Begin typing your search above and press return to search.
proflie-avatar
Login

‘പുലയനാർമണിയമ്മ പൂമുല്ലക്കാവിലമ്മ’

‘പുലയനാർമണിയമ്മ പൂമുല്ലക്കാവിലമ്മ’
cancel

സംഗീതയാത്രയിൽ ഇത്തവണ ‘അരുത്’​, ‘പ്രസാദം’, ‘സ്വിമ്മിങ്പൂൾ’, ‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ എന്നീ സിനിമകളിലെ പാട്ടുകളെക്കുറിച്ച്​കമൽഹാസൻ നായകനായി അഭിനയിച്ച ‘അരുത്’ എന്ന സിനിമ പ്രശസ്ത ചിത്രസന്നിവേശകനായ രവിയാണ് സംവിധാനം ചെയ്തത്. സൺഫ്ലവർ പ്രൊഡക്ഷൻസിനുവേണ്ടി സോംപ്രകാശ് ചിത്രം നിർമിച്ചു (ചില സ്ഥലങ്ങളിൽ നിർമാതാവിന്റെ പേര് ശ്യാംപ്രകാശ് എന്നു കൊടുത്തിട്ടുണ്ട്. ഇത് ശരിയല്ല). കമൽഹാസനോടൊപ്പം എം.ജി. സോമൻ, സുമിത്ര, കവിയൂർ പൊന്നമ്മ, ശങ്കരാടി, പി.എ. തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യംചെയ്തു. സംവിധായകനായ രവിതന്നെയാണ് തിരക്കഥയും രചിച്ചത്. ലൂയി തോമസ് എഴുതിയ ‘Good children dont kill’ എന്ന ഫ്രഞ്ച് നോവലിനെ...

Your Subscription Supports Independent Journalism

View Plans
സംഗീതയാത്രയിൽ ഇത്തവണ ‘അരുത്’​, ‘പ്രസാദം’, ‘സ്വിമ്മിങ്പൂൾ’, ‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ എന്നീ സിനിമകളിലെ പാട്ടുകളെക്കുറിച്ച്​

കമൽഹാസൻ നായകനായി അഭിനയിച്ച ‘അരുത്’ എന്ന സിനിമ പ്രശസ്ത ചിത്രസന്നിവേശകനായ രവിയാണ് സംവിധാനം ചെയ്തത്. സൺഫ്ലവർ പ്രൊഡക്ഷൻസിനുവേണ്ടി സോംപ്രകാശ് ചിത്രം നിർമിച്ചു (ചില സ്ഥലങ്ങളിൽ നിർമാതാവിന്റെ പേര് ശ്യാംപ്രകാശ് എന്നു കൊടുത്തിട്ടുണ്ട്. ഇത് ശരിയല്ല). കമൽഹാസനോടൊപ്പം എം.ജി. സോമൻ, സുമിത്ര, കവിയൂർ പൊന്നമ്മ, ശങ്കരാടി, പി.എ. തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യംചെയ്തു. സംവിധായകനായ രവിതന്നെയാണ് തിരക്കഥയും രചിച്ചത്. ലൂയി തോമസ് എഴുതിയ ‘Good children dont kill’ എന്ന ഫ്രഞ്ച് നോവലിനെ അടിസ്ഥാനമാക്കി ഹിന്ദിയിൽ രവി ടണ്ടൻ സംവിധാനംചെയ്ത ‘ഖേൽ ഖേൽ മേം’ എന്ന സിനിമയുടെ കഥയായിരുന്നു ‘അരുത്’ എന്ന മലയാള സിനിമക്ക് ആധാരം. ഹിന്ദിയിൽ ഋഷി കപൂർ ചെയ്ത വേഷമാണ് മലയാളത്തിൽ കമൽഹാസൻ അഭിനയിച്ചത്. കറുത്ത ഹാസ്യം (ബ്ലാക്ക് കോമഡി) ആണ് സിനിമയിലുള്ളത്. സാധാരണ പ്രേക്ഷകരെ ഇത് ആകർഷിക്കണമെന്നില്ല. പക്ഷേ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു പുറത്തിറങ്ങിയിട്ടുള്ള ചലച്ചിത്രകാരന്മാരെല്ലാംതന്നെ സ്വന്തം സിനിമകളിൽ എന്തെങ്കിലും പുതുമ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ‘അരുത്’ എന്ന സിനിമയുടെ സംവിധായകനായ രവിയും ഇതേ സ്ഥാപനത്തിൽനിന്നും ഫിലിം എഡിറ്റിങ്ങിൽ ബിരുദമെടുത്തയാളാണ്. അടൂർ ഗോപാലകൃഷന്റെ ‘സ്വയംവര’മടക്കമുള്ള ആദ്യകാല ചിത്രങ്ങളുടെയെല്ലാം എഡിറ്റിങ് നിർവഹിച്ചത് രവിയാണ്.

