ഏറ്റുമാനൂർ സോമദാസൻ എന്ന കവി

‘‘മധുവിന്റെ തന്നെ കണ്ടുപിടിത്തമായ സാമുവൽ ജോസഫ് എന്ന ശ്യാം തന്നെ ‘അക്കല്ദാമ’യുടെ സംഗീത സംവിധായകൻ. ഏറ്റുമാനൂർ സോമദാസനാണ് ഈ മൂന്നു ഗാനരചയിതാക്കളിൽ മുൻനിരയിലുള്ള കവി. എങ്കിലും എന്തുകൊണ്ടോ അദ്ദേഹം ഗാനരചനാരംഗത്ത് നിലയുറപ്പിച്ചില്ല. അദ്ദേഹത്തിന്റെ മൂന്നു രചനകൾ ഈ ചിത്രത്തിൽ ഇടംപിടിച്ചു’’ –പാട്ടിന്റെ ചരിത്രമെഴുത്ത് തുടരുന്നു. യൂസഫലി കേച്ചേരിയും ഡോ. ബാലകൃഷ്ണനും ഗാനരചന നിർവഹിച്ച സിനിമയാണ് ‘കല്യാണപ്പന്തൽ’. എ.ടി. ഉമ്മറായിരുന്നു സംഗീതസംവിധായകൻ. രൂപകല എന്ന ബാനറിൽ ഡോ. ബാലകൃഷ്ണൻതന്നെയാണ് ചിത്രം നിർമിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സിനിമ സംവിധാനം ചെയ്‌തതും അദ്ദേഹംതന്നെ. വിധുബാല, വിൻെസന്റ്,...
Your Subscription Supports Independent Journalism
View Plans‘‘മധുവിന്റെ തന്നെ കണ്ടുപിടിത്തമായ സാമുവൽ ജോസഫ് എന്ന ശ്യാം തന്നെ ‘അക്കല്ദാമ’യുടെ സംഗീത സംവിധായകൻ. ഏറ്റുമാനൂർ സോമദാസനാണ് ഈ മൂന്നു ഗാനരചയിതാക്കളിൽ മുൻനിരയിലുള്ള കവി. എങ്കിലും എന്തുകൊണ്ടോ അദ്ദേഹം ഗാനരചനാരംഗത്ത് നിലയുറപ്പിച്ചില്ല. അദ്ദേഹത്തിന്റെ മൂന്നു രചനകൾ ഈ ചിത്രത്തിൽ ഇടംപിടിച്ചു’’ –പാട്ടിന്റെ ചരിത്രമെഴുത്ത് തുടരുന്നു.
യൂസഫലി കേച്ചേരിയും ഡോ. ബാലകൃഷ്ണനും ഗാനരചന നിർവഹിച്ച സിനിമയാണ് ‘കല്യാണപ്പന്തൽ’. എ.ടി. ഉമ്മറായിരുന്നു സംഗീതസംവിധായകൻ. രൂപകല എന്ന ബാനറിൽ ഡോ. ബാലകൃഷ്ണൻതന്നെയാണ് ചിത്രം നിർമിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സിനിമ സംവിധാനം ചെയ്‌തതും അദ്ദേഹംതന്നെ.
വിധുബാല, വിൻെസന്റ്, സുധീർ, വിജയൻ, രാജകോകില, കെ.പി.എ.സി. ലളിത, ടി.എസ്. മുത്തയ്യ, ശങ്കരാടി, കുതിരവട്ടം പപ്പു, മാസ്റ്റർ രഘു, പട്ടം സദൻ, മണവാളൻ ജോസഫ്, സാധന, കുഞ്ചൻ, ഖദീജ തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. അഞ്ചു പാട്ടുകൾ യൂസഫലിയും ഒരു പാട്ട് ഡോ. ബാലകൃഷ്ണനും എഴുതി.
