ചട്ടമ്പികല്ല്യാണിയുടെ സാമ്പത്തിക വിജയവും അതിലെ പാട്ടുകളും

സ്വന്തമായി നിർമിച്ച ‘ചന്ദ്രകാന്തം’, ‘ഭൂഗോളം തിരിയുന്നു’ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി പരാജയമടഞ്ഞപ്പോൾ ശശികുമാറിനെ സംവിധായകനാക്കി ശ്രീകുമാരൻ തമ്പി നിർമിച്ച കമേഴ്‌സ്യൽ സിനിമയാണ് ‘ചട്ടമ്പികല്ല്യാണി’. അത് വമ്പിച്ച സാമ്പത്തികവിജയം നേടി. ഹാസ്യത്തിനും മെലോഡ്രാമക്കും സംഘട്ടനങ്ങൾക്കും സംഗീതത്തിനും പ്രാധാന്യം നൽകി നിർമിച്ച ചിത്രമാണ് ‘ചട്ടമ്പികല്ല്യാണി’ –സംഗീതയാത്രയിൽ ലേഖകനും ചരിത്രമായി നിറയുന്നു. ‘ബോയ്ഫ്രണ്ടി’നു ശേഷം കേരളത്തിൽ റിലീസ് ചെയ്ത ‘ശ്രീരാമ ഹനുമാൻ യുദ്ധം’, ‘രഹസ്യവിവാഹം’ എന്നീ ചിത്രങ്ങൾ പ്രദർശനവിജയം നേടി. ടി.ഇ. വാസുദേവൻ (ജയ് മാരുതി) ആണ് ഈ രണ്ടു സിനിമകളുടെയും നിർമാതാവ്....
Your Subscription Supports Independent Journalism
View Plansസ്വന്തമായി നിർമിച്ച ‘ചന്ദ്രകാന്തം’, ‘ഭൂഗോളം തിരിയുന്നു’ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി പരാജയമടഞ്ഞപ്പോൾ ശശികുമാറിനെ സംവിധായകനാക്കി ശ്രീകുമാരൻ തമ്പി നിർമിച്ച കമേഴ്‌സ്യൽ സിനിമയാണ് ‘ചട്ടമ്പികല്ല്യാണി’. അത് വമ്പിച്ച സാമ്പത്തികവിജയം നേടി. ഹാസ്യത്തിനും മെലോഡ്രാമക്കും സംഘട്ടനങ്ങൾക്കും സംഗീതത്തിനും പ്രാധാന്യം നൽകി നിർമിച്ച ചിത്രമാണ് ‘ചട്ടമ്പികല്ല്യാണി’ –സംഗീതയാത്രയിൽ ലേഖകനും ചരിത്രമായി നിറയുന്നു.
‘ബോയ്ഫ്രണ്ടി’നു ശേഷം കേരളത്തിൽ റിലീസ് ചെയ്ത ‘ശ്രീരാമ ഹനുമാൻ യുദ്ധം’, ‘രഹസ്യവിവാഹം’ എന്നീ ചിത്രങ്ങൾ പ്രദർശനവിജയം നേടി. ടി.ഇ. വാസുദേവൻ (ജയ് മാരുതി) ആണ് ഈ രണ്ടു സിനിമകളുടെയും നിർമാതാവ്. രണ്ടു സിനിമകൾക്കും ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. എന്നാൽ, ഇവ രണ്ടും തെലുഗുവിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം (ഡബിങ്) ചെയ്യപ്പെട്ടവയാണ്. ഡബിങ് സിനിമകളിലെ ഗാനങ്ങൾ ഈ പരമ്പരയിൽ ഉൾപ്പെടുത്തുന്നില്ല. ആ പാട്ടുകൾക്ക് മൗലികത അവകാശപ്പെടാനാവില്ല എന്നതുതന്നെ കാരണം.
