി അച്ചടക്കം പാലിക്കുന്നവരുമായ ഉദ്യോഗസ്ഥർ. എല്ലാം ആണുങ്ങൾ. നിശ്ശബ്ദമായിരുന്നു അവിടത്തെ അന്തരീക്ഷം. ഫയലുകളുമായി മുറികളിൽനിന്നും മുറികളിലേക്ക് നീങ്ങുന്നവർ. കമ്പ്യൂട്ടറിന് മുന്നിൽ കണ്ണും നട്ടിരിക്കുന്നവർ.
അമിതിനെ രണ്ടാം നിലയിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്. നിറയെ മനുഷ്യർക്കിടയിൽ നിന്നിട്ടും ആ നിമിഷം മുതൽ അയാൾ ഭീകരമായ നിസ്സഹായത എന്തെന്നറിഞ്ഞു. ഇവിടെ തനിക്ക് ഒന്നും ചെയ്യാനാവില്ല. കൊന്നാൽപോലും പ്രതികരിക്കാനാവില്ല. കോടതിയുടെ നിർദേശപ്രകാരമാണ് വന്നിട്ടുള്ളത്. അതു മാത്രമാണ് ആശ്വാസം.
‘‘എനിക്ക് ഇവിടത്തെ ഓഫിസറെ കാണണം.’’ അമിത് ഒപ്പമുള്ള പൊലീസുകാരനോട് പറഞ്ഞു.
‘‘ബുദ്ധിമുട്ടണ്ട. ഓഫിസർ ഇങ്ങോട്ട് വരുന്നുണ്ട്.’’ അയാൾ പറഞ്ഞു.
അടച്ചിട്ട റൂമിന്റെ മധ്യത്ത് കിടന്ന കസേര ചൂണ്ടിക്കാണിച്ച ശേഷം അമിത്തിനോട് അതിൽ ഇരിക്കാൻ പറഞ്ഞു. അയാൾ ഇരുന്നു. കസേരയുടെ എതിർവശത്ത് ചുവരിൽ പതിച്ച കണ്ണാടിയിൽ അയാൾ തന്റെ മുഖം നോക്കി. താടിരോമങ്ങൾ വികൃതമായി വളർന്നിരിക്കുന്നു. ഏറെയും നരച്ചിരിക്കുന്നു. വളരെ പെട്ടെന്ന് താനൊരു വൃദ്ധനായിരിക്കുന്നു. തൊട്ടടുത്ത മുറിയിൽനിന്നും നിലവിളി കേൾക്കാം. ഏതോ ഒരു മനുഷ്യൻ നിയമ വ്യവസ്ഥയുടെ കണ്ണിൽപെടാത്ത ഒരു ഗുഹയിൽ മൂന്നാംമുറക്ക് വിധേയനാവുകയാണ്. അവിടെനിന്നും ആക്രോശങ്ങളും കേൾക്കാം. കേൾക്കുന്ന ഓരോ നിലവിളിക്കും ഒപ്പം അയാൾ ഞെട്ടിത്തരിക്കാൻ തുടങ്ങി. മുഖത്ത് വെളിച്ചം തീവ്രമായി പതിക്കുകയും അയാൾ ഭയം പ്രകടിപ്പിക്കുകയുംചെയ്തു. വാതിൽ തുറക്കുന്നതിന്റെയും ഒരാൾ നടന്നു വരുന്നതിന്റെയും ശബ്ദം കേട്ട് അയാൾ വാതിൽക്കലേക്ക് നോക്കി. ലാത്തി വീശിക്കൊണ്ട് ആരോ നടന്നടുക്കുകയാണ്. അപ്പോൾ അടുത്ത മുറിയിൽനിന്നും അശരീരിപോലെ കേട്ടു - ‘‘ഇത് പതിനേഴാമത്തെ തവണയാണ് താൻ ഒരേ മറുപടി പറയുന്നത്.’’
അതുകേട്ട് അമിത് മറുപടി പറഞ്ഞു: എന്നോട് നിങ്ങൾ വേറൊന്നും ചോദിക്കുന്നില്ല. ഒരേ ചോദ്യംതന്നെ ചോദിക്കുന്നു. അതിന് മറ്റൊരുത്തരം എന്റെ പക്കലില്ല.