‘‘ചഞ്ചല ചഞ്ചല നയനം, മാനസവീണയിൽ, മയ്യെഴുതിക്കറുപ്പിച്ച, ഒരു മധുരിക്കും വേദനയായ്, സ്വർണാഭരണങ്ങളിലല്ല’’ എന്നിങ്ങനെ തുടങ്ങുന്ന അഞ്ചു ഗാനങ്ങളാണ് യൂസഫലിയുടേത്.
‘‘ചഞ്ചല ചഞ്ചല നയനം/ ചന്ദ്രമനോഹര വദനം/ മരാളഗമനം മാദകനടനം/ മാനസമനുരാഗ സദനം’’ എന്നിങ്ങനെ മനോഹരമായി തുടങ്ങുന്ന ഗാനം യേശുദാസാണ് ആലപിച്ചത്. ആദ്യചരണവും സുന്ദരപദങ്ങളാൽ സമൃദ്ധം.
‘‘അനുപമവിമല സരാഗകപോലം/ അരുണസരോജസമാനം മൃദുലം/ മധുമധുരാസവ പൂരിതപാത്രം/ മമസഖീ, താവകസുന്ദരഗാത്രം.’’ യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇതാണ്: ‘‘സ്വർണാഭരണങ്ങളിലല്ല/ വർണപ്പൂഞ്ചേലയിലല്ല/ കാന്തനെ ദൈവമായ് കരുതുന്ന പെണ്മണി തൻ/ കരളിനകത്തല്ലോ സൗന്ദര്യതാരം.’’
‘‘മാനസവീണയിൽ നീയൊന്നു തൊട്ടു’’ എന്നു തുടങ്ങുന്ന ഗാനം കെ.സി. വർഗീസ് കുന്നംകുളം എന്ന ഗായകനാണ് ആലപിച്ചത്. ‘‘മാനസവീണയിൽ നീയൊന്നു തൊട്ടു/ മണിനാദ മന്ദാരം പൂവിട്ടു/ തന്ത്രികൾക്കെല്ലാം ഒരേയൊരു താളം/ ഒരേയൊരു രാഗം അനുരാഗം...’’
കെ.സി. വർഗീസ് എന്ന ഗായകൻ ഒരു പാട്ടുകൂടി പാടിയിട്ടുണ്ട്. അത് ഇങ്ങനെ ആരംഭിക്കുന്നു: ‘‘മയ്യെഴുതിക്കറുപ്പിച്ച കണ്ണിൽ/ മധു തുളുമ്പുമീ മലർചുണ്ടിൽ/ പല നാളായെന്നന്തരംഗം/ പാറി കളിക്കുന്നു തങ്കം.’’
പി. സുശീല പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ഒരു മധുരിക്കും വേദനയോ/ കണ്ണുനീരിന്റെ പുഞ്ചിരിയോ/ നീയാരോ നീയാരോ.../ അകലെയിരിക്കുമ്പോളെല്ലാം -അവൻ/ അരികത്തൊന്നണയുവാൻ മോഹം/ മാരനവൻ ചാരത്തു വന്നാൽ -എന്തോ / മനതാരിൽ വല്ലാത്ത നാണം...’’ ഉഷാ വേണുഗോപാലും സംഘവും പാടിയ പാട്ടാണ് ഡോ. ബാലകൃഷ്ണൻ എഴുതിയത്. അത് ഇങ്ങനെ ആരംഭിക്കുന്നു: ‘‘മണവാട്ടിപ്പെണ്ണിനല്ലോ/ മദനപ്പൂമാല ചാർത്തി/ മണിമാരൻ കാത്തിരിക്കും/ മണിയറയിൽ കൊണ്ടുപോകും.../ കൂട്ടിനു ഞങ്ങൾ ചുറ്റും കൂടി/ പാട്ടുകൾ പാടാം വാവാ പെണ്ണേ/ മുത്തണിമെത്തയിൽ പൂവുകൾ വിതറി/ മുത്തുവിളക്കുകൾ കണ്ണുകൾ ചിമ്മി/ അത്തറു പൂശിയ കവിളിൽ മാരൻ/ മുത്തം നൽകാൻ കാക്കണ് സുന്ദരി...’’