‘അരുത്’ എന്ന സിനിമയിൽ യൂസഫലി കേച്ചേരിയുടെ പാട്ടുകൾക്ക് ജി. ദേവരാജൻ ഈണം പകർന്നു. ചിത്രത്തിൽ രണ്ടു പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. ഒരു ഗാനം യേശുദാസും ഒരു ഗാനം മാധുരിയും പാടി.

‘‘നിമിഷങ്ങൾ... നിമിഷങ്ങൾ’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസും ‘‘മുരളീ മധുമുരളീ’’ എന്നാരംഭിക്കുന്ന ഗാനം മാധുരിയുമാണ് ആലപിച്ചത്.

‘‘നിമിഷങ്ങൾ നിമിഷങ്ങൾ/ നിൽക്കാതെ പാറുന്ന ശലഭങ്ങൾ / കാലമാം കടലിലെയോളങ്ങൾ/ കമനീയതയുടെ പൈതങ്ങൾ’’ എന്നിങ്ങനെ പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘ഒന്നു തൊടാൻ ഞാനണയും മുമ്പേ/ ഓടുന്നു മായുന്നു നിങ്ങൾ/ പതിവായ് പലവിധ ജീവിതശിൽപങ്ങൾ/ പണിയുന്നു തകർക്കുന്നു നിങ്ങൾ...’’

മാധുരി ആലപിച്ച ഗാനത്തിന്റെ പല്ലവി –‘‘മുരളി മധുമുരളി/ മധുമുരളി മാദകമുരളി/ മധുമഴ ചൊരിയും മുരളി...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘രാധിക തൻ മൃദു മാനസമലരിൽ/ രാഗമരന്ദം വീശിയ മുരളി/ ഗോപീജനമനമോഹനമുരളി/ ഗോകുലപാലന്റെ മായാമുരളി.../ മുരളി... മുരളി...’’ കമൽഹാസന്റെ മികച്ച അഭിനയമുണ്ടായിട്ടും ‘അരുത്’ എന്ന സിനിമക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ സാധിച്ചില്ല. 1976 മാർച്ച് 26നാണ് ‘അരുത്’ റിലീസ് ചെയ്തത്.

ടി. കുഞ്ഞിക്കണ്ടൻ നിർമിച്ച് ശശികുമാർ സംവിധാനം നിർവഹിച്ച ‘സ്വിമ്മിങ് പൂൾ’ എന്ന ചിത്രവും ഇതേ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ഈ സിനിമയിലും കമൽഹാസനായിരുന്നു നായകൻ. റാണിചന്ദ്ര നായികയും. എം.ജി. സോമൻ, സുമിത്ര, തിക്കുറിശ്ശി, ബഹദൂർ, ശങ്കരാടി, പറവൂർ ഭരതൻ തുടങ്ങിയവരും അഭിനയിച്ചു. പി. ഭാസ്കരൻ, വയലാർ, ഭരണിക്കാവ് ശിവകുമാർ എന്നിവർ പാട്ടുകളെഴുതി. എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു. ‘‘കണ്ണാ കരിമുകിൽവർണാ...’’ എന്നു തുടങ്ങുന്ന ഗാനവും ‘‘കണ്ണാലെൻ നെഞ്ചത്ത്’’ എന്നു തുടങ്ങുന്ന ഗാനവും പി. ഭാസ്കരൻ രചിച്ചു. വാണി ജയറാം ശബ്ദം നൽകിയ ആദ്യഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കണ്ണാ... കണ്ണാ... കരിമുകിൽവർണാ...’’ എന്നു വിരുത്തം. ‘‘കരിമുകിൽവർണാ കനിവേറും കണ്ണാ/ അരികിൽ വാ ദിനം കണികാണാൻ കണ്ണാ...’’ ഗാനം തുടരുന്നതിങ്ങനെ: ‘‘ദുരിതഭാവാഗ്നി എരിയും സംസാര/ മരുവിൽ ഞാൻ വെന്തിട്ടുരുകുമ്പോൾ/ അമൃതവർഷമായ് അണഞ്ഞിടും നിത്യം/ കമലനേത്രന്റെ കാരുണ്യം...’’