കലാസംവിധായകൻ, പരസ്യ ചിത്രകാരൻ എന്നീ നിലകളിൽ മലയാള സിനിമയിൽ പ്രവേശിച്ച ഭരതൻ ആദ്യമായി സംവിധാനം നിർവഹിച്ച സിനിമയാണ് ‘പ്രയാണം’. പ്രശസ്‌ത സംവിധായകനായ പി.എൻ. മേനോന്റെ സഹോദരപുത്രനായ ഭരതൻ സിനിമയിൽ അദ്ദേഹത്തിന്റെ വഴിതന്നെയാണ് പിന്തുടർന്നത്. പി.എൻ. മേനോനും കലാസംവിധായകനായിട്ടാണ് സിനിമാവേദിയിൽ എത്തിയത്. ‘പ്രയാണം’ എന്ന സിനിമ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഭരതൻ തന്നെയാണ് നിർമിച്ചത്. ഗംഗാ മൂവിമേക്കേഴ്‌സ് എന്നായിരുന്നു നിർമാണക്കമ്പനിയുടെ പേര്. ഭരതൻ എഴുതിയ കഥക്ക് പി. പത്മരാജൻ തിരക്കഥയും സംഭാഷണവും എഴുതി. ലക്ഷ്‌മി, മോഹൻ ശർമ, കൊട്ടാരക്കര ശ്രീധരൻ നായർ, കവിയൂർ പൊന്നമ്മ, ശോഭ വീരൻ, മാസ്റ്റർ രഘു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നന്ദിതാബോസ് അതിഥിതാരമായി പ്രത്യക്ഷപ്പെട്ടു. വയലാർ രാമവർമ, ബിച്ചു തിരുമല, യതീന്ദ്രദാസ് എന്നിവർ പാട്ടുകൾ എഴുതി. എം.ബി. ശ്രീനിവാസൻ സംഗീതസംവിധാനം നിർവഹിച്ചു. വയലാർ രചിച്ച മൂന്നു ഗാനങ്ങളും ഉന്നതനിലവാരം പുലർത്തി. ‘‘ബ്രാഹ്മമുഹൂർത്തം കഴിഞ്ഞു...’’ എന്നു തുടങ്ങുന്നു ഗാനത്തിന്റെ പല്ലവി. ‘‘ബ്രാഹ്മമുഹൂർത്തം കഴിഞ്ഞു -പ്രപഞ്ചം/ പ്രാതസ്നാനത്തിനുണർന്നു/ പ്രഭാതസോപാനനടയിൽ കാലം/ പ്രസാദം വാങ്ങുവാൻ വന്നു/ പ്രാർഥനാ നിരതനായ് നിന്നു...’’ വയലാർ എഴുതിയ ‘‘മൗനങ്ങൾ പാടുകയായിരുന്നു...’’ എന്ന പാട്ട് കഥാസന്ദർഭവുമായി ഇഴുകിച്ചേരുന്നതായിരുന്നു. ദൈർഘ്യം കുറഞ്ഞ പാട്ടാണിത്.
‘‘മൗനങ്ങൾ പാടുകയായിരുന്നു/ കോടി ജന്മങ്ങളായ് നമ്മൾ പരസ്‌പരം/ തേടുകയായിരുന്നു’’ എന്നിങ്ങനെ ഈ ഗാനം തുടങ്ങുന്നു. വയലാർ എഴുതിയ മൂന്നാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു:
‘‘ചന്ദ്രോത്സവത്തിനു ശുകപുരത്തെത്തിയ/ ശ്രീമംഗലപ്പക്ഷീ/ ഇന്നെന്റെ സ്വപ്നമാം സന്ധ്യാംബരത്തിൽ/ വന്നെന്നെ കീഴടക്കി.’’ ഈ പാട്ടും യേശുദാസ് തന്നെയാണ് പാടിയത്.
