Begin typing your search above and press return to search.
proflie-avatar
Login

യേശുദാസ് സംഗീത സംവിധായകനായ ‘തീക്കനൽ’

യേശുദാസ് സംഗീത സംവിധായകനായ ‘തീക്കനൽ’
cancel

‘ചെന്നായ് വളർത്തിയ കുട്ടി’, ‘തീക്കനൽ’, ‘അനാവരണം’ എന്നീ സിനിമകളിലെ പാട്ടിനെക്കുറിച്ചാണ്​ ഇത്തവണ ‘സംഗീതയാത്ര’യിൽ എഴുതുന്നത്​. ഇൗ സിനിമകളിലെ പല പാട്ടുകളും മലയാളികൾക്ക്​ ചിരപരിചിതമാണ്​. ‘ചെന്നായ് വളർത്തിയ കുട്ടി’ എന്ന ചിത്രം ഉദയാ സ്റ്റുഡിയോ ഉടമയായ എം. കുഞ്ചാക്കോ എക്സെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചതാണ്. സംവിധായകനും അദ്ദേഹം തന്നെ. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. പ്രേംനസീർ, ശാരദ, ജയഭാരതി, ഉണ്ണിമേരി, കെ.പി. ഉമ്മർ, എം.ജി. സോമൻ, തിക്കുറിശ്ശി, അടൂർ ഭാസി, മാസ്റ്റർ രഘു എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണനും സംഗീതസംവിധാനം...

Your Subscription Supports Independent Journalism

View Plans
‘ചെന്നായ് വളർത്തിയ കുട്ടി’, ‘തീക്കനൽ’, ‘അനാവരണം’ എന്നീ സിനിമകളിലെ പാട്ടിനെക്കുറിച്ചാണ്​ ഇത്തവണ ‘സംഗീതയാത്ര’യിൽ എഴുതുന്നത്​. ഇൗ സിനിമകളിലെ പല പാട്ടുകളും മലയാളികൾക്ക്​ ചിരപരിചിതമാണ്​.

‘ചെന്നായ് വളർത്തിയ കുട്ടി’ എന്ന ചിത്രം ഉദയാ സ്റ്റുഡിയോ ഉടമയായ എം. കുഞ്ചാക്കോ എക്സെൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചതാണ്. സംവിധായകനും അദ്ദേഹം തന്നെ. ശാരംഗപാണിയാണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. പ്രേംനസീർ, ശാരദ, ജയഭാരതി, ഉണ്ണിമേരി, കെ.പി. ഉമ്മർ, എം.ജി. സോമൻ, തിക്കുറിശ്ശി, അടൂർ ഭാസി, മാസ്റ്റർ രഘു എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിലെ ഗാനരചന മങ്കൊമ്പ് ഗോപാലകൃഷ്ണനും സംഗീതസംവിധാനം എം.കെ. അർജുനനും കൈകാര്യംചെയ്തു. ചിത്രത്തിൽ ആകെ ആറു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് മൂന്നു ഗാനങ്ങളും പി. സുശീല ഒരു ഗാനവും ജയചന്ദ്രൻ ഒരു ഗാനവും എസ്. ജാനകിയും പട്ടണക്കാട് പുരുഷോത്തമനും ചേർന്ന് ഒരു യുഗ്മഗാനവും ആലപിച്ചു.

യേശുദാസ് പാടിയ ‘‘സ്യമന്ത പഞ്ചകതീർഥത്തിനടുത്തൊരു വസന്തദേവീക്ഷേത്രം’’ എന്ന ഗാനത്തിന്റെ പല്ലവിയുടെ പൂർണരൂപം ഇതാണ്:

‘‘സ്യമന്തപഞ്ചകതീർഥത്തിനടുത്തൊരു/ വസന്തദേവീക്ഷേത്രം/ അതിന്റെ മുറ്റത്തു തീർത്തു നീ എനിക്കൊരു/ മയൂരസിംഹാസനം... മയൂരസിംഹാസനം.’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘കനകാഭരണങ്ങൾ ചാർത്തിയ തൊടിയിലെ/ കനകാംബരങ്ങൾ നീ നനയ്ക്കുമ്പോൾ/ മുന്നിലടർന്നു വീഴും നിൻ മന്ദഹാസം കാൺകെ/ മറ്റൊരു ശകുന്തളയെന്നു തോന്നി/ കണ്വാശ്രമത്തിലാണെന്നു തോന്നി...’’ യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘വാസനചെപ്പു തകർന്നൊരെൻ ജീവിതം/ വീണടിയുന്നതു കാണുന്നില്ലേ/ ശനിദശ ചുമന്നും ശാപം ചുമന്നും/ ഒരു ജന്മം തകരുന്നതറിയുന്നില്ലേ.../ അറിയുന്നില്ലേ...’’

യേശുദാസ് പാടിയ ചിത്രത്തിലെ മൂന്നാമത്തെ ഗാനം തുടങ്ങുന്നതിങ്ങനെ: ‘‘കാർത്തികപ്പൂക്കൂട നിവർത്തി -രാത്രി/ കല്യാണമണ്ഡപമുയർത്തി/ പച്ചക്കരിമ്പൊത്ത പെൺകിടാവേ -എന്റെ/ പച്ചിലക്കുടിലേക്കെഴുന്നള്ളൂ.../ നീ എഴുന്നള്ളൂ...’’

പി. സുശീല ശബ്ദം നൽകിയ ഗാനം ഇതാണ്: ‘‘അഷ്ടമംഗല്യ സുപ്രഭാതത്തിൽ/ അർച്ചനാ പുഷ്പമാല്യമായ്/ നിത്യവും കൃഷ്ണപൂജ ചെയ്യുന്ന/ ഭക്തലോലയാം രാധ ഞാൻ.’’

ജയചന്ദ്രൻ പാടിയ പാട്ട് ഇങ്ങനെ ആരംഭിക്കുന്നു: ‘‘വൈരം പതിച്ചൊരു പല്ലക്കിൽനിന്നും/ വഴിതെറ്റി വന്നൊരു മണിപ്പിറാവേ/ മരണം മണക്കുമീ വനത്തിലെ മൃഗങ്ങൾക്ക്/ ഇരയായീടാനോ നിനക്ക് യോഗം?’’

ചിത്രത്തിൽ അവ​േശഷിക്കുന്ന ആറാമത്തെ ഗാനം ആലപിച്ചത് എസ്. ജാനകിയും പട്ടണക്കാട് പുരുഷോത്തമനും ചേർന്നാണ്.

‘‘പഞ്ചമിചന്ദ്രിക വന്നു നീരാടും’’ എന്നു തുടങ്ങുന്നു ഈ ഗാനം.

‘‘പഞ്ചമിചന്ദ്രിക വന്നു നീരാടും/ പഞ്ചവൻകാടൊരു വളർത്തമ്മ/ അവരുടെ മാറിലെ പഞ്ചാമൃതമൂട്ടി/ അരുമക്കിടാങ്ങളെപ്പോൽ വളർത്തി.../ നമ്മെ വളർത്തി...

ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘പുലരികൾ നിത്യവും അണിയാൻ തന്നു/ കനവുകൾ തുന്നിയ കസവുചേല/ രജനികൾ നമ്മൾക്കായ് ഉറങ്ങാൻ വിരിച്ചു/ ചന്ദനക്കുളിരുള്ള പൂമഞ്ചം...’’ ഉദയാ ചിത്രങ്ങളിലെ ഗാനങ്ങൾ പൊതുവെ ജനപ്രീതി നേടാറുണ്ട്. വയലാർ-ദേവരാജൻ ടീമാണല്ലോ ഉദയാ ചിത്രങ്ങൾക്കുവേണ്ടി അധികം പാട്ടുകളും ഒരുക്കിയിട്ടുള്ളത്. സംഗീത സംവിധായകൻ മാറിയാലും വയലാർ മരണംവരെ ഉദയായോടൊപ്പം ഉണ്ടായിരുന്നു.