പെട്ടെന്ന് പുറത്തുനിന്നും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. പിന്നാലെ ഒരു പൊലീസുകാരൻ അകത്തേക്ക് വന്നു -‘‘സാർ, ഇയാളെ നാളെ കോടതിയിൽ ഹാജരാക്കാനുള്ളതാ.’’ അയാൾ പറഞ്ഞു. അതോടെ ആദ്യമുണ്ടായിരുന്ന ഓഫിസറും പുറത്തുപോയി.
അമിതിന് ഉറക്കെ നിലവിളിച്ച് കരയാൻ തോന്നി. നിലവിളി ഉള്ളിലൊതുക്കി അയാൾ നിരാലംബനായ ഒരു കുഞ്ഞിനെപ്പോലെ ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.

21.
ടോണിയെ കാണണം. അവനാണ് പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോട്ടോഗ്രാഫർ. ഡ്യൂട്ടി കഴിഞ്ഞ ഉടനെ സീന അവന്റെ സ്റ്റുഡിയോയിലേക്ക് പോയി. പട്ടണത്തിലെ ഏറ്റവും പഴക്കമുള്ള സ്റ്റുഡിയോ ആണ്. ടോണിയെ ഫോർട്ട് സ്റ്റേഷനിൽ വന്നതു മുതൽ പരിചയമുണ്ട്. ആയിടെ പൊലീസ് സ്റ്റേഷനിൽ പിടിച്ചുകൊണ്ടുവന്ന ഒരു പ്രതി അക്രമം കാണിക്കുകയും ചുവരിൽ നെറ്റി കൊണ്ടിടിക്കുകയും ചെയ്തപ്പോൾ ടോണിയെ ഫോട്ടോ എടുക്കാൻ വിളിച്ചുവരുത്തി. അന്നാണ് സീന അവനെ ആദ്യമായി കാണുന്നത്. ഫ്രീക്കൻ. ടോണിയുടെ അപ്പൻ തുടങ്ങിെവച്ച സ്റ്റുഡിയോ ആണ്. നേരത്തേ വിളിച്ചുപറഞ്ഞതുകൊണ്ട് ടോണി സീനയെ കാത്തിരിക്കുകയായിരുന്നു.
ടോണി: മാഡം, സ്റ്റേഷനിലെ ആവശ്യത്തിനുവേണ്ടി റിക്കോർഡ് ചെയ്യുന്ന ഒന്നും ഞാൻ കളയാറില്ല. അച്ഛന്‍റെ കാലത്തുള്ള നെഗറ്റീവുകൾവരെ ഞങ്ങൾ സൂക്ഷിച്ചുെവച്ചിട്ടുണ്ട്.
സീന: നീ പന്ത്രണ്ടാം തീയതി രാത്രിയിലെ വീഡിയോ ഫയൽ എടുക്ക്.
കമ്പ്യൂട്ടർ സ്ക്രീനിൽ അവൻ ഹണിട്രാപ്പിന്‍റെ വിവിധ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തു. ഹാർലിയിൽ അമിത് വരുന്നിടമെത്തിയപ്പോൾ അവൾ നിർത്താൻ പറഞ്ഞു.
സീന: ആ, അവിടെ നിർത്ത്. അതൊന്ന് സൂം ചെയ്യ്. Yes.
സ്ട്രെയ്റ്റ് റോഡാണ്. വളരെ ദൂരെ വരെ നേർക്കാഴ്ച കിട്ടും. താൻ നിൽക്കുന്നതിന്റെ വളരെ പിന്നിൽ ഒരു ബെൻസ് കാർ വന്നു നിൽക്കുന്നു. സീന ഒന്നുകൂടി ആ സീൻ സൂം ചെയ്തു. ഡ്രൈവിങ് സീറ്റിൽ പർദ്ദയിട്ട സ്ത്രീയാണ്. നമ്പർ വ്യക്തമല്ല. പിന്നെയും സൂം ചെയ്തപ്പോൾ ബൈക്ക് കൂടുതൽ വ്യക്തമായി.