ബിച്ചു തിരുമല ഏഴുതിയ ഗാനവും നന്നായി. യേശുദാസും സംഘവും പാടിയ ആ പാട്ടിന്റെ തുടക്കം ഇങ്ങനെ: ‘‘സർവം ബ്രഹ്മമയം... രേ രേ/ സർവം ബ്രഹ്മമയം/ പ്രപഞ്ചഹൃദയധ്യാനം -ഇതു/ പ്രണവം ചൊല്ലും യാമം... -ഹാ/ നിശയുടെ നിതാന്ത തീരം...’’ ചിത്രത്തിലെ ഒരു ഗാനം യതീന്ദ്രദാസ് എഴുതി. ലതാരാജുവും കൂട്ടരും പാടിയ ഈ ഗാനം നാടൻപാട്ടിന്റെ ശൈലിയിൽ ഉള്ളതാണ്.
‘‘പോലല്ലി ലേലി ലല്ലി/ പോലല്ലി ലേലി ലല്ലി/ പോലല്ലി ലേലി ലല്ലി/ പോലല്ലേലോ.../ ചന്ദനപ്പൂവരമ്പിന്റരികരികെ/ പോകണ നേരം/ ഇരു കൂട്ടം കന്നും മക്കളും/ തെരുതെരെ നടക്കണ നേരം/ പോലേലം പോലേലം/ പോലേലം പാടി നടന്ന/ ഇഞ്ചചെറുമനെ കണ്ടപ്പോ/ ഒറ്റക്കണ്ണിട്ടു നാണിച്ചു -ഇന്റെ/ പെരുവിരൽ നക്കിയതെന്തിനാടീ...’’ എന്നിങ്ങനെ ഈ ഗാനം തുടരുന്നു.
1975 ജൂൺ 20ന് തിയറ്ററുകളിൽ എത്തിയ ‘പ്രയാണം’ ഒരു മികച്ച സംവിധായകന്റെ വരവറിയിച്ചു. രാജ് രാജീവ് കംബൈൻസിന്റെ ബാനറിൽ ഡോ. ബാലകൃഷ്ണൻ നിർമിച്ച ‘ചന്ദനച്ചോല’ എന്ന സിനിമ സംവിധാനംചെയ്തത് ജേസിയാണ്. കഥയും തിരനാടകവും സംഭാഷണവും തയാറാക്കിയത് നിർമാതാവ് തന്നെ... വയലാർ, കോന്നിയൂർ ഭാസ്, മുപ്പത്ത് രാമചന്ദ്രൻ എന്നിവരോടൊപ്പം അദ്ദേഹം പാട്ടും എഴുതി. കെ.ജെ. ജോയ് നൽകിയ ഈണങ്ങൾക്കനുസരിച്ചാണ് പാട്ടുകൾ എഴുതപ്പെട്ടത്. വയലാർ രചിച്ച ഗാനം യേശുദാസ് പാടി.‘‘മുഖശ്രീകുങ്കുമം ചാർത്തുമുഷസ്സേ/ മൂന്നാറിൽ ഉദിക്കുമുഷസ്സേ/ പ്രകൃതിയും ഞാനും നിന്നുദയത്തിൽ/ പ്രാണായാമത്തിൽനിന്നുണരും’’ എന്നിങ്ങനെയാണ് പാട്ടിന്റെ പല്ലവി.
‘‘ബിന്ദു നീയാനന്ദബിന്ദുവോ...’’ എന്നാരംഭിക്കുന്ന പാട്ട് ഡോ. ബാലകൃഷ്ണൻ എഴുതി. ‘‘ബിന്ദു നീയാനന്ദബിന്ദുവോ/ എൻ ആത്മാവിൽ വിടരും/ വർണപുഷ്പമോ/ ആതിരാക്കുളിരൊളിത്തെന്നലോ...’’ ഈണത്തിന്റെ പ്രത്യേകതകൊണ്ട് ഹിറ്റായ പാട്ടാണിത്. ഡോ. ബാലകൃഷ്ണൻതന്നെ രചിച്ച കോമഡിപ്പാട്ടും ജനപ്രീതി നേടി. യേശുദാസും പട്ടം സദനും ചേർന്നാണ് ഈ പാട്ട് പാടിയത്.
