കെ.ജെ. ജോയ് സംഗീതസംവിധായകനാകുന്നു

തെന്നിന്ത്യൻ സിനിമാവേദിയിൽ എല്ലാവരും അംഗീകരിച്ച അക്കോർഡിൻ വാദകനായിരുന്നു കെ.ജെ. ജോയ് എന്ന യുവാവ്. എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ സ്ഥിരം അംഗമായിരുന്നു അദ്ദേഹം. കീബോർഡിന്റെ പ്രാഥമിക രൂപമായ ‘കോംബോ ഓർഗൻ’ എന്ന ഉപകരണം സിംഗപ്പൂരിൽ പോയി ആദ്യം വാങ്ങിയത് കെ.ജെ. ജോയിയും ആർ.കെ. ശേഖറുമാണ്. ക്രമേണ ജോയ് കീബോർഡ് വാദകനായി മാറി –സംഗീതയാത്രയിൽ കെ.ജെ. േജായ് കടന്നുവരുന്നു. 1938ൽ പുറത്തുവന്ന മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ‘ബാലൻ’ മുതൽ വർഷം 1974 വരെ മലയാളത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെയുള്ള അധ്യായങ്ങളിലൂടെ വിശദമാക്കിക്കഴിഞ്ഞു. ഇനി നാം കടക്കുന്നത്...
Your Subscription Supports Independent Journalism
View Plansതെന്നിന്ത്യൻ സിനിമാവേദിയിൽ എല്ലാവരും അംഗീകരിച്ച അക്കോർഡിൻ വാദകനായിരുന്നു കെ.ജെ. ജോയ് എന്ന യുവാവ്. എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ സ്ഥിരം അംഗമായിരുന്നു അദ്ദേഹം. കീബോർഡിന്റെ പ്രാഥമിക രൂപമായ ‘കോംബോ ഓർഗൻ’ എന്ന ഉപകരണം സിംഗപ്പൂരിൽ പോയി ആദ്യം വാങ്ങിയത് കെ.ജെ. ജോയിയും ആർ.കെ. ശേഖറുമാണ്. ക്രമേണ ജോയ് കീബോർഡ് വാദകനായി മാറി –സംഗീതയാത്രയിൽ കെ.ജെ. േജായ് കടന്നുവരുന്നു.
1938ൽ പുറത്തുവന്ന മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ‘ബാലൻ’ മുതൽ വർഷം 1974 വരെ മലയാളത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെയുള്ള അധ്യായങ്ങളിലൂടെ വിശദമാക്കിക്കഴിഞ്ഞു. ഇനി നാം കടക്കുന്നത് വർഷം 1975ലേക്കാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സൃഷ്ടിക്കപ്പെട്ട വർഷമാണ് 1975 എന്നുപറയാം. അതേസമയം, പുതിയ ഭാവുകത്വത്തിലൂടെ മലയാള സിനിമക്ക് അനശ്വര ഗാനങ്ങൾ സമ്മാനിച്ച യുഗപ്രഭാവനായ കവി ഈ ഭൂമി വിട്ടുപോയതും 1975ലാണ്. 1975 ഒക്ടോബർ 27നാണ് വയലാർ രാമവർമ അന്തരിച്ചത്.
1975 ജനുവരിയിൽ ആദ്യം പുറത്തുവന്നത് ‘ചീഫ് ഗസ്റ്റ്’ എന്ന സിനിമയാണ്. ടികെബീസ് എന്ന ബാനറിൽ നടൻ ടി.കെ. ബാലചന്ദ്രൻ നിർമിച്ച ഈ ചിത്രത്തിന് നിർമാതാവ് തന്നെയാണ് കഥയെഴുതിയത്. ബി.വി. ചന്ദ്രൻ തിരക്കഥയും നാഗവള്ളി ആർ.എസ്. കുറുപ്പ് സംഭാഷണവും എഴുതി. പ്രേംനസീറും ജയഭാരതിയും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. വഞ്ചിയൂർ മാധവൻ നായർ, അടൂർ ഭാസി, ബഹദൂർ, പ്രേമ, റീന, ടി.ആർ. ഓമന, മുതുകുളം രാഘവൻപിള്ള, ശ്രീലത, ബേബി സുമതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണം പകർന്നു. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു, രണ്ടു പാട്ടുകൾ യേശുദാസും രണ്ടു പാട്ടുകൾ എസ്. ജാനകിയും ഒരു ഗാനം അമ്പിളിയും പാടി.