യൂസഫലി കേച്ചേരി എഴുതിയ രണ്ടു മൂന്നു പാട്ടുകൾ ശ്രോതാക്കൾ ഇഷ്ടപ്പെട്ടു. 1975 മാർച്ച് 21ന് റിലീസ് ചെയ്ത ‘കല്യാണപ്പന്തൽ’ ഡോ. ബാലകൃഷ്ണന്റെ മുൻ ചിത്രങ്ങളുടെ വിജയപാരമ്പര്യം നിലനിർത്തിയില്ല. ഇതേ ദിവസംതന്നെയാണ് കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ എം.ഒ. ജോസഫ് (മഞ്ഞിലാസ്) നിർമിച്ച ‘ചുവന്ന സന്ധ്യകൾ’ എന്ന സിനിമയും പുറത്തുവന്നത്. ബാലു മഹേന്ദ്ര എഴുതിയ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി.
ശ്രീകാന്ത് പാടിയ ‘‘ഇതിഹാസങ്ങൾ ജനിക്കും മുമ്പേ, ഈശ്വരൻ ജനിക്കും മുമ്പേ’’, യേശുദാസ് പാടിയ ‘‘'കാളിന്ദി... കാളിന്ദി...’’, പി. സുശീല പാടിയ ‘‘പൂവുകൾക്കു പുണ്യകാലം’’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഈ സിനിമയിലുള്ളതാണ്. ലക്ഷ്മി, വിധുബാല, സുജാത, മോഹൻശർമ, എം.ജി. സോമൻ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി,പറവൂർ ഭരതൻ, സാം തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിൽ ആറു പാട്ടുകളാണ് ഉണ്ടായിരുന്നത്. പി. ലീല പാടിയ ഭക്തിഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അച്യുതാനന്ദ ഗോവിന്ദ പാഹിമാം/ സച്ചിദാനന്ദ ശ്രീകൃഷ്ണ പാഹിമാം/ ചെമ്പകാശോകപുന്നാഗമാലതീ/ മണ്ഡപത്തിലെ ശ്രീകൃഷ്ണ പാഹിമാം/ ഗോപനന്ദനനായിരുന്നപ്പൊഴും/ ദ്വാരകാനാഥനായിരുന്നപ്പൊഴും/ ഗോപികമാർ വിളിക്കുന്നിടത്തെല്ലാം/ ഓടിയെത്തും കൃപാംബുരാശേ ഹരേ.’’ ശ്രീകാന്ത് പാടിയ ‘‘ഇതിഹാസങ്ങൾ ജനിക്കും മുമ്പേ/ ഈശ്വരൻ ജനിക്കും മുമ്പേ/ പ്രകൃതിയും കാലവും ഒരുമിച്ചു പാടി/ പ്രേമം ദിവ്യമാമൊരനുഭൂതി... പ്രേമം പ്രേമം... പ്രേമം...’’ ഈ ഗാനത്തിലൂടെ പ്രശസ്തനായ ശ്രീകാന്ത് മുൻനിരയിലേക്ക് വരുമെന്ന് ആസ്വാദകർ പ്രതീക്ഷിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. യേശുദാസ് പാടിയ ‘‘കാളിന്ദീ കാളിന്ദീ ...’’ എന്ന ഗാനം രചനകൊണ്ടും സംഗീതംകൊണ്ടും ആലാപനംകൊണ്ടും മികച്ചതായി.
‘‘കാളിന്ദീ കാളിന്ദീ/ കണ്ണന്റെ പ്രിയസഖി കാളിന്ദി/ രാസവിലാസവതി രാഗിണീ/ രാധയെപ്പോലെ നീ ഭാഗ്യവതി...’’ ആദ്യചരണവും പല്ലവിയെപ്പോലെ തന്നെ മനോഹരം.