‘‘മണിയാൻ ചെട്ടിക്കു മണിമിട്ടായി/ മധുരക്കുട്ടിക്ക് പഞ്ചാരമിട്ടായി/ ഈ ആരോഗ്യസ്വാമിക്ക് എന്തു മിട്ടായി/ ഈ ആരോഗ്യസ്വാമിക്ക് ഡബറുമിട്ടായി’’ എന്നു തുടങ്ങുന്ന ഈ കോമഡിപ്പാട്ട് പ്രസിദ്ധമാണ്. യേശുദാസ് പാടിയ ‘‘ഹൃദയം മറന്നു...’’ എന്നു തുടങ്ങുന്ന പാട്ട് നവാഗതനായ മൂപ്പത്തു രാമചന്ദ്രൻ എഴുതി. യേശുദാസ് ഈ ഗാനം പാടി.
‘‘ഹൃദയം മറന്നു നാണയത്തുട്ടിന്റെ/ കിലുകിലാ ശബ്ദത്തിൽ/ സ്നേഹബന്ധം ആ സ്നേഹബന്ധം/ ഈ ലോകയാഥാർഥ്യമേ...’’
എന്നിങ്ങനെ പഴയ ഗാനരചയിതാക്കൾ എഴുതിയ ആശയം ആവർത്തിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ ഗാനരചനാരംഗത്തു നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മറ്റൊരു നവാഗതനായ കോന്നിയൂർ ഭാസ് ഏഴുതിയ
‘‘ഉം... ലവ് ലി ഈവനിങ്...’’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് വാണിജയറാം ആണ്. ‘‘ഉം... ലവ് ലി ഈവനിങ് ഉം... ലവ് ലി ഈവനിങ്/ ഐ ലവ് യൂ മൈ ഡിയർ/ സ്വർഗമണ്ഡപ നടതുറക്കൂ -ഈ/ നൃത്തശാല തുറക്കൂ/ കരവലയങ്ങളിൽ എന്നെയൊതുക്കാൻ/ കമോൺ കമോൺ...’’ എന്നിങ്ങനെ ആരംഭിക്കുന്ന പാട്ട്. ‘നാന’ വാരികയിൽ സബ് എഡിറ്റർ ആയിരുന്ന കോന്നിയൂർ ഭാസ് എഴുതിയതാണ്. ’80കളിൽ ചില പാട്ടുകൾകൂടി അദ്ദേഹം എഴുതുകയുണ്ടായി. അകാലത്തിൽ അദ്ദേഹം അന്തരിച്ചു.
ഭരതന്റെ ‘പ്രയാണം’ പുറത്തുവന്ന 1975 ജൂൺ 20നു തന്നെയാണ് ജേസിയുടെ ‘ചന്ദനച്ചോല’യും റിലീസ് ചെയ്തത്, ഈ സിനിമക്ക് ശരാശരി വിജയം നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ.