സീന: കണ്ടോ, ഇവിടെ ആളുടെ ബൈക്കിൽ കവർ ഇല്ല.
സീന സന്തോഷത്തോടെ ചാടിയെണീറ്റു. അതുകണ്ട് ടോണി അത്ഭുതത്തോടെ സീനയെ നോക്കി. അവന് ഒന്നും മനസ്സിലായില്ല. സീന ആ വീഡിയോ, മൊബൈലിൽ കോപ്പി ചെയ്ത് വാങ്ങി.
സ്റ്റുഡിയോയിൽനിന്നും പുറത്തിറങ്ങിയ അവൾ സി.ഐ രാജേഷിനെ വിളിച്ചു. എന്തോ ആലോചിച്ചെന്നപോലെ പെട്ടെന്ന് കോൾ കട്ട് ചെയ്തു. ഉടൻ ദയയെ ഡയൽ ചെയ്തു.
സീന: ഹലോ ദയ, താനിപ്പം ഫ്രീ ആണോ?
ദയ: ആണ്. ഞാനിവിടെ റിവേറയിലുണ്ട്.
സീന: നമുക്ക് കാണാം. വെയ്റ്റ് ചെയ്യാമോ? ഞാനങ്ങോട്ട് വരാം.
ദയ: ശരി.
സീന സ്കൂട്ടറിൽ ദയയെ കാണാൻ തിരിച്ചു.
22.
24 മണിക്കൂറും തുറന്നിരിക്കുന്നതാണ് ആ റെസ്റ്റോ ബാർ. ഹൈവേയോട് ചേർന്നാണ്. ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യാനും കുട്ടികൾക്ക് കളിക്കാനും സൗകര്യങ്ങളുണ്ട്. നല്ല പുൽത്തകിടിയും. ഇതിലെല്ലാം ഉപരിയായി ദീർഘയാത്രക്കാരെ ആകർഷിച്ചത് അവിടത്തെ മികച്ച വാഷ് റൂമുകളും ടോയ് ലെറ്റുകളും ആയിരുന്നു. രണ്ടുപേർക്ക് മാത്രമിരിക്കാവുന്ന ഹട്ടിൽ ദയ സീനയെ കാത്തിരുന്നു. സീന വന്നപ്പോൾ ദയ അവൾക്ക് കൈ കൊടുത്ത് സീറ്റിൽ ഇരുത്തി. ദയയുടെ മുഖത്ത് നിസ്സംഗത മാത്രമായിരുന്നു. വിഷമസന്ധികൾക്കുള്ളിൽപോലും അകമേ കാണാറുള്ള പ്രസരിപ്പ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. സീന നേരേ വിഷയത്തിലേക്ക് വന്നു.
സീന: കേട്ടോ ദയാ, നിർണായകമായ ഒരു വിവരം എനിക്കിപ്പോൾ കിട്ടി. അതായത് പന്ത്രണ്ടാം തീയതി രാത്രി എന്നോട് സംസാരിക്കുന്ന സമയത്ത് അമിതിന്റെ ബൈക്കിൽ ആ കവർ ഉണ്ടായിരുന്നില്ല. എനിക്ക് ആ ദിവസത്തെ വീഡിയോ കിട്ടിയിട്ടുണ്ട്. അതിനർഥം, സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ്, അല്ലെങ്കിൽ സ്റ്റേഷനിൽവെച്ച് ആവണം ബൈക്കിൽ ആ കവർ ഡ്രോപ് ചെയ്തതെന്നാണ്.
ദയ: ഉം. അമിത് ജയിലിലായിട്ട് നാളെ ഇരുപത്തെട്ടാമത്തെ ദിവസമാണ്. നാളെ രാവിലെ വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. അതിനിടയിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ റിമാൻഡ് വീണ്ടും നീളും.
സീന: ബിന്ദുവിനെയും ഫെർണാണ്ടസ് സാറിനെയുമായിരുന്നു രാജേഷ് സാറിന് സംശയം. ബട്ട് അവരല്ല.
അതുവരെ മുഖം കുനിച്ചിരുന്ന് സീന പറയുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ദയ പെട്ടെന്ന് മുഖമുയർത്തി. എന്നിട്ട് ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി.