യേശുദാസ് പാടിയ ആദ്യഗാനം ‘‘കവിതയാണു നീ...’’ എന്ന് ആരംഭിക്കുന്നു.
‘‘കവിതയാണു നീ നോവുമെന്നാത്മാവിൻ/അമൃതശീതള വർഷമായ് വന്നു നീ/ വെറുമൊരു മരുഭൂവിൻ നിറുകയി/ ലരിയൊരു വർഷബിന്ദുവായ് വന്നു നീ’’ എന്ന പല്ലവി കവിതതന്നെയാണ്.
ആദ്യചരണം ഇങ്ങനെ: ‘‘വിരിയുമോരോ കിനാവിന്റെ ചുണ്ടിലും/ നറുമധു പകർന്നോമനേ പാടി നീ/ മൃതിയിലും ഞാൻ മറക്കാത്ത സാന്ത്വന -/ മധുരഗാനമായ് ഓമനേ വന്നു നീ...’’ രചന മനോഹരമാണെങ്കിലും ഈ ഗാനം എന്തുകൊണ്ടോ പ്രചാരം നേടിയില്ല.

എം.എസ്. ബാബുരാജ്,വയലാർ,എ.ടി. ഉമ്മർ
യേശുദാസ് ആലപിച്ച രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘സ്വർണപുഷ്പശരമുള്ള കാമദേവൻ നിന്റെ/ കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘പൊന്നശോകപ്പൂവണിയും ദേവകന്യകൾ –നിന്റെ/ മന്ദഹാസ പൂക്കണിക്കായ് കൊതിച്ചു നിൽപ്പൂ.../ പൊന്നുഷസ്സും പൗർണമിയും തോഴിമാരായി –നിനക്ക്/ കുങ്കുമവും ചന്ദനവും കൊണ്ടുവരുന്നു/ നിന്നെ അണിയിക്കുന്നു...’’
എസ്. ജാനകി തനിച്ചു പാടിയ ഗാനം ‘‘മധുമക്ഷികേ...’’ എന്നാരംഭിക്കുന്നു. ‘‘മധുമക്ഷികേ നീയൊരു കൊച്ചുപൂവിന്റെ/ഹൃദയത്തിലിന്നലെ വിരുന്നുവന്നു/ മദിര നുകർന്നു മതിമറന്നിരുന്നു/മനസ്സിൽ മഴവില്ലു വിടർന്നു...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘വർണരേണുക്കളിൽ ആറാടി/ഉന്മാദലഹരിയിൽ നീരാടി/അഞ്ചിന്ദ്രിയങ്ങളിലും അനുഭൂതികളുടെ/ആഗ്നേയപുഷ്പങ്ങൾ ചൂടി/ആ ലഹരിയിലൊരു രാഗം നീ പാടി...’’
ജാനകിയുടെ സ്വരമുള്ള രണ്ടാമത്തെ പാട്ട് ഒരു സംഘഗാനമാണ്. ‘‘തെന്നി തെന്നി തെന്നിവരുന്നൊരു/ തെക്കൻ കാറ്റേ –നിന്റെ/ തേരിലിരുന്നോട്ടെ -ഒന്നു/ ചൂളമടിച്ചോട്ടെ...’’
പല്ലവിക്കു മുന്പ് ഒരു ദീർഘമായ ഹമ്മിങ് ഉണ്ട്. കോറസ് ഗായികമാരോടൊപ്പമാണ് എസ്. ജാനകി ഹമ്മിങ് പാടുന്നത്. ചിത്രത്തിലെ അഞ്ചാമത്തെ ഗാനം പാടിയത് ഗായിക അമ്പിളിയാണ്.
‘‘കണ്ണാ നിന്നെ തേടിവന്നു –ഈ/വൃന്ദാവനത്തിലും തേടി വന്നു.../കർണാമൃതമാം വേണുഗാനത്താൽ/കണ്മണിമാരെ വിളിക്കൂ/ഈ കണ്മണിമാരെ വിളിക്കൂ.../കണ്ണാ മുകിൽവർണാ കടൽവർണാ...’’ ഒ.എൻ.വിയും എ.ടി. ഉമ്മറും ഒരുമിച്ച ആദ്യചിത്രം ഇതാണെന്നു തോന്നുന്നു. 1975 ജനുവരി മൂന്നിന് ‘ചീഫ് ഗസ്റ്റ്’ എന്ന ചിത്രം പുറത്തുവന്നു. ചിത്രം സാമ്പത്തികമായി സാമാന്യവിജയം നേടി.