പി.എൻ. മേനോൻ സംവിധാനംചെയ്ത ‘ഓടക്കുഴൽ’ തികച്ചും വ്യത്യസ്തതയുള്ള സിനിമയായിരുന്നു. രത്നഗിരി എന്ന ബാനറിൽ എം.പി. നവകുമാറാണ് ചിത്രം നിർമിച്ചത്. പ്രൗഢയായ ഒരു യുവതിയും ഒരു കൗമാരക്കാരനും തമ്മിലുള്ള ഹൃദയബന്ധമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ സംവിധായകന് പാളിപ്പോകാൻ സാധ്യതയുള്ള കഥ. ഷീല ചിത്രത്തിൽ നായികയായി. മാസ്റ്റർ ശേഖർ നായകനും. (സാമ്പത്തികവിജയം നേടിയ അനേകം മലയാള ചിത്രങ്ങളിൽ ഛായാഗ്രാഹകനായിരുന്ന ജെ.ജി. വിജയത്തിന്റെ ഇളയ പുത്രനാണ് ശേഖർ. മൂത്തമകനായ സുരേഷും അച്ഛനെപ്പോലെ കാമറാമാനാണ്.) എം.ജി. സോമൻ, റാണിചന്ദ്ര, പി.ജെ. ആന്റണി. ജോസ് പ്രകാശ്, ബഹദൂർ, ആലുമ്മൂടൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
എൻ.പി. ചെല്ലപ്പൻ നായരുടെ ‘യക്ഷി’ എന്ന കഥയാണ് ഈ ചിത്രത്തിന് ആധാരം. പി.എൻ. മേനോൻ തിരക്കഥയും ആലപ്പി ഷെരീഫ് സംഭാഷണവും രചിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് എം.കെ. അർജുനൻ സംഗീതം പകർന്നു, ചിത്രത്തിൽ നാല് പാട്ടുകൾ ഉണ്ടായിരുന്നു. എസ്. ജാനകി ആലപിച്ച ‘‘ദുഃഖദേവതേ ഉണരൂ’’, ജയചന്ദ്രൻ പാടിയ ‘‘നാലില്ലംനല്ല നടുമുറ്റം...’’, യേശുദാസ് പാടിയ ‘‘മനസ്സും മാംസവും’’, ‘‘വർണങ്ങൾ’’, വിവിധ വിവിധ വർണങ്ങൾ...’’ എന്നിങ്ങനെ ആരംഭിക്കുന്ന നാല് ഗാനങ്ങൾ.
‘‘ദുഃഖദേവതേ ഉണരൂ, മനസ്സിലെ/ അഗ്നിച്ചിറകുകൾ കെടുത്തൂ, അവയിൽ/ നിത്യവും നീറിദഹിക്കുകയല്ലോ/ നിന്റെ മോഹങ്ങളും നീയും’’ എന്ന വരികൾ അർജുനന്റെ സംഗീതത്തിൽ ശരിക്കും ദുഃഖാർദ്രമായി.
‘‘നാലില്ലം നല്ല നടുമുറ്റം/ നടുമുറ്റത്തൊരു മഴവിൽ വെറ്റിലക്കൊടി/ നട്ടു വളർത്തണ നല്ലമ്മേ ഇല്ലത്തമ്മേ/ ഒരു കീറ് വെറ്റില തരുമോ മാനത്തമ്മേ...’’ എന്ന് തുടങ്ങുന്ന ഗാനവും പുതുമയുള്ളതായി.
യേശുദാസ് പാടിയ ആദ്യഗാനത്തിന്റെ പല്ലവിയിതാണ്. ‘‘മനസ്സും മാംസവും പുഷ്‌പിച്ചു/ മന്മഥനാ പൂക്കൾ കൊയ്തെടുത്തു/ എടുത്തപ്പോളൊന്ന്/ തൊടുത്തപ്പോൾ നൂറ്/ എയ്‌തപ്പോൾ ആയിരമായിരം/ പൂവമ്പെയ്താൽ പതിനായിരം.’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ: ‘‘വർണങ്ങൾ വിവിധ വിവിധ വർണങ്ങൾ/ മണ്ണിന്റെ മനസ്സിലെ ആവേശങ്ങൾ/ പുഷ്‌പങ്ങളിൽ ജലതൽപങ്ങളിൽ/ നഗ്നശിൽപങ്ങളിൽ/ പൊട്ടിച്ചിരിക്കുന്ന വർണങ്ങൾ/ വർണങ്ങൾ വിവിധ വിവിധ വർണങ്ങൾ...’’ 1975 ജൂൺ 26നാണ് ‘ഓടക്കുഴൽ’ റിലീസ് ആയത്, പ്രേക്ഷകർ ഒന്നടങ്കം സ്വീകരിക്കുന്ന ഒരു സിനിമയായില്ല ഓടക്കുഴൽ.