ദയ: അതിനെക്കുറിച്ച് ഇനി സീന അേന്വഷിക്കണ്ട.
സീന: അതെന്താ?
ദയ: ഞാനാണ് അത് ഡ്രോപ് ചെയ്യിച്ചത്.
സീന അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. അവിശ്വസനീയവും അത്ഭുതകരവുമായ എന്തോ കേട്ടതുപോലെ. നോട്ടത്തിന്റെ അവസാനം സീന പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്നിട്ട്, ഫോണിൽ പന്ത്രണ്ടാം തീയതിയിലെ വീഡിയോ കാണിച്ചു കൊടുത്തു. അതിൽ ഹാർലിയെ പിന്തുടരുന്ന ദയയുടെ കാർ കാണിച്ചു കൊടുത്തു.
സീന: യൂ ആർ കണ്ണിങ്. ആൻഡ് ബ്യൂട്ടിഫുൾ ടൂ.
ദയ: എ ഫ്ലാറ്ററിങ് മൗത് വർക്സ് റൂയിൻ. മുഖസ്തുതി പറയുന്ന വായ വിനാശം വരുത്തും.
സീന: ഈ ഫൂട്ടേജിന്റെ അവസാനം വന്നുനിൽക്കുന്ന കാറിനുള്ളിൽ ദയയുടെ മുഖം ഞാൻ കണ്ടു. സ്റ്റണ്ണിങ്, നോട്ടി ആൻഡ് കണ്ണിങ്. പർദ ധരിച്ചിരുന്നിട്ടുപോലും.
ദയ തലതാഴ്ത്തിത്തന്നെ ഇരുന്നു.
ദയ: അതെങ്ങനെ മനസ്സിലായി?
സീന: അതാണ് പൊലീസ്. ഇനി പറ. എക്സ്ട്രാ മരീറ്റൽ റിലേഷൻസ് ഉള്ള പുരുഷൻമാർക്ക് ഭാര്യമാർ ഇങ്ങനെ വെറൈറ്റിയായ പണികൾ കൊടുക്കാറുണ്ട്. ഞാൻ ഒരുപാട് കാലം വനിത കമീഷനിൽ വർക്ക് ചെയ്തിട്ടുണ്ട്. അയാൾ അകത്തു കിടക്കണം എന്നാണോ തന്റെ ആഗ്രഹം.
ദയ: നോ നോ. ഒരിക്കലുമല്ല. ഒരു ദിവസമെങ്കിലും ലോക്കപ്പിനുള്ളിൽ കിടക്കണം എന്നത് അവന്റെ ആഗ്രഹമായിരുന്നു. ഇങ്ങനത്തെ വിചിത്രമായ ആശകളുള്ള ഒരുത്തനാണ് അമിത്. അവന്റെ കുസൃതി ഇതോടെ അവസാനിക്കണം എന്നേ ഞാൻ ചിന്തിച്ചുള്ളൂ. ലോകം സാധാരണ മനുഷ്യർക്ക് ഇത്തിരിക്കൂടെ ടഫ് ആണെന്നും അവൻ മനസ്സിലാക്കണം.
ബട്, അവൻ തയാറാക്കിയ സ്ക്രിപ്റ്റ് ഞാൻ തിരുത്തിയപോലെ, എന്റെ സ്ക്രിപ്റ്റ് മറ്റാരോ മാറ്റിയെഴുതിക്കളഞ്ഞു.
സീന: എന്തിനാണ് ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയത്?
ദയ: അമിത് എപ്പോഴും തിരക്കിലായിരുന്നു. നഗരങ്ങളിൽനിന്നും നഗരങ്ങളിലേക്ക് അവൻ നിർത്താതെ പറന്നുകൊണ്ടിരുന്നു. അവന് അടങ്ങിയിരിക്കുന്ന ശീലമില്ലായിരുന്നു. എന്നോടുംകൂടി പറഞ്ഞിട്ടാണ് അമിത് അന്ന് ലോക്കപ്പിലാവാൻ തീരുമാനിച്ചത്. സ്ക്രിപ്റ്റെഴുതി അഭിനയിക്കുന്ന നാടകംപോലായിരുന്നു അവന്റെ ജീവിതം. ആ സ്ക്രിപ്റ്റ് ഒരുതവണ തകർക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ ഞാൻ ചിന്തിച്ചു; ഇതായിരിക്കണം ഹിസ് ലാസ്റ്റ് അറ്റംപ്റ്റ്. അങ്ങനെയാണ് ആന്റോ എന്നും സബിൻ എന്നും പേരുള്ള ആ പിള്ളാരെ ഞാൻ കണ്ടുപിടിച്ചത്. ഇൻസ്റ്റയിൽനിന്ന്.