‘‘ഗോപാംഗനകൾ തൻ ഹേമാംഗരാഗങ്ങൾ/ ആപാദചൂഡമണിഞ്ഞാലും/ നിന്നലക്കൈകളിൽ വീണമർന്നാലേ/ കണ്ണനു നിർവൃതിയാകൂ.../ കണ്ണനു നിർവൃതിയാകൂ...’’ ദേവരാജൻ മാസ്റ്റർ പാശ്ചാത്യ സംഗീതത്തോട് അടുത്തുനിൽക്കുന്ന വ്യത്യസ്ത ശൈലിയിൽ രൂപപ്പെടുത്തിയ ഗാനമാണ് പി. സുശീല പാടിയത്.

യൂസഫലി കേച്ചേരി,എ.ടി. ഉമ്മർ
‘‘പൂവുകൾക്കു പുണ്യകാലം -മേയ് മാസ/ രാവുകൾക്കു വേളിക്കാലം/ നക്ഷത്ര തിരികൊളുത്തും/ നിലാവിന്റെ കൈകളിൽ/ നിശ്ചയ താംബൂല താലം/ പൂവുകൾക്കു പുണ്യകാലം...’’
പി. ജയചന്ദ്രൻ പാടിയ ‘‘നൈറ്റിൻഗേൽ ഓ നൈറ്റിൻഗേൽ/ നിന്റെയോരോ ചലനങ്ങളിലും/നാദം താളം -ഒരു നവോന്മേഷശാലിനിയാം/ഗീതം സംഗീതം’’ എന്നു തുടങ്ങുന്ന ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാധുരി പാടിയ പാട്ടിന്റെ കാര്യവും അങ്ങനെ തന്നെ.
‘‘വ്രതംകൊണ്ട് മെലിഞ്ഞൊരു/ ഷഷ്‌ഠി നിലാവിന്/ വെറുതെയാവുമോ മോഹം/ വിശക്കും മനസ്സുമായ് തപസ്സിരുന്നാലും/ വിഫലമാവുമോ ധ്യാനം...?’’ ‘ചുവന്ന സന്ധ്യകൾ’ നല്ല ചിത്രമായിരുന്നു. ചിത്രം അർഹമായ പ്രദർശനവിജയം നേടിയെടുക്കുകയുംചെയ്തു.
നായകനടൻ മധു സ്വന്തമായി നിർമിച്ച ‘അക്കല്ദാമ’ എന്ന സിനിമ അദ്ദേഹം തന്നെയാണ് സംവിധാനംചെയ്തത്. കല്യാണി കലാക്ഷേത്രം എന്നു ബാനറിന്റെ പേര്. പ്രശസ്ത നാടകകൃത്ത് പി.ആർ. ചന്ദ്രന്റെ നാടകമാണ് ‘അക്കല്ദാമ’ എന്ന ചിത്രത്തിന് ആധാരം. ‘അരാമായ്’ ഭാഷയിലെ ഒരു പദമാണ് അക്കല്ദാമ. യേശുക്രിസ്തുവിന്റെ മാതൃഭാഷയാണ് ‘അരാമായ്’. ജറൂസലമിലുള്ള ഒരു ശ്മശാനത്തിന്റെ പേരാണിത്. ‘രക്തനിലം’ എന്നാണ് അതിന്റെ അർഥം. യേശുവിനെ ഒറ്റുകൊടുത്തതിന് ലഭിച്ച പ്രതിഫലം പശ്ചാത്താപവിവശനായ യൂദാസ് വലിച്ചെറിഞ്ഞ നിലമാണിത്. ക്രിസ്തു സംസാരിച്ചിരുന്ന അരാമായ് ഭാഷ ഇന്ന് പ്രചാരത്തിലില്ല.