പി. ഭാസ്കരൻ രചിച്ച രണ്ടാമത്തെ ഗാനം ജയചന്ദ്രനും അമ്പിളിയും ചേർന്ന് പാടി. പി. ഭാസ്കരൻ തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ രചിച്ച ഹാസ്യഗാനമാണിത്.

‘‘കണ്ണാലെൻ നെഞ്ചത്തു മുള്ളാണി തറയ്ക്കുന്ന/ കല്യാണീ കൊച്ചുകല്യാണീ/ കള്ളാണീവയറ്റിങ്കലെന്നാലും നിൻ കടക്കൺ/ തല്ലാണീയെന്നുടെ ശത്രു...’’ എന്നു പുരുഷൻ പാടുമ്പോൾ സ്ത്രീയുടെ മറുപടിയിങ്ങനെ: ‘‘അങ്ങനെയാണോ..?/ ശ്വാസത്തിൽ ശ്വാസത്തിൽ പ്രാസത്തിൽ പറയുന്ന/ വാസുവണ്ണാ എന്റെ കോങ്കണ്ണാ/ കീശയിൽ കാശില്ലെന്നാകിലും നീയെന്നെ/ ആശിക്കാനെന്തു ബന്ധം –എന്നെ/ ആശിക്കാനെന്തു ബന്ധം?’’ അപ്പോൾ പുരുഷൻ പാടുന്നു: ‘‘എന്റെ കല്യാണീ, നീയെന്നെ കൊല്ലാതെടീ...’’

വയലാർ എഴുതി യേശുദാസ് പാടിയ ‘‘എന്റെ പ്രേമം...’’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ –‘‘എന്റെ പ്രേമം നിനക്കു ചുറ്റും/ ഏഴിലംപൂവേലി കെട്ടി/ എന്റെ ഗാനം നിനക്കു മീതേ/ പൊന്നലുക്കിൻ കുട നിവർത്തി...’’ ആദ്യചരണം ഇങ്ങനെയാണ്:

‘‘നീ നടക്കും വഴിയിലെല്ലാം പൂ വാരി തൂകിവരും/ ഞാനൊരു പൊന്നിലഞ്ഞിയല്ലയോ.../ നീ കുളിക്കും പൊയ്‌കയെല്ലാം പനിനീര് നിറയ്ക്കും/ ഞാനൊരു ശിശിരമല്ലയോ.../ നിന്നിൽനിന്നൊന്നും മറയ്ക്കുവാനില്ലാത്ത/ നിന്റെ കാമുകനല്ലയോ... ഞാൻ/ നിത്യകാമുകനല്ലയോ..?’’

വയലാർ ചിത്രത്തിനുവേണ്ടിയെഴുതിയ രണ്ടാമത്തെ ഗാനം ജയചന്ദ്രനും അമ്പിളിയും ചേർന്നു പാടിയ യുഗ്മഗാനമാണ്.

‘‘നീലത്തടാകത്തിലെ/ നീന്തൽത്തടാകത്തിലെ/ നഗ്നമത്സ്യകന്യകേ/ നിന്നെ പൊതിയുമീയോളങ്ങളോട്/ എനിക്കെന്തൊരു പ്രതികാരം’’ എന്ന് പുരുഷശബ്ദം.

സ്ത്രീശബ്ദത്തിലുള്ള വരികൾ ഇങ്ങനെ: ‘‘ഇറങ്ങൂ കൂടെയിറങ്ങൂ/ ഇറങ്ങൂ കൂടെയിറങ്ങൂ/ കെട്ടിപ്പിണയുമീ മണ്ണിന്റെയാവേശങ്ങളെ/ പുണരൂ പുണരൂ...’’ തുടർന്ന് പുരുഷന്റെ ചോദ്യം: ‘‘കുളിരുണ്ടോ അവയ്ക്കു നിന്നെക്കാൾ കുളിരുണ്ടോ...’’ ഗാനം ഇതേ ഭാവത്തിൽ തുടരുന്നു.