വി.എം. ശ്രീനിവാസൻ മണപ്പുറം മൂവീസിന്റെ പേരിൽ നിർമിച്ച ‘സ്വർണ്ണമത്സ്യം’ എന്ന സിനിമയും ജനുവരി മൂന്നിന് തന്നെയാണ് പുറത്തുവന്നത്. ശ്രീകുമാരി എഴുതിയ കഥക്ക് മങ്കൊമ്പ് ഗോപാലകൃഷ്ണൻ സംഭാഷണവും ഗാനങ്ങളും രചിച്ചു. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. മധു, ജയഭാരതി, റാണിചന്ദ്ര, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ പങ്കജം, ശ്രീലത, ഗിരീഷ്‌കുമാർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. അഞ്ചു ഗാനങ്ങളുള്ള ചിത്രത്തിലെ മൂന്നു പാട്ടുകൾ യേശുദാസ് പാടി.
മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ എഴുതിയ ‘‘മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്/മനിസ്സനെ മയക്കണ മൊഞ്ചൂറൂം മോറ്/മുത്തുപ്പൂവിതളൊത്ത് തിളങ്ങും മേനി/മുത്തമൊന്നാ കവിളില് കൊടുക്കാൻ പൂതി’’ എന്ന പാട്ടും ‘‘പാല പൂക്കുമീ രാവിൽ നീയൊരു/പാർവണേന്ദുവാണോമലേ/ പാതിനിദ്രയിൽനിന്നുണർന്നൊരു/പ്രാണഹർഷമാണെന്നിൽ നീ...’’ എന്ന പാട്ടും ‘‘തുലാവർഷമേഘമൊരു പുണ്യതീർഥം/തുളസിപ്പൂങ്കുന്നൊരു വർണചിത്രം/നാടൻ പെൺകൊടീ നീയെൻ മുന്നിലൊരു/നാണംകുണുങ്ങിയാം സ്വർണമത്സ്യം’’ എന്ന പാട്ടുമാണ് യേശുദാസ് പാടിയത്.
പി. സുശീല പാടിയ ‘‘ആശകളെരിഞ്ഞടങ്ങി’’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയം. ‘‘ആശകളെരിഞ്ഞടങ്ങി/ആരാധനകൾ മുടങ്ങി/ആറിത്തണുത്തൊരെൻ മോഹങ്ങളെന്തിനോ/ആരും കാണാതുറങ്ങി’’ എന്നിങ്ങനെ പല്ലവി.
കെ.പി. ബ്രഹ്മാനന്ദൻ, പി. സുശീലാദേവി, എം.എസ്. ബാബുരാജ്, രാധ എന്നിവർ ചേർന്നു പാടിയ ഒരു സംഘഗാനവും ഈ ചിത്രത്തിലുണ്ട്.

‘‘ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം/നാലു മേഘക്കീറു കൊണ്ടു കയർ പിരിക്കുന്നേ/കയർ പിരിക്കുന്നേ –ഹോ ഹോയ്/ ഏഴുനില മാളികയ്ക്കു മിഴി ചുവക്കുന്നേ –എന്നാൽ/ ഏഴകളുടെ കുടിലുകൾക്കു കരൾ തുടിക്കുന്നേ...’’
1975 ജനുവരി മൂന്നിന് റിലീസ് ചെയ്ത ‘സ്വർണ്ണമത്സ്യം’ ശരാശരി വിജയം നേടി. സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള നടനും എഴുത്തുകാരനും സംവിധായകനുമായിരുന്നു ബി.കെ. പൊറ്റെക്കാട്ട്. എന്തുകൊണ്ടോ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒന്നുപോലും സൂപ്പർഹിറ്റ് ആയില്ല.