സീന: ഉം.

ദയ: അവരെ കൊണ്ടാണ് ഞാനാ സ്റ്റഫ് അവന്റെ ബൈക്കിൽ നിക്ഷേപിച്ചത്. അവനെ കുറച്ച് ടെൻഷൻ അടിപ്പിക്കണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻതന്നെയാണ് മനുഷ്യാവകാശ കമീഷൻ ചെയർമാനെ ഫോൺചെയ്ത് അർധരാത്രി സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടതും. ഇതേ സ്ഥലത്തുനിന്ന്.
സീന മൊബൈൽ വീഡിയോ വീണ്ടും കാണിച്ചു. ആന്റോയെയും സബിനെയും കാണിച്ചുകൊടുത്തു. എന്നിട്ട് ചോദിച്ചു:
സീന: ഇവൻമാരാണോ ആ പിള്ളേർ.
ദയ: ആ. ഇവർ തന്നെ.
സീന: ഇപ്പോൾ സമയം പന്ത്രണ്ട് മണി. നമ്മുടെ കൈയിൽ ആറ് മണിക്കൂറുകൾ ഉണ്ട്. നാളെ രാവിലെ അയാളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും. അതിനും മുമ്പ് ക്രൈംബ്രാഞ്ചിനെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയാൽ നാളെ നിന്റെ അമിതിന് ബെയിൽ കിട്ടും. ഞാനാ പിള്ളാരെ വിളിക്കട്ടെ.
ദയ: എന്നാലും ആ സ്റ്റഫ് പെൺകുട്ടികളുടെ സ്കൂട്ടറിൽ എങ്ങനെ വന്നു എന്ന ചോദ്യം ബാക്കിനിൽക്കും.
സീന: അതൊക്കെ അേന്വഷിക്കാനല്ലേ ക്രൈംബ്രാഞ്ച്.
സീന ആന്റോയെ ഫോൺ ചെയ്തു.
ആന്റോ: ഹലോ, മാഡം പറയൂ.
സീന: ഞാൻ ചോദിക്കുന്നതിന് സത്യസന്ധമായി മാത്രം ഉത്തരം പറയണം.
ആന്റോ: അതെന്താ മാഡം, ഒരു മാതിരി കള്ളൻമാരോട് പറയുന്നത് പോലെ.
സീന: പന്ത്രണ്ടാം തീയതി രാത്രി നിങ്ങൾ ഒരു ഹാർലി ഡേവിഡ്സൺ ബൈക്കിൽ മയക്കുമരുന്ന് കൊണ്ടുപോയി വെച്ചിരുന്നോ?
മറുപടിയില്ല.
സീന: ആ സ്റ്റഫ് നിങ്ങളെ ഏൽപിച്ച സ്ത്രീ ഇപ്പോൾ എന്റെയൊപ്പം ഉണ്ട്.
ആന്റോ: ഞങ്ങൾ അവരെ കണ്ടിട്ടില്ല.
സീന: ശബ്ദം കേട്ടാലറിയാമോ?
ആന്റോ: ഞാൻ സബിന്റേല് കൊടുക്കാം.
സീന ദയക്ക് ഫോൺ കൈമാറി.
സബിൻ: മാഡം...
ദയ: മോനേ, അന്നു ഞാൻ തമാശക്ക് ചെയ്യിച്ച ക്വട്ടേഷനാണ്. ഇപ്പോൾ കൈവിട്ടുപോയി. അമിത് ഇപ്പോൾ ജയിലിലാണ്. അയാൾ എന്റെ ഹസ്ബൻഡാണ്. ഇനി നിങ്ങൾ വിചാരിച്ചാലേ പുള്ളിയെ രക്ഷപ്പെടുത്താൻ പറ്റൂ.