‘അക്കല്ദാമ’ എന്ന സിനിമക്ക് നാടകകൃത്തായ പി.ആർ. ചന്ദ്രൻ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. മധു, ശ്രീവിദ്യ, കെ.പി.എ.സി. ലളിത, കൊട്ടാരക്കര ശ്രീധരൻ നായർ, മണവാളൻ ജോസഫ്, ചന്ദ്രാജി ഉഷാറാണി, സുരേഷ്, ബേബി ജയ തുടങ്ങിയവർ അഭിനയിച്ച ‘അക്കല്ദാമ’ എന്ന ചിത്രത്തിന് ഏറ്റുമാനൂർ സോമദാസൻ, ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാർ എന്നിവർ പാട്ടുകൾ എഴുതി. മധുവിനെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ‘കാമുകി’ എന്ന ചിത്രത്തിലെ ഗാനരചയിതാവ് ഏറ്റുമാനൂർ സോമദാസൻ ആയിരുന്നു എന്ന കാര്യം ഒരു മുൻ അധ്യായത്തിൽ സൂചിപ്പിക്കുകയുണ്ടായി. ‘കാമുകി’യുടെ നിർമാണം നിലച്ചുപോയി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ‘സ്വയംവരം’.
മധുവിന്റെ കണ്ടുപിടിത്തമായ സാമുവൽ ജോസഫ് എന്ന ശ്യാം ആണ് ‘അക്കല്ദാമ’യുടെ സംഗീതസംവിധായകൻ. ഏറ്റുമാനൂർ സോമദാസനാണ് ഈ മൂന്നു ഗാനരചയിതാക്കളിൽ മുൻനിരയിലുള്ള കവി. എങ്കിലും എന്തുകൊണ്ടോ അദ്ദേഹം ഗാനരചനാരംഗത്ത് നിലയുറപ്പിച്ചില്ല. അദ്ദേഹത്തിന്റെ മൂന്നു രചനകൾ ഈ ചിത്രത്തിൽ ഇടംപിടിച്ചു.
‘‘അധ്വാനിക്കുന്നവരേ’’ എന്നാരംഭിക്കുന്ന ഗാനം യേശുദാസ് ആണ് പാടിയത്. ഈ ഗാനത്തിലെ വരികൾ ലഭ്യമല്ല. പാട്ടുപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒരുപക്ഷേ എഡിറ്റിങ് സമയത്ത് ഈ ഗാനം ചിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കാം. മധു നിർമിച്ച ‘അക്കല്ദാമ’, ‘കാമം ക്രോധം മോഹം’ എന്നീ സിനിമകൾ കേരളമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണംചെയ്യാനുള്ള അവകാശം ഈ ലേഖകന്റെ കവിത ആർട്ട് പിക്ചേഴ്സ് എന്ന വിതരണക്കമ്പനിയാണ് വിലയ്ക്ക് വാങ്ങിയിരുന്നത്. എങ്കിലും ഈ പാട്ടിന്റെ കാര്യം ഓർമയില്ല.
‘‘ഒരു പൂന്തണലും മുന്തിരിയും’’ എന്നു തുടങ്ങുന്ന യുഗ്മഗാനം യേശുദാസും മാധുരിയും ചേർന്നു പാടി. പല്ലവിയിങ്ങനെ: ‘‘ഒരു പൂന്തണലും മുന്തിരിയും/ ഒമർ ഖയാം പണ്ടു പാടി/വീണ മീട്ടുന്ന നീയും -എനിക്കീ/ വിജനതീരം സ്വർഗം/ വികാരസാഫല്യ രംഗം...’’
ഏറ്റുമാനൂർ സോമദാസൻ എഴുതിയ മൂന്നാമത്തെ ഗാനം ‘‘പറുദീസ പൊയ്‌പോയവരേ...’’ എന്നു തുടങ്ങുന്നു. കെ.പി. ബ്രഹ്മാനന്ദനും സംഘവുമാണ് ഈ ഗാനത്തിന് ശബ്ദം നൽകിയത്.
‘‘പറുദീസ പൊയ്‌പോയവരേ/ പാപഭാരം ചുമന്നു തളർന്നോരെ/ അത്താണിയാകുമവനിൽ -നിങ്ങൾ/ ആശ്വാസം തേടിക്കൊൾവിൻ.’’ ‘അക്കല്ദാമ’ക്കു വേണ്ടി ബിച്ചു തിരുമലയും ഭരണിക്കാവ് ശിവകുമാറും ഓരോ ഗാനം വീതം എഴുതി. ബിച്ചു എഴുതിയ ‘‘നീലാകാശവും മേഘങ്ങളും...’’ എന്ന ഗാനം ഒട്ടൊക്കെ പ്രശസ്തമായി.