സ്വന്തമായി നിർമിച്ച ‘ചന്ദ്രകാന്തം’, ‘ഭൂഗോളം തിരിയുന്നു’ എന്നീ ചിത്രങ്ങൾ സാമ്പത്തികമായി പരാജയമടഞ്ഞപ്പോൾ ശശികുമാറിനെ സംവിധായകനാക്കി ശ്രീകുമാരൻ തമ്പി നിർമിച്ച കമേഴ്‌സ്യൽ സിനിമയാണ് ‘ചട്ടമ്പികല്ല്യാണി’. അത് വമ്പിച്ച സാമ്പത്തികവിജയം നേടി. ഹാസ്യത്തിനും മെലോഡ്രാമക്കും സംഘട്ടനങ്ങൾക്കും സംഗീതത്തിനും പ്രാധാന്യം നൽകി നിർമിച്ച ചിത്രമാണ് ‘ചട്ടമ്പി കല്ല്യാണി’. പ്രേംനസീർ, ലക്ഷ്മി, കെ.പി. ഉമ്മർ, ടി.എസ് .മുത്തയ്യ, തിക്കുറിശ്ശി, അടൂർ ഭാസി, എം.ജി. സോമൻ, വീരൻ, ഫിലോമിന, ടി.ആർ. ഓമന, പപ്പു, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. ജഗതി ശ്രീകുമാർ ഹാസ്യനടനായി മാറിയത് ‘ചട്ടമ്പികല്ല്യാണി’യിലൂടെയാണ്. സ്വഭാവനടനായ തിക്കുറിശ്ശിയെ ‘ദൈവം മത്തായി’ എന്ന ഹാസ്യകഥാപാത്രമായി അവതരിപ്പിച്ചു, അടൂർ ഭാസിയുടെ ശരീരം കുട്ടപ്പൻ എന്ന ഭീരുവായ ചട്ടമ്പിയുടെ വേഷവും ജനങ്ങൾ ഇഷ്ടപ്പെട്ടു. പതിവായി വില്ലൻവേഷം ചെയ്തിരുന്ന കെ.പി. ഉമ്മറിനെ ഈ ചിത്രത്തിൽ നായകനാക്കി, ചിത്രത്തിൽ പ്രേംനസീറും കെ.പി. ഉമ്മറും നായകന്മാരായിരുന്നു.
എം.പി. രാജീവൻ എന്ന തൂലികാനാമത്തിൽ ശ്രീകുമാരൻ തമ്പി തന്നെയാണ് കഥയും തിരനാടകവും സംഭാഷണവും രചിച്ചത്. ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായി. ഈ ചിത്രത്തിലൂടെ ജോളി എബ്രഹാം എന്ന ഗായകനും ലതാദേവി എന്ന ഗായികയും പിന്നണിഗായകരായി സിനിമയിലെത്തി. ജോളി എബ്രഹാം പാടിയ ‘‘ജയിക്കാനായ് ജനിച്ചവൻ ഞാൻ’’ എന്ന പാട്ട് ജനപ്രീതി നേടി.
‘‘ജയിക്കാനായ് ജനിച്ചവൻ ഞാൻ/ എതിർക്കാനായ് വളർന്നവൻ ഞാൻ/ കാലത്തിൻ കോവിലിൽ പൂജാരി -ഞാൻ/ കള്ളന്റെ മുമ്പിൽ ധിക്കാരി...’’ എന്നീ വരികൾ പ്രസിദ്ധമാണ്.

മുപ്പത്ത് രാമചന്ദ്രൻ,ഭരതൻ
യേശുദാസ് ചിത്രത്തിനുവേണ്ടി രണ്ടു പാട്ടുകൾ ആലപിച്ചു. ആ ഗാനങ്ങൾ ഇനി പറയുന്നവയാണ്. ‘‘സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ -ഒരു/ ചുംബനം തന്നാൽ പിണങ്ങുമോ നീ/ ഒരു ചുംബനം -ഒരു സാന്ത്വനം/ ഒരു പ്രേമസമ്മാനം’’ എന്നാരംഭിക്കുന്നതാണ് ഗാനം. രണ്ടാമത്തെ ഗാനം ‘‘പൂവിനു കോപം വന്നാൽ...’’ എന്ന് തുടങ്ങുന്നു: ‘‘പൂവിനു കോപംവന്നാൽ -അതു/ മുള്ളായി മാറുമോ തങ്കമണീ/ മാനിനു കോപം വന്നാൽ -അതു/ പുലിയായി മാറുമോ തങ്കമണീ/ തങ്കമണീ പൊന്നുമണീ/ ചട്ടമ്പികല്ല്യാണീ...’’