അർച്ചന ഫിലിംസിന്റെ ബാനറിൽ മിസിസ് ശ്രീനിവാസൻ നിർമിച്ച ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന ചിത്രം എം. കൃഷ്ണൻ നായർ സംവിധാനം ചെയ്തു. 1975 ജനുവരി 16ാം തീയതി ഈ സിനിമ തിയറ്ററുകളിൽ എത്തിയെന്നു ചില രേഖകളിൽ കാണാനുണ്ട്. അത് ശരിയല്ല. ‘സമർപ്പണം’ എന്ന പേരിൽ നിർമാണമാരംഭിച്ച ചിത്രത്തിന്റെ പ്രവർത്തനം മുടങ്ങി. പിന്നീട് 1979 ജൂലൈയിൽ മാത്രമാണ് ചിത്രത്തിന്റെ പേര് ‘ഭാര്യയെ ആവശ്യമുണ്ട്’ എന്നു മാറ്റി റിലീസ് ചെയ്തത്. കഥയും സംഭാഷണവും എഴുതിയത് ചേരി വിശ്വനാഥൻ ആണ്.
കലാനിലയം കൃഷ്ണൻ നായർ നടത്തിയിരുന്ന ‘തനിനിറം’ ദിനപത്രത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു ചേരി വിശ്വനാഥൻ. എം.ജി. സോമൻ, വിൻെസന്റ്, പ്രമീള, സത്താർ, ആലുമ്മൂടൻ, മണവാളൻ ജോസഫ്, കെ.പി.എ.സി സണ്ണി, പൂജപ്പുര രവി, ജൂനിയർ ഷീല, ആറന്മുള പൊന്നമ്മ, മാജിക് രാധിക, ആനന്ദവല്ലി തുടങ്ങിയവർ അഭിനയിച്ച ഒരു ലോ ബജറ്റ് സിനിമയായിരുന്നു ഇത്. ഒ.എൻ.വി എഴുതിയ പാട്ടുകൾക്ക് എം.എസ്. ബാബുരാജ് സംഗീതം നൽകി. ചിത്രത്തിൽ മൂന്നു ഗാനങ്ങളേ ഉണ്ടായിരുന്നുള്ളൂ. യേശുദാസാണ് മൂന്നു പാട്ടുകളും പാടിയത്.

ആർ.കെ. ശേഖർ,കെ.ജെ. ജോയ്
‘‘ഇന്ദ്രനീലമണിവാതിൽ...’’ എന്നു തുടങ്ങുന്ന ഗാനം, ‘‘മന്ദാരത്തരു പെറ്റ...’’ എന്നു തുടങ്ങുന്ന പാട്ട്, ‘‘പൂവും പൊന്നും’’ എന്നു തുടങ്ങുന്ന പാട്ട് –ഇങ്ങനെ മൂന്നു ഗാനങ്ങൾ.
‘‘ഇന്ദ്രനീലമണിവാതിൽ തുറന്നു/അതിൻ പിന്നിൽ നീ നിന്നു/ പിന്നിയ മുടിച്ചാർത്തിൽ/ ഇന്ദുകലാദളം ചൂടിനിന്നു’’ എന്നാണ് ആദ്യഗാനത്തിന്റെ പല്ലവി. ‘‘ചന്ദനക്കുളിരേ നീയെന്തിനിന്നെന്റെ/ ഇന്ദ്രിയങ്ങളിലഗ്നി കൊളുത്തി?’’ എന്നിങ്ങനെ ചരണം ആരംഭിക്കുന്നു.
രണ്ടാമത്തെ ഗാനമിങ്ങനെ: ‘‘മന്ദാരത്തരു പെറ്റ മാണിക്യക്കനിയേ/മംഗളം നിനക്ക് മംഗളം/ മഞ്ജീരമണിനാദമുയരട്ടെ/സുമംഗലിമാരേറ്റു പാടട്ടെ.../ ഉത്സവമായ് ഇന്നുത്സവമായ്/ ഈയുത്രാടനാൾ നിനക്കുത്സവമായ്...’’
മൂന്നാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പൂവും പൊന്നും പുടവയുമായ് വന്നു/ഭൂമിയെ പുണരും പ്രഭാതമേ –നിന്റെ/ പ്രേമഗാനം കേട്ടു ഞാൻ –കേട്ടു ഞാൻ...’’ ഒ.എൻ.വിയും ബാബുരാജും ഒന്നിച്ചിട്ടും ഈ ഗാനങ്ങൾ സംഗീതാസ്വാദകർ ഏറ്റുപാടിയില്ല. ചിത്രവും വിജയിച്ചില്ല (1975ൽ ഗാനങ്ങളുടെ ശബ്ദലേഖനം കഴിഞ്ഞതുകൊണ്ടാണ് ഈ സിനിമയെ ആ വർഷത്തെ ചിത്രമായി കണക്കാക്കിയത്. നമ്മുടേത് ഗാനചരിത്രമാണല്ലോ).