ആ ചരിത്രം തുടരാൻ കഴിഞ്ഞില്ലെങ്കിലും ‘ചെന്നായ് വളർത്തിയ കുട്ടി’യിലെ ഗാനങ്ങൾ മോശമായില്ല. പി. സുശീല പാടിയ ‘‘അഷ്ടമംഗല്യ സുപ്രഭാതത്തിൽ’’ എന്ന പാട്ട് ജനപ്രീതി നേടുകയുംചെയ്തു. 1976 ഏപ്രിൽ 14ന്​ തിയറ്ററുകളിലെത്തിയ ഈ സിനിമ ഭേദപ്പെട്ട സാമ്പത്തിക വിജയം നേടി.

നടൻ മധു സംവിധാനംചെയ്ത ചിത്രമാണ് ‘തീക്കനൽ’. ജോർജ് തോമസാണ് നിർമാതാവ്. ജെ.എൻ പ്രൊഡക്ഷൻസ് എന്നാണ് ബാനറിന്റെ പേര്. ബോംബെയിലെ വ്യവസായിയായ ഗോപി എന്നയാളാണ് യഥാർഥ നിർമാതാവ് എന്ന വസ്തുത പിന്നീടാണ് സിനിമാരംഗം തിരിച്ചറിഞ്ഞത്. ‘തീക്കനലി’ലെ നായികയായിരുന്ന ശ്രീവിദ്യ യഥാർഥ നിർമാതാവാണെന്നു തെറ്റിദ്ധരിച്ച് ജോർജ് തോമസിനെ പ്രണയിച്ചതും സ്വന്തം മാതാവും പ്രശസ്ത സംഗീതവിദുഷിയുമായ എം.എൽ. വസന്തകുമാരിയെ ധിക്കരിച്ച് അയാളെ വിവാഹം കഴിച്ചതും വർഷങ്ങൾക്കുശേഷം ആ ബന്ധം തകർന്നതും സ്വത്തു സംബന്ധിച്ചുണ്ടായ തർക്കം സുപ്രീംകോടതി വരെ പോയതും ദുഃഖകരമായ ചരിത്രം. ശ്രീവിദ്യയെ സംബന്ധിച്ചിടത്തോളം ആ ചിത്രം അവരുടെ ജീവിതത്തിൽ തീക്കനൽ തന്നെയായി എന്ന് പറഞ്ഞാൽ തെറ്റില്ല. മധു, ശ്രീവിദ്യ എന്നിവരോടൊപ്പം കെ.പി. ഉമ്മർ, വിധുബാല, മോഹൻശർമ, ശങ്കരാടി, കനകദുർഗ, നെല്ലിക്കോട് ഭാസ്കരൻ, പട്ടം സദൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു. തോപ്പിൽ ഭാസിയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. വയലാർ രാമവർമയുടെ ഗാനങ്ങൾക്ക് യേശുദാസ് ഈണം നൽകി. യേശുദാസും പി. സുശീലയും മാത്രമാണ് പിന്നണിയിൽ പാടിയത്.

യേശുദാസ് ആലപിച്ച ‘‘ആശ്ചര്യ ചൂഡാമണീ’’ എന്ന ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ആശ്ചര്യചൂഡാമണീ/ അനുരാഗപ്പാൽക്കടൽ കടഞ്ഞുകിട്ടിയോ -/രാശ്ചര്യ ചൂഡാമണീ/ ആരു നിൻ സീമന്തരേഖയിൽ ഈയൊരു/ ചാരുകുങ്കുമലത പടർത്തി...’’

 

പി. സുശീല,ശ്രീവിദ്യ

അദ്ദേഹം പി. സുശീലയുമായി ചേർന്നു പാടിയ യുഗ്മഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘കാറ്റിനു കുളിരു കോരി/ കടൽക്കിളി കാട്ടാറിൽ കുളിച്ചുകേറി/ പ്രേമിക്കുംതോറും മുഖശ്രീ കൂടുമെൻ/ കാമുകിയൊരു ദേവതയായി...’’

ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘സ്വപ്‌നങ്ങൾ ഇണചേരും യുവമാനസത്തിലെ/ സുകുമാരകവിതയല്ലേ.../ നീയെന്റെ സ്വർഗാനുഭൂതിയല്ലേ...’’

യേശുദാസ് ആലപിച്ച അടുത്ത ഗാനം ‘‘ചന്ദ്രമൗലീ...’’ എന്നു തുടങ്ങുന്നു. ‘‘ചന്ദ്രമൗലീ ചതുർഥിയാമിനീ/ ചാരുരൂപിണീ -നിന്റെ/ വർണശബളമാം വസന്തമേടയിൽ/ വാടകക്കൊരു മുറി തരുമോ..?’’

യേശുദാസ് ശബ്ദം നൽകിയ നാലാമത്തെ ഗാനത്തിന്റെ പല്ലവി ഇപ്രകാരം: ‘‘മാനത്തെ കനലു കെട്ടു -സ്വർഗ/ മാളികചുമരിന്മേൽ കരി പിടിച്ചു...’’ വരികൾ തുടരുന്നു: ‘‘ഭൂമി പെറ്റ പൂവുകൾക്കു/ സമയമറിയുവാൻ -കാലം/ പൊന്നുകൊണ്ടൊരു/ നാഴികമണി ചുമരിൽ ​െവച്ചു/ നാഴികമണിത്തിങ്കളേ/ നേരമെന്തായി... നേരമെന്തായി?’’

പി. സുശീല പാടിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘പൂമുകിലൊരു പുഴയാകാൻ കൊതിച്ചു/ പുഴയായി.../ പൊൻപുഴയൊരു മുകിലാകാൻ കൊതിച്ചു/ മുകിലായി...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘മരതകക്കുന്നിന്റെ മടിയിലൂടെ മുകിൽ/ ചെറുപുഴയായ് പാട്ടു പാടിയൊഴുകിയെത്തി/ കടലിലെത്തും മുമ്പേ -മല/ മുലകൊടുക്കും മുമ്പേ/ ചുടുവെയിലിൽ മരുപ്പറമ്പിൽ പുഴ മരിച്ചു.../ പുഴയിനിയും മുകിലായ് ജനിക്കുമോ/ പൂനിലാവ് മന്ത്രകോടി നൽകുമോ..?’’

ചലച്ചിത്രഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ചില അപൂർവരാഗങ്ങൾ തന്റെ ഈണങ്ങളിൽ കൊണ്ടുവരാൻ യേശുദാസ് ശ്രമിക്കുകയുണ്ടായി. എങ്കിലും എല്ലാ പാട്ടുകളും ഹിറ്റ്‌ലിസ്റ്റിൽ പെട്ടില്ല. ശ്രോതാക്കളുടെ പ്രതീക്ഷകൂടിയതാകാം കാരണം. ‘‘ആശ്ചര്യചൂഡാമണീ’’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രശസ്തി നേടിയത്. 1976 ഏപ്രിൽ 14 -വിഷുദിനത്തിലാണ് ‘തീക്കനൽ’ എന്ന ചിത്രവും പുറത്തുവന്നത്. ‘തീക്കനൽ’ വിജയമായിരുന്നു.