ഭരണിക്കാവ് ശിവകുമാർ എഴുതി യേശുദാസ് ആലപിച്ച ‘‘സുമംഗലാതിര രാത്രി’’ എന്നു തുടങ്ങുന്ന ഗാനം ജനകീയമായി. പല ശ്രോതാക്കളും ഇത് വയലാറിന്റെ രചനയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.

‘‘സുമംഗലാതിര രാത്രി –ഇന്നു/ സോപാനസംഗീതരാത്രി/ സ്വപ്‌നങ്ങൾ സ്വർണചൂഡാമണി ചൂടും/ സ്വർഗീയ സുന്ദരരാത്രി.../ രാത്രി... രാത്രി.../ മരതകക്കുന്നിന്റെ മടിയിൽ/ മാലിനീപുളിനങ്ങളിൽ/ ഋതുമതി പക്ഷികൾ മന്മഥധനുസ്സിൽ/ മല്ലീശരം തൊടുക്കുന്ന രാത്രി...’’ എന്നിങ്ങനെ ആദ്യചരണം തുടരുന്നു.

1976 മാർച്ച് 26ന്​ പുറത്തുവന്ന ‘സ്വിമ്മിംഗ്പൂൾ’ എന്ന ശശികുമാർ ചിത്രം സാമ്പത്തികവിജയം നേടിയെടുത്തു.

പി. ഭാസ്കരനും വി. ദക്ഷിണാമൂർത്തിയും ചേർന്നൊരുക്കിയ മികച്ച പാട്ടുകളുള്ള സിനിമയായിരുന്നു ടി.കെ. ബാലചന്ദ്രൻ നിർമിച്ച ‘പ്രസാദം’. എ.ബി. രാജ് സംവിധാനംചെയ്ത ‘പ്രസാദ’ത്തിൽ പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, കെ.പി.എ.സി ലളിത, ബഹദൂർ, ശങ്കരാടി, ജനാർദനൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിർമാതാവും നടനുമായ ടി.കെ. ബാലചന്ദ്രൻ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. യേശുദാസ് പാടിയ ഒരു ഗാനത്തിന്റെ ആവർത്തനം എസ്. ജാനകി പാടിയതടക്കം ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു.

യേശുദാസ് ആലപിച്ച ‘‘പുലയനാർമണിയമ്മ പൂമുല്ലക്കാവിലമ്മ’’ എന്നു തുടങ്ങുന്ന പാട്ട് സൂപ്പർഹിറ്റായി.

 

എംകെ. അർജുനൻ,  പി. ഭാസ്കരൻ       

‘‘പുലയനാർ മണിയമ്മ/ പൂമുല്ലക്കാവിലമ്മ/ കലമാന്റെ മിഴിയുള്ള/ കളിത്തത്തമ്മ/ ആളിമാരൊത്തുകൂടി/ ആമ്പൽപ്പൂങ്കടവിങ്കൽ/ ആയില്യപ്പൂനിലാവിൽ/ കുളിക്കാൻ പോയ്...’’ എന്ന പല്ലവി കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. ഇതേ ഗാനം എസ്. ജാനകിയുടെ സ്വരത്തിൽ ആവർത്തിക്കുന്നുമുണ്ട്.

‘‘ഗാനത്തിൻ കല്ലോലിനിയിൽ...’’ എന്ന ഗാനം വാണി ജയറാമാണ്‌ പാടിയിരിക്കുന്നത്. ‘‘ഗാനത്തിൻ കല്ലോലിനിയിൽ/ സാനന്ദം നീന്തിനടക്കും/ രാഗമരാളിക ഞാൻ –അഴകിന്റെ/ ദേവമരാളിക ഞാൻ.../ പുളകം നെയ്യും പുഞ്ചിരിയാൽ/ പുഷ്പദലങ്ങൾ ചുറ്റും വിതറും/ മധുരം നുണയും നാഥന്റെ/ മനസ്സിനുള്ളിൽ താമസമാക്കും...’’ എന്നിങ്ങനെ ഗാനം തുടരുന്നു.

ജയചന്ദ്രനും അമ്പിളിയും ചേർന്നു പാടിയ ‘‘ഹരിതകാനന ശ്യാമളഛായയിൽ’’ എന്ന യുഗ്മഗാനമാണ് അടുത്തത്.