ഹാസ്യരസപ്രധാനമായ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡോ. ബാലകൃഷ്ണൻ സംവിധാനംചെയ്ത പ്രഥമ ചിത്രമാണ് ‘ലവ് ലെറ്റർ’. കഥയും തിരനാടകവും സംഭാഷണവും അദ്ദേഹംതന്നെയെഴുതി. വിൻെസന്റ്, സുധീർ, വിധുബാല, കെ.പി.എ.സി ലളിത, ജനാർദനൻ, ജോസ് പ്രകാശ്, റീന, മല്ലിക, ടി.ആർ. ഓമന, സുരാസു, ശങ്കരാടി, കുതിരവട്ടം പപ്പു, ടി.പി. മാധവൻ, പട്ടം സദൻ, പറവൂർ ഭരതൻ, നിലമ്പൂർ ബാലൻ തുടങ്ങിയവർ അഭിനയിച്ചു. പ്രേംനസീർ നായകനാകാത്ത, ഡോ. ബാലകൃഷ്ണന്റെ പ്രഥമ ചിത്രമായിരുന്നു ‘ലവ് ലെറ്റർ’. കെ.ജെ. ജോയ് സംഗീതസംവിധായകനായ ആദ്യചിത്രവും ഇതുതന്നെ. സത്യൻ അന്തിക്കാട് ഈ ചിത്രത്തിൽ സംവിധാന സഹായിയായും ഗാനരചയിതാവായും പ്രവർത്തിച്ചു. ഭരണിക്കാവ് ശിവകുമാറും മൂന്നു പാട്ടുകൾ എഴുതി.
‘‘ദുഃഖിതരേ കണ്ണീരൊഴുക്കുവോരേ/ ദുഃഖിക്കൂ കണ്ണീരൊഴുക്കൂ/ ഇത് അശരീരി അശരീരി അശരീരി/ ജില്ലക്കും ജില്ലെടീ ജില്ലാലോ/ വയലാറെഴുതി ഭാസ്കരനെഴുതി/ തമ്പിയുമെഴുതി അശരീരി/ ജില്ലക്കും ജില്ലെടീ ജില്ലാലോ എന്നിങ്ങനെ ആരംഭിക്കുന്ന ഹാസ്യഗാനം സത്യൻ അന്തിക്കാട് എഴുതിയതാണ്. ഈ പാട്ട് സീറോ ബാബുവും സംഘവും പാടി. സത്യൻ അന്തിക്കാട് എഴുതിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു. അമ്പിളിയാണ് ഈ ഗാനം പാടിയത്.
‘‘സ്വർണമാലകൾ വിണ്ണിൽ വിതറും/സ്വപ്നലോലയാം സായാഹ്നമേ/തരൂ തരൂ സുരാഗങ്ങളെ/ഇതിൽ കവിതയുടെ രേണുക്കളുണ്ടെന്നു പറയാം.’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘നാദങ്ങളേ സ്നേഹഭാവങ്ങളേ/ എന്നിൽ വന്നു നിറയൂ/ എന്നുള്ളിൽ നൃത്തമാടൂ/ തരളഹൃദയരാഗങ്ങൾ എന്നിലുണർത്തൂ.’’
‘‘ചിത്രത്തിലെ മറ്റു മൂന്നു ഗാനങ്ങൾ ഭരണിക്കാവ് ശിവകുമാർ എഴുതി. യേശുദാസ് പാടിയ ‘‘കാമുകിമാരേ കന്യകമാരേ’’ എന്ന പാട്ടും ഹാസ്യരസ പ്രധാനമാണ്. ‘‘കാമുകിമാരേ കന്യകമാരേ/ കണ്മണിമാരേ വന്നാട്ടെ/കല്യാണപ്രായം കഴിഞ്ഞു നിൽക്കും/ കല്യാണിമാരേ വന്നാട്ടെ/ കേൾക്കാത്ത സ്വരങ്ങളിലെ/പാടാത്ത പാട്ടുകൾ കേട്ടാട്ടെ’’ എന്നിങ്ങനെ തുടരുന്നു ആ ഗാനം.