എ. വിൻസെന്റ് സംവിധാനംചെയ്‌ത ‘അനാവരണം’ എന്ന ചിത്രത്തിന്റെ പ്രത്യേകത ഈ ചിത്രത്തിലൂടെ ഒരു നായകനടൻ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്‌തു എന്നതാണ്. സത്താർ എന്ന നടൻ. ചെറുപുഷ്പം ഫിലിംസിന്റെ പേരിൽ ജോസ്‌കുട്ടി ചെറുപുഷ്പമാണ് ചിത്രം നിർമിച്ചത്. സൂപ്പർതാരങ്ങളെ കഴിയുന്നത്ര ഒഴിവാക്കി വിൻ​െസന്റ് മാസ്റ്റർ നടത്തിയ ഒരു പരീക്ഷണമായിരുന്നു ഈ സിനിമയെന്നു പറയാം. റാണിചന്ദ്ര, ജനാർദനൻ, നെല്ലിക്കോട് ഭാസ്കരൻ, വീരൻ, ഉഷാറാണി, പി.കെ. അബ്രഹാം, കെ.പി.എ.സി സണ്ണി, മാസ്റ്റർ രഘു, മാസ്റ്റർ രാജു, റീന, ഹേമ എന്നിവരോടൊപ്പം പരിചിതരല്ലാത്ത ഒട്ടേറെ നടീനടന്മാർ ‘അനാവരണ’ത്തിൽ അഭിനയിച്ചു. പ്രഭാകരൻ, ഷാഫ്‌ലിൻ, ചെറിയാൻ ഫിലിപ്പ്, ചിത്രൻ, വി.കെ.പി. നായർ, ശൈലജ, ഉഷ പാല, കലാദേവി, കലാമണ്ഡലം ഉഷാറാണി തുടങ്ങി ഒട്ടേറെപ്പേർ. തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. വയലാർ-ദേവരാജൻ ടീമാണ് ഗാനങ്ങളൊരുക്കിയത്. ദേവരാജൻ സരസ്വതി രാഗത്തിലൊരുക്കിയ ‘‘സരസ്വതീയാമം കഴിഞ്ഞു’’ എന്ന പ്രശസ്ത ഗാനം ഈ സിനിമയിലുള്ളതാണ്.

‘‘സരസ്വതീയാമം കഴിഞ്ഞു -ഉഷസ്സിൻ/ സഹസ്രദളങ്ങൾ വിരിഞ്ഞു/ വെൺകൊറ്റക്കുട ചൂടും മലയുടെ മടിയിൽ/ വെളിച്ചം ചിറകടിച്ചുണർന്നു...’’

ആദ്യചരണം തുടങ്ങുന്നു: ‘‘അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം/ അങ്കം ജയിച്ചുവന്ന തറവാട്ടിൽ/ ഇതുവഴി തേരിൽ വരും ഉഷസ്സേ/ ഇവിടുത്തെ അസ്ഥിമാടം സ്‌പന്ദിക്കുമോ.../ സ്‌പന്ദിക്കുമോ...’’

 

യേശുദാസ്,കുഞ്ചാക്കോ

യേശുദാസും മാധുരിയും ചേർന്ന് പാടിയ നാടൻപാട്ടിന്റെ ശൈലിയിലുള്ള യുഗ്മഗാനത്തിന്റെ പല്ലവി നോക്കുക.

‘‘തിന്തിനതിം തിന്തിനതിം വേടൻ തിത്തൈ/ നീയേതൊരു കാനകവേടൻ/ മഞ്ഞപുന്ന മറഞ്ഞുനിന്ന്/ മുളംപൂവിൻ മൊട്ടുകൊണ്ട്/ മങ്കമാരെ അമ്പെറിയും കാനകവേടൻ’’ എന്ന് മാധുരി പാടുമ്പോൾ യേശുദാസിന്റെ ശബ്ദം ഇങ്ങനെ തുടങ്ങുന്നു: ‘‘കരിങ്കോടിമുണ്ടു ചുറ്റും മംഗലംകുന്നിൽ/ കാട് വാഴും തെയ്യത്തിൻ തെക്കനാംകുന്നിൽ/ നിലാവുദിക്കുമ്പോ കുളിരു കോരണ/ കറുത്ത വേടത്തീ/ നാളെ നമ്മുടെ തെയ്യാട്ടത്തിനു/ നോയമ്പ് നോക്കെടീ വേടത്തീ...’’

പി. ലീലയും മാധുരിയും ചേർന്നു പാടിയ പ്രാർഥനാ ഗാനമാണ് മറ്റൊന്ന്. ‘‘നന്മ നിറഞ്ഞൊരു കന്യാമറിയമേ/ നസറേത്തിൻ കാരുണ്യമേ/ നിന്റെ സ്വർഗീയ സ്നേഹവാത്സല്യങ്ങൾ/ ഞങ്ങളിൽ ചൊരിയണമേ’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.