‘‘ഹരിതകാനന ശ്യാമളഛായയിൽ/ മധുരമാധവ സൗരഭ്യധാരയിൽ/ ആനന്ദലീനരായ് ഗാനങ്ങൾ പാടി/ ആരോമലേ നമുക്കിരിക്കാം/ മധു പകരാം അതു നുകരാം/ മദകരസ്വപ്നങ്ങൾ കാണാം...’’

യേശുദാസ് ശബ്ദം നൽകിയ വ്യത്യസ്തമായ ഒരു ഹാസ്യഗാനവും ഈ സിനിമയിലുണ്ട്. ‘‘വാതപിത്തകഫങ്ങളാൽ വലയിതം/മർത്ത്യന്റെ രോഗങ്ങൾ/ സംഗീതം താൻ പരമൗഷധം/ വെറുതേയാണാപ്രേഷനും മറ്റുമേ.../ ഗുന്മം ശൂല വിസർപ്പവും കൃമികടി/വിസ്പോടവും മാറ്റിടാം/ കാസം സന്നി കടുത്തതാം ജ്വരമിതും/ കണ്ഠത്തിനാൽ നീക്കിടം...’’ തരക്കേടില്ലാത്ത ഈ കമേഴ്‌സ്യൽ ചിത്രം സാമാന്യവിജയം നേടി. എങ്കിലും ‘‘പുലയനാർമണിയമ്മ പൂമുല്ലക്കാവിലമ്മ’’ എന്ന ഗാനത്തിന്റെ പേരിലാണ് ഈ ചിത്രം ഓർമിക്കപ്പെടുന്നത്. 1976 ഏപ്രിൽ ഒന്നിനാണ് ‘പ്രസാദം’ എന്ന സിനിമയുടെ പ്രദർശനമാരംഭിച്ചത്.

‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ എന്ന ചിത്രം എസ്.എസ്. തിരുപ്പതി ചെട്ടിയാരാണ് (എവർഷൈൻ) നിർമിച്ചത്. ശശികുമാർ സംവിധാനം ചെയ്‌തു. ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിന് ചരിത്രവുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ, ഈ സിനിമയുടെ കഥ സാങ്കൽപികമാണ്. കലാനിലയം സ്ഥിരം നാടകവേദി അരങ്ങിലെത്തിച്ച് വിജയിച്ച ‘കായംകുളം കൊച്ചുണ്ണി ’ എന്ന പ്രശസ്ത നാടകത്തിൽ (രചന: ജഗതി എൻ.കെ. ആചാരി) നടനും ഗാനരചയിതാവുമായിരുന്ന പാപ്പനംകോട് ലക്ഷ്മണനാണ് ഈ ചിത്രത്തിന് കഥയും സംഭാഷണവും തയാറാക്കിയത്. ചിത്രത്തിലെ പാട്ടുകളും അദ്ദേഹംതന്നെ രചിച്ചു. എം.കെ. അർജുനൻ പാട്ടുകൾക്ക് ഈണമൊരുക്കി. പ്രേംനസീർ, ജയഭാരതി, വിധുബാല, കെ.പി. ഉമ്മർ, വിൻസെന്റ്, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, കവിയൂർ പൊന്നമ്മ, പ്രേമ, മീന, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. യേശുദാസ്, എസ്. ജാനകി, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, അമ്പിളി, ബി. വസന്ത എന്നിവർ പിന്നണിയിൽ പാടി.

യേശുദാസും വസന്തയും ചേർന്നു പാടിയ ‘‘ചിത്തിരത്തോണിക്ക് പൊൻമാല’’ എന്ന പാട്ടും യേശുദാസ് പാടിയ ‘‘വെള്ളിപ്പൂന്തട്ടമിട്ടു’’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

‘‘ചിത്തിരത്തോണിക്ക് പൊൻമാല –ചുറ്റും/ ചിരിയടങ്ങാത്ത തിരമാല/ തോണിയിലെഴുന്നള്ളും റാണീ നിന്റെ/ മാണിക്യഗോപുരമെവിടെ...’’ എന്നു ഗായകൻ പാടുന്നു. തുടർന്ന് ഗായിക അൽപം വ്യത്യാസത്തോടെ ഇതേ വരികൾ പാടുന്നു. ‘‘റാണീ’’ എന്നുള്ള വിളി ‘‘രാജാവേ’’ എന്നു മാറുന്നു.