‘‘നീലാകാശവും മേഘങ്ങളും/ നീരും താരും തീരങ്ങളും/ ജീവനും സൃഷ്ടിച്ച ചൈതന്യമേ/സ്വസ്തി സ്വസ്തി സ്വസ്തി...’’
ഭരണിക്കാവ് ശിവകുമാർ എഴുതിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അക്കൽദാമ തൻ താഴ്വരയിൽ/ പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു.../ അംഗവിഹീനയാം ആ മണിക്കുഞ്ഞിന്/ മാതാപിതാക്കളില്ലായിരുന്നു...’’ ഈ പാട്ടും പ്രചാരം നേടിയില്ല. ബിച്ചു തിരുമലയുടെ ‘‘നീലാകാശവും മേഘങ്ങളും’’ എന്നു തുടങ്ങുന്ന പാട്ടാണ് ശ്രോതാക്കളുടെ ഓർമയിൽ അൽപമെങ്കിലും തങ്ങിനിന്നത്.
വയലാറിനു ശേഷം ഉയർന്നുവന്ന ഏറ്റവും ശ്രദ്ധേയനായ കവിയായിരുന്നു ഏറ്റുമാനൂർ സോമദാസൻ. അദ്ദേഹം ഓൾ ഇന്ത്യ റേഡിയോക്കു വേണ്ടിയും ചില നാടകങ്ങൾക്കു വേണ്ടിയും എഴുതിയ പാട്ടുകളും ജനശ്രദ്ധ നേടിയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ഒരു സിനിമ സംവിധാനംചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന്റെ ഗാനരചയിതാവായി കണ്ടെത്തിയത് ഏറ്റുമാനൂർ സോമദാസനെയായിരുന്നു എന്നോർക്കുക. ആ ചിത്രത്തിലെ നായകൻ മധുവായിരുന്നു. ‘കാമുകി’യിലെ ഗാനങ്ങൾ ഓർമയിലുള്ളതുകൊണ്ടാവാം അദ്ദേഹം സ്വന്തം ചിത്രത്തിൽ അദ്ദേഹത്തെക്കൊണ്ട് ഗാനങ്ങൾ എഴുതിച്ചത്.

എസ്. ബാലകൃഷ്ണൻ,ശ്യാം,ശ്രീകാന്ത്,കെ.സി. വർഗീസ് കുന്നംകുളം
നിർഭാഗ്യവശാൽ ‘കാമുകി’ എന്ന ചിത്രം പൂർത്തിയായില്ല. ‘അക്കല്ദാമ’ക്കു വേണ്ടി അദ്ദേഹം രചിച്ച പാട്ടുകൾ ജനശ്രദ്ധ നേടിയതുമില്ല. എല്ലാ കവികൾക്കും ഈണത്തിനനുസരിച്ച് പാട്ടുകൾ എഴുതാൻ ചാതുര്യമുണ്ടാവണമെന്നില്ല. ശ്യാമിനോടൊപ്പം പ്രവർത്തിക്കുമ്പോൾ ആ രീതിയിൽ എഴുതിയേ മതിയാകൂ. അതുകൊണ്ടാവാം ഏറ്റുമാനൂർ സോമദാസൻ എന്ന കവിക്ക് അവസരത്തിനൊത്ത് ഉയരാൻ കഴിയാതെ പോയത്.
1975 മാർച്ച് 28ന് പ്രദർശനമാരംഭിച്ച ‘അക്കല്ദാമ’ ഭേദപ്പെട്ട സിനിമയായിരുന്നു. എന്നാൽ, അത് ഒരു ബോക്സ് ഓഫിസ് വിജയമായില്ല.