ഭരണിക്കാവ് ശിവകുമാർ എഴുതിയ രണ്ടാമത്തെ ഗാനമിതാണ്: ‘‘കണ്ടു മാമാ കേട്ടു മാമീ/നുള്ളും കിള്ളും പാട്ടും കൂത്തും/ എല്ലാം കണ്ടു ഞങ്ങൾ.../ നിങ്ങൾ രണ്ടും ആദ്യം കണ്ടുമുട്ടി ചേർന്ന രംഗങ്ങൾ...’’ ഗാനത്തിലെ വരികൾ ഇതേ ശൈലിയിൽ തുടരുന്നു. ‘‘കിണറ്റുകരയിൽ മാമിയൊരിക്കൽ/വെള്ളമെടുക്കാൻ പോയപ്പോൾ/ അടുത്ത വേലിക്കടുത്തു നിന്നു/ചൂളമടിച്ചു മാമൻ/അയ്യയ്യോ മാമീടെ കവിളപ്പോൾ തുടുത്തല്ലോ/അമ്മമ്മോ മാമന്റെ കരളപ്പോൾ തുടിച്ചല്ലോ.../ കണ്ടു മാമാ കേട്ടു മാമീ...’’
ഭരണിക്കാവ് ശിവകുമാർ രചിച്ച മൂന്നാമത്തെ ഗാനം യേശുദാസും ബി. വസന്തവും ചേർന്നു പാടി. ‘‘മധുരം തിരുമധുരം/മാരമഹോത്സവ തിരുമധുരം/ ഹൃദയം പരിമൃദുലം/തുറന്നാൽ മദനഗൃഹം/എന്നരികിൽ നീയണഞ്ഞാൽ/നിൻ കവിൾപ്പൂമുത്തെടുക്കും/നിൻ ചിരി തൻ പൂവിറുക്കും.’’ ഇങ്ങനെ ആകെ അഞ്ചു പാട്ടുകളാണ് ‘ലവ് ലെറ്ററി’ൽ ഉണ്ടായിരുന്നത്. തെന്നിന്ത്യൻ സിനിമാവേദിയിൽ എല്ലാവരും അംഗീകരിച്ച അക്കോർഡിൻ വാദകനായിരുന്നു കെ.ജെ. ജോയ് എന്ന യുവാവ്. എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.

ഒ.എൻ.വി. കുറുപ്പ്,മങ്കൊമ്പ് ഗോപാലകൃഷ്ണൻ
കീബോർഡിന്റെ പ്രാഥമിക രൂപമായ ‘കോംബോ ഓർഗൻ’ എന്ന ഉപകരണം സിംഗപ്പൂരിൽ പോയി ആദ്യം വാങ്ങിയത് കെ.ജെ. ജോയിയും ആർ.കെ. ശേഖറുമാണ്. ക്രമേണ ജോയ് കീബോർഡ് വാദകനായി മാറി. അപ്പോഴും ആവശ്യം വരുമ്പോൾ അദ്ദേഹം തന്റെ ഇഷ്ടസംഗീതോപകരണമായ അക്കോർഡിൻ വായിക്കുമായിരുന്നു. ‘ലവ് ലെറ്റർ’ എന്ന സിനിമയിലൂടെ ജോയി സംഗീതസംവിധായകനായി.
ഈണം ആദ്യം ചിട്ടപ്പെടുത്തിയതിനു ശേഷം ആ ഈണത്തിനനുസരിച്ച് കവികളെക്കൊണ്ട് വരികൾ എഴുതിക്കുന്ന രീതി മലയാളസിനിമയിൽ സ്ഥിരമായത് ശ്യാം, കെ.ജെ. ജോയ് എന്നിവരുടെ വരവോടെയാണ്. അവരുടെ ഈണങ്ങൾ ഹിറ്റുകളായി. ഗാനരചയിതാക്കൾ സംഗീതസംവിധായകർക്കു താഴെയായി. ഇളയരാജയും എ.ആർ. റഹ്മാനുമൊക്കെ ഇതേ രീതിയാണ് തുടരുന്നത്. മലയാളികളായ രവീന്ദ്രനും ജോൺസണും ഔസേപ്പച്ചനും എം. ജയചന്ദ്രനും ഈ വഴിതന്നെ സ്വീകരിച്ചു എന്നുപറയാം. ഇപ്പോൾ മലയാള സിനിമാഗാന സൃഷ്ടിയിൽ ഒരു വഴിയേ ഉള്ളൂ. ആദ്യം ഈണം , പിന്നെ വരികൾ.