യേശുദാസ് ആലപിച്ച രണ്ടാമത്തെ ഗാനം മാപ്പിളപ്പാട്ടു ശൈലിയുള്ളതാണ്. ‘‘വെള്ളിപ്പൂന്തട്ടമിട്ട്/ വെള്ളിക്കൊലുസ്സും കാലിലിട്ട്/ വെണ്ണിലാവേ നീയാരെ കാണാൻ വന്നതിങ്ങോട്ട്/ ഇപ്പോൾ വന്നതിങ്ങോട്ട്’’ എന്നു തുടങ്ങുന്ന പാട്ടിലെ ചരണം ഇങ്ങനെയാ

ണ്​: ‘‘മൊഞ്ചത്തിപ്പെണ്ണേ നിൻ പുഞ്ചിരി കാണാൻ/ അന്തിക്ക് ഞാനുമെത്തുമ്പോൾ/ ഞൊറിയിട്ടു തൂക്കിയ തിരശ്ശീലയ്ക്കുള്ളിൽ/ മറഞ്ഞുനിൽക്കുന്നതെന്താണ് –അപ്പോൾ/ മിഴിയിൽ വിടരുന്നതെന്താണ്?..’’

കെ.പി. ബ്രഹ്മാനന്ദനും സംഘവും പാടിയ ‘‘ആയിരവല്ലിത്തിരുമകളേ’’ എന്ന ഗാനം ഒരു സംഘനൃത്തമാണ്. ‘‘ആയിരവല്ലിത്തിരുമകളേ.../ ആനമുടി വാഴും ദേവകളേ ആടിവായോ വിളയാടി വായോ/ അരമണിത്തുടലും കിലുക്കിവായോ...’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം.

ബി. വസന്തയും അമ്പിളിയും ചേർന്നു പാടിയ ഗാനമാണ് മറ്റൊന്ന്. ‘‘മൈലാഞ്ചിക്കാട്ടില് പാടിപ്പറന്നു വരും/ മണിവർണപ്പൊന്മാനേ/ നീ മനസ്സിലൊളിച്ചുവെക്കും/ മദനപ്പൂമാരനെ/ മറ്റാരും കണ്ടില്ലെന്നോ -നീ/ നിക്കാഹിനൊരുങ്ങിക്കോ...’’ എന്ന ചോദ്യത്തിന് കൂട്ടുകാരി ഇങ്ങനെ ഉത്തരം പറയുന്നു: ‘‘കുളിരുകൊണ്ടെനിക്കതു പറയാൻ വയ്യ/ മധുരംകൊണ്ടെനിക്കതു മറക്കാൻ വയ്യ’’ എന്നിങ്ങനെ.

 

കമൽഹാസൻ,   റാണി ചന്ദ്ര              

ജയചന്ദ്രൻ പാടിയ ഗാനം ‘‘മനിസൻ മണ്ണില് പലകോടി...’’ എന്നു തുടങ്ങുന്നു. ‘‘മനിസൻ മണ്ണില് പരകോടി –അവന്റെ/ മനസ്സിന് ശെയ്‌ത്താന്റെ മുഖംമൂടി/ ചിരികൊണ്ടു മയക്കാൻ വരുന്നതു പലതും/ ചിറകുകളില്ലാത്ത ജിന്നാണെടാ...’’ യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ‘‘സ്വപ്‌നങ്ങൾ താഴികക്കുടമേന്തും -പ്രേമ/ സ്വർഗത്തിൻ സുരഭീയാമം/ സ്വർണമുന്തിരിക്കിണ്ണങ്ങൾ നീട്ടുന്നു/ നിൻ മിഴിയിലെ രാഗഭാവം’’ എന്ന പാട്ടും മോശമായില്ല.

1976 ഏപ്രിൽ ഒമ്പതിനാണ് ‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ പുറത്തുവന്നത്. ഈ ചിത്രത്തിന്റെ സാമ്പത്തികവിജയം പാപ്പനംകോട് ലക്ഷ്മണന് തിരക്കഥാകൃത്ത് എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും പുതിയ അവസരങ്ങൾ നേടിക്കൊടുത്തു.

(തുടരും)

News Summary - Malayalam film song history