നറും പാണൽ

കുട്ടിക്കാലത്ത് അവധി ദിവസങ്ങളിൽ ഇടവഴികളിൽക്കൂടി അലഞ്ഞുനടക്കാറുണ്ടായിരുന്നു. ഇരുവശങ്ങളിൽനിന്നും വഴിയിലേക്ക് തലനീട്ടുന്ന ചെടികളുടെ ഇലകൾ നുള്ളിയെടുത്ത് മണത്തുനോക്കുക അക്കാലത്ത് പതിവായിരുന്നു. ഉറിതൂക്കിയെയും കാട്ടുനാരകത്തെയും, കാട്ടിതുളസിയെയും മറ്റനേകം ചെറുസസ്യങ്ങളെയും അന്ന് തിരിച്ചറിഞ്ഞിരുന്നത് അവയുടെ സവിശേഷമായ ഗന്ധങ്ങൾകൊണ്ടായിരുന്നു. കണ്ണുകെട്ടി, ഇലകൾ ഞെരടി മണത്തുനോക്കി സസ്യമേതാണെന്ന് തിരിച്ചറിയുന്ന ചില...
Your Subscription Supports Independent Journalism
View Plansകുട്ടിക്കാലത്ത് അവധി ദിവസങ്ങളിൽ ഇടവഴികളിൽക്കൂടി അലഞ്ഞുനടക്കാറുണ്ടായിരുന്നു. ഇരുവശങ്ങളിൽനിന്നും വഴിയിലേക്ക് തലനീട്ടുന്ന ചെടികളുടെ ഇലകൾ നുള്ളിയെടുത്ത് മണത്തുനോക്കുക അക്കാലത്ത് പതിവായിരുന്നു. ഉറിതൂക്കിയെയും കാട്ടുനാരകത്തെയും, കാട്ടിതുളസിയെയും മറ്റനേകം ചെറുസസ്യങ്ങളെയും അന്ന് തിരിച്ചറിഞ്ഞിരുന്നത് അവയുടെ സവിശേഷമായ ഗന്ധങ്ങൾകൊണ്ടായിരുന്നു. കണ്ണുകെട്ടി, ഇലകൾ ഞെരടി മണത്തുനോക്കി സസ്യമേതാണെന്ന് തിരിച്ചറിയുന്ന ചില കളികളും അന്നുണ്ടായിരുന്നു. ഗന്ധംകൊണ്ട് ഹൃദിസ്ഥമാക്കിയിരുന്ന ചെടികളിൽ നറും പാണലിന്റെ നറുമണം ഇപ്പോഴും മൂക്കിൻതുമ്പത്ത് അവശേഷിക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും ഒരു സ്ഥാനിക (endemic) സസ്യമാണ് നറും പാണൽ. ഉയരം കുറഞ്ഞ പ്രദേശങ്ങളിലെ ഇലപൊഴിയും വനങ്ങളിലും ഇടനാടൻ ചെങ്കൽ കുന്നുകളിലും കാവുകളിലും നാട്ടിടവഴികളിലും കാണപ്പെടുന്ന പടർന്നുവളരുന്ന കുറ്റിച്ചെടി. മൂപ്പെത്തിയ തണ്ടുകൾക്ക് ഇരുണ്ടനിറവും ഇളം തണ്ടുകൾക്ക് പച്ചനിറവുമാണ്. 13-16 സെന്റിമീറ്റർ നീളവും 4-5 സെന്റിമീറ്റർ വീതിയുമുള്ള ഇലകൾ ഏകാന്തര ക്രമത്തിലാണ്. നവംബർ മുതൽ മാർച്ച് വരെയാണ് പ്രധാനമായും പൂക്കുന്നത്. ഇലയിടുക്കുകളിലോ ശാഖാഗ്രങ്ങളിലോ ആണ് പൂക്കൾ ഉണ്ടാകുന്നത്. കട്ടിയുള്ള വിദളങ്ങളോടുകൂടിയ പൂക്കൾക്ക് ആറു ദളങ്ങൾ ഉണ്ട്. ദളങ്ങൾക്ക് കടുത്ത ഓറഞ്ചു നിറമോ ചുവപ്പു നിറമോ ആണ്. ദിവസങ്ങളോളം കൊഴിയാതെ നിൽക്കുന്ന പൂക്കൾ ഏറെ ഭംഗിയുള്ളതാണ്. പ്രകടമല്ലാത്തവിധമാണ് കേസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദീർഘ ഗോളാകൃതിയിലുള്ള അനേകം ഫലങ്ങളുള്ള സംയുക്ത ഫലങ്ങളാണ് ഇതിനുണ്ടാകുന്നത്. കായകൾ മൂപ്പെത്തുന്നതോടെ മഞ്ഞയും പിന്നീട് ചുവപ്പുമായിത്തീരുന്നു.
കൂരി, ചൂതുംകുല, വള്ളിക്കൂരി, വള്ളിപ്പാണൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Uvaria narum എന്നാണ്.

കായ്കൾ കുലപോലെയുള്ളതിനാൽ മുന്തിരിക്കുല പോലുള്ളത് എന്നർഥമുള്ള ലാറ്റിൻ പദമാണ് ജനുസ്സ് പേരായി നൽകിയിരിക്കുന്നത്. നറും പാണൽ എന്ന മലയാള വാക്കിന്റെ ആദ്യഭാഗമാണ് സ്പീഷീസ് നാമമായ ‘narum’
(ഇലകൾ ഞെരടിയാൽ നറുമണം ഉള്ളതിനാലാണ് നറും പാണൽ എന്ന പേരുള്ളത്) South Indian Uvaria എന്നാണ് ഇംഗ്ലീഷ് പേര്. സംസ്കൃതത്തിൽ നീലവല്ലീ എന്നറിയപ്പെടുന്നു.
പണ്ടുകാലം മുതൽതന്നെ ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്ന ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഹോർത്തൂസ് മലബാറിക്കുസ് എന്ന ഗ്രന്ഥത്തിന്റെ രണ്ടാമത്തെ വാല്യത്തിൽ (1679) പരാമർശമുണ്ട്: ‘‘ഈ ചെടി വാത വേദനകൾക്ക് നല്ലതാണ്. ഇതിന്റെ കഷായംകൊണ്ട് മേൽ കഴുകുന്നത് ഗർഭിണികൾക്ക് ഗുണകരമാണ്. വേര് പൊടിച്ച് വെള്ളം ചേർത്ത് കുഴമ്പുരൂപത്തിൽ പുരട്ടിയാൽ വായ്ക്കകത്തെ പൊള്ളൽ ശമിപ്പിക്കും. വേരിൽ നിന്നെടുക്കുന്ന തൈലം കരൾ പുകച്ചിൽ ശമിപ്പിക്കുന്നു. വായ് പുണ്ണും വായ്നാറ്റവും ശമിപ്പിക്കുന്നു.”
വള്ളിക്കൊട്ടയുണ്ടാക്കാൻ ഇതിന്റെ വള്ളി ഉപയോഗിക്കാറുണ്ട്.
വരയൻ വാൾവാലൻ, വിറവാലൻ, നീലക്കുടുക്ക എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. അതിനാൽ ശലഭോദ്യാനങ്ങളിൽ വെച്ചുപിടിപ്പിക്കാൻ അനുയോജ്യമാണ്. വിത്തുകൾ ശേഖരിച്ച് പാകി മുളപ്പിച്ച് പറിച്ചുനടാവുന്നതാണ്.