സബിൻ: അതിന് ആ ചേട്ടന്റെ പേരിൽ ആര് കേസെടുത്തൂന്നാ. അന്നുരാത്രി തന്നെ തിരികെ വരുന്നേരം പെട്രോൾ പമ്പിൽവെച്ച് ചേട്ടനെ ഞങ്ങൾ കണ്ടതാണല്ലോ.
ദയ: ഏ? എപ്പോ?
സബിൻ: രാവിലെ മൂന്ന്-മൂന്നര മണി.
ദയ: നിങ്ങളിപ്പോ എവിടെയുണ്ട്?
സബിൻ: ഞങ്ങൾ വീട്ടിൽ. എന്താ?
ദയ: ഒന്നുമില്ല.
ദയ ഫോൺ കട്ട് ചെയ്തു. കസേരയിൽനിന്നും ചാടിയെണീറ്റു.
ദയ: സീനാ, നമുക്ക് ഇപ്പത്തന്നെ ആ പിള്ളാരെ കാണണം.
അവർ പറഞ്ഞത് ശരിയാണെങ്കിൽ മൂന്ന് മൂന്നര മണിക്ക് പെട്രോൾ പമ്പിൽ െവച്ച് അവർ അമിതിനെ പോലെ മറ്റൊരാളെ കണ്ടു എന്നാണ്. എന്തായാലും ആ സമയത്ത് അവൻ ലോക്കപ്പിൽതന്നെയായിരുന്നു. ഇരുവരും എഴുന്നേറ്റു. ദയ വെയ്റ്ററെ വിളിച്ചു. ദയ അവന് ബില്ലും ടിപ്പും കൊടുത്തു.
ദയ: നമുക്ക് കാറിൽ പോകാം. (വെയ്റ്ററോട്) ഈ സ്കൂട്ടർ ഒന്ന് അകത്തോട്ട് എടുത്ത് വച്ചോളണേ. ഞങ്ങൾ ഒരു അരമണിക്കൂറിൽ വരാം.

ക്ലബിന്റെ പുറത്ത് റോഡ് സൈഡിൽനിന്ന് കാറിന്റെ ഡോർ തുറക്കാൻ തുടങ്ങുകയായിരുന്നു ദയ. പെട്ടെന്നൊരു ബൈക്ക് അതിവേഗത്തിൽ അവളുടെ തൊട്ടടുത്തു കൂടി പാഞ്ഞുപോയി. അവൾ ഞെട്ടലോടെ സൈഡിലേക്ക് മാറി.
കാർ ഓടുമ്പോൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. എന്നാലവരുടെ മനസ്സുകൾക്കുള്ളിൽ പലതരം ചിന്തകളും കണക്കുകൂട്ടലുകളും നടന്നുകൊണ്ടിരുന്നു. പലതരം സംശയങ്ങൾ. ചോദ്യോത്തരങ്ങൾ.
ഹൈവേയിൽ പൊലീസ് ചെക്കിങ് നടക്കുന്നുണ്ടായിരുന്നു. സി.ഐ രാജേഷിനെ ദൂരെനിന്നുതന്നെ കാണാം. ദയ കാർ നിർത്തി. ഒരു പോലീസുകാരൻ അടുത്തേക്ക് വന്നപ്പോൾ സീന ഗ്ലാസ് താഴ്ത്തി. സീനയെ കണ്ട് അവൻ ചിരിച്ചു.
കോൺസ്റ്റബിൾ: ശ്രീലങ്കൻ പ്രസിഡന്റ് വരുന്നുണ്ട്. റോഡ് മാർഗം അങ്ങേര് നെയ്യാർ ഡാമിലേക്ക് പോവും. അവിടെയെന്തോ യോഗയോ പ്രകൃതി ചികിത്സയോ ആണ് പരിപാടി. ശ്രീലങ്കൻ പ്രസിഡന്റിന് നടുവേദന വന്നാലും പണി തിരുവന്തോരത്തെ പൊലീസുകാർക്ക്.
ദയ കാർ വീണ്ടും മുന്നോട്ടെടുത്തു.