ലതാദേവി എന്ന പുതിയ ഗായിക പി. ലീലയോടൊപ്പം ‘‘അമ്മമാരേ വിശക്കുന്നു...’’ എന്ന ഗാനം പാടി. ‘‘അമ്മമാരേ വിശക്കുന്നു/ അഞ്ചുപൈസ തരണേ/ വയറു കത്തി പുകയുന്നു/ വരണ്ട നാവുംകുഴയുന്നു/ കുടിക്കാനിത്തിരി കഞ്ഞി വേണം/ ഉടുക്കാനൊരു മുഴം തുണി വേണം’’ എന്നാണ് ഗാനം ആരംഭിക്കുന്നത്.
പി. ജയചന്ദ്രൻ പാടിയ ‘‘തരിവളകൾ ചേർന്നു കിലുങ്ങി...’’ എന്നു തുടങ്ങുന്ന ഗാനവും ഏറെ പ്രശസ്തം. ‘‘തരിവളകൾ ചേർന്നു കിലുങ്ങി/ താമരയിതൾമിഴികൾ തിളങ്ങി/ തരുണീമണിബീവി നബീസ/ മണിയറയിൽ നിന്നു വിളങ്ങി’’ എന്നു പല്ലവി. പി. മാധുരി പാടിയ ‘‘നാലു കാലുള്ളൊരു നങ്ങേലി പെണ്ണിനെ...’’
എന്ന ഗാനം ചിത്രത്തിലെ ക്ലൈമാക്സിനു ശക്തി നൽകിയ പാട്ടാണ്.

വയലാർ,ബിച്ചു തിരുമല,എം.ബി. ശ്രീനിവാസൻ
‘‘നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ/ കോലുനാരായണൻ കട്ടോണ്ടു പോയ്/ രണ്ടു കാലുള്ളൊരു ചട്ടമ്പിപെണ്ണിനെ/ കണ്ടവരെല്ലാരുംകൊണ്ടോണ്ടുപോയ്/ കരണത്തും നെഞ്ചത്തും കൊണ്ടോണ്ടു പോയ്’’ എന്നിങ്ങനെ തുടങ്ങുന്നു ഒരു പഴഞ്ചൊല്ലിൽനിന്നു വികസിച്ച ഈ ഹാസ്യഗാനം.
ജയചന്ദ്രനും ബ്രഹ്മാനന്ദനും ചേർന്നു പാടിയ ഒരു ഖവാലി ഗാനവും ഈ സിനിമയിൽ ഉണ്ടായിരുന്നു. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കണ്ണിൽ എലിവാണം കത്തുന്ന കാലത്ത്/ പെണ്ണിനു തോന്നി മുഹബ്ബത്ത്/ നെയ്‌ച്ചോറും വേണ്ട പാൽച്ചോറും വേണ്ട/ പശിയില്ലാതുള്ളോരു ഹാലത്ത്.’’
1975 ജൂലൈ നാലിന് പുറത്തുവന്ന ‘ചട്ടമ്പികല്ല്യാണി’ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ജൂബിലി ആഘോഷിച്ചു. ആദ്യത്തെ രണ്ടു ചിത്രങ്ങളിലും വന്ന നഷ്ടം നികത്താനും തുടർന്ന് ‘മോഹിനിയാട്ടം’ പോലെ കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിക്കാൻ ഈ സിനിമ നിർമാതാവിനെ സഹായിക്കുകയുംചെയ്തു.