അതിനുശേഷം ‘‘ദീപം...ദീപം...’’ എന്നിങ്ങനെ ഹിന്ദുഭക്തിഗാനത്തിന്റെ വരികൾ തുടങ്ങുന്നു: ‘‘കളരിയിൽ പൂജയ്ക്കു കതിർ ചൂടി നിൽക്കും/ തുളസീ -കൃഷ്ണതുളസീ/ നിൻ തിരുമുമ്പിൽ തൊഴുതു വരുന്നൊരു/ നെയ്ത്തിരിനാളം ഞാൻ.’’

ഇപ്രകാരം ക്രിസ്ത്യൻ പ്രാർഥനയുടെയും ഹിന്ദു പ്രാർഥനയുടെയും വരികൾ മാറിമാറി വരുന്നു. പി. സുശീലയും ‘അനാവരണ’ത്തിനുവേണ്ടി ഒരു പാട്ടു പാടി. ഗാനമിതാണ്:

‘‘പച്ചക്കർപ്പൂരമലയിൽ -ഒരു/ പള്ളിക്കുരിശിന്റെ തണലിൽ/എല്ലാ സ്ത്രീകളും സ്വപ്‌നം കാണുന്ന/ കല്യാണരൂപനെ കണ്ടു -എന്റെ/ കല്യാണരൂപനെ കണ്ടു...’’

മാധുരി തനിച്ചു പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘തേവീ തിരുതേവീ പൂന്തേവീ മലമേട്ടിൽ/ തേനി ചെറുതേനീ ഇളംതേനീ പുഴവക്കിൽ/ ആരിത്തിരിയിതളിൽ/ മിഴിനീരിന്നലെ തൂകി...’’

 

മധു,സത്താർ,എ. വിൻ​െസന്റ്

ആദ്യചരണം ഇങ്ങനെ തുടങ്ങുന്നു: ‘‘കണ്ണാന്തളിക്കുന്നിൽ/കുട കെട്ടുന്നൊരു രാവോ/ ചെന്താമരനെഞ്ചിൽ/ കുടം കൊട്ടുന്നൊരു നോവോ/ കാലിൽ പൂഞ്ചിറകുള്ളൊരു/ കല്യാണിപ്പുഴയോ/ കയ്യിൽ ഞാണുവടിവുള്ളൊരു/ കാർമേഘക്കിളിയോ/ കൊച്ചമ്മിണിപ്പൂവേ നിന്റെ സ്വപ്നത്തിൻ/ തേനൂറ്റും പൂമ്പാറ്റയോ...’’

ഗാനത്തിലെ അടുത്ത ചരണവും വയലാറിന്റെ ഭാവനയിൽ വിടർന്ന ഹൃദ്യമായ വരികളാണ്.

പുതുമുഖങ്ങളെ അണിനിരത്തി എ. വിൻ​െസന്റ് എന്ന പ്രഗല്ഭ സംവിധായകൻ ശ്രദ്ധാപൂർവം ഒരുക്കിയ ‘അനാവരണം’ എന്ന ചിത്രത്തിന് അദ്ദേഹം പ്രതീക്ഷിച്ച ജനപിന്തുണ ലഭിച്ചില്ല. അതിനുശേഷം അദ്ദേഹം അങ്ങനെയൊരു പരീക്ഷണത്തിന് ശ്രമിച്ചതുമില്ല.

1976 ഏപ്രിൽ 30നാണ് ‘അനാവരണം’ തിയറ്ററുകളിൽ എത്തിയത്. വിൻസെന്റ് മാസ്റ്റർ അവതരിപ്പിച്ച സത്താർ എന്ന നടൻ നായകനായി മുൻനിരയിലെത്തിയില്ലെങ്കിലും ഉപനായകനായും പ്രതിനായകനായും അഭിനയിച്ച് സിനിമാരംഗത്ത് തുടർന്നു. പ്രശസ്തനടി ജയഭാരതിയുടെ ഭർതൃപദവും അലങ്കരിച്ചു.

(തുടരും)

News Summary - Malayalam